“മോളെ അച്ചുസേ…
ദേ… ഈ കഞ്ഞിവെള്ളം കൊണ്ട് അച്ഛന് കൊടുത്തേ…”
റേഷൻ ചാക്കരിയുടെ കൊഴുത്ത കഞ്ഞിവെള്ളത്തിൽ ഉപ്പും, വെള്ളവും ചേർത്ത് നേർപ്പിച്ചു,ഒന്ന് തൊട്ടു നാക്കിൽ വച്ചിട്ട്, ഒരു തൂക്കുപാത്രത്തിലേക്ക് പകർന്നുകൊണ്ടായിരുന്നു കല്യാണിയമ്മ മോളെ വിളിച്ചത്.
മുറ്റത്തും, തൊടിയിലും പൂക്കളോടും, പൂമ്പാറ്റയോടും കിന്നാരം പറഞ്ഞു നടക്കുന്ന വെള്ള പെറ്റിക്കോട്ടുകാരി അത് കേട്ടതായി പോലും ഭാവിച്ചില്ല…
“കൊച്ചേ… നീയിത് എവിടെ പോയി കിടക്കുവാ… ഒന്നു വേഗം വന്നേ… വടി എടുക്കണോ ഞാൻ ?”
അമ്മയുടെ സ്വരം മാറുന്നത് കണ്ടു അവൾ ഓടിയെത്തി.
സാമാന്യം ചൂടുള്ള ആ തൂക്കുപാത്രം ശ്രദ്ധാപൂർവ്വം പിടിച്ചുകൊണ്ട് അവൾ മുറ്റത്തേക്കിറങ്ങി..
“എടീ അതുങ്ങു താ… ഞാൻ കൊണ്ടോയീ കൊടുത്തോളാം അച്ഛന്…”
ശബ്ദംകേട്ട് പുറത്തേയ്ക്ക് നോക്കിയ കല്യാണിയമ്മ ആളെ കണ്ട് അമ്പരന്നു.
ഇളയ മകൻ നരേന്ദ്രനാണ്… ആറാം ക്ലാസുകാരൻ.
“ആഹാ….
എന്താ…. നിനക്കിപ്പോ ഇങ്ങനെ തോന്നാൻ…?
പതിവില്ലാതെ അച്ഛനോടൊരു സ്നേഹം. കളിക്കാൻ പോയാൽ പിന്നെ അമ്മ വിളിച്ചാൽ കേൾക്കാറില്ലല്ലോ നീയ്യ്…”
“അത്……ഞാൻ ഇന്നുമുതൽ നന്നാവാൻ തീരുമാനിച്ചു.”
ഇത്തിരി ഗൗരവത്തിൽ നരേന്ദ്രൻ പറഞ്ഞത് കേട്ട് കളിയാക്കി ചിരിച്ചുകൊണ്ട് അവർ തുടർന്നു…
“മോളെ കാക്ക വല്ലതും മലർന്നു പറക്കുന്നുണ്ടോയെന്ന് നോക്കിയേ…”
“അമ്മേ എന്തോ ഉടായിപ്പ് ഉണ്ട്…. അതാണ് പെട്ടെന്ന് അവന് അച്ഛനോടുള്ള ഈ സ്നേഹം… “
ഉമ്മറത്തിണ്ണയിൽ പുസ്തകവുമായി മല്ലിടുന്ന പത്താം ക്ലാസുകാരൻ കടിഞ്ഞൂൽ സന്താനവും അനിയനെ വെറുതെ വിട്ടില്ല.
“ഒരു ഉടായിപ്പും ഇല്ല… പെൺകുട്ടികൾ അകത്തു ഇരുന്നാൽ മതി. ഞങ്ങൾ ആണുങ്ങൾ പുറത്തെ കാര്യങ്ങളൊക്കെ നോക്കിക്കൊള്ളാം… കാലം അത്ര ശരിയല്ല…….”
മുതിർന്നവരെ പോലെ സംസാരിച്ചുകൊണ്ട് അച്ചുവിന്റെ കയ്യിൽനിന്നും ബലമായി പാത്രം വാങ്ങി അവൻ നടന്നകന്നു.
തൊട്ടടുത്ത വീട്ടിലെ പറമ്പിൽ കപ്പയ്ക്ക് കിളക്കുകയായിരുന്ന സുകുവും പതിവില്ലാതെ മകനെ കണ്ട് ഒന്നമ്പരന്നു.
