ഐ.സി.യു വിന്‍റെ വാതില്‍ക്കല്‍ ഏറ്റം നിസ്സഹായനായി നില്‍ക്കുമ്പോഴാണ് ലൂയി ആ തീരുമാനത്തിലെത്തിയത്. പോകുക തന്നെ. ദുരന്തപര്യവസാനിയായേക്കാവുന്ന ഒരു കുടുംബ കഥയിലെ നായികാ നായകന്മാരുടെ പ്രേമം, ഒളിച്ചോട്ടം, വിവാഹം, ദാരിദ്ര്യം തുടങ്ങിയ ക്ലീഷേകള്‍ക്കൊടുവിലാണ് മകളുടെ ജനനം. പിന്നെ അവളുടെ രോഗം. ക്ലൈമാക്സ് എങ്ങനെയായിരിക്കുമെന്ന് അയാള്‍ക്ക് നിശ്ചയമില്ല.
“ലൂയി, ഞാന്‍ ഇച്ചായനെ വിളിച്ചു സംസാരിച്ചിട്ടുണ്ട്. ആ പൈസ പോയൊന്നു വാങ്ങിയാല്‍ മാത്രം മതി.”
അവജ്ഞയും വെറുപ്പും കലര്‍ന്ന സ്വരത്തിലാണ് സൂസന്‍ അത് പറഞ്ഞെതെന്ന് അയാള്‍ക്ക് തോന്നി. ചിലപ്പോള്‍ ജെയിംസ് അങ്ങനെ നിര്‍ബന്ധം പിടിച്ചിട്ടുണ്ടാവാം. “നിന്‍റെ കേട്ട്യോനില്ലേ, ആ പള്ളിപ്പാട്ടുകാരന്‍ പട്ടി, അവനോട് വന്നു വാങ്ങാന്‍ പറ.”
അയാളുടെ ബന്ധുക്കളുടെ മുന്നില്‍വെച്ച് ഏറ്റവും നാണംകെട്ടവനായി താനാ പണം വാങ്ങുമ്പോള്‍ അനര്‍ഹമായതുതന്നെയാണ് അന്നുമിന്നും നീ ഈ തറവാട്ടില്‍ നിന്നു കൊണ്ടുപോയേക്കുന്നതെന്നു സ്ഥാപിക്കാനാകും. പെങ്ങളെ അടിച്ചോണ്ടുപോയവനോട് തേക്കിന്‍തൊടിയിലെ വര്‍ക്കിച്ചന്‍റെ മകന്‍ അത്രയെങ്കിലും ചെയ്തില്ലെങ്കില്‍ പിന്നെന്ത് പ്രമാണിത്തം!
ദുരഭിമാനംകൊണ്ട് താനാ പണം വാങ്ങാതിരുന്നാല്‍ നഷ്ടം തനിക്കാണ്. മകളുടെ ജീവനും സൂസനുമൊത്തുള്ള സൈര്യജീവിതവും അപകടത്തിലാവും. ഓപ്പറേഷനുള്ള അഡ്വാന്‍സ് അടച്ച് രസീത് കൌണ്ടറില്‍ കൊടുത്താല്‍ മാത്രം മതി. ബാക്കിയൊക്കെ ആശുപത്രിക്കാര്‍ നോക്കിക്കോളും. പണം, പണം മാത്രമാണ് പ്രശ്നം!
യാത്രപുറപ്പെടും മുന്‍പ് ലൂയി ഒരിക്കല്‍ക്കൂടി മകളെ കണ്ടു. അവളുടെ വാടിയ കണ്‍തടങ്ങളില്‍ കരിനീല നിറം പടര്‍ന്നിരിക്കുന്നത് വിഷാദത്തോടെ നോക്കിനിന്നു. സൂസന്‍റെ വിടര്‍ന്ന കണ്ണുകളും നീണ്ട മൂക്കുമാണ് അവള്‍ക്കും. ഇഴയടര്‍ന്നു നെറ്റിയിലേക്ക് വീണുകിടക്കുന്ന നീളന്‍ മുടി. ലൂയി അത് മെല്ലെ തലോടി കാതിനു മുകളിലേക്ക് കൊരുത്തുവെച്ചു.
