നായ്ക്കുറുക്കൻ

നനഞ്ഞു കുളിർത്ത ഉരുളൻ കല്ലുകളെ തെറിപ്പിച്ച് ചളി നിറഞ്ഞ എസ്റ്റേറ്റ് റോഡിലൂടെ ‘ഇടുക്കിയിലെ മിടുക്കി’ ഇളകിയാടി പതിയെ മുന്നോട്ട് നീങ്ങി. വാർദ്ധക്യം പേറി ചുക്കിച്ചുളിഞ്ഞ ഇലകളെ കടിച്ചു പറിച്ച് ചാറ്റൽ മഴപ്പൊടികളെ കോരിയെടുത്ത് ഇരച്ചു വന്ന ശീതക്കാറ്റ് രാജീവന്റെ മുഖത്തേക്ക് മഴപ്പൊടികൾ പാറ്റി രണ്ടാളെയും നനച്ചു കടന്നു പോയപ്പോൾ നായ്ക്കുറുക്കന്റെ മുന്നിലെ ദീർഘ ചതുരാകൃതിയിലുള്ള കണ്ണാടിക്ക് താഴെ തൂക്കിയിട്ട ഡ്രീം കാച്ചറിലെ വെളുത്ത തൂവലുകൾ പ്രത്യേക താളത്തിൽ ചലിച്ചു.

“മഴ തുടങ്ങിയതോടെ തണുപ്പങ്ങ് കേറുവാണല്ലോ രാജീവേട്ടാ?” ഇടതു ഭാഗത്തിരുന്നു പുറത്തെ മഴപ്പൊടികളിലേക്ക് കണ്ണെറിയുകയായിരുന്ന നീർക്കോലി സത്യൻ വണ്ടി സെക്കന്റ്‌ ഗിയറിലേക്ക് മാറ്റിയിടുന്ന പിക്കപ്പ് രാജീവനെ നോക്കി. അവന്റെ കാട്ടുവള്ളി പോലെയുള്ള മീശയിലും നീണ്ട മുഖത്തും മഴത്തുള്ളികൾ പറ്റിപ്പിടിച്ചിരുന്നു. രാജീവൻ സ്റ്റിയറിങ്ങിൽ താളമിടുന്നതിന്റെ അനുഭൂതിക്കിടെ അമർത്തി മൂളി.

“ഈ വണ്ടിക്ക് എന്നാ നായ്ക്കുറുക്കൻന്ന് പറയുന്നേ?” വർഷങ്ങളായി കവലയിൽ പിക്കപ്പ് ഓടിക്കുന്ന രാജീവന്റെ അറിവിന്റെ ആഴമളക്കാനെന്നോണം, പത്തിൽ തോറ്റു തേരാ പാരാ നടന്ന മൂന്നു വർഷങ്ങളുടെ അവസാനം കിളിപ്പണിക്ക് കേറിയ സത്യൻ ചോദിച്ചു. വട്ടവടയിൽ നിന്നും മൂന്നാറിലേക്ക് പോകുന്ന മെയിൻ റോഡിലേക്ക് കയറുന്നതിനിടയിലുള്ള എസ്റ്റേറ്റ് റോഡിലൂടെ മുന്നോട്ട് നീങ്ങുകയായിരുന്നു നായ്ക്കുറുക്കൻ. വണ്ടിയെ പറ്റി ചോദിച്ചപ്പോൾ പിക്കപ്പ് രാജീവന്റെ കണ്ണുകൾ തിളങ്ങുകയും, തണുപ്പിനെ വകയാനെന്നോണം ഒരു സിഗരറ്റിനു തീ കൊളുത്തി ഉഷാറാവുകയും ചെയ്തു. അടുക്കും ചിട്ടയുമില്ലാതെ ചിതറിക്കിടക്കുന്ന വരണ്ട മുടിയും കട്ടിയുള്ള മീശയും തടവി കണ്ണാടിയിലെ സ്വന്തം പ്രതിബിംബത്തിലേക്ക് നോക്കി രാജീവൻ ചിരിച്ചു.

“എനിക്കും അറിയുകേലന്നേ. ഞാൻ കുറച്ച് കാലം കണ്ണൂരിലെ എളയാവൂരിലല്ലായിരുന്നോ വണ്ടി ഓടിച്ചോണ്ടിരുന്നെ. അവിടെയെല്ലാവരും പറയുന്നത് കേട്ടാ ഞാനും ഇതിനെ നായ്ക്കുറുക്കൻന്ന് വിളിച്ചു തുടങ്ങിയത്. ചില സ്ഥലങ്ങളിലൊക്കെ വാൽമാക്രി എന്നും പറയാറുണ്ടത്രെ.”വാക്കുകൾ പുറത്തേക്ക് തുപ്പി രാജീവൻ വണ്ടിയുടെ ഗിയർ തേർഡിലേക്ക് മറിച്ചിട്ടു. “നിങ്ങള് ചുമ്മാ വായ്ത്താളമടിക്കുവാന്ന് തോന്നുന്നല്ലോ. എന്നായാലും നിങ്ങക്ക് കിട്ടിയ പേര് കൊള്ളാവേ. പിക്കപ്പ് രാജീവൻ. എന്നാ ഒരിതാ.” രാജീവന്റെ മറുപടിയിൽ പൂർണ്ണമായും സംതൃപ്തി കിട്ടാത്ത സത്യൻ കിളി തിരിച്ചു വെട്ടി.

അച്ഛൻ പീതാംബരനോട് വഴക്കടിച്ചു നാടു വിട്ട് അഞ്ചു വർഷത്തോളം കണ്ണൂരിലെ എളയാവൂരിൽ പ്രമാണിയായ അസ്സൈനാർ ഹാജിയുടെ പിക്കപ്പ് ഓടിച്ച രാജീവൻ, പീതാംബരൻ തെങ്ങിൽ നിന്നും വീണു മരിച്ചതിനു ശേഷമാണ് കാന്തല്ലൂരിൽ തിരിച്ചെത്തിയത്. എല്ലാ രാത്രിയിലും വട്ടവടയിലെ കുട്ടപ്പന്റെ ഷാപ്പിൽ കുത്തിയിരുന്ന് കട പൂട്ടുന്നത് വരെ ചാരായവും മോന്തി തെറിയും പറഞ്ഞിരിക്കുന്ന പീതാംബരൻ വീട്ടിലെത്തി പച്ചത്തെറിയുടെ അകമ്പടിയോടെ നടുപ്പുറത്ത് ഭരതനാട്യവും സിനിമാറ്റിക് ഡാൻസും ഒന്നിച്ചു വിളയാടുന്നതിന്റെ കയ്പ്പാർന്ന ഓർമ്മകളെ തൂത്തെറിഞ്ഞ അമ്മ ദേവകി, ഇപ്പോൾ സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിച്ച് രാജമല വർക്കിച്ചന്റെ തോട്ടത്തിൽ പണിക്ക് പോകുന്നുണ്ട്. രാജീവന്റെ ഇളയതായ രമണിയെ കട്ടപ്പനയിലേക്കാണ് കെട്ടിച്ചു വിട്ടത്.

പത്താം ക്ലാസിൽ പഠിക്കുബോൾ മലയാളം എടുക്കുന്ന സുധാകരൻ മാഷിന്റെ സുന്ദരിയായ മകൾ ദീപ്തിക്ക് കത്ത് കൊടുത്തതിന് സ്കൂളിൽ നിന്നും പുറത്താക്കപ്പെട്ടതോടെയാണ് സത്യന്റെ പഠന ജീവിതം അവസാനിച്ചത്. ‘വെറുതെ കാലാ പൊറുക്കി നടക്കാതെ വല്ല പണിക്കും പോയ്ക്കോടാവേ’ എന്ന കുടക് വാസുവിന്റെ നിരന്തരമുള്ള ശല്യപ്പെടുത്തൽ സഹനത്തിന്റെ അവസാന പടിയിലെത്തിയപ്പോഴാണ് ‘കിടന്ന് കാറല്ലേ അച്ഛാ, ഞാൻ പൊക്കോളാം’ എന്നും പറഞ്ഞ് സത്യൻ രാജീവന്റെ കൂടെ കൂടിയത്.