സാധാരണ സ്കൂൾ വിട്ടുവന്നാൽ കളിയും, മീൻപിടുത്തവും, നാട് കറക്കവും ഒക്കെ കഴിഞ്ഞു താൻ പണികഴിഞ്ഞു ചെന്നാലും വീട്ടിൽ എത്താത്തവനാണ് ഇപ്പോൾ കഞ്ഞിവെള്ളവും കൊണ്ടു വന്നിരിക്കുന്നത്..!
“എന്താ…നീ ഇന്ന് കളിക്കാനൊന്നും പോയില്ലേ…”
“പോയിട്ട് തിരിച്ചു വന്നതാണ്… ” നരേന്ദ്രൻ ഗൗരവത്തിൽ തന്നെയായിരുന്നു.
ആ പ്രദേശത്തെ കുട്ടിപട്ടാളത്തിന്റെ നേതാവാണ് നരേന്ദ്രൻ എന്ന് തന്നെ പറയാം.
ഇത്തിരി കുസൃതി ഉണ്ടെങ്കിലും നന്മയുള്ളവനെന്നു എല്ലാവരും പറയുമായിരുന്ന നരേന്ദ്രനെ കുറിച്ച് നാട്ടുകാർക്കൊക്കെ നല്ല അഭിപ്രായമാണ്. കുട്ടി ആണെങ്കിലും ആര് എന്ത് പറഞ്ഞാലും അവരെ ഒക്കെ സഹായിക്കും… വീട്ടുകാരെ ഒഴിച്ച്…!
വീട്ടിൽ അവൻ ആള് ഇത്തിരി ചട്ടമ്പിയാണ്.. ചേട്ടനെയും അനിയത്തിയേയും കയറി ഭരിച്ചു കളയും.
അച്ഛന്റെ അടുത്ത് കുറച്ചു സമയം വട്ടം കറങ്ങി നടന്നിട്ട് നരേന്ദ്രൻ മെല്ലെ ചോദിച്ചു…
“അച്ഛാ…എനിക്ക് ഒരു പത്തു രൂപ തരാമോ…?”
“പത്തു രൂപയോ…!? എന്തിനാടാ നിനക്കിപ്പോ കാശ്…?
“അത്… ക്ലാസ്സിൽ ഒരു പിരിവ് ഉണ്ട്. നാളെ തന്നെ കൊണ്ടുവരണമെന്നാണ് മാഷ് പറഞ്ഞിരിക്കുന്നത്.”
“നിനക്ക് മാത്രമേ ഉളളൂ പിരിവ്, നിന്റെ ചേട്ടനും, അച്ചൂസിനുമൊന്നുമില്ലേ…?”
“ഇത് എന്റെ ക്ലാസ്സിൽ മാത്രമേ ഉളളൂ അച്ഛാ… ഏതോ കുട്ടിയെ സഹായിക്കാൻ ആണ്… “
“മോനെ കാശ് ഉള്ളവർ സഹായിക്കട്ടെ, നമ്മളെ പോലെയുള്ള പാവങ്ങൾക്ക് പത്തു രൂപാ ഒക്കെ വലുതാണ്… “
“അങ്ങനെ പറയെല്ലേ അച്ഛാ…” അവന്റെ സ്വരം ഇടറി…
അയാൾ ഒന്നും പറയാതെ തന്റെ ജോലി തുടർന്നു. കുറച്ചു സമയം കൂടി നിന്നിട്ട്, പാത്രവുമായി നരേന്ദ്രൻ തിരിച്ചുപോയി.
അന്ന് വൈകുന്നേരം പണിയും കഴിഞ്ഞ്, പീടികയിൽ പോയി സാധനങ്ങളെല്ലാം വാങ്ങി വീട്ടിൽ എത്തിയ സുകു ഉമ്മറത്തിരുന്നു മടിശീലയിൽ മിച്ചം വന്ന രൂപാ എണ്ണി നോക്കി.
ഏഴ് രൂപാ അൻപത് പൈസ.
അച്ഛനെ തന്നെ നോക്കിയിരിക്കുകയായിരുന്ന നരേന്ദ്രന്റെ കയ്യിലേക്ക് അത് കൊടുത്തു.
“മോനെ… പത്തു രൂപ തികച്ചില്ല…രണ്ടര രൂപയുടെ കുറവുണ്ട്.മാഷിനോട് പറ ബാക്കി നാളെ തരാമെന്ന്…”
പൈസയും വാങ്ങി അവൻ അകത്തേയ്ക്ക് പോയി.