മനുഷ്യശരീരത്തില്‍ ഘടിപ്പിച്ചിരിക്കുന്ന മിഷീനുകളുടെ മുഴക്കവും അവശതയാര്‍ന്ന ശ്വാസനിശ്വാസങ്ങളും തറയിലെ ഫിനോളിന്‍റെ മണവും ഇടറിനില്‍ക്കുന്ന തന്‍റെ മനസ്സും ചേർന്ന് വീര്‍പ്പുമുട്ടിക്കുന്ന ആ മുറിയുടെ പുറത്തുകടന്നപ്പോള്‍ ലൂയിക്ക് ആശ്വാസം തോന്നി. അകത്തേക്ക് കയറാനുള്ള ദയാവായ്പിനായി വാതില്‍ക്കല്‍ അപ്പോഴും രോഗികളുടെ ചാര്‍ച്ചക്കാര്‍ കാത്തുനില്‍പ്പുണ്ടായിരുന്നു.
അകലെ ഇടനാഴിയില്‍ കാത്തിരിപ്പുകാരുടെ കസേരയില്‍ സൂസനിരിപ്പുണ്ട്. ആശുപത്രി കെട്ടിടത്തിന്‍റെ വലിയ നടുത്തളത്തില്‍ ഇരു കൈകളും വിരിച്ചുനില്‍ക്കുന്ന കര്‍ത്താവിന്‍റെ രൂപത്തിലേക്ക് കണ്ണുംനട്ടോ അതോ ചില്ലു ജനാലയ്ക്കപ്പുറത്ത് ഇരുള്‍ പരത്തുന്ന പൈക്കസ് മരങ്ങളുടെ പച്ചപ്പിലേക്ക് ദൃഷ്ടിയൂന്നിയോ അവളെന്താണ് കാണുന്നതെന്ന് അവള്‍ക്കുപോലും അറിവുണ്ടാവില്ല.
ലിഫ്റ്റ് വരുന്നതും കാത്തുനില്‍ക്കുമ്പോള്‍ ‘ഞാന്‍ പോയി വരാം.’ എന്ന് ഒരിക്കല്‍ക്കൂടി അവളുടെ അടുത്തു പോയി പറയണോ എന്ന് ലൂയി ആലോചിച്ചു. വേണ്ട. അവളതു കേട്ടതായി ഭാവിക്കുകയോ തിരിഞ്ഞുനോക്കുകയോ പോലുമുണ്ടാവില്ല.
തങ്ങളുടെ കൊച്ചുവീടിന്‍റെ വരാന്തയില്‍ നിന്നുകൊണ്ട് തന്‍റെ ബൈക്ക് മായുവോളം പൊടിയൊതുങ്ങാത്ത ചെമ്മണ്‍വഴിയിലേക്ക് നോക്കിനില്‍ക്കുന്ന സൂസന്‍റെ ദൃശ്യം അയാളുടെ ഉള്ളിലുണ്ട്. ബൈക്കിന്‍റെ വട്ടക്കണ്ണാടിയിലൂടെ എന്നും താന്‍ കാണുന്ന ആ ചിത്രത്തിലെ കണ്ണുകള്‍ തന്നെ പിന്തുടരുന്നുണ്ടെന്ന വിചാരത്തില്‍ അയാള്‍ നടന്നു.
ബസ്സ് ആനക്കല്ലില്‍ എത്തിയപ്പോള്‍ രാത്രി പതിനൊന്നരയായിരുന്നു. വഴിവെളിച്ചം ഒട്ടുമില്ലായിരുന്ന ബസ് സ്റ്റോപ്പില്‍ ജീപ്പിന്‍റെ ഹെഡ് ലൈറ്റ് വെളിച്ചത്തിനു മുന്നില്‍ ജെയിംസ് കാത്തു നില്‍പ്പുണ്ടായിരുന്നു.
‘വാ കേറ്.’ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി ആള്‍ ഇതുതന്നെ എന്ന് ഉറപ്പിച്ചത്തിന്‍റെ ആനന്ദത്തോടെ ജെയിംസ് ഡ്രൈവിംഗ് സീറ്റിലേക്ക് ചാടിക്കയറി.
