നിദ്രയിലേയ്ക്ക്‌ എഴുന്നേൽക്കുമ്പോൾ

രാവിന്റെ ഇരുണ്ടചാരം
പുലരിയുടെ മഞ്ഞൾനിറവുമായി
കലരുന്ന നേരം.
ജനൽച്ചില്ലിലൂടെയെന്നപോലെ
കാണുന്ന അവ്യക്തകാഴ്ച.

വേനലിൽ പുഴയിൽ ഞാൻ;
മണൽനിരപ്പിനും,
പാറപ്പരപ്പിനുമിടയിൽ
ആഴ്‌ന്നൊഴുകുന്ന ശാന്തത.

കരയും വെള്ളവും
കണ്ടുമുട്ടുന്നിടത്തേയ്ക്ക്‌
ഭാരിച്ച ഒരു മാറാപ്പ്‌
പെട്ടെന്ന് എറിഞ്ഞിടപ്പെടുന്നു.

വലിയ ഓളങ്ങളത്‌
സൃഷ്ടിയ്ക്കുന്നു;
ഒരു നിമിഷത്തിൽ!
തിരമാലകളെന്നത്‌ പോലെ

വലിയ ഉയർച്ചതാഴ്ചകൾ,
അപ്പോൾ കണ്ടുമുട്ടിയ
അയൽപക്കസ്ത്രീകളുടെ
കുശലം പറച്ചിലുകൾ.

അവിടം ശബ്ദമുഖരിതം!
ആ തരംഗാധിക്യത്തിന്റെ
പ്രഭവകേന്ദ്രം ഞാനായിപ്പരിണമിച്ചത്‌
മായാജാലം!

എന്നിൽനിന്ന്
അകന്നകന്നു പോകുന്ന അലകൾ!
കൈവിരൽത്തുമ്പു മാത്രം
ജലനിരപ്പിനു മുകളിൽ
കാണുമാറു ഞാൻ
അടിപ്പെട്ടുപോകുന്നു.

ഇടയ്ക്ക്‌ പൊങ്ങിവരുന്ന
എന്റെ ശബ്ദം
ആരും കേൾക്കുന്നില്ല.

ചുഴിവെള്ളത്തിന്റെ ഉപരിതലത്തിനുമേൽ
ഉയർന്നുവരുന്ന വിളറിയ മുഖം
ആരും കാണുന്നുമില്ല.

അടുത്ത കാഴ്ചയിൽ
വീടിനു തൊട്ടടുത്ത
ഉത്സവപ്പറമ്പ്‌.

പലരോടൊപ്പം
ചുറ്റിത്തിരിഞ്ഞ്‌കൂട്ടുകൂടി
എന്നാൽ അകമേ ഭയന്ന് ഞാൻ!

ആളുകൾക്കിടയിൽ പൊടുന്നനെ
കുശുകുശുപ്പുകൾ ഉയരാൻ തുടങ്ങുന്നു.

ഒളിച്ചുപാഞ്ഞ്‌ വീട്ടിലെത്തി ഞാൻ
എന്നെത്തന്നെ തെളിയിക്കാനുള്ള
വെപ്രാളം തുടങ്ങുന്നു-
പറയപ്പെട്ടുകൊണ്ടിരിക്കുന്ന കഥയിലെ വ്യക്തി
ഞാനല്ലെന്ന്
തെളിയിക്കാനുള്ള ശ്രമം!

ആളുകൂടാൻ തുടങ്ങുന്നു.
വാർത്ത കേട്ടവർ കേട്ടവർ
വീട്ടുമുറ്റത്തെത്തുന്നു.

നാട്ടുകാരുടെയും അടുക്കളവരാന്തയിൽ
കൂടിനിൽക്കുന്നവരുടെയും നോട്ടം
ഇപ്പോൾ എന്നിലാണ്!

മുഖങ്ങളിൽ നിഴലാട്ടം നടത്തുന്നത്‌
അവിശ്വസനീയതയും,
അതിലേറെ ഭയവും.

എനിക്കേറ്റവും പ്രിയപ്പെട്ടയാളുടെ മുഖം
ഏറ്റവും വിഭ്രാന്തമായിക്കാണപ്പെട്ടു.
ഒരേയൊരു പ്രതീക്ഷ!
വിശ്വസിച്ചേയ്ക്കാവുന്ന
ഒരേയൊരാൾ!
ഞാൻ അരികിലേയ്ക്ക്‌ ചെന്നു;

എന്റേതുമായി കൊരുക്കാത്ത,
നീർത്തടാകങ്ങൾ ഒഴുകാതെ
തളംകെട്ടി നിൽക്കുന്ന മിഴികൾ
പറയാതെ പറഞ്ഞ വാക്കുകളിൽ
ഞാൻ തളരുന്നു;
പുലർച്ചയുറക്കത്തിൽ നിന്ന്
ഞെട്ടി ഉണരുന്നു.

വീട്ടിൽ കേട്ടുമറന്നിട്ടില്ലാത്ത ആരവം.
ഇടനാഴിയിലൂടെ നടക്കുന്ന എന്നെ
ആരും വകവയ്ക്കുന്നില്ല.

പൂമുഖത്ത്‌ മറ്റൊരു ഞാൻ
ഉറങ്ങുന്നുണ്ടായിരുന്നു.

സ്വപ്നത്തിൽനിന്നുണർന്ന
ഈ അശരീരിയോ അതോ
പുകയുന്ന അഗർബത്തികൾക്കും,
നാളികേരത്തിരികൾക്കും അരികിൽ
ഉറങ്ങുന്ന രൂപമോ;
ഏതാണു ശരിയായ ഞാൻ?

ഏറ്റവും ആഴ്‌ന്ന ശാന്തതയെ
ഇളക്കിമറിച്ച
അത്ര ഭാരിച്ച ഒന്ന് എന്താവാം!

മലപ്പുറം ജില്ലയിൽ പാണ്ടിക്കാട് സ്വദേശിനി. സാങ്കേതികമേഖലയിൽ‌ ബിരുദധാരി. ഇപ്പോൾ മുംബൈയിൽ താമസിക്കുന്നു. നവമാധ്യമങ്ങളിൽ കവിതകൾ എഴുതാറുണ്ട്.