പണ്ടു മുതലേ കുടകിൽ കട നടത്തുന്നതിനാൽ സത്യന്റെ അച്ഛൻ കുടക് വാസു എന്നറിയപ്പെട്ടു. ഇടക്ക് രാജീവൻ കല്യാണവീടുകളിലേക്ക് ജനറേറ്റർ കൊണ്ട് പോകുന്ന ട്രിപ്പ്‌ ഏറ്റെടുക്കാറുണ്ട്. അങ്ങനെയുള്ള ദിവസങ്ങളിൽ സത്യനും ഉഷാറാവും. അവിടെ നിലാത്തിറങ്ങിയ കോഴികളെ പോലെ അലഞ്ഞു തിരിയുന്ന സുന്ദരികളെ കാണാനുള്ള അവസരം കിട്ടുന്നത് കൊണ്ടും ചിലപ്പോൾ വീട്ടുകാരുടെ നിർബന്ധത്താൽ പൊറോട്ടയും ബീഫും അടിക്കാനാവുന്നത് കൊണ്ടുമാണത്. എസ്റ്റേറ്റിനിടയിലൂടെ ഇഴയുന്ന നീളമുള്ള മലമ്പാമ്പിനെ പോലെ നീണ്ടു വളഞ്ഞു കിടക്കുന്ന മൺപാതയിൽ നിന്നും മെയിൻ റോഡിലേക്ക് കയറിയ വണ്ടി തേയില ഫാക്ടറികളും ചോക്ലേറ്റ് ഫാക്ടറികളും തെളിയുന്ന മൂന്നാർ റോഡിലൂടെ മുന്നോട്ട് നീങ്ങുന്നതിനിടെ റോഡിലും കെട്ടിടങ്ങൾക്ക് മുകളിലും കോട നിറഞ്ഞു.

“തള്ളല്ലടോ സത്യാ. നീ ആള് കൊള്ളാല്ലോടാവേ. ആശാന്റെ മെക്കിട്ട് കേറുവാണോ? ഒന്ന് പോടാവേ.”

വണ്ടിക്ക് ചുറ്റും പുകമഞ്ഞ് ചുറ്റിക്കറങ്ങവേ, മൂന്നാറിലെ കടയിലെത്തി വണ്ടി ഓഫാക്കുമ്പോഴേക്കും തമിഴ് തൊഴിലാളികൾ ഓടി വന്നു ചാക്കുകൾ ഇറക്കിത്തുടങ്ങി.

2

“രാജീവേട്ടാ, നിങ്ങൾ കുറേക്കാലം കണ്ണൂരിൽ ഉണ്ടായിട്ട് എങ്ങനെ ജീവനോടെ തിരിച്ചെത്തി.?” ലോഡിറക്കി തിരിച്ചു പോകുമ്പോൾ വണ്ടിക്കുള്ളിൽ പുതഞ്ഞ വിരസമായ മൗനത്തെ കുത്തി പരിക്കേല്പിച്ചു സത്യൻ തുടക്കമിട്ടു. ശീതം അരച്ച് ചേർത്ത കാറ്റ് മലയടിവാരത്തെ തഴുകി വന്ന് മരച്ചില്ലകളെ തല്ലി വണ്ടിയിലേക്ക് ഇടിച്ചു കയറി മൂളക്കമുണ്ടാക്കി. ചോലമരങ്ങളും തേയിലത്തോട്ടങ്ങളും മഞ്ഞും ദൃശ്യപ്പെടുന്ന ഹൈറേഞ്ച് റോഡുകളിൽ കൂടിയുള്ള യാത്ര അവരെ കുളിർപ്പിച്ചു.

“എടാ സത്യാ, നല്ല മനുഷ്യരും കെട്ട മനുഷ്യരും എല്ലായിടത്തുമുണ്ട്. ഞാൻ കണ്ടതിൽ കൂടുതലും നല്ല മനുഷ്യരാ. അവസാനമായി ഇതും എടുത്തോണ്ട് വെളൂപ്പിനെ ഇങ്ങോട്ട് ചവിട്ടുമ്പോ എല്ലായിടത്തും എന്നാ പൊരിഞ്ഞ മഴയാരുന്നേടാവേ. കുറേ ജില്ലകളിലൂടെ കേറിയിറങ്ങി അടിമാലി ചുരം കേറി അപാര പിടിപ്പീരാർന്ന് കേട്ടോ. പക്ഷെ മറയൂർ റൂട്ടാണ് വണ്ടിയോടിക്കാൻ സുഖവുള്ളത്. എന്നാ റോഡാന്നെ. നല്ല റോഡാണേൽ ആക്‌സിലേറ്ററിൽ നിന്നും കാലെടുക്കാൻ തോന്നത്തില്ല.”

റോഡിന് ചുറ്റും പുകയുന്ന മഞ്ഞുപാടക്കുള്ളിൽ ഒരു മനുഷ്യ രൂപം നില്ക്കുന്നത് കണ്ട രാജീവൻ പെട്ടെന്ന് വണ്ടി ബ്രേക്കിട്ടു. അനിവാര്യവും സുഖകരവുമായ രതിയുടെ നിതാന്തമായ ഒഴുക്കിനിടയിൽ തടസ്സം നേരിട്ടത് പോലെയുള്ള അസ്വസ്ഥതയോടെ മുരണ്ട് ടയറുകൾ നിശ്ചലമായി. മുന്നിൽ നിൽക്കുന്നത് ഒരു സ്ത്രീരൂപമാണെന്നു കണ്ടതോടെ അവരുടെയുള്ളൊന്ന് കാളി. തണുത്ത് വിറച്ചു കൊണ്ട് മഞ്ഞുപുകക്കിടയിലൂടെ അവൾ അടുത്തേക്ക് വന്നു. അഴിഞ്ഞുലഞ്ഞ് കിടന്ന മുടിയും മുഷിഞ്ഞ ചൂരിദാറും മുഖത്തെ പരിഭ്രമവും അവൾ ഏതോ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു വരികയാണെന്ന് തോന്നിച്ചു.

“എനിക്കൊരു ലിഫ്റ്റ് തരുമോ. ദേവികുളത്തേക്കാ പോകേണ്ടത്. ഈ റൂട്ടിൽ ബസ്സൊന്നും കാണുന്നില്ല.”

അവളുടെ വിറഞ്ഞ സ്വരത്തിൽ ഭീതിയുടെ ചൂരടിച്ചിരുന്നു. സായാഹ്നത്തണുപ്പ് നുരഞ്ഞ എസ്റ്റേറ്റ് റോഡ് ഇരുണ്ടു കിടന്നു. ഒന്നും പറയാനാവാതെ അവർ അല്പനേരം തരിച്ചിരുന്നപ്പോൾ അവിടെ നിശബ്ദതയുടെ കാട്ടാറൊഴുകി. പക്ഷെ അവളുടെ മുഖം അടുത്ത് കണ്ടപ്പോൾ ഞെട്ടിയത് സത്യനായിരുന്നു. സുധാകരൻ മാഷിന്റെ മകൾ ദീപ്തി. വണ്ടിയിൽ സത്യനെ കണ്ടതോടെ അവളും ഒന്ന് പതറി.

“മുന്നിൽ രണ്ട് ആണുങ്ങളാ. അതിനിടക്ക് ഇരിക്കാൻ പറ്റുമോ?” പതർച്ച മാറ്റി വെച്ചു രാജീവൻ ഉണർന്നു.

“സാരമില്ല, ഞാൻ പിറകിൽ ഇരുന്നോളാം.” അവൾ വിറച്ചു കൊണ്ട് കൈകൾ കൂപ്പി.

3

“എന്നാലും ഇവളെങ്ങനെ ഇവിടെയെത്തി?” പിന്നിൽ മടക്കിയിട്ട പ്ലാസ്റ്റിക് ഷീറ്റിനു മുകളിൽ മനുഷ്യലോഡുമായി പിക്കപ്പ് ചുരത്തിലൂടെ പതിയെ നീങ്ങുന്നതിനിടെ സത്യൻ ചോദിച്ചു. പത്തോളം തമിഴ് തൊഴിലാളികളെ പിന്നിൽ കുത്തി നിറച്ച മറ്റൊരു നായ്ക്കുറുക്കൻ അവരെ കടന്നു പോയി.

“ആർക്കറിയാം. ഇത് പ്ലസ്ടു കഴിഞ്ഞ് ആരുടെയോ കൂടെ തെറിച്ചതല്ലേ. അവൻ സിഗരറ്റ് കുറ്റി പോലെ വലിച്ചെറിഞ്ഞു കാണും.” സത്യൻ എന്തോ പറയാൻ തുടങ്ങുമ്പോഴാണ് കനത്ത ശബ്ദത്തിൽ മഴത്തുള്ളികൾ ചരലുകളായി ബോണറ്റിൽ ചിതറി വീണതും രാജീവനിൽ ദീപ്തി പിന്നിലാണെന്ന ചിന്ത ഇടിച്ചു കയറിയതും. അയാൾ ധൃതിയിൽ വണ്ടി ഒതുക്കി പുറത്തിറങ്ങി.

സത്യന്റെ അരികിൽ വലിഞ്ഞു മുറുകിയ ഭാവവുമായി തണുത്ത് വിറച്ചിരിക്കുമ്പോൾ ദീപ്തി വിതുമ്പുന്നുണ്ടായിരുന്നു. മുന്നിൽ നിരത്തി വെച്ച ഗണപതിയുടെയും കഅബയുടെയും യേശുവിന്റെയും ചിത്രങ്ങൾക്ക് മുകളിലൂടെ ബഹുവർണ്ണങ്ങളിലുള്ള ലൈറ്റ് പ്രകാശിച്ചു കൊണ്ടിരുന്നു.

“എന്നാ പറ്റിയതാ?”