കയറ്റത്തിലേക്ക് ഇരമ്പിക്കുതിക്കുന്ന ജീപ്പിന്‍റെ മുരള്‍ച്ചയ്ക്കപ്പുറം ഇരുവര്‍ക്കുമിടയില്‍ കുശലാന്വേഷണങ്ങള്‍ ഒന്നുമുണ്ടായില്ല. ഗേറ്റ് തുറന്ന് വീടിന്‍റെ വലതുവശത്തെ ചായ്പ്പിലേക്ക് ജീപ്പ് ഒതുക്കി നിര്‍ത്തിയശേഷം ജെയിംസ് പറഞ്ഞു.
“നേരം ഇത്രയായില്ലേ. അന്നാമ്മയും പിള്ളേരും ഉറക്കമാ. ബെല്ലടിച്ച് വിളിക്കേണ്ടന്നു കരുതി പുറത്തൂന്നു പൂട്ടീട്ടാ ഞാന്‍ പോന്നെ.”
ലൂയി ഒന്നും മിണ്ടിയില്ല. ഇന്നേരമത്രയും താന്‍ പ്രതീക്ഷിച്ചതൊന്നും സംഭവിച്ചിട്ടില്ല. ഒരു പരിഹാസമോ കുത്തുവാക്കോ ഒന്നും. സത്യത്തില്‍ അത് അയാളെ കൂടുതല്‍ അസ്വസ്ഥനാക്കുകയാണുണ്ടായത്.
‘മുകളിലത്തെ മുറി റെഡിയാക്കിയിട്ടുണ്ട്. കുളിക്കണമെങ്കില്‍ ആകാം. ഇല്ലെങ്കില്‍ ശാപ്പാട് അടിക്കാം. അന്നാമ്മയുടെ സ്പെഷ്യല്‍ പന്നിക്കറിയുണ്ട്”.
“വിശപ്പില്ല. കോട്ടയത്തൂന്ന് കഴിച്ചാരുന്നു”.
അങ്ങനെ പറയാനാണ് ലൂയിക്ക് തോന്നിയത്.
അവര്‍ക്കിടയിലുള്ള അകലമോ ഔപചാരികതയോ എന്തോ ജെയിംസ് അയാളെ നിര്‍ബന്ധിക്കാനൊന്നും നിന്നില്ല.
ഒരു ഹോട്ടല്‍ മുറിയുടെ അപരിചിതത്വം. പാതി തുറന്നുകിടക്കുന്ന ജനാലയില്‍ നിന്നും തണുത്ത കാറ്റ് വീശുന്നു. വെളുത്ത കര്‍ട്ടനുകള്‍ ഇളകുന്നു. എങ്കിലും അയാള്‍ക്ക് വിയര്‍ത്തു. നല്ല യാത്രാക്ഷീണമുണ്ട്. തേക്കിന്‍ പലകയില്‍ തീര്‍ത്ത മച്ചില്‍ ആനക്കൊമ്പിന്‍റെ നിറമുള്ള സീലിംഗ് ഫാനിന്‍റെ ഇതളുകള്‍ മെല്ലെക്കറങ്ങി വേഗമാര്‍ജ്ജിക്കുന്നതും നോക്കിക്കിടക്കവേ ലൂയി ഓര്‍ത്തു. പാരമ്പര്യവും പ്രൌഡിയും വിളിച്ചോതുന്ന തേക്കിന്‍തൊടി തറവാടിന്‍റെ അകത്തളത്തിലെ പ്രഭതൂകുന്ന ഞാത്തുവിളക്കിനു താഴെ, ഊണുമേശക്ക് ഇരുപുറവും മനസ്സുകൊണ്ട് ഐക്യപ്പെടാനാകാത്ത രണ്ടുപേര്‍ ഇരിക്കുന്നു. ആതിഥേയന്‍ തന്‍റെ ആജന്മശത്രുവിന് അത്താഴം വിളമ്പിക്കൊടുക്കുന്നു. ഇന്നലെ വരെ സങ്കല്‍പ്പിക്കാനാകാത്ത കാഴ്ചയാണ്. അന്നേരം ജെയിംസിന്‍റെ ജ്വലിക്കുന്ന കണ്ണുകളിലേക്ക് നോക്കാനാവാതെ താന്‍ ചൂളിപ്പോയേക്കാം. കുസൃതിതുളുമ്പുന്ന ആ കണ്ണുകളില്‍ ഒളിപ്പിച്ചു വെച്ചിരിക്കുന്നത് പകയോ ഹൃദ്യമായ പുഞ്ചിരിക്കുള്ളില്‍ മറച്ചുവെച്ചിരിക്കുന്നത് പരിഹാസമോ ആവാം. ഒക്കെ നേരിടാന്‍ തന്നെയാണ് വന്നത്. തന്‍റെ മകള്‍ക്കുവേണ്ടി, സൂസനുവേണ്ടി. അല്ല. തനിക്കുവേണ്ടിത്തന്നെയല്ലേ..?