രണ്ടുദിവസം കഴിഞ്ഞ്,സുകു പണി കഴിഞ്ഞ് വരുമ്പോൾ വഴിയിൽ വച്ച്,നരേന്ദ്രന്റെ മാഷിനെ കണ്ടപ്പോൾ, ആ രണ്ടര രൂപയുടെ ഓർമ്മ വന്നു. മടികുത്തിൽ നിന്നും ചില്ലറ തപ്പിയെടുത്തു അയാൾ.
“മാഷേ ഇതാ ബാക്കി രണ്ടര രൂപ…”
“രണ്ടര രൂപയോ….!!? “
ഒന്നും മനസ്സിൽ ആവാതെ സുകുവിന്റ മുഖത്തേയ്ക്ക് അമ്പരപ്പോടെ നോക്കി മാഷ്.
കാര്യങ്ങളെല്ലാം അങ്ങോട്ടും ഇങ്ങോട്ടും സംസാരിച്ചു കഴിഞ്ഞു ഒരു വടിയും കൊണ്ടാണ് സുകു വീട്ടിലെത്തിയത്.
ചെന്നപാടെ നരേന്ദ്രനെ പിടിച്ചു പൊതിരെ തല്ലി. തടസ്സം പിടിക്കാൻ വന്ന കല്യാണിയോടും അയാൾ ദേഷ്യപെട്ടു. രൂപാ പോയതിൽ അല്ല, നരേന്ദ്രൻ കള്ളം പറഞ്ഞു പൈസ വാങ്ങിയതിൽ ആയിരുന്നു അയാൾക്ക് കലിപ്പ്.
അന്ന് മുഴുവനും അച്ഛനും, അമ്മയും മാറി മാറി ചോദ്യം ചെയ്തിട്ടും അവന്റെ വായിൽ നിന്നും ഒരു അക്ഷരം പോലും വീണില്ല.
വഴക്കും, അടിയും…കഴിഞ്ഞ്… അവസാനം അവനെ അത്താഴപട്ടിണിയും ഇട്ടു അവർ.ചേട്ടനും, പെങ്ങളും ഒറ്റപ്പെടുത്തുകകൂടി ചെയ്തപ്പോൾ… കയ്യിൽ നിന്നും ആ രൂപാ നഷ്ടപ്പെട്ടുപോയി എന്ന് മാത്രം പറഞ്ഞ്,അതിൽ ഉറച്ചു നിൽക്കുകയും ചെയ്തു നരേന്ദ്രൻ.
പിറ്റേന്ന് സ്കൂളിൽ…
ക്ലാസ്സിലെ കുട്ടികളുടെ മുൻപിൽ വച്ചു ഗോപൻ മാഷിന്റെ വീതം ശകാരവും,അടിയും കിട്ടിയിട്ടും അവൻ പറഞ്ഞതിൽ തന്നെ ഉറച്ചു നിന്നു.
നരേന്ദ്രന്റെ വായിൽ നിന്നും കൂടുതൽ ഒന്നും കിട്ടുകയില്ലയെന്ന് മനസ്സിലാക്കിയ ഗോപൻ മാഷ് അവനെയും ക്കൊണ്ട് പ്രധാനാധ്യാപികയുടെ അടുത്ത് എത്തി. സംഭവങ്ങൾ മുഴുവൻ കേട്ട് കഴിഞ്ഞു നരേന്ദ്രനെ ഒന്ന് ഇരുത്തി നോക്കി ടീച്ചർ. സ്കൂളിൽ കുട്ടികളുടെ പേടി സ്വപ്നം തന്നെയാണ് എൽസ ടീച്ചർ.
“സാർ ക്ലാസിലേക്ക് പൊയ്ക്കോളൂ… ഞാൻ ഒന്ന് സംസാരിക്കട്ടെ നരേന്ദ്രനോട്… ” വട്ട കണ്ണാടിക്കിടയിലൂടെ വീണ്ടും നരേന്ദ്രനെ സൂക്ഷിച്ചു നോക്കി ടീച്ചർ.
തന്റെ മുന്നിലിരിക്കുന്ന ഓരോ കുട്ടികളുടെയും കണ്ണിലൂടെ അവന്റെ മനസ്സ് മാത്രമല്ല,ആത്മാവും വായിച്ചറിയുന്നവരാണ് യഥാർത്ഥ അധ്യാപകർ.
അവന്റെ കണ്ണുകളിൽ ഒരു കള്ളത്തരങ്ങളും കാണുന്നില്ല പകരം നിശ്ചയദാർഢ്യമാണ്.ആരൊക്കെ എന്തൊക്കെ ചെയ്താലും അവൻ പറയേണ്ടാന്ന് വിചാരിച്ചിരിക്കുന്ന കാര്യം അവൻ പറയില്ലെന്ന് വ്യക്തം.