“അവനെന്നെ ചതിച്ചു. കുറച്ച് കാലം നല്ല സ്നേഹവൊക്കെയായിരുന്നു. പക്ഷെ അവന്റെ ആവശ്യം കഴിഞ്ഞപ്പോൾ ഉപദ്രവിക്കാൻ തുടങ്ങി. ഒളിച്ചോടി വന്നത് കൊണ്ട് പൊന്നും കാറുമൊന്നും കിട്ടിയില്ലെന്നും താഴ്ന്ന ജാതിയാന്നുമൊക്കെ പറഞ്ഞാരുന്നു അടി. എല്ലാം ഞാൻ സഹിച്ചു. അച്ഛനെയോ അമ്മയെയോ വിളിക്കാൻ തോന്നിയില്ല. അവരെയൊക്കെ അപമാനിച്ചു നാട് വിട്ടതല്ലേ. ഇന്ന് രാവിലെ അവൻ നാല് കൂട്ടുകാരെയും കൂട്ടി വന്നു. അവിടുന്നു രക്ഷപ്പെട്ടു വരുന്ന വഴിയാണ്.”

“അവനെയൊക്കെ തച്ചു കൊന്നേക്കണം. ഒരു നിയമത്തിനും വിട്ടുകൊടുക്കരുത്.” അത് സത്യന്റെ വാക്കുകളായിരുന്നു. അയാളുടെ സ്വരത്തിൽ വേദനയും രോഷവും നൈരാശ്യവും ഹിമകണങ്ങൾ പോലെ തൂങ്ങിപ്പിടിച്ചു. മുന്നിലെ റോഡിൽ പോലീസ് ജീപ്പും നിർത്തിയിട്ട വണ്ടികളും കണ്ടതോടെ രാജീവനിൽ നേർത്തൊരു വിറയൽ കടന്നു കയറി. വണ്ടി തിരിക്കാൻ തുടങ്ങുന്നതിനു മുമ്പ് തന്നെ കോൺസ്റ്റബിൾ സഹദേവൻ കൈ നീട്ടിയിരുന്നു.

“എന്താ മൂന്നും കൂടി വണ്ടിയിൽ പരിപാടി?” വളിച്ച ചിരിയോടെ അയാൾ ദീപ്തിയെ നോക്കി.

“ബുക്കും പേപ്പറും എടുത്ത് സാറിന്റെ അടുത്തേക്ക് പോ.”

പുറത്തെ സ്ഫോടനാത്മകമായ രാത്രിനിശബ്ദതയിൽ സഹദേവന്റെ വാക്കുകൾ തുളച്ചു കയറി. രാജീവൻ പേപ്പറുകളുമായി, ജീപ്പിന്റെ ബോണറ്റിൽ കാല് കയറ്റി വെച്ച് ഫൈൻ എഴുതിക്കൊണ്ടിരിക്കുന്ന എസ്.ഐ. ജോണിന്റെ അടുത്തേക്ക് നീങ്ങി.

അയാൾക്ക് ജോണിനെ പരിചയമുണ്ടായിരുന്നതിനാൽ കൂടുതൽ ബുദ്ധിമുട്ടുണ്ടായില്ല. കാര്യങ്ങൾ കേട്ട എസ്.ഐ. വണ്ടിയുടെ അരികിലേക്ക് വന്നു.

“ഒരു കാര്യം ചെയ്യ്, ആദ്യം ഈ കൊച്ചിനെ വീട്ടിൽ എത്തിച്ചേക്ക്. എന്തെങ്കിലും ഉടായിപ്പ് കാണിച്ചാ അടിച്ചു പിരിച്ചു കളയും.”

“ഇല്ല സാറേ, ഞങ്ങൾ വീട്ടിൽ എത്തിക്കാം.”

“നിന്റെ ഭർത്താവ് ക്ണാപ്പനെതിരെ നാളെ സ്റ്റേഷനിൽ വന്ന് പരാതി തന്നേക്ക്. അവന്റെ കാര്യം ഞാൻ നോക്കിക്കോളാം.”

ജോണിൽ നിന്നും രക്ഷപെട്ടു വണ്ടി സ്റ്റാർട്ട്‌ ചെയ്യുമ്പോഴേക്കും അവർ ഭീതിയുടെ ചുരമിറങ്ങിയിരുന്നു. മുറുകിയ അന്തരീക്ഷം ഒന്നയഞ്ഞതോടെ രാജീവന്റെ മനസ്സിൽ ദീപ്തിയുടെ ചിന്തകൾ ഉലഞ്ഞു കയറി. നീണ്ടു നിന്ന മൗനത്തിന്റെ പെരുക്കം അവരെ വിറങ്ങലിപ്പിച്ചപ്പോൾ രാജീവന്റെ സ്വരം മൂകതയുടെ മഞ്ഞുപാളിയെ വകഞ്ഞു മാറ്റി.

“വീട്ടിലേക്ക് പോകാൻ മേലേ?” ഗിയർ നാലിലേക്ക് മാറ്റി നായ്ക്കുറുക്കന്റെ വേഗത വർധിപ്പിക്കുന്നതിനിടെ അയാൾ ചോദിച്ചു.

“എനിക്ക് പേടിയാണ്. അച്ഛൻ..” അവൾ മുഴുവനും പറയാതെ നിർത്തി.

“എന്നെ രാമക്കൽമേട് ചുരത്തിലോ ഇടുക്കി ഡാമിന്റെ അടുത്തോ ഇറക്കിയേക്ക്. ഇനി ജീവിച്ചിട്ടെന്തിനാ. നാട്ടുകാരുടേം വീട്ടുകാരുടേം മുന്നിൽ നാണം കെട്ട്..” അവൾ കരഞ്ഞു.

“മരിക്കാനാണെങ്കിൽ ബോഡിനായ്ക്കന്നൂർ ചുരവാ നല്ലത്. നല്ല ആഴമുണ്ട്.” വാക്കുകളോടൊപ്പം സത്യന്റെ ഹൃദയം പലവിധ സംഘർഷങ്ങളുടെ താഴ് വാരത്തിലായിരുന്നു.

“എന്റെ കൊച്ചേ, ഈ ഇടുക്കിയിൽ ജനിച്ച ആരെങ്കിലും വെറുതെ ജീവൻ കളയുമോ. നല്ല മലയും മഞ്ഞും തണുപ്പുമൊക്കെ വിട്ട്. ചുമ്മാ വണ്ടിയിൽ കേറിയങ്ങ് കാല് കൊടുത്താൽ പോരെ. ഈ ജീവിത കാലം മുഴുവനും കാല് കൊടുത്താലും ഇടുക്കി കണ്ടു തീരത്തില്ല. എന്തെങ്കിലും ടെൻഷൻ തോന്നുമ്പോ ഞാൻ ഈ മിടുക്കിയെയും കൊണ്ടൊരു പോക്കുണ്ട്. അത് ഒന്നൊന്നര പിടിപ്പീരാ. സ്റ്റാൻഡ് വിട്ടാ പിന്നെ മല കയറി വാഗമൺ, കുമളി, ഗവി. അങ്ങനെയൊരു വിടലാ. എത്ര കണ്ടാലും കൊതി തീരത്തില്ല. എന്നിട്ടാ അവൾ മരിക്കാൻ പോകുന്നെ. എനിക്ക് സംസാരിക്കാൻ ആരേലും വേണം. ഒറ്റക്ക് പോകുവാണേൽ ഒരു സുഖം കിട്ടത്തില്ല. ഇനി ആരുമില്ലേലും ഞാൻ ഇവളുടെ പാട്ടും കേട്ടങ്ങ് പിടിപ്പിക്കും. ഇടക്ക് ഇവളോട് സംസാരിക്കും. എന്റെ മിടുക്കി സുന്ദരിയല്ലേ, എന്നാ എടുപ്പാ. യാതൊരു പരാതീം ഇല്ലാതെ ഏത് മലേൽ വേണേലും കേറിക്കോളും. മല മേലെ തിരി വെച്ച് പെരിയാറിൻ തളയിട്ട് ചിരി തൂകും പെണ്ണല്ലേ ഇടുക്കി. ഇവിടുത്തെ കാറ്റാണ് കാറ്റ്… മലമൂടും മഞ്ഞാണ് മഞ്ഞ്…” സ്റ്റിയറിങ്ങിൽ സ്നേഹത്തോടെ തലോടി രാജീവൻ പാടിക്കൊണ്ടിരുന്നു. പുകമഞ്ഞ് തേയിലച്ചെടികളിൽ നനവ് പടർത്തി വെള്ള വിരിപ്പിട്ടു.