മൂന്നാമതൊരാള്‍ കാണാനും കേള്‍ക്കാനുമില്ലാത്ത ഈ നേരത്ത് ജെയിംസിനു മുന്നില്‍ തലവെച്ചുകൊടുക്കാതെ ഒഴിഞ്ഞു മാറിയതായിരുന്നോ ബുദ്ധി അതോ അപമാനമെന്തും സഹിച്ച് ഒരു വിധേയനായി ചെന്നിരുന്ന് കിട്ടുന്ന ഔദാര്യവും വാങ്ങി പുലരും മുന്‍പ് സ്ഥലം വിടുന്നതായിരുന്നോ നല്ലത് എന്ന വീണ്ടുവിചാരത്തിനിടെയില്‍ എപ്പൊഴോ അയാള്‍ ഉറങ്ങിപ്പോയി.
വാതിലില്‍ മുട്ടുകേട്ടാണ് ഉണര്‍ന്നത്. വടിവൊത്ത മുണ്ടും ജുബയും ധരിച്ചു ചൂട് കാപ്പിയുമായി നില്‍ക്കുകയാണ് ജെയിംസ്.
“ഞായറാഴ്ചയാണ്. പള്ളിയില്‍ പോകണ്ടേ?”
അതിരാവിലെ ഉണരണമെന്നും രണ്ടുംകല്പിച്ച് ജെയിംസിനോട് പണവും ചോദിച്ചുവാങ്ങി കിട്ടുന്ന വണ്ടിക്ക് കോട്ടയം പിടിക്കണമെന്നും അവിടുന്നു കോഴിക്കൊടെയ്ക്ക് സമയംപോലെ ബസ്സോ ട്രെയ്നോ നോക്കാമെന്നുമൊക്കെയായിരുന്നു കണക്കുകൂട്ടല്‍. ച്ചെ! നശിച്ച ഉറക്കം. അയാള്‍ ജാള്യതയോടെ കാപ്പി വാങ്ങി.
“ഇന്ന് ഒറ്റ കുര്‍ബാനെയേയുള്ളൂ. ചങ്ങനാശ്ശേരിന്ന്‍ അച്ചന്മാര്‍ വരുന്നുണ്ട്. തനിക്ക് ഏതായാലും നാട്ടുകാരെയൊക്കെ ഒന്ന് കാണാമല്ലോ.”
അതുകേട്ട നിമിഷം ലൂയി വിളറി. ഇങ്ങനെ ഒരവസ്ഥ നേരിടേണ്ടിവരുമെന്ന് ചിന്തിച്ചുകൂടിയില്ല. ഒരു ക്രിസ്ത്യാനിയുടെ ഞായറാഴ്ച ചിട്ടവട്ടങ്ങള്‍ അയാളെ ബാധിച്ചിരുന്നേയില്ല. കാരണം അയാള്‍ പള്ളിയില്‍ പോയിട്ടു തന്നെ വര്‍ഷങ്ങളായിരുന്നു.
“എടോ താന്‍ ഇവിടുന്നു പോയകാലത്തെ പള്ളിയൊന്നുമല്ല ഇപ്പോഴത്തേത്. ഒന്നു കാണാനും മാത്രമുണ്ട്. അള്‍ത്താരയുടെ പണിക്കായി നമ്മുടെ പറമ്പിലെ നാലു തേക്കാണ് കൊടുത്തത്. അപ്പച്ചനുള്ള കാലത്തും അങ്ങനതന്നെയായിരുന്നല്ലോ. ഫോര്‍ട്ടുകൊച്ചിയില്‍ നിന്നുവന്ന നസ്രാണി തച്ചന്മാരാണ് കൊത്തുപണി മൊത്തം ചെയ്തത്. തന്‍റെ ചങ്ങാതി ആര്‍ട്ടിസ്റ്റ് പീറ്റര്‍ കയറിന്മേല്‍ ഞാന്നുകിടന്നാണ് സീലിങ്ങിലെ ഓയില്‍ പെയിന്റിംഗ് ഒക്കെ ചെയ്തത്. ആകാശം വരച്ചു കഴിഞ്ഞ് ഒടുക്കം പ്രാവിന്‍റെ ചിറകും വരച്ച് കണ്ണിലേക്ക് ബ്രഷ് തൊട്ടപ്പോള്‍ പരിശുദ്ധാത്മാവ് ചിറകടിച്ചു പറന്നുപോകുന്ന സ്വരം കേട്ടന്നാണ് കപ്യാര്‍ അന്തോണി പറഞ്ഞത്. അതോടെയാണ് പീറ്ററിന്‍റെ കാഴ്ച പോയതെന്നു കമ്മറ്റിക്കാരും അല്ല ടര്‍പ്പെന്‍ടൈന്‍ വീണതാണെന്നു കമ്മ്യൂണിസ്റ്റുകാരും പറഞ്ഞുനടക്കുന്നു”.