ചൂരൽ എടുത്താലും പറയില്ല എന്ന് ഉറപ്പായ സ്ഥിതിയ്ക്ക് അവന്റെ മനസ്സ് അവനെ കൊണ്ട് തന്നെ തുറപ്പിക്കണം…
അവനെ അവിടെ ഇരുത്തി വീട്ടിലെയും സ്കൂളിലെയും കുറച്ചു കാര്യങ്ങൾ സ്നേഹത്തോടെ ടീച്ചർ ചോദിച്ചു.
സംസാരത്തിനിടയിൽ ഭാവിയിൽ നരേന്ദ്രന് എന്തായി തീരാനാണ് ആഗ്രഹമെന്ന ചോദ്യം കേട്ട്
അവൻ ചാടികയറി പറഞ്ഞു….
“എനിക്കും ഭാവിയിൽ ഒരു അധ്യാപകൻ ആവണം…” സന്തോഷം കൊണ്ട് ആ മുഖം തിളങ്ങി.
“ആഹാ മിടുക്കൻ…. അപ്പൊ നരേന്ദ്രൻ ഒരു അധ്യാപകൻ ആയിക്കഴിയുമ്പോൾ ക്ലാസിലെ ഒരു കുട്ടിയാണ് ഇങ്ങനെ ചെയ്യുന്നത് എങ്കിൽ എന്തായിരിക്കും നരേന്ദ്രൻ സാറിന്റെ പ്രതികരണം…???”
അബദ്ധം പറ്റിയ പോലെ അവൻ ടീച്ചറിനെ ഒന്ന് പാളി നോക്കി… കുറച്ചു നിമിഷങ്ങൾ നിശബ്ദമായി ഇരുന്നു അവൻ….
ഒരു പുഞ്ചിരിയോടെ ടീച്ചറും അവനെ തന്നെ നോക്കിയിരുന്നു.
“അത്….ടീച്ചറെ ഞാൻ സത്യം പറയാം…. പക്ഷേ അതിന് മുൻപ് ടീച്ചർ എനിക്ക് സത്യം ചെയ്തു തരണം ഞാൻ പറയാൻ പോകുന്ന കാര്യം ആരോടും പറയില്ലാന്ന്…”
ഒരു കൊച്ചു കുഞ്ഞിന് ഇത്ര വലിയ രഹസ്യമോ…!!! അവൻ നീട്ടിയ കൈയിൽ കൗതുകത്തോടെ തന്റെ വലതു കൈ ചേർത്ത് വച്ചു ടീച്ചർ.
“ആ പൈസ കൊണ്ട് ഞാൻ നാരങ്ങാ മിഠായി മേടിച്ചു…”
പൊട്ടിച്ചിരിച്ചു പോയി ടീച്ചർ..
“ഇതായിരുന്നോ ഇത്ര വലിയ രഹസ്യം….!!? ആട്ടെ….ഏഴര രൂപയ്ക്കും നാരങ്ങാ മിഠായി വാങ്ങി നീ ഒറ്റയ്ക്ക് കഴിച്ചോ…അമ്പടാ കള്ളാ…”
“ടീച്ചർ ചിരിക്കാൻ വരട്ടെ ഞാൻ മുഴുവനും പറയെട്ടെ….
എന്റെ ക്ലാസ്സിലെ ഫയാസിന്റെ വാപ്പച്ചി കഴിഞ്ഞവർഷം അപകടത്തിൽ മരിച്ചില്ലേ…? അവരുടെ ജീവിതം ഇപ്പോൾ ഭയങ്കര കഷ്ടപ്പാടാണ് ടീച്ചറെ… കാസ രോഗിയായ അവന്റെ ഉമ്മയും, കുഞ്ഞിപെങ്ങളും, അവനും ഇപ്പോ ജീവിക്കുന്നത് അവന്റെ വല്യുപ്പയ്ക്ക് കിട്ടുന്ന തുച്ഛമായ പെൻഷൻ കൊണ്ടാണ്… ഇന്നലെ അവന്റെ ജന്മദിനമായിരുന്നു… പിറന്നാളിന് ക്ലാസ്സിലെ കുട്ടികൾക്ക് ഒക്കെ മിഠായി വാങ്ങി കൊടുക്കുമല്ലോ ടീച്ചറെ…
അവന്റെ വാപ്പ ഉണ്ടാരുന്നപ്പോൾ മിഠായി ഒക്കെ കൂട്ടുകാർക്ക് മേടിച്ചു കൊടുക്കുവാരുന്നെന്നും… ഈ കൊല്ലം അവന് അതിന് കഴിയില്ലാന്നും ഒക്കെ……. “
“നിന്നോട് ആരാണ് ഇതൊക്കെ പറഞ്ഞത് ഫയാസ് ആണൊ….?” അവനെ പൂർത്തിയാകാൻ സമ്മതിക്കാതെ ടീച്ചർ ഇടക്ക് കയറി ചോദിച്ചു.
