ഇലകളെയും
കാറ്റിനെയുമല്ല;
ചൂടിനെപ്പേടിച്ചാണ്
ഞാനെന്റെ
ആപ്പിസുമുറി
അടച്ചിട്ടത്.
എന്നിട്ടും
നീയെന്റെ
ആംഗലേയാക്ഷരക്കട്ടനിരകളിൽ
വന്നെന്നെയോർമ്മിപ്പിക്കുന്നതേതു
വാക്കിനെക്കുറിച്ചാണ്,
കവിതയെയാണ്?
ഇലകളെ,
പൂക്കളെ,
നിലാവിനെ,
എന്തിനു
ഗസലീണങ്ങളെയും
എനിക്കിഷ്ടമാണെന്നു
നിനക്കറിയാലോ?
ഉദ്യാനത്തിൽ,
വഴിയോരത്ത്
യാത്രയ്ക്കിടയിൽ,
കിനാവിൽ,
എവിടെയെല്ലാം
നീയെന്നെത്തേടിവന്നിരിക്കുന്നു;
പുഞ്ചിരിയുമായി.
ഓരോ ഇലയും
പഴുത്തുകൊഴിഞ്ഞാലും
ഭൂമിക്കു പുതപ്പാകും
കവിതയാകും
നമ്മളോ
ഓർമ്മച്ചെപ്പിൽപ്പോലും
അവശേഷിക്കാതെ
കത്തിത്തീരും
മണ്ണാകും
തളിരായി,
തണലായി,
മണ്ണിലലിയാൻ,
കവിതയാകാൻ
ഒരിലയെങ്കിലുമായെങ്കിൽ