
നിനക്കൊരു നോട്ടം കൊണ്ട്
മനസ്സിലാകുന്നുണ്ടാവുമോ
എൻ്റെ കഴുത്തൊടിഞ്ഞ
കവിതയിലെ പല വരികളും
നിന്നെ കുറിച്ചുള്ളതാണെന്ന്,
നിനക്കുവേണ്ടിതന്നെ
ഒരുക്കപ്പെട്ടതാണെന്ന്?
ഒരവിദഗ്ധ ശില്പി
തിടുക്കപ്പെട്ടുണ്ടാക്കിയതെന്ന്
തോന്നിക്കുമാറുള്ള ആ
അപൂർണ്ണപ്രതിമകൾ.
അതെത്രമാത്രമെഴുതാൻ
ആഞ്ഞിട്ടും
പിടിതരാതെ പോകുന്നൊരു
കൊള്ളിമീൻ ആണ്,
നിന്നോടതിലൂടെന്തു പറയണമെന്ന്.
നിനക്കറിയുമായിരിക്കുമോ
നീയെനിക്ക്; നീയൊരിക്കൽ കൊതിപറഞ്ഞ
മധുരനാരങ്ങയല്ലികൾ,
നിദ്രയൊരിക്കലും നിറയാത്ത
എൻ്റെ കണ്ണുകളിലരിക്കും വെയിലൊളിത്തുണ്ടുകൾ.
തലമുടി മുതൽ
കാൽവിരലറ്റം വരെ തീ പടർത്തുന്ന
ഫ്രഞ്ച് മസ്സാലിയ*
നുരഞ്ഞു പൊങ്ങിയിട്ടും
ഏതു ചിത്രപ്പണിചെയ്ത ചഷകത്തിൽ
നിനക്ക് പകരണമെന്നറിയാത്ത
അതിമൃതി ദ്രാവകം.
ആകുലതകളുടെ
വെടിയുണ്ടകളേറ്റ് തകർന്ന,
ഈ മതിലിൽ വരയ്ക്കപ്പെട്ട
ചിതറിയ ഹൃദയം നിനക്കൊന്നു ഗ്രഹിക്കാൻ കഴിയുമോ?
അതിൽ നിൻ്റെ ഒറിഗാമി
പക്ഷികളെ ചേർത്ത്
വയ്ക്കുമോ?
നീയറിഞ്ഞാലുമില്ലെങ്കിലും
പരുവപ്പെടുന്നുണ്ട് ഞാൻ,
ഒറ്റയ്ക്കാണ് ഞാൻ
എൻ്റെ
അപരവിദ്വേഷംതകർത്ത
ഗ്രാമത്തിൽ എങ്കിലും
ഒരുക്കുന്നുണ്ട്
ഒരിക്കൽ നിനക്ക്
ചേക്കേറാൻ,
നനവുമാറാത്ത
ചിറക് കോതിയുണങ്ങാൻ
ഒരു തരി കനൽ നെരിപ്പോട്,
ഹൃദയത്തിൻ്റെ കോണിലൊരു മുറി,
ഉള്ള കഴുക്കോലും ഒടിഞ്ഞ ഉത്തരവും
പറന്നു പോകാതെ ബാക്കി നിൽക്കുന്ന
കമിഴ്ത്തോടുകളും പുനക്രമീകരിക്കപ്പെടുന്നുണ്ടീ
എന്നിൽ.