“നിനക്ക് ഇടുക്കിയുടെ ചരിത്രമറിയ്യോ പെണ്ണേ. കേരളത്തിന് അന്നവും വെളിച്ചവും നൽകിയ നാടല്ല്യോ? എത്ര മനുഷ്യരാണ് ജീവിതം സ്വപ്നം കണ്ട് കാടും മലയും കയറിയത്. വന്യമൃഗങ്ങളോടും മണ്ണിനോടും കാടിനോടും പട വെട്ടി ജീവിതത്തിനു വെളിച്ചം നൽകിയ മനുഷ്യരാ. വെറും ഉണക്കക്കപ്പയും കഞ്ഞിയും മാത്രമായിരുന്നു അന്നൊക്കെ. രാവിലെ ഒരു കാലിച്ചായയും കുടിച്ചങ്ങ് ഇറങ്ങുവാ, പണിക്ക് പോകുന്ന പുരുഷൻമാർ. രാത്രിയെ തിരിച്ചു വരൂ. വന്നാ വന്ന്. അത്രയേ ഉള്ളൂ. കാട്ടാനയും പുലിയുമൊക്കെ ഉള്ള കാടല്ല്യോ. പെണ്ണുങ്ങൾ വൈകുന്നേരം വരെ ചേമ്പുകണ്ടത്തിൽ പണിയെടുക്കും. എന്നാണേലും എന്നാ ഒത്തൊരുമയാന്നൊ. കെട്ടുതലി പണയം വെച്ചും പാത്രങ്ങൾ വിറ്റും മേടിക്കുന്ന അരിസാമാനങ്ങൾ അയൽക്കാർക്കും വീതിച്ചു കൊടുക്കും. ജീവിതം മലയിടുക്കിലാണേലും മനസ്സ് ഇടുങ്ങിയതല്ലാർന്നു കേട്ടോ. കാടുവെട്ടും പുല്ലുകുത്തും ഉഴവൊരുക്കലും കളപറിക്കലും കൊയ്ത്തും മെതിയുമെല്ലാം ഒരുമിച്ചാർന്നു. അല്ലേലും ഇച്ചിരി മണ്ണും കേറിക്കിടക്കാൻ മാടവും വിശക്കുന്ന വയറിനു ലേശം കഞ്ഞീം കിട്ടാത്തവർക്ക് ജാതീം മതോം രാഷ്ട്രീയോം നോക്കി തല്ല് കൂടാൻ എവിടെയാ സമയം? അതൊക്കെ തിന്ന് എല്ലിന്റെടേൽ കുടുങ്ങിയവർക്ക്.” ഒന്ന് നിർത്തി നെടുവീർപ്പിട്ട് കൊണ്ട് അയാൾ തുടർന്നു.

“അന്നൊക്കെ കൃഷിയിടങ്ങളിൽ ആനക്കൂട്ടങ്ങളും കാട്ടുപന്നികളും ഇറങ്ങിയാ അപ്രത്തെ ചേട്ടന്റെ വീട്ടിലോട്ട് നോക്കി നീട്ടിയൊരു കൂവലാ, അയാൾ അത് അടുത്ത വീട്ടിലോട്ട് തൊടുത്തു വിടും. നിമിഷങ്ങൾക്കകം പന്തങ്ങൾ കൂട്ടമായി ജ്വലിച്ചു തുടങ്ങുകയും ‘ഓടെടാ, പിടിയെടാ’ എന്നൊക്കെ പറഞ്ഞ് ഒരാന്തലങ്ങ് പൊങ്ങുകയും ചെയ്യും. കാട്ടാനയും പന്നിയുമൊക്കെ കണ്ടം വഴി പറന്നു കാണും. ഒന്നിച്ചു നിന്നാൽ നമ്മളെ ഒരു പന്നിയും പോത്തും ഒന്നും ചെയ്യത്തില്ല. വല്ലാത്ത കഷ്ടപ്പാടായിരുന്നേടാവേ. വന്യമൃഗങ്ങൾ, ഉരുൾ പൊട്ടൽ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, മരം വീഴ്ച്ച, പകർച്ച വ്യാധി അങ്ങനെ മറ്റൊരു സ്ഥലത്തും ഇല്ലാത്തത്ര ദുരന്തങ്ങളായിരുന്നു. കഷ്ടപ്പാടിന്റെ കാട്ടിൽ നിന്നും മെല്ലെയൊന്നു ഇറങ്ങിത്തുടങ്ങുമ്പോഴായിരിക്കും മലയിടിച്ചിലോ പ്രളയമോ ഒക്കെ ഇടിച്ചു കുത്തി വരുന്നത്. പക്ഷെ ചിലരെങ്കിലും തരികിട പണി കാണിച്ച് ജീവിച്ചവരുമുണ്ട്. കഞ്ചാവ് കൃഷി, കാട്ടുതടി കള്ളക്കടത്ത്, വ്യാജമദ്യം വിൽക്കൽ…” അയാൾ നിർത്താതെ പുലമ്പിക്കൊണ്ടിരുന്നു.

“എടിയേ, നമ്മുടെ ജീവിതമൊക്കെ ഈ നാട് പോലെ തന്നെയാ. മലയും ചുരവുമെല്ലാം ചേർന്നത്. മല കയറിയാൽ താഴ്‌വാരത്തിലോട്ട് ഇറങ്ങണം. പിന്നെ ചുരം കയറണം. അതൊക്കെ തന്നെയാന്നെ ജീവിതം. നമുക്കും ആനമുടിയോളം വിഷമവും സങ്കടവുമൊക്കെ ഉണ്ട്.” അയാൾ ചിരിച്ചു. ആ ചിരിയിൽ കരി പുരണ്ട ജീവിത നൊമ്പരങ്ങളുടെ പുളിപ്പ് കലർന്നിരുന്നു.

“ഒരു കണക്കിന് നമ്മളെല്ലാവരും ഡ്രൈവർമാരാ. വണ്ടി പോലെ തന്നെയാ ജീവിതോമെന്നങ്ങ് കരുതി ഫസ്റ്റിലിട്ട് കാല് കുത്തി അങ്ങ് പിടിക്കുക. നല്ല റോഡാണേൽ സ്പീഡിലങ്ങ് പോകും. ചിലപ്പോൾ റോഡിൽ കുണ്ടും കുഴിയും കാണും. അപ്പോൾ ഗിയർ സെക്കൻഡിലേക്ക് തട്ടി ഇച്ചിരി സ്ലോ ആക്കുക.” രാജീവൻ സിഗരറ്റിനു തീ കൊളുത്തി.

“സ്കൂളേ പഠിക്കുമ്പോ ഹിസ്റ്ററിയായിരുന്നു ഇഷ്ടം. അച്ഛന്റെ കുടി കാരണം പത്തു കഴിഞ്ഞു പോകാൻ പറ്റിയില്ല. പക്ഷെ ഞാൻ കേരളത്തിലെ എല്ലാ ജില്ലകളിലും പോയിട്ടുണ്ട്. എനിക്ക് ലോകം കാണണം.” കൊളുത്തി വലിക്കുന്ന മുള്ളുകൾ പോലെയുള്ള ഓർമ്മകളിൽ അയാൾ നീറി. വണ്ടിയിൽ നിശബ്ദത വളർന്നു. താഴ്‌വാരത്തിൽ നിന്നിരമ്പി വന്ന കാറ്റിന്റെ മോങ്ങലും ശിഖരങ്ങൾ പുണരുന്ന ഒച്ചയും മാത്രം.

“നമ്മളെ ചതിച്ചവരെയൊക്കെ ജീവിതത്തിന്റെ ഏതെങ്കിലും ചുരത്തിൽ വെച്ചു കാണും. അപ്പോൾ ഇടുപ്പിന് കൈ കൊടുത്ത് ഇടുക്കിയെ പോലെ മിടുക്കിയായി തലയുയർത്തി നിന്ന് ആക്കിയ ചിരിയങ്ങ് എറിഞ്ഞു കൊടുത്തേച്ച് നടന്നേക്കണം.” ചിരിക്കിടയിലും അയാളുടെ കണ്ണുകൾ നനഞ്ഞിരുന്നു.

“എന്റെ കൂടെ പോരുന്നോ?” അപ്രതീക്ഷിതമായി ഉയർന്ന സത്യന്റെ സ്വരത്തിൽ സ്നേഹത്തോടൊപ്പം കരുതലും ചാലിച്ചിരുന്നു. തന്റെ വാക്കുകൾ കേട്ട് വാ പിളർന്നിരിക്കുന്ന രാജീവനെയും ദീപ്തിയെയും നോക്കി സത്യൻ തുടർന്നു.

“ഞാൻ കാര്യായിട്ട് പറഞ്ഞതാ.”

ഒന്നും പറയാതെ ദീപ്തി കരഞ്ഞു കൊണ്ടിരുന്നു.

“പക്ഷെ നിന്റെ വീട്ടിൽ എങ്ങനെ ഇവളെ കൊണ്ട് പോകും. ആരും സമ്മതിക്കില്ല. കുടക് വാസു നിന്നെ ഭിത്തിയേൽ കേറ്റും.” രാജീവൻ ഇടപെട്ടു.

“ഒരു കാര്യം ചെയ്യ്. മറയൂർ കാട്ടിനടുത്തുള്ള എസ്റ്റേറ്റിൽ എന്റെ കൂട്ടുകാരന്റെ പഴയ വീടുണ്ട്. അവൻ ഇപ്പോൾ ബോംബെയിലാ. നമുക്ക് അവിടെ കൂടിയാലോ.? മറയൂരിലെ ചന്ദനക്കാടൊക്കെ അതിനടുത്താ. അവിടുത്തെ കാറ്റിനു പോലും ചന്ദനത്തിന്റെ ഗന്ധവാ.”