” ടീച്ചറെ… കഴിഞ്ഞ ആഴ്ച ഞാനും അമ്മയും ആശുപത്രിയിൽ പോയപ്പോൾ അവന്റെ ഉമ്മയെ അവിടെ വച്ച് കണ്ടിരുന്നു… അവരുടെ സംസാരത്തിൽ നിന്നും കിട്ടിയതാണ് എനിക്കിതൊക്കെ….” ഈ കാസ രോഗം… ശ്വാസം മുട്ട് അല്ലേ ടീച്ചർ…? “
അവന്റെ ചോദ്യം ഗൗനിക്കാതെ വാത്സല്യത്തോടെ അവനെ നോക്കി ടീച്ചർ.
“നിനക്ക് ഇതെല്ലാം തുറന്നു പറഞ്ഞു കൂടായിരുന്നോ…? പിന്നെയെന്തിനാണ് നീ എല്ലാവരുടെ അടിയും വഴക്കും ഒക്കെ വാങ്ങി കൂട്ടിയത്…?”
“ടീച്ചർ.. അവനൊരു അത്ഭുതം ആവട്ടെയെന്ന് കരുതിയാണ്, അച്ഛന്റെ കയ്യിൽ നിന്നും കിട്ടിയ രൂപയ്ക്ക് മുഴുവനും നാരങ്ങാ മിഠായി വാങ്ങി ഒരു വർണ്ണ കടലാസ്സിൽ പൊതിഞ്ഞു ആരും കാണാതെ ഞാൻ അവന്റെ ബാഗിൽ വച്ചത്…
പുസ്തകം എടുക്കാൻ ബാഗ് തുറന്ന അവൻ അത് കണ്ടു ഒരുപാട് സന്തോഷിച്ചു… എല്ലാവരും കേൾക്കെ അവൻ പറയുകയും ചെയ്തു….
“ഇത് എന്റെ വാപ്പച്ചി സ്വർഗത്തിൽ നിന്നും കൊണ്ട് വച്ചത് ആണെന്നും മരിച്ചുപോയിട്ടും എന്നെ വിട്ട് പോയിട്ടില്ല..എന്റെ കൂടെയുണ്ട് എന്റെ വാപ്പച്ചിയെന്നും….
അന്ന് വൈകുന്നേരം സത്യം തുറന്നു പറയാൻ അടുത്ത ചെന്ന എന്നെ കെട്ടിപ്പിടിച്ചു അവൻ പറഞ്ഞു…
“നരേന്ദ്രാ… എനിക്ക് എത്ര സന്തോഷം ആയെന്നോ… എന്റെ കൂടെ വാപ്പച്ചി ഒരു അദൃശ സാന്നിധ്യമായി ഉണ്ടെടാ… അതുമാത്രം മതിയെടാ എനിക്ക്… ഞാൻ നല്ലവണ്ണം പഠിച്ചു നല്ല നിലയിൽ എത്തി എന്റെ ഉമ്മനെയും പെങ്ങളെയും നോക്കും…”
“ഞാൻ അത് തിരുത്തില്ല ടീച്ചർ… അവന്റെ ആ വിശ്വാസം അവന്റെ ജീവിതമാണ്….അവൻ രക്ഷപ്പെടണം…”
നരേന്ദ്രൻ എന്ന കുട്ടി വളർന്നു ആ മുറിയോളം വലുത് ആവുന്നതും പ്രധാന അധ്യാപികയുടെ കസേരയിലിരിക്കുന്ന താൻ ഒരു കടുകുമണിയോളം ചെറുതാവുന്നതായും എൽസ ടീച്ചറിനു തോന്നിയപ്പോൾ ആണ് ആ കസേര വിട്ട് അവർ എഴുനേറ്റു നരേന്ദ്രന്റ അടുത്ത് എത്തിയത്….
ചേർത്ത് നിർത്തി, അവന്റെ നെറുകയിൽ ഒരു ചുംബനം കൊടുത്തപ്പോൾ… ആ മിഴികൾക്ക് നിറഞ്ഞു തുളുമ്പാതിരിക്കാൻ കഴിഞ്ഞില്ല.