നിത്യ സത്യം

മേഘങ്ങൾ മൂകമായി
ആകാശത്തിന് കുറുകെ
കാറ്റു വന്നടിച്ചപ്പോൾ
വഴിമാറി സഞ്ചരിക്കുന്നത് പോലെ..

ഗതിമാറി സഞ്ചരിക്കാതെ
നാം വ്യഥകളെ കുറിച്ച് ഓർക്കുന്നത്
വ്യർത്ഥമല്ലേ…??
ദുഃഖം അതിന്റെ ഇടം
നമ്മോട് ചോദിച്ചു വാങ്ങിയതല്ലേ?

നാം അതിന്റെ ബന്ധുക്കൾ ആണെന്നും
നിഴലും വെളിച്ചവുമായി അതിന്റെ കൂടെ
നമ്മൾ കൂടിയതുകൊണ്ടാണ്
അത് നമ്മെ വിട്ടു പോകാത്തത്
എന്ന് നാം അറിയാത്തത് എന്തുകൊണ്ടാണ്…?

ഭൂമിയും ആകാശവും കടന്നു
കടലും കരയും കടന്ന്
രക്ഷകൻ വരുമെന്ന പ്രതീക്ഷയിൽ
ദുഃഖത്തെ തോൽക്കാൻ അനുവദിച്ചു കൂടെ…?

മരണമെന്ന നിത്യ സത്യം
നിലനിൽക്കുന്നുവെങ്കിലും
മനുഷ്യന്റെ പരസ്പരമുള്ള
സന്ദർശനങ്ങളും മത്സരങ്ങളും
ജൈവികതയിലുള്ള ആധിപത്യങ്ങളെക്കാൾ
സങ്കീർണമായ എന്തുണ്ടിവിടെ??

ഒരു പകലുകളിലും ഒതുങ്ങാത്ത വിധം
ഒരു രാത്രികൾക്കും മെരുങ്ങാത്ത വിധം
ഒരു ഭൂപടങ്ങളിലും അടയാളപ്പെടുത്താൻ
സാധിക്കാത്ത വിധത്തിലുള്ള
തുരുത്തിൽ മനുഷ്യർ
ജീവിതത്തെ ബന്ധിച്ചിരിക്കുന്നു

ദുഃഖം അതിന്റെ സ്ഥായിഭാവത്തിൽ
പകർന്നാട്ടം തുടരുന്നു
ജീവിതം കുരച്ചുകൊണ്ടു പിന്തുടരുന്നു
നാം തുടലുകൾ പൊട്ടിച്ചോടുന്നു

സത്തയിൽ നിന്നും അസ്തമിക്കുന്നതുപോലെ
മനുഷ്യന്റെ ജീവിതത്തിന്റെ സത്ത
ദുഃഖമാണെന്നും ആ സത്തയ്ക്ക്
അസ്തമനം ഇല്ലെന്നത്
ഒരു കണ്ടെത്തലായി മാറിയെന്നുമീ
കവിതയിൽ അവസാനമായി കുറിയ്ക്കട്ടെ.

തിരവനന്തപുരം വട്ടിയൂർക്കാവിൽ താമസിക്കുന്നു. സർക്കാർ സ്കൂൾ അദ്ധ്യാപികയാണ്. നവമാധ്യമങ്ങളിൽ എഴുതാറുണ്ട്.