നാല് കവിതകൾ

(1)
മസോക്കിസം

തൃപ്തിയുടെ കേന്ദ്രം അപരനേത്രമാകയാൽ

ഇണയ്ക്കായൊരു ഏകകമുണ്ടായി

അംഗീകൃത സൗന്ദര്യങ്ങൾ ആഢ്യന്മാരാൽ അണിയപ്പെട്ടു

ജാരന്മാരിൽ സ്വകാര്യത ആത്മനിന്ദയായി.

(2)
കിളുന്ത്

കലഹത്തിനൊടുവിൽ കുട്ടികൾ തരം തിരിച്ചു തീർക്കുന്ന കളിപ്പാട്ടക്കണക്കുകൾ

ഓരോ പ്രണയാന്ത്യത്തിലും മുഴയ്ക്കുന്ന പരസ്പര പോരായ്മകൾ

കൊമ്പുമുളയ്ക്കുമെന്ന് വിശ്വസിക്കുന്നവർ മാത്രം ഒന്നുകൂടി തലമുട്ടിച്ച് പരിയുന്നു.

അന്യമായതിനോടുള്ള സഹജ കാമന പിൽക്കാലങ്ങളിൽ നീറി നീലിക്കുന്നു

കാലഘട്ടത്തിന്റെ വേർപാടുതറയിൽ കിളുന്തുരക്തം ചിതറുന്നു.

ചോദ്യം തിരഞ്ഞിറങ്ങുന്ന ഉത്തരങ്ങളുടെ തന്തയില്ലായ്മയെന്ന മിഥ്യാപമാനം.

(3)
അപരാധിഷ്ഠിതം

അക്കാദമി വളപ്പിൽ കണ്ട അപരിചിതന്റെ ആപ്പിൾ ഫോൺ

ലോഗോ കാണുമാറുള്ളൊരാ ശൂന്യ വൃത്തം

പ്രത്യയശാസ്ത്രങ്ങളുടെ സിസക്കിയൻ* വിശദീകരണം

ആദ്യമയാൾ ചൂണ്ടിയ ദാർശനിക്കണ്ണട

അറിവിനെ അതെന്നുറപ്പിക്കാൻ അവശ്യമെന്നപോലത്

ഗൈഡുകളില്ലാതെ മുറിച്ചു കടന്ന പാഠം

(4)
ഡൊപാമിൻ**

കൂട്ടങ്ങളിൽ പതിയിരുന്നാക്രമിക്കുന്ന അഹം ന്യൂന ബോധങ്ങൾക്ക്
ബംഗാളികൾ പലപ്പോഴുമൊരു പരിഹാരമാണ്

നിമ്നോന്നതി ചോരയായൊഴുകുന്ന സമൂഹ ശരീരത്തിൽ
കീഴിൽ കാലാളുകളുണ്ടാകുന്നതു തന്നെ ഡൊപാമിൻ

രണ്ടാം കിടയുടെ അവശതാ ശമനത്തിന്
മൂന്നാം കിടയോളം പോന്ന മറ്റെന്തു കാണും.!

*’A perverts guide to ideology’ എന്ന പേരിൽ സ്ലാവോയ് സിസക്ക് അവതരിപ്പിച്ച ഡോക്യുമെന്ററിയാണ് (സിനിമകളുടെ പ്രത്യയശാസ്ത്ര വായന) 3,4 എന്നീ വരികളിൽ സൂചിപ്പിക്കുന്നത്.

** ഡൊപാമിൻ (Dopamine) – ശരീരം ഉൽപാദിപ്പിക്കുന്നതും, നാഡീ കോശങ്ങൾക്കിടയിലൂടെ സന്ദേശങ്ങൾ കൈമാറാൻ നാഡീവ്യൂഹം ഉപയോഗിക്കുന്നതുമായ ഒരു തരം ന്യൂറോ ട്രാൻസ്മിറ്റർ. നമ്മൾ എപ്രകാരം സന്തോഷം അനുഭവിക്കുന്നു എന്നതിൽ ഇത് മുഖ്യമായ പങ്കു വഹിക്കുന്നു.

മധുരൈ കാമരാജ് സർവകലാശാലാ ക്യാംപസിൽ നിന്ന് എം.എ മലയാളം ബിരുദാനന്തര ബിരുദം. മമ്പാട് എം.ഇ.എസ് കോളേജിൽ താൽക്കാലിക അധ്യാപകനായിരുന്നു. വിവർത്തകനാണ് (സ്വതന്ത്രം)