നിനക്കുള്ള കത്തുകൾ

ലോകത്ത് ഏറ്റവും കൂടുതൽ എഴുതപ്പെട്ടത് പ്രണയത്തെക്കുറിച്ചാണെന്ന് കുരീപ്പുഴ ശ്രീകുമാർ കുറിച്ചിട്ടുണ്ട്.  മനുഷ്യകുലം ലോകത്തില്ലാതാകുംവരെ ഇനിയും എഴുതിതീരാത്ത ഒരു മഹാകാവ്യം കണക്കേ അതങ്ങനെ തുടരുകയും ചെയ്യും.  

പ്രണയപരാഗങ്ങൾ നിറയുന്ന ‘നിനക്കുള്ള കത്തുകൾ’ എന്ന ജിജി ജോഗിയുടെ പുസ്തകവായനയ്ക്ക് ശേഷം അറിയാതെ ഏറെനേരം ചിന്തിച്ചങ്ങനെ ഇരുന്നുപോയി. കാമുകസാന്നിധ്യം തൊട്ടടുത്തെവിടെയോ ഉണ്ടെന്ന് നിരൂപിച്ച് കാമുകി കൊഞ്ചുകയും കളിപറയുകയുമാണ്. പരിഭവമലരുകൾ വിടർത്തുകയാണ്. അവൻറെ തോളിൽ ചാഞ്ഞ്, നെഞ്ചിൽ മുഖമമർത്തി, തുടയുടെമേൽ കാലുകകൾ കയറ്റിവച്ച്…… പ്രണയഭാവങ്ങളുടെ അകവും പുറവുമാകുന്ന വിവിധയിടങ്ങളിലേക്ക് അറിയാതെ വായനക്കാരെ നടത്തിക്കൊണ്ടുപോകുന്ന മനോഹരമുത്തുമണികൾക്ക് തുല്യമായ ഒരുപിടി പ്രണയലേഖനങ്ങളാണ് ഈ പുസ്‌തകം.

തൻറെ പ്രണയിതാവിനുള്ള ഓരോ കത്തിലും നിറഞ്ഞുനിൽക്കുന്നത് അർദ്ധവിരാമം ഇട്ടുപോയ പ്രണയവും അതിൻറെ തിരുശേഷിപ്പുകളും. ഇനിയും നിലയ്ക്കാത്ത പ്രണയത്തിൻറെ തുടിപ്പുകൾ പേറുന്നതിനാലാണ് ‘നിന്നെ പിടിച്ചുനിർത്താൻ എൻറെ പ്രണയം പോരായിരുന്നു’ എന്നും, ‘”ഞാൻ അറിയുന്നുണ്ട് പപ്പൂ, നിൻറെ ആഴങ്ങൾ…. നിൻറെ പ്രണയവും’ എന്നൊക്കെ ജിജിക്ക് കുറിക്കുവാൻ സാധിക്കുന്നത്.

ചെറുപ്രണയലേഖങ്ങൾ ആണെങ്കിലും, സ്നേഹമാകുന്ന ഓർമ്മപ്പൂക്കളുടെ വിവിധതരം സുഗന്ധം പരന്നൊഴുകുന്നവയാണ് ഓരോന്നും. പ്രണയത്തിൻറെ നൈർമല്യം കെട്ടുപോകാതെ എന്നെന്നും കാത്തുസൂക്ഷിക്കുന്ന പ്രണയിനിയായി മരുവുകയാണ് എഴുത്തുകാരി. തൻറെ കൺമുന്നിൽ നിൽക്കുന്നവനോടാണ് അവർ സംവദിക്കുന്നത്. രണ്ട് പെണ്മക്കളെ തന്നെയേൽപ്പിച്ച് വിടവാങ്ങിയതിന്റെ കുറുമ്പ്  ‘നീയെത്ര മിടുക്കനൊന്നുമല്ല.. ട്ടോ.  എന്നെ തനിച്ചാക്കിപ്പോകാം എന്നല്ലേ കരുതിയത്?’ എന്ന ചോദ്യത്തിൽ നിഴലിക്കുമ്പോൾ മറ്റൊരിടത്ത് ‘കഹോനാ പ്യാർഹേ’ ; പോലെയുള്ള യുഗ്മഗാനങ്ങളിൽ തങ്ങൾക്ക് മാത്രം മനസിലാകുന്ന മട്ടിൽ ഗോപ്യമായി പ്രണയം ഒളിപ്പിച്ച് വച്ച് ജോഗി സ്റ്റേജിൽ പാടുന്നത് ജിജി രസകരമായി അനുസ്മരിക്കുന്നു. ചിലയിടത്ത് ക്ഷമയുടെ പര്യായമായ കൂട്ടാളിയെ കാണുന്നു ‘നിന്നെ കേൾക്കുകയായിരുന്നു എൻറെ ഉദ്യോഗം.  നീയതിന് കൃത്യമായി ശമ്പളം ഉമ്മകളായി തരാറുള്ളതിനാൽ എനിക്ക് പരാതിയില്ലായിരുന്നു’.

