നിന്നെക്കുറിച്ച്

നിന്നെ,
ഞാനെങ്ങിനെയാണ്
ലോകത്തോട്
വിശദീകരിക്കുക..!
ഹൃദയത്തിലെഴുതിയ
കവിതയെന്നോ…?

ഉറവ വറ്റാതെ
കിനിയുന്ന
നദികളുടെ
പ്രാണൻ്റെ
വേരാണെന്നോ..?

പ്രഭാത സൂര്യൻ്റെ
നേർത്ത രശ്മികളിൽ
തമ്മിലലിഞ്ഞ
ചൂടും വെളിച്ചവും പോലെ
ഒന്നായ
ഹൃദയമെന്നോ…?

വാക്കുകൾ
മൗനത്തിന്
വഴിമാറുമ്പോൾ
വാചാലമാകുന്ന
നിശബ്ദതയെന്നോ..?

വിരഹത്തിൻ്റെ
ചതുപ്പിൽ
വീണുപോയാലും
മുളപൊട്ടി
വിരിയുന്ന
മഴക്കാടെന്നൊ…?

വേനലിൽ
സ്നേഹമായി
ചുവക്കുന്ന
വാകയെന്നോ…?

കണ്ണൂർ ജില്ലയിൽ മുണ്ടേരി സ്വദേശി. മുരിക്കിൻ പൂവ്, ഒറ്റമൈന, തുടങ്ങിയ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യം.