വിരൽതൊടൂ നീയെൻ്റെ
മിഴിയിലെ മരണമില്ലാത്തൊരാ സ്നേഹനാളത്തിരി –
തെളിയുവാനുള്ളൊരാനോട്ടം തരൂ
അതിലെരിഞ്ഞീടുന്ന ജീവൻ്റെ ശ്വാസമായ്
നീ പകർന്നണയാതെ കാക്കുന്ന നിമിഷമേ…
മധുരം മണക്കും പളുങ്കുപാത്രത്തിൽ നിന്നൊഴിയും
പലഹാരമത്രെയീ ജീവനുമായുസ്സും
എങ്കിലും നുണയുന്ന നേരമതൊക്കെയും
പങ്കുവെപ്പിൻ നിറമുണ്ടതിലേറെ.
മൂത്തവിഷാദം കുടിച്ചെന്നിലെ നാമ്പിൻ്റെ
ആത്മാവുണങ്ങിക്കിടക്കുന്ന നേരം
ചേർത്തുനിർത്തീടുന്നൊരാനന്ദ ഭാവമായ്
പേർത്തുപെയ്യുന്നു
പേമാരി പോലെ നീ
ചില്ലകൾ വേർപെട്ടുണങ്ങും മരങ്ങളിൽ
വീണ്ടും തളിരില പിറക്കുന്ന പോലെ
ഒരു തുള്ളിവീണീ മണ്ണിൻ്റെ ഗർഭത്തിൽ
ഒരു വിത്ത് തല നിവർത്തുന്ന പോലെ
ഉയിരുയർത്തിപ്പിടിക്കുന്നു പിന്നെയും
മതിവരാത്തൊരീ ഭ്രമജീവിതം.