4

താഴെ ഒച്ച വെച്ചൊഴുകുന്ന കാട്ടാറിന് മുകളിലെ തെങ്ങിൻ പാലത്തിലൂടെ കാട്ടിലേക്ക് കടക്കുമ്പോൾ പക്ഷികളുടെയും മരങ്ങളുടെയും ശബ്ദം അവരിലേക്ക് നുഴഞ്ഞു കയറി. നായ്ക്കുറുക്കൻ മൺപാത തീരുന്നിടത്ത് വെച്ചിട്ടാണ് അവർ നടന്നത്. ഉയരമുള്ള മരങ്ങൾക്കിടയിലുള്ള വീതി കുറഞ്ഞ വഴിയിലൂടെ അവർ മുന്നോട്ടു നീങ്ങി. പായൽ മണമുള്ള കാട്ടാറിന്റെ കുളിർപ്പും കൊണ്ടിരമ്പി വന്ന കാനനക്കാറ്റിന്റെ മൂളക്കവും ഇലകളുടെ മർമ്മരങ്ങളും അവരെ പുണർന്നു.

“ഈ കാടൊക്കെ കാണുമ്പോ നമ്മടെ ടെൻഷനൊക്കെ മാറും.” വിജനമായ കാട്ടു പാതയിലൂടെ നടക്കുമ്പോൾ രാജീവൻ പറഞ്ഞു. സത്യനും ദീപ്തിയും മൗനത്തിന്റെ കൊടുമുടിയിലായിരുന്നു. അപ്പോഴും വീശിക്കൊണ്ടിരുന്ന തണുത്ത കാറ്റ് വലിച്ചു കൊണ്ടു വന്ന ചന്ദനമണം അവരെ പൊതിഞ്ഞു.

മുണ്ടും മടക്കിക്കുത്തി, സിഗരറ്റെടുത്ത് ചുണ്ടിലേക്ക് എറിഞ്ഞു പിടിപ്പിച്ച് ഒരു കൈ ചേമ്പില പോലെ കോട്ടി മറ്റേ കൈ കൊണ്ട് തീ പിടിപ്പിച്ച് തലയുയർത്തി നിൽക്കുന്ന കമ്മ്യൂണിസ്റ്റ് പച്ചയിലേക്ക് കാറിത്തുപ്പി കുടക്കാടിന്റെ തണുത്ത അകത്തളങ്ങളിലേക്ക് നടക്കുമ്പോൾ രാജീവന്റെ ചുണ്ടിൽ നിന്നും മൂളിപ്പാട്ട് ചിതറി വീണുകൊണ്ടിരുന്നു. കാട്ടുപുഷ്പങ്ങളുടെ ഗന്ധവും വവ്വാലുകളുടെ ചിറകടിയൊച്ചയും അവർക്ക് ചുറ്റും കറങ്ങി. അകത്തേക്ക് നടക്കുന്തോറും വിജനമായ കാടിന്റെ ഭംഗി പതിയെ ദൃശ്യമായി. അതിനിടെ നിലത്തു വീണു കിടക്കുന്ന മരക്കഷ്ണം കണ്ട് രാജീവൻ പെട്ടെന്ന് നിൽക്കുകയും അതിലേക്ക് സൂക്ഷിച്ചു നോക്കി ആശ്ചര്യ ശബ്ദം പുറപ്പെടുവിക്കുകയും ചെയ്തു.

“ചന്ദനമാണ്. ആരെങ്കിലും കടത്തുന്നതിനിടെ വീണു പോയതായിരിക്കും. നല്ല വില വരും. ഏറ്റവും ചുരുങ്ങിയത് നൂറു വർഷമൊക്കെ എടുക്കുമെടാ ഒരു ചന്ദനമരം വളർന്നു വലുതാവാൻ. ചിലതിനൊക്കെ ഇരുന്നൂറ് വയസ്സായിരിക്കും പ്രായം. ഇതൊക്കെ മുറിക്കുമ്പോ നൂറ്റാണ്ടുകളാ മുറിഞ്ഞു പോകുന്നത്.”

“നല്ല സീനാണല്ലോ രാജീവേട്ടാ. അതെന്താ?” ദൂരെ പാറയുടെ അങ്ങേയറ്റത്ത് വലിയ കരിങ്കൽ പലകകൾ പാറപ്പുറത്തു പെട്ടി പോലെ ചേർത്തുണ്ടാക്കിയത് ചൂണ്ടിക്കാട്ടി സത്യൻ ചോദിച്ചു.

“അതാണ് മുനിയറകൾ. ശവക്കല്ലറകളാണ്. ഇവിടെ മാത്രമല്ല മറയൂരിലെ പല സ്ഥലങ്ങളിലും മുനിയറകളുണ്ട്. പലതും ഇടിഞ്ഞു പൊളിഞ്ഞു പോയി. പണ്ട് രാജവംശ കാലത്ത് ഉള്ളതാണ്. പൂഞ്ഞാർ രാജാവൊക്കെ ഇവിടെ വരാറുണ്ടായിരുന്നത്രെ.”

സത്യന്റെ കൈ പിടിച്ചു ദീപ്തി കാലുകൾ പതുക്കെ മുന്നോട്ട് നീക്കി നടന്നു.

“പൂഞ്ഞാർ രാജാവിന്റെ പ്രത്യേകത അറിയുമോ സത്യാ? ഭയങ്കര രസമാണ്.” രാജീവൻ ചിരിച്ചു.

“പൂഞ്ഞാറിൽ രാജാവൊക്കെ ഉണ്ടായിരുന്നോ?” ദീപ്തി ചോദിച്ചു. “ഒണ്ടോന്നോ, സാധാരണ രാജാക്കന്മാർ ദേഷ്യം വന്നാൽ തടവിലിടുകയോ തല വെട്ടുകയോ അല്ലെ ചെയ്യുക? പക്ഷെ പൂഞ്ഞാർ രാജാവ് കോപപ്പെട്ടാൽ ഭയങ്കര തെറിയായിരുന്നത്രെ. പ്രജകളെയും സൈനികരെയും മന്ത്രിമാരെയുമൊക്കെ ഇരുത്തി തെറി വിളിക്കും.” രാജീവൻ പൊട്ടിച്ചിരിച്ചു. പിന്നെയും കാട്ടിലൂടെ ഏകദേശം രണ്ട് കിലോമീറ്ററിലധികം നടന്നപ്പോൾ തേയിലത്തോട്ടങ്ങൾ തെളിഞ്ഞു. എസ്റ്റേറ്റിന്റെ ഉള്ളിലായിരിന്നു ഓല മേഞ്ഞ മൺഭിത്തികളുള്ള ആ പഴയ വീട്.

“അത്ര സൗകര്യമൊന്നുമില്ല. തല്ക്കാലം അഡ്ജസ്റ്റാക്ക്. രാത്രി ഒന്ന് ശ്രദ്ധിച്ചേക്കണേ. കാട്ടാനകളെ പേടിച്ചാ മതി. കാട്ടുപോത്തുകൾ കേറി വരുമെങ്കിലും ഉപദ്രവിക്കത്തില്ല. വേറെ പ്രശ്നങ്ങൾ ഒന്നുമില്ല. അടുത്ത എസ്റ്റേറ്റിലും കുറച്ച് വീടുകളുണ്ട്. ഞാൻ ഇടക്ക് വരാം.”

വരുന്ന വഴിക്ക് മേടിച്ച അരിയും പച്ചക്കറികളും തിണ്ണയിലേക്ക് വെക്കുന്നതിനിടയിൽ രാജീവൻ പറഞ്ഞു. കാട്ടുമരങ്ങളുടെ ചൂര് തളം കെട്ടിയ പരിസരത്തെ വിറപ്പിച്ച് ദൂരെയെങ്ങോ കൂമന്റെ നിലവിളിയും ചീവീടുകളുടെ വിസിലും മുഴങ്ങി. വിഷണ്ണരായിരിക്കുന്ന അവരെ രാജീവൻ തുറിച്ചു നോക്കി.

“ഇതെന്നാടാ രണ്ടാളും ഇഞ്ചി കടിച്ച കാട്ടുകുരങ്ങിനെ പോലെ. ഒന്ന് ഉഷാറാവടാ. കുറച്ച് ദിവസമല്ല്യോ. അങ്ങ് ക്ഷമീര്. അല്ലാതെ എന്തോ ആനക്കാര്യം പിണഞ്ഞ മാതിരിയുള്ള ഇരുപ്പ് എനിക്ക് പിടിക്കത്തില്ല. ഈയിടെ ഇറങ്ങിയ സിനിമയിലെ തെറി എന്നെക്കൊണ്ട് പറയിപ്പിക്കരുത്. നാട്ടുകാരെ തെറി പഠിപ്പിച്ചെന്നും പറഞ്ഞു പ്രശ്നമൊക്കെ ആയില്ല്യോ. നിനക്കറിയോ ഇവരൊക്കെ ഇപ്പോഴല്ലേ അതൊക്കെ കേൾക്കുന്നത്. ഞാൻ സ്കൂളിൽ പഠിക്കുമ്പോ കേട്ടതാ അതിനേക്കാൾ പുളിപ്പും എരിവുമുള്ളത്.”