പണ്ടും സൗഹൃദസദസുകളില്‍ കഥയുടെ കെട്ടഴിക്കുവാന്‍ മിടുക്കനാണ് ജെയിംസ്. കേള്‍ക്കുന്നവരെ വിശ്വസിപ്പിക്കത്തക്കവണ്ണം അയാളുടെ കണ്ണുകള്‍ വിടരും. തുടുത്ത കവിളൊക്കെ ചുവക്കും. അയാള്‍ സുന്ദരനാണ്. അന്നുമിന്നും. തന്‍റെ സൂസനും അതേ സൌന്ദര്യമാണ്. ലൂയി ഓര്‍ത്തു.
“ലൂയിസേ, മുടി പറ്റെ വെട്ടി താടിയും വടിക്കാതെ നടക്കുന്ന തന്നെ കണ്ടാല്‍ നാട്ടുകാരാരും തിരിച്ചറിയില്ലെടോ. അന്നൊക്കെ ഗിറ്റാര്‍ വായിച്ചു പാട്ടുപാടുന്ന താന്‍ സിനിമാ നടന്‍ റഹ്മാനെപോലെയാണെന്ന് സൂസന്‍ പറയുമായിരുന്നു. അന്ന് ഞങ്ങള്‍ക്കറിയില്ലല്ലോ നിങ്ങള്‍ തമ്മിലുള്ള ഡിങ്കോള്‍ഫി. ഹ.ഹ..”
ഭൂതകാലത്തില്‍ എവിടെയോ തങ്ങി നിന്നുപോയ ലൂയിസിന്‍റെ ശ്രദ്ധ പൊടുന്നനെ ജെയിംസ് ഇടതുകയ്യില്‍ പിടിച്ചിരിക്കുന്ന കറുത്ത കാഷ്ബാഗിലേക്കായി. അത് ശ്രദ്ധിച്ചെന്നോണം ജെയിംസ് പറഞ്ഞു.
“ദാ, ഇതു വെച്ചോ. പള്ളി കഴിഞ്ഞ് ഞാന്‍ വരാന്‍ വൈകും. കമ്മറ്റിയുണ്ട്. ഇത്തവണത്തെ പെരുന്നാള്‍ കൈക്കാരന്‍ ഞാനാ. ലൂയി കുര്‍ബാന കഴിഞ്ഞയുടനെ ഇങ്ങ് പോര്. അന്നമ്മേടെ പാലപ്പോം പോത്തിറച്ചീം പോര്‍ക്ക് വരട്ടിയതും ഒക്കെ കഴിച്ച് ഇന്നലത്തെ പരിഭവം തീര്‍ത്തേക്കണം. വേഗം ഒരുങ്ങിക്കോ ഞാന്‍ താഴെ വെയ്റ്റ് ചെയ്യാം.”
ജെയിംസിനൊപ്പം ജീപ്പില്‍ പള്ളിയിലേക്ക് പോകുമ്പോള്‍ ലൂയി പറഞ്ഞു. “ഞാന്‍ കുര്‍ബാന കഴിഞ്ഞാലുടന്‍ പള്ളിയിയുടെ സ്റ്റോപ്പില്‍ നിന്ന് ബസ്സുകയറും. ആശുപത്രിയിലെത്താതെ മനസ്സിനൊരു സ്വസ്ഥതയില്ല.”