ആദ്യമായി ആര്യങ്കാവ് ക്ഷേത്രത്തിലെ സംഗീതപരിപാടിക്കുള്ള യാത്രയിൽ കണ്ടുമുട്ടുന്നതുമുതൽ അപൂർണ്ണമായൊരു പ്രണയകാവ്യത്തിലെ നായകനെപ്പോലെ പടിയിറങ്ങിപ്പോയവനെ ഓർത്ത് എന്തുചെയ്യും എന്നറിയാതെ നിരാശയിലും, വേദനയിലും ഏകാന്തതയുടെ തുരുത്തിലും അകപ്പെട്ടുപോയ പെണ്ണിൻറെ പ്രേമത്തിൻറെ കുറുകൽ നൽകുന്ന ഈണമാണ് ‘നിനക്കുള്ള കത്തുകൾ’ എന്ന പുസ്തകത്തിൽ ആകെ പരന്നുകിടക്കുന്നത്. നിലാവുപോലെ തെളിമയാർന്ന ജിജിയുടെ കാവ്യഭാവനയാർന്ന വാക്കുകൾ കടമെടുക്കാം ‘രാത്രിയുടെ വശ്യത ഞാൻ തിരിച്ചറിഞ്ഞിട്ടുള്ളത് പാതിരാവുകളിൽ നിന്നെ കാത്തിരിക്കുമ്പോളാണ്’

ജോഗിയുടെ അക്ഷരങ്ങളിൽപ്പോലും പറ്റിപ്പിടിച്ചുകിടക്കുന്ന പ്രണയത്തിളക്കം കണ്ടെടുക്കുന്ന വാക്കുകൾ നോക്കൂ; ‘നിൻറെ വിയർപ്പുകണങ്ങൾ പകർന്ന ഈ കടലാസിലൂടെ ഞാനൊന്ന് വിരലോടിക്കട്ടെ. ഇതിലെ ഏതക്ഷരത്തിലാണ് നീ ഒളിച്ചിരിക്കുന്നത് എന്നറിയില്ലല്ലോ’. തീർന്നില്ല, ‘പപ്പൂ…. ഞാനെന്താണ് ചെയ്യേണ്ടത്? ഈ അക്ഷരങ്ങളിൽ നിന്നെ തിരയുകയല്ലാതെ?’

കേവലം 87 പേജുകൾ മാത്രമുള്ള പുസ്തകമാണ് ജിജി ജോഗിയുടെ  നിനക്കുള്ള കത്തുകൾ. അതിൽത്തന്നെ എഴുപതോളം പേജുകളിൽ മാത്രമേ ജിജിയുടെ കത്തുകൾ ഉള്ളൂ. എങ്കിലും ഈ ചെറുപുസ്‌തകം ഹൃദയത്തോട് ഒരുപാട് പറ്റിച്ചേർന്നു നിൽക്കുന്നു. പ്രണയവും അതിൽ ചാലിച്ചെഴുതിയ വർണ്ണചിത്രങ്ങളും മാത്രമാണ് കാരണം. വായന കഴിയുമ്പോൾ ഈ പ്രണയവും കുറിപ്പുകളും  ഒരിക്കലും അവസാനിക്കാതിരുന്നെങ്കിൽ എന്ന് അറിയാതെ വായനക്കാരനെക്കൊണ്ട് പറയിക്കാൻ പോന്ന എഴുത്താണ് ജിജി ജോഗിയുടേത്. പൂത്ത് പരിലസിക്കുന്ന പ്രണയസുഗന്ധം ആവോളം നുകരുവാൻ ഇഷ്ടമുള്ളവർക്ക് സമ്മാനമാണ് ഈ ചെറുപുസ്‌തകം. അതിനാൽത്തന്നെയാണ് ചുരുങ്ങിയ കാലംകൊണ്ട് നാല് പതിപ്പുകൾ  പിന്നിട്ടതും.

പ്രണയം പ്രകടിപ്പിക്കാൻ മാത്രമുള്ളതല്ല; വായിക്കാൻ കൂടിയുള്ളതാണ്.

മാതൃഭൂമിയാണ് ‘നിനക്കുള്ള കത്തുകൾ’ പ്രസിദ്ധീകരിച്ചിരിക്കുന്നത്.  
പേജ് 88, വില 100 രൂപ.

പത്തനംതിട്ട ജില്ലയിലെ കൂടൽ സ്വദേശി. 'ഖിസ്സ' എന്ന പേരിൽ രണ്ട് കഥാസമാഹാരങ്ങൾ എഡിറ്റ് ചെയ്തിട്ടുണ്ട്. പുക്രൻ ആദ്യ നോവൽ. 2021-ലെ പാം അക്ഷരതൂലിക കഥാപുരസ്‌കാരം ലഭിച്ചു.