അയാളുടെ ഭൂതകാലയോർമ്മകളുടെ ഇരപ്പിന് കാട്ടുമരത്തെ കീറുന്ന ഈർച്ചവാളിന്റെ മൂർച്ചയുണ്ടായിരുന്നു. രാജീവൻ എരിഞ്ഞു തീർന്ന സിഗരറ്റ് കുറ്റി പൊന്തക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു. പിന്നെ വന്ന വാക്കുകൾ ഇടറിയിരുന്നു.

“അച്ഛൻ രാത്രി കുടിച്ചു വന്നിട്ട് മഴ പെയ്യുന്നത് പോലെയങ്ങ് തുടങ്ങും. അമ്മയോടാ. ഇടക്ക് എനിക്കും കിട്ടും. പൂരത്തെറിയാ. കക്കൂസ് പൊളിഞ്ഞു ദേഹത്തേക്ക് വീഴും പോലാരുന്ന്. അച്ഛന്റെ മരണ ശേഷമാ അമ്മയൊന്നു നേരെ ചൊവ്വേ ശ്വാസം വിട്ടത്.” നീറ്റുന്ന ഓർമ്മകളുടെ കുറ്റിക്കാട്ടിലേക്ക് വഴുതി വീണ അയാൾ നിറഞ്ഞ കണ്ണുകൾ ഇടം കൈത്തണ്ട കൊണ്ട് തുടച്ചു മരങ്ങൾക്കിടയിലേക്ക് നോക്കി.

“ഇടപെടാൻ നല്ലത് മൃഗങ്ങളാ. അവ തെറി പറയത്തില്ലല്ലോ. ജാതി നോക്കി തിന്നത്തുമില്ല.” ഇടറിയ ശബ്ദം ഇലമർമ്മരങ്ങളെ വെട്ടിപ്പൊളിച്ച് കാറ്റിനൊപ്പം കാടിനകത്തേക്ക് കയറിപ്പോയി.

“അതൊക്കെ വിട്. പൊതുവെ വണ്ടിപ്പണി തെണ്ടിപ്പണിയെന്നാ പറയാറ്. അതിനിടയിൽ കുറേ ചണ്ടികളും ഉണ്ടെടാ. ഒന്നിനും കൊള്ളാത്ത എന്നെ പോലെയുള്ള ചണ്ടികൾ. എന്നാ ശരീടാവേ, നീ കുറച്ച് ദിവസം കഴിഞ്ഞ് വിളിക്ക്. വണ്ടിയുമായി ഞാൻ എസ്റ്റേറ്റ് റോഡ് വഴി കൂട്ടാൻ വരാം.”

കൈകൾ വീശി ഉറച്ച കാലുകളോടെ കുറ്റിക്കാടുകളെ വകഞ്ഞ് ആഞ്ഞു നടക്കുന്ന അയാളെ നോക്കി സത്യൻ അസ്വസ്ഥതയാൽ പുകഞ്ഞ് നിന്നു. ചെറുസസ്യങ്ങളെ തച്ചു പൊഴിച്ചിരമ്പിയ മലങ്കാറ്റ് ചൂളം കുത്തി കടന്നു പോയി. വരുന്ന വഴിക്ക് ചന്ദനമരം കണ്ട സ്ഥലത്ത് എത്തിയപ്പോൾ രാജീവന്റെ മനസ്സിൽ കീർത്തിയുടെ മുഖം തെളിഞ്ഞു. അയാൾ നിശ്ചലനായി അതിലേക്ക് തുറിച്ചു നോക്കി.

5

മറയൂരിൽ നിന്നും മൂന്നാറിലേക്കുള്ള യാത്രക്കിടയിൽ രാജീവന്റെ ചിന്തകൾ കുഴഞ്ഞു മറിഞ്ഞു. എന്തൊക്കെയാണ് ഒറ്റ ദിവസം കൊണ്ട് സംഭവിച്ചത്. നായ്ക്കുറുക്കൻ നാഗവളവുകളുള്ള ചുരം റോഡിലൂടെ ശക്തിയാർജ്ജിച്ചു വരുന്ന ഇരുട്ടിനെ തുളച്ച് രാജീവന്റെ ചിന്തകളെയും വഹിച്ചു കൊണ്ട് കുതിച്ചു പാഞ്ഞു.
കനത്ത ഇരുട്ടിന്റെ മറവിൽ വണ്ടി ഒരു വളവ് തിരിയുമ്പോഴാണ് അമിത വേഗത്തിൽ എതിരെ വന്ന ലോറിയുടെ വെളിച്ചം കണ്ണിലേക്കു തുളച്ചു കയറിയത്. കണ്ണുകളിൽ ഇരുട്ട് കയറിയ രാജീവൻ റോഡ് കാണാതെ ഇടത്തേക്ക് വെട്ടിച്ചതും വണ്ടി മുന്നോട്ട് പോയി ഇടത് ഭാഗത്തെ വലിയൊരു കല്ലിൽ തട്ടി ഇടിച്ചു നിന്നതും ഒരുമിച്ചായിരുന്നു. മുന്നോട്ട് നോക്കിയ അയാളുടെ ഉള്ള് കാളി. ഒന്ന് തെറ്റിയാൽ അഗാധമായ ചുരത്തിലേക്ക് വീഴും. തെറിവിളിയോടെ രാജീവൻ തിരിഞ്ഞു നോക്കിയപ്പോൾ ലോറി നിർത്താതെ പോകുന്നതാണ് കണ്ടത്. രാജീവൻ പെട്ടെന്ന് തന്നെ വണ്ടി തിരിച്ച് അയാളുടെ പിന്നാലെ വിട്ടു. ചുരം റോഡിൽ അപകടകരമായ വളവുകളിൽ അയാൾ സൈഡ് കൊടുക്കാതെ കളിപ്പിച്ചെങ്കിലും രണ്ട് കിലോമീറ്ററിനുള്ളിൽ രാജീവൻ അയാളെ ഓവർ ടേക്ക് ചെയ്തു പിടിച്ചു. ലോറിയുടെ മുന്നിൽ നായ്ക്കുറുക്കൻ വിലങ്ങനെ നിർത്തിയിട്ട് അയാൾ ജാക്കി ലിവറുമായി താഴേക്കിറങ്ങി, ലോറിയുടെ ഇടതു ഭാഗത്തെ ബോണറ്റ് അടിച്ചു പൊളിച്ചു. തമിഴനായ ഡ്രൈവർ അന്താളിപ്പോടെ ലോറിയിൽ നിന്നും പുറത്തിറങ്ങാതെ ഇരിക്കുകയായിരുന്നു.

“എന്നാടാ ഉനക്ക് ഡിം പോട്ടാല്.? ഉനക്ക് യാർ ലൈസൻസ് കൊടുത്തേ?” രാജീവൻ അലറി. “അതിന് വണ്ടിക്ക് ഒന്നും പറ്റീലല്ലാ അണ്ണാ. ഇതുക്കാ ഇവളു കോപപ്പെടറ്ത്?”

“വന്ത് പാരടാ. ബോണറ്റ് ഉടഞ്ചത് പാര്.”

“വണ്ടിയല്ലേ അണ്ണാ. ഉങ്കൾക്ക് ഒന്നുമേ ആയില്ലല്ലോ.” തമിഴും മലയാളവും സമന്വയിപ്പിച്ച് ഡ്രൈവർ വിറച്ചു. വണ്ടിയിൽ അയാൾ മാത്രമേ ഉണ്ടായിരുന്നുള്ളു. ലോഡിറക്കി വരുന്ന വരവായിരിക്കും.

“വണ്ടിയാനാലും മനുഷ്യൻ ആനാലും പരിക്ക് ഒന്നു താ. ഉനക്ക് ഡിം ആക്ക തെരിയാതാ. എൻ വണ്ടി എനക്ക് മുഖ്യം. അതുക്ക് ഏതാവത് ആച്ച്നാ സുമ്മാ വിടമാട്ടെ.”

“മന്നിച്ചിടണ്ണേ, തപ്പ് നടന്തു പോച്ച്.” ജാക്കി ലിവറുമായി ഇപ്പോൾ അടിച്ചേക്കും എന്ന പോലെ നിൽക്കുന്ന രാജീവനെ കണ്ടിട്ടായിരിക്കാം അയാളുടെ സ്വരം ദയനീയമായിരുന്നു.

“ഓരോരുത്തൻമാർ ഇറങ്ങിക്കോളും. ഇതൊരുമാതിരി മറ്റേടത്തെ പണിയായിപ്പോയി.” പിറുപിറുത്ത് കൊണ്ട് രാജീവൻ വണ്ടിയിലേക്ക് ചാടിക്കയറി.