മകളെ കാണാനുള്ള വെമ്പലോ ഓപ്പറേഷന് പണം കെട്ടാനുള്ള ധൃതിയോ അല്ല തന്നെക്കൊണ്ട് അത് പറയിച്ചതെന്നു ലൂയിക്കറിയാം. ഒരു വാക്കുകൊണ്ടുപോലും മുറിവേറ്റപ്പെട്ടില്ലെങ്കിലും ക്ഷണനേരത്തില്‍ ശ്വാസം വറ്റിപ്പോകുന്ന ആത്മനിന്ദയുടെ കയത്തില്‍ നിന്ന് പുറത്തുകടക്കണമെന്നോരു പിടച്ചില്‍ അയാളിലുണ്ടായി. സ്വന്തം നാട്ടില്‍ നിന്നു പലായനം ചെയ്യപ്പെട്ടവന്‍റെ, വേരുകള്‍ നഷ്ടപ്പെട്ടവന്‍റെ ഉള്‍പിടച്ചില്‍! ഇവിടെനിന്നു രക്ഷപെടണം. എത്രയും വേഗം.
എന്നാല്‍ ദേവാലയത്തിന്‍റെ പരിപാവനമായ അന്തരീക്ഷത്തിലേക്ക് കാലെടുത്തു വെച്ചപ്പോള്‍ കാലങ്ങളോളം താന്‍ മീട്ടിയ തന്ത്രികളും തന്‍റെ സ്വരമാധുരിയും തങ്ങിനിന്ന അതേ പ്രപഞ്ചത്തില്‍, കാലം സ്ഫുടം ചെയ്തെടുത്ത ചുവരുകളിലും തൂണുകളിലും കമാനങ്ങളിലും പരിശുദ്ധാത്മാവ് ചിറകടിച്ചു ചേക്കേറിയ മേല്ക്കൂരകളിലും ഇന്നും തന്‍റെ ആത്മാംശം തങ്ങിനില്‍ക്കുന്നതായി ലൂയിക്ക് തോന്നി. കുത്തൊഴുക്കില്‍ പെട്ടുപോയൊരു പൊങ്ങുതടിപോലെ ഓര്‍മ്മകളുടെ നിലയില്ലാ കയങ്ങളിലേക്ക് അയാള്‍ മുങ്ങാംകുഴിയിട്ടു. വൈദികനാകാന്‍ കൊതിച്ച അള്‍ത്താര ബാലനെയും ഗായക സംഘത്തിലെ കൌമാരക്കാരനെയും യേശുവായി അഭിനയിച്ച യുവാവായ ലൂയിയേയും തന്‍റെ പാദം കണ്ണീരുകൊണ്ടു കഴുകി തലമുടി കൊണ്ടു തുടച്ച മഗ്ദലനയായ സൂസനെയും അയാള്‍ കണ്ടു. അന്നേരം ഏതോ കൊടിയ പാപം ചെയ്തുപോയ കുറ്റബോധം അയാളെ ഗ്രസിച്ചു. ഒപ്പം മറ്റാരോ ഉള്ളിലിരുന്ന് ചോദിക്കുന്നു, എന്ത് കുറ്റം? മനുഷ്യര്‍ പ്രേമിക്കും, വിവാഹം ചെയ്യും, ലൈംഗികവൃത്തിയിലേര്‍പ്പെടും. കുട്ടികളുണ്ടാകും.
