വീട്ടിലെത്തിയപ്പോൾ
ശരീരത്തിലൊട്ടിപ്പിടിച്ചിരുന്ന
വിയർപ്പിൻന്റെ ഗന്ധത്തിന്
കാഠിന്യമേറിയിരുന്നു
എങ്കിലും പുതുതായി വാങ്ങിയ
പോക്കറ്റുള്ള ഷർട്ടിന്
യാത്രയിലെ കടലും കരയും
ഇഷ്ട്ടപ്പെട്ടിട്ടുണ്ടാകുമെന്നുറപ്പ്,
മൂക്കൊലിപ്പിച്ച് നടന്നിരുന്ന പെങ്ങൾ
യുവതിയായിത്തീർന്നത് ,
കെട്ടിയ താലിയുടെ മഹത്വങ്ങളും
പ്രശ്നങ്ങളും പറഞ്ഞ്
വർഷങ്ങൾ ജീവിച്ചു തീർത്ത്,
പഴകിയെങ്കിലും ദ്രവിക്കാത്ത
തൻടെ പച്ച വാറുള്ള അവായി
ആക്രിയായിത്തീർന്നത് ,
എല്ലാം കാലത്തിന്റെ ഞെട്ടിക്കുന്ന തേയ്മാനങ്ങളാണ്.
പൊളിഞ്ഞ ഓടിട്ട വീടിന്റെ
ഉമ്മറത്തേക്ക് കയറി വന്ന
മാർബിൾ നിലത്തിന്റെ തണുപ്പിനും
എസിക്കും വരെ
എന്റെ വിയർപ്പിൻറെ ഗന്ധം!
തട്ടം മറച്ചിട്ട തലമുടിയിൽ
തേയ്മാനം സംഭവിച്ചിട്ടുണ്ടെങ്കിലും ,
മൈലാഞ്ചിയിട്ടിരുന്ന നഖങ്ങൾ
പൊട്ടിയിരുന്നെങ്കിലും ,
കൈകളിൽ വാർദ്ധക്യം
മരണത്തിന്റെ ദൂതുമയി
വന്നിട്ടുണ്ടായിരുന്നെങ്കിലും
ജീവിത കൊട്ടാരത്തിന്റെ ചുറ്റുമതിലിൽ
പ്രതീക്ഷയുടെ മെഴുകുതിരി
വിറക്കുന്ന കൈകൾ കൊണ്ട്
അണയാതെ പിടിച്ച്
ഊതിരണ വീഴുന്ന ഉപ്പില് ചാലിച്ച പ്രാർഥനകളുമായി
എന്നെ കാത്തിരുന്ന
എന്ടെ അച്ചുതണ്ടിന്റെ
നിലയ്ക്കാത്ത സനീഹാ സ്വരം
ഹൃദയത്തിൽ ഇപ്പോഴും ഉയർന്നുകൊണ്ടിരിക്കുന്നു.