ചുരമിറങ്ങി അല്പം മുന്നോട്ട് പോയപ്പോൾ ഹൃദയത്തിൽ തീമഴ വീഴ്ത്തിക്കൊണ്ട് അടുത്ത കുരിശ് അയാളിലേക്ക് വീണു. ഇപ്പോൾ എല്ലായിടത്തും ചെക്കിങ്ങാണല്ലോ. ഇവന്മാർക്ക് വേറെ പണിയൊന്നുമില്ലേ. രാജീവനിൽ ഒരാന്തൽ കുരുമുളക് വള്ളി പോലെ പടർന്നു കയറി. സീറ്റിൽ ചുളിഞ്ഞു കിടക്കുന്ന കാക്കി എടുത്ത് അയാൾ പെട്ടെന്ന് കുപ്പായത്തിനു മുകളിലേക്ക് തെരുത്ത് കയറ്റിയെങ്കിലും ഹെൽമറ്റ്‌ വെക്കാത്ത രണ്ട് പിള്ളേരെ കൈകാര്യം ചെയ്യുന്ന തിരക്കിനിടയിൽ പോലീസുകാരെ അവഗണിച്ചു അയാൾ വണ്ടി നിർത്താതെ ഓടിച്ചു പോയി. കുറച്ച് ദൂരം മുന്നോട്ടു പോയപ്പോഴാണ് അയാൾ ശ്വാസം വിട്ടത്.

6

“എന്താ താമസിച്ചത്?” വീട്ടിലേക്ക് കയറുമ്പോൾ വിമലയുടെ ചോദ്യം കാട്ടുപന്നിയെ പോലെ ഇരച്ചു വന്നു.

“വഴിയിലൊരു പ്രശ്നം, വണ്ടിയൊന്നു തട്ടി.” അകത്തേക്കു കയറുന്നതിനിടയിൽ രാജീവൻ പറഞ്ഞു.

“മനുഷ്യർക്ക് ലൈറ്റ് ഡിമ്മാക്കാൻ ഭയങ്കര മടിയാണ്. എന്തോ ആനക്കാര്യം പോലെ.” അയാൾ താക്കോൽ മേശയിലേക്കിട്ട് സ്റ്റൂളിൽ ഇരുന്നു.

“രാജീവേട്ടാ മോളുടെ കാര്യം?” വേദന തിങ്ങിയ കണ്ണുകളിൽ നിന്നുതിർന്ന കണ്ണുനീർ അവൾ സാരിത്തലപ്പ് കൊണ്ട് അമർത്തിത്തുടച്ചു.

“ഒക്കെ ശരിയാക്കാടീ. ഓപ്പറേഷൻ നടത്താം. കുറച്ച് ദിവസങ്ങളുണ്ടല്ലോ. ഞാൻ ഒരു സുഹൃത്തിനെ കണ്ടാർന്നു. അവനോട് പറഞ്ഞിട്ടുണ്ട്.” അയാൾ ശൂന്യമായ നോട്ടം ചുവരിലേക്കെറിഞ്ഞപ്പോൾ അകത്തെ മുറിയിൽ നിന്നും ദേവകിയുടെ ചുമ പുറത്തേക്ക് തെറിച്ചു വീണു.

“എങ്ങനെ രാജീവേട്ടാ. ആറ് ലക്ഷംന്ന് പറഞ്ഞാ ചെറുതാണോ? നമുക്ക് വണ്ടി വിറ്റാലോ?”

“വിൽക്കാനല്ല ഞാൻ ഇതിനെ അസ്സൈനാർ മുതലാളി ചോദിച്ച പൈസ കൊടുത്തു വാങ്ങി അടിമാലി ചുരം കയറ്റി ഇങ്ങോട്ട് കൊണ്ട് വന്നത്. ഇത് വിറ്റിട്ടുള്ള ഒരു പരിപാടിയും വേണ്ട. ആ വെള്ളമങ്ങ് വാങ്ങി വെച്ചേര്.” വിറ പൂണ്ട അയാളുടെ സ്വരത്തിൽ ദേഷ്യവും നിസ്സഹായതയും ഇഴ ചേർന്നു കിടന്നു.

“അപ്പോൾ മോളേക്കാളും വലുതാണോ നിങ്ങടെ വണ്ടി?”

“അങ്ങനെയല്ല വിമലേ, ഇത്രയും കാലം കുന്നും മലയും കാട്ടുപാതയും താണ്ടി നമ്മുടെ കുടുംബത്തിന്റെ ലോഡ് വലിച്ചത് ഈ വണ്ടിയല്ലേ? ഓപ്പറേഷനുള്ള പൈസ എങ്ങനെയും റെഡിയാക്കാം. നീ കഞ്ഞി എടുക്ക്.

അമ്മ കിടന്നോ? ഒറങ്ങുവാന്നെ ഒറങ്ങിക്കോട്ടെ, വിളിക്കണ്ട.” അയാൾ അകത്തേക്ക് നടന്ന് മുറിയിലെ മരക്കട്ടിലിൽ കുമ്മായം തേച്ച ചുവരിനോട് ചേർന്നു കിടക്കുന്ന കീർത്തിയുടെ മുടിയിൽ തലോടി. നിഷ്കളങ്കമായി ഉറങ്ങുന്ന അവളുടെ നെറ്റിയിൽ ചുംബിച്ച് നിറഞ്ഞ കണ്ണുകൾ തുടച്ച് അയാൾ വേഷം മാറി ബാത്‌റൂമിലേക്ക് നടന്നു.

എന്നും രാവിലെ ആറ് മണിക്ക് ഉണർന്ന് അയാൾ വണ്ടി കഴുകും. ഒരു മണിക്കൂർ വണ്ടിയുടെ കൂടെ തന്നെയായിരിക്കും.

“നിങ്ങൾക്ക് എന്നെക്കാളും മോളേക്കാളും വലുത് ആ നായ്ക്കുറുക്കനാണെന്ന് തോന്നുമല്ലോ, കൊഞ്ചിക്കുന്നത് കണ്ടാൽ.” വിമല കളിയാക്കും. ചില രാത്രികളിൽ ഉറക്കം ഞെട്ടിയാൽ അയാൾ ജനലിലൂടെ വണ്ടിയും നോക്കി കുറെ സമയം അങ്ങനെ നിൽക്കും. അപ്പോൾ തണുത്ത എസ്റ്റേറ്റ് കാറ്റ് വണ്ടിയെ തൊട്ട് ജനാലയിൽ തല്ലി അയാളെ തഴുകി കടന്നു പോകും.

രാജീവൻ വണ്ടിയുടെ ഡോർ തുറന്ന് കറുത്ത റബ്ബർ ഷീറ്റുകൾ വലിച്ചു പുറത്തേക്കിട്ട് വെള്ളം ചീറ്റി ഉരച്ചു കഴുകി. ടയറിൽ സോപ്പും പൊടിയിട്ട് ചകിരി കൊണ്ട് തേച്ചുരച്ചു. ടയറുകൾ ചുവപ്പഴിച്ച് കറുപ്പണിഞ്ഞപ്പോൾ അയാളുടെ കണ്ണുകളും തിളങ്ങി. ബക്കറ്റിൽ വെള്ളം നിറച്ച് ഗ്ലാസിലേക്കും ബോണറ്റിലേക്കും വീശിയെറിഞ്ഞു. തുണിയെടുത്ത് ഗ്ലാസും ബോണറ്റും തേച്ചു കഴുകി. അതിനിടയിൽ എന്തോ ഓർമ്മ വന്നത് പോലെ അയാൾ പിന്നിലേക്ക് നീങ്ങി നീല പ്ലാസ്റ്റിക് ഷീറ്റ് പൊക്കി നോക്കി. ശൂന്യമായ പിൻഭാഗം കണ്ട രാജീവൻ ഇടി വെട്ടേറ്റവനെ പോലെ നിന്നു. പതർച്ചയോടെ അയാൾ ചുറ്റും നോക്കി. കുറേ സമയത്തേക്ക് കാലുകൾ വിറഞ്ഞത് പോലെ മണ്ണിൽ തറഞ്ഞു പോയി. ചന്ദനമുട്ടി അവിടെയെങ്ങും ഉണ്ടായിരുന്നില്ല. തളർച്ചയോടെ അയാൾ ബോണറ്റിൽ തല ചായ്‌ച്ച് നിലത്തിരുന്നു. പിന്നെ അസ്വസ്ഥതയോടെ എഴുന്നേറ്റ് വണ്ടിയുടെ ചുറ്റും നടന്നു. മണ്ണിൽ ചില കാൽപ്പാടുകൾ കണ്ടതോടെ അയാളിലെ അവസാന പ്രതീക്ഷയും ചുരമിറങ്ങി.

