പെങ്ങളേ, ഞാനിപ്പൊഴും ജീവിച്ചിരിപ്പുണ്ട്.
നിൻ്റെ കണ്ണുനീർ വീണിടത്തു നിന്നും
വിണ്ണുകാക്കുന്നവൻ്റെ കരുണ തേടി,
കടലും, ആകാശവും കടന്ന്,
എവിടെയോ എത്തിയിരിക്കുന്നു.
സ്ഥലമോ, രാജ്യമോ അറിയില്ല.
ഭാഷകൾ വിറങ്ങലിച്ച നേരങ്ങളിൽ,
വേഷം കൊണ്ടും തിരിച്ചറിയപ്പെടാത്തവൻ.
നഗ്നനെന്നും, നാണമില്ലാവനെന്നും,
എനിക്കു ചുറ്റും ചിലർ മൂക്കത്തു വിരൽ വെക്കുന്നു.
എൻ്റെ വേഷം നഗ്നതയാണ്.
എൻ്റെ ഭാഷ ലിപികളിലില്ലാത്തതാണ്.
ആരും കണ്ടിട്ടില്ലാത്തൊരു യുദ്ധത്തിൽ,
എൻ്റെ മനസ്സിൽ രാസായുധങ്ങൾ പായിക്കുന്നു.
ആരും കണ്ടിട്ടില്ലാത്ത പ്രളയം, വേനൽ, ഭൂകമ്പം,
ഇവയൊക്കെ എന്നിൽ പടരുന്നു.
ഇതുവരെ ആർക്കും പിടികൊടുക്കാത്തൊരു പ്രവാസം,
അതെൻ്റേതു മാത്രമാണ്.
ഒരുവട്ടമേശ സമ്മേളനത്തിലും തീർപ്പാകാത്ത,
സമാധാന ചർച്ചകൾ എന്നോടു തന്നെ നടത്തിക്കഴിഞ്ഞു.
പകയുടെ ആയുധം ഇനിയും വെടിഞ്ഞിട്ടില്ല.
പെങ്ങളേ, നീ വിശന്നു കരഞ്ഞ രാത്രിയിൽ,
നമ്മുടെ അച്ഛനെ അവർ കെട്ടിയിട്ടു,
തീപ്പന്തത്താൽ പൊള്ളിച്ചു.
തടയാനെത്തിയ അമ്മയെ
അവർ നമുക്കു മുന്നിലിട്ട് ബലാൽക്കാരം ചെയ്തു.
വീടിനുള്ളിലിട്ടു ചുട്ടിട്ടും
വേവാതെ രക്ഷപ്പെട്ടവർ ഞാനും, നീയും.
എന്തിനായിരുന്നു നമ്മളെ അവർ വേട്ടയാടിയത്.
കലാപത്തിലെവിടെയോ വെച്ച്,
നിൻ്റെ കണ്ണുനീർത്തുമ്പിൽ നിന്നും
എന്നെ അടർത്തിയെറിഞ്ഞതാരാണ്?
പെങ്ങളേ, മറക്കാനാവുന്നില്ല നിൻ്റെ പിടച്ചിൽ
പൊട്ടിയൊഴുകിയ കലങ്ങിയ കണ്ണുകൾ.
അവിശ്വാസിയുടെ നിഴൽ എന്നെ മൂടിക്കഴിഞ്ഞു..
എൻ്റെ ശരീരം പിശാചിൻ്റെ വിശപ്പാണ്.
വിദ്വാൻ്റെ പാഠശാലയാണ്.
വിപ്ളവകാരിയുടെ ആത്മധൈര്യമാണ്.
യോദ്ധാവിൻ്റെ കൈക്കരുത്താണ്.
പെങ്ങളെ, നിന്നെയോർക്കുമ്പോൾ
എനിക്കു ബുദ്ധനാവാനാവില്ല.
പുരകത്തിച്ച തീപ്പന്തമാകുകയാണ്.
വെന്തുമരിച്ചവരുടെ ഗന്ധം പൊള്ളിക്കുന്നു.
ഒരിക്കലും തമ്മിൽ കാണാനാവില്ലെങ്കിലും,
നിൻ്റെ കാൽപ്പാടിൽ കറുകകൾ വളർന്നിട്ടുണ്ടാകും.
മുറിവുണങ്ങാത്ത ഓർമ്മകൾക്കുമേൽ,
ഞാനെന്നെ നാട്ടി നിർത്തും; നഗ്നനായി.