അപ്പോള്‍ പ്രസംഗത്തിനു സമയമായിരുന്നു. ഇടിമുഴക്കം പോലുള്ള ശബ്ദമായിരുന്നു വൈദികന്‍റെത്. അമ്പ് തറയ്ക്കും പോലെയുള്ള വാക്കുകള്‍. മനുഷ്യരുടെ കൊടിയ പാപങ്ങളെക്കുറിച്ചായിരുന്നു അദ്ദേഹം സംസാരിച്ചത്. ലഹരി, സ്ത്രീ, പണം, ധൂര്‍ത്ത്, ദ്രവ്യാഗ്രഹം എല്ലാം പാപകാരണങ്ങളാകുന്നു. ദാനധര്‍മ്മം മനുഷ്യനെ ആ പാപക്കറകളില്‍ നിന്നു മോചിപ്പിക്കുന്നു. അവര്‍ ആത്മാവില്‍ വീണ്ടും ജനിച്ചവരായ്ത്തീരുന്നു. തെല്ലു മൌനത്തിനൊടുവില്‍, വയലിന്‍റെ നേര്‍ത്ത ശ്രുതി പിന്‍ബലത്തോടെ, പതിഞ്ഞ താളത്തില്‍ അദ്ദേഹം തുടര്‍ന്നു. “ഞങ്ങളൊരു സ്വര്‍ഗ്ഗീയ ദൌത്യവുമായാണ് ഇവിടെ എത്തിയിരിക്കുന്നത്. ലോകത്തിന്‍റെ അതിരുകളോളം അവന്‍റെ നാമം പ്രകീര്‍ത്തിക്കപ്പെടണം. വാനമേഘങ്ങള്‍ക്കപ്പുറം അവന്‍റെ മഹത്തം വെളിപ്പെടണം. അഞ്ചു നിലകളില്‍, അന്‍പതിനായിരം ചതുരശ്ര അടിയിലാണ് നമ്മള്‍ വിഭാവനം ചെയ്യുന്ന ദേവാലയം. അതുയരുമ്പോള്‍ ഓരോ കല്ലുകളിലും നിങ്ങളുടെ പേരു കൊത്തി വെക്കപ്പെടണം. അപ്പോള്‍ പാപത്തിന്‍റെയും രോഗത്തിന്‍റെയും കെട്ടുപാടുകളില്‍ നിന്ന് നിങ്ങള്‍ സ്വതന്ത്രരാകും. ഈ നിമിഷം കയ്യിലുള്ളതെന്തുമാകട്ടെ അത് ദൈവത്തിനു കൊടുക്കൂ. പത്തും നൂറും ഇരട്ടിയായി തിരികെ കിട്ടും. സ്വര്‍ഗ്ഗത്തില്‍ നിക്ഷേപം കൂട്ടിവെയ്ക്കുക. ആകാശത്തിലെ പറവകളെ നോക്കുവിന്‍ അവ വിതക്കുന്നില്ല കൊയ്യുന്നില്ല കളപ്പുരകളില്‍ ശേഖരിക്കുന്നില്ല. എങ്കിലും നിങ്ങളുടെ സ്വര്‍ഗ്ഗസ്ഥനായ പിതാവ് അവയെ തീറ്റിപ്പോറ്റുന്നു.”
അനന്തരം വൈദികന്‍ പ്രസംഗപീഠം വിട്ട് ജനങ്ങള്‍ക്കിടെയിലേക്ക് ഇറങ്ങി. തിളങ്ങുന്നൊരു സ്റ്റീല്‍ പാത്രം പുരോഹിതന്‍ കയ്യില്‍ പിടിച്ചിരുന്നു. അസാധാരണ വലിപ്പമുള്ളത്. മജീഷ്യന്‍റെ കുട്ടയിലേക്കെന്നപോലെ അതിലേക്ക് നോട്ടുകളും സ്വര്‍ണ്ണാഭരണങ്ങളും വീണുകൊണ്ടിരുന്നു. തന്‍റെ തൊട്ടു മുന്നില്‍ നില്‍ക്കുന്ന ആള്‍ കഴുത്തില്‍ നിന്നും തടിച്ച സ്വര്‍ണ്ണമാല ഊരി ആ പാത്രത്തിലേക്ക് നിക്ഷേപിക്കുന്നത് ലൂയി കണ്ടു. ജെയിംസ് സമ്മാനിച്ച കറുത്ത ലതര്‍ ബാഗിന്‍റെ സ്വിബ്ബിലേക്ക് അയാളുടെ കൈ യാന്ത്രികമായി നീണ്ടു ചെന്നു.
“ആനി ലൂയിസിന്‍റെ ആരെങ്കിലും ഉണ്ടോ?”
ഐസിയു വിന്‍റെ വാതില്‍ തുറന്ന് നേഴ്സ് ഉറക്കെ വിളിച്ചു ചോദിച്ചു. പാതി നിദ്രയിലായിരുന്ന സൂസന്‍ കസേരയില്‍ നിന്ന് പിടഞ്ഞെണീറ്റു. ഉറക്കത്തിലെപ്പോഴോ വിരലുകളില്‍ നിന്നു വഴുതി മടിയില്‍ വീണുകിടന്ന ജപമാല നിലത്തുവീണതറിയാതെ അവള്‍ ഐസിയു വിന്‍റെ വാതില്‍ക്കലേക്ക് ഓടി.