7

ഹോസ്പിറ്റൽ വരാന്തയിലിരിക്കുമ്പോൾ രാജീവന്റെ മുഖം വിളറിയിരുന്നു. നാളെയാണ് ഓപ്പറേഷൻ. രാവിലെ പൈസ കെട്ടിയില്ലെങ്കിൽ ഓപ്പറേഷൻ മുടങ്ങും. ഹോസ്പിറ്റൽ മൊത്തം തലയിലേക്ക് ഇടിഞ്ഞു പൊളിഞ്ഞു വീഴുന്നത് പോലെ തോന്നിയ അയാൾ ചുവരിലേക്ക് ചാരി. വിമല അങ്ങോട്ട്‌ വരുന്നത് കണ്ടാണ് അയാൾ മുഖമുയർത്തിയത്.

“രാജീവേട്ടാ, ഇനിയെന്ത് ചെയ്യും?” അവളുടെ ശബ്ദം ഇടറിയിരുന്നു.

“ഞാൻ നോക്കട്ടെ, നീ സമാധാനപ്പെട്.” അയാൾ ഹോസ്പിറ്റലിന് പുറത്തുള്ള ചായക്കടയിലേക്ക് നടന്നു. അതിനിടയിൽ മൊബൈൽ എടുത്ത് കാതോട് ചേർത്തു.

“ഷഫീക്കെ, അന്ന് വണ്ടി ചോദിച്ച പുള്ളിക്കാരൻ ഇപ്പോഴും ഓക്കേയാണെങ്കിൽ കൊടുക്കാൻ തയ്യാറാണ്.”

“അന്ന് ഞാൻ എത്ര പറഞ്ഞതാ. നീ സമ്മതിക്കാഞ്ഞിട്ടല്ലേ? ഞാൻ വിളിച്ചു നോക്കീട്ട് പറയാവെ. കുര്യൻ സാറല്ലെ. പുള്ളി വണ്ടി എടുത്തോന്നറിയില്ല. ഞാൻ തിരിച്ചു വിളിക്കാം.”

ചായ കുടിക്കുന്നതിനിടയിൽ അയാൾ തിരിഞ്ഞു നിന്ന് ഹോസ്പിറ്റലിലേക്ക് നോക്കി. ഗ്ലാസ്സുകളാൽ പൊതിഞ്ഞ അഞ്ചു നില കെട്ടിടം. അതിൽ പലതരം വേദനകളാൽ പിടയുന്ന ഒരുപാട് മനുഷ്യർ. ആരാണ് ചെറിയ കുട്ടികളുടെ ഓപ്പറേഷനൊക്കെ ഇത്രയധികം പൈസ നിശ്ചയിക്കുന്നത്?

അയാളുടെ ഹൃദയത്തിൽ മുഴക്കം സൃഷ്ടിച്ചു കൊണ്ട് മൊബൈൽ ശബ്ദിച്ചു.

“ഡാ അയാൾ ഓക്കേയാണ്. പക്ഷെ അന്ന് പറഞ്ഞ പൈസയിൽ നിന്ന് അമ്പതിനായിരം കുറച്ചാ പറഞ്ഞത്. നീ ഓക്കെ ആണെങ്കിൽ ഈ രാത്രി തന്നെ വണ്ടിയും കൊണ്ട് പോന്നോ. കുര്യൻ സാറിന് ഒരു കാര്യം തീരുമാനിച്ചാൽ പെട്ടെന്ന് നടക്കണം.”

“സാരമില്ല, ഇപ്പോൾ തന്നെ വരാം. അല്ലേലും മനുഷ്യന്മാർ നനഞ്ഞിടം കുഴിക്കാൻ മിടുക്കന്മാരാ.” ചായയുടെ പൈസ കൊടുത്ത് ഇരുട്ടിന്റെ തണുപ്പിൽ വിറച്ച് അയാൾ ഹോസ്പിറ്റലിലേക്ക് കയറി. ഐ.സി.യുവിന്റെ പുറത്തു പ്രതിമ പോലെ ഇരിക്കുകയാണ് വിമല.

“പൈസ ശരിയായി. ഞാൻ പോയി മേടിച്ചേച്ച് വരാം.” രാജീവൻ വിറയാർന്ന കാലുകളോടെ പുറത്തു പാർക്ക് ചെയ്ത നായ്ക്കുറുക്കന്റെ അടുത്തേക്ക് നീങ്ങി. നിറഞ്ഞ കണ്ണുകളോടെ അതിന് ചുറ്റും നടന്നു. വലതു കൈ കൊണ്ട് ബോണറ്റിലെ മുറിവിൽ തഴുകുന്നതിനിടെ കണ്ണീർ തുള്ളികൾ വെളുത്ത പ്രതലത്തിൽ വീണു പൊട്ടിച്ചിതറി. അയാൾ പെട്ടെന്ന് വണ്ടിയിലേക്ക് ചാടിക്കയറി. ചരൽ കല്ലുകൾ തെറിപ്പിച്ചു കൊണ്ട് നായ്ക്കുറുക്കൻ ഇരച്ചു നീങ്ങി.

8

ചുരത്തിൽ ചാറ്റൽ മഴ പെയ്യുന്നുണ്ടായിരുന്നു. നേർത്ത നിലാവും കോടയും കെട്ടിപ്പിടിച്ചു ഭൂമിയിലേക്കിറങ്ങുന്നു. കണ്ണുകളിലേക്ക് വെളിച്ചം തെളിച്ചു ഒറ്റപ്പെട്ട വണ്ടികൾ ചുരം കയറുന്നുണ്ട്. വനത്തിൽ നിന്നും ചീവീടുകൾ കൂക്കി വിളിച്ചു. സ്റ്റിയറിങ്ങ് വീലിൽ അയാളുടെ കൈകൾ വിറച്ചു. കണ്ണുകൾ നിറഞ്ഞു കൊണ്ടിരുന്നെങ്കിലും ഇടക്ക് കൈത്തണ്ട കൊണ്ട് അയാൾ മുഖം അമർത്തിത്തുടച്ചു. ഒരേ സമയം അയാളിലൂടെ കീർത്തിയും ആശുപത്രിയും വണ്ടിയും സത്യനും ദീപ്തിയുമെല്ലാം ട്രെയിൻ ബോഗികൾ പോലെ ഇടകലർന്നു പോയിക്കൊണ്ടിരുന്നു. അയാൾ ഉച്ചത്തിൽ പാട്ട് പാടി. ബിയർ കുപ്പി വായിലേക്ക് കമിഴ്ത്തി, അവസാന തുള്ളിയും വായിലേക്ക് ഇറ്റിച്ച് കുപ്പി പുറത്തേക്ക് വലിച്ചെറിഞ്ഞു. അത് റോഡിന്റെ കരണത്തടിച്ച് ബഹളമുണ്ടാക്കി പൊട്ടിച്ചിതറി. രാജീവനപ്പോൾ പൊട്ടിച്ചിരിച്ചു. പിന്നെ അലറിക്കരഞ്ഞു. കണ്ണുകൾ അടഞ്ഞു പോകുന്നത് പോലെ തോന്നിയ അയാൾ പെട്ടെന്നാണ് റോഡ് മുറിച്ചു കടന്നു പോകുന്ന പന്നിക്കൂട്ടങ്ങളെ കണ്ടത്. സഡ്ഡൻ ബ്രേക്കിട്ടതും എതിരെ വന്ന കാറിന്റെ ഹെഡ് ലൈറ്റ് കണ്ണിലേക്കടിച്ചു കയറിയതും ഒരുമിച്ചായിരുന്നു. മുന്നിൽ നിറഞ്ഞ അമിത വെളിച്ചത്തിൽ കാഴ്ച്ച മങ്ങിയപ്പോൾ വണ്ടിയുടെ നിയന്ത്രണം തെറ്റി. അയാൾ ബ്രേക്കിലേക്ക് കാലമർത്തിയെങ്കിലും അപ്പോഴേക്കും വണ്ടി സിൽവർ നിറത്തിലുള്ള കമ്പിവേലി തകർത്തു താഴേക്ക് കുതിച്ചിരുന്നു. ചുരത്തിലെ അഗാധമായ കൊക്കയിലേക്ക് മറിയുന്നതിടയിൽ റോഡിലേക്ക് ചാടാനുള്ള സമയമുണ്ടായിട്ടും രാജീവൻ അട്ടയെ പോലെ സ്റ്റിയറിങ്ങിലെ പിടി വിടാതെ വണ്ടിയോടൊപ്പം ചുരത്താഴ്ച്ചയിലൂടെ പുതിയ ലോകത്തേക്ക് പറന്നിറങ്ങി.

കണ്ണൂർ ജില്ലയിലെ പുറവൂരിൽ ജനനം. ആനുകാലികങ്ങളിൽ കഥകളും ലേഖനങ്ങളും യാത്രാവിവരണങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പത്തു വർഷത്തോളം ദുബായിൽ പ്രവാസജീവിതം നയിച്ചു. ഇപ്പോൾ കാഞ്ഞിരോടിൽ താമസം. പ്രസിദ്ധീകരിച്ച കൃതികൾ, മഴ പെയ്ത വഴികളിൽ (കഥാ സമാഹാരം) മഞ്ഞ് പെയ്യും താഴ്വരകളിലൂടെ (യാത്രാവിവരണം)