നാടോടിയല്ല വിശപ്പ്

പത്തുപതിനഞ്ചു വയസ്സു തോന്നിക്കുന്ന
ഒരു നാടോടി പെൺകുട്ടി,
മഴയിൽ
നനഞ്ഞു
കുതിർന്നു
ഹോട്ടലിലേക്കു
വേച്ചു വേച്ച്
കയറിവന്നു.
മുഷിഞ്ഞു കീറിയ
നിറംമങ്ങിയ
ഒരു ചുവന്ന ഉടുപ്പ്
അവളെ
പൊതിഞ്ഞു വെച്ചിരിക്കുന്നു.

വയലുകളിലൂടെ
മാരിതെയ്യം
നടന്ന്‌ അകലുന്നത്
ഹോട്ടലിന്റെ ജനലിലൂടെ
കാണാമായിരുന്നു.

ചില്ലുഭരണിയിലെ  സ്പിരിട്ടിൽ
ഉറങ്ങിക്കിടക്കുന്ന
ഭ്രൂണങ്ങളുടെ നിറവും ഭാവവും
അവളിൽ
ഉപ്പിലിട്ടു വെച്ചിരുന്നു.

അവൾക്ക്‌
ആരുടെയോ ദയയിൽ
അവിടെ ഹോട്ടലിൽ,
ഒരു ഇല കിട്ടുകയും
ഒടുങ്ങാത്ത ആർത്തിയിൽ,
ജനനംമുതൽ ഇന്നോളമുള്ള
വിശപ്പിനെ
കെടുത്തുന്ന രൂപത്തിൽ
വാരിവലിച്ചു
തിന്നുകയുമാണ്.

അവളുടെ കണ്ണുകൾ
കാക്കകൂട്ടങ്ങൾകണക്കെ
ചാഞ്ഞും ചരിഞ്ഞും
ഇലയിലേക്ക്
പാറിവീണുകൊണ്ടേയിരുന്നു

കത്തിതീർന്ന
വിശപ്പിൽനിന്നും
അവൾ
എഴുന്നേറ്റു.
കൈയും മുഖവും കഴുകാതെ
വറ്റുകൾ പറ്റിപ്പിടിച്ച
കൈച്ചേർത്തു,
ഹോട്ടലിലെ ക്യാഷ്യരെ
തൊഴുതു നിന്ന അവൾ
പൊടുന്നെന്നെ
ശരീരം തളർന്നു
ബോധമറ്റു
നിലത്തേക്കു വീണു.
എന്നന്നേക്കുമായി
കണ്ണുകൾ അടഞ്ഞു.
കൂപ്പിയ കൈകളിൽ
അന്നം ഉണങ്ങിക്കിടന്നിരുന്നു.

ഏറെനാളത്തെ പട്ടിണിയിൽ
പെട്ടെന്ന്,
അമിതമായി
ആഹാരം കഴിച്ചത്
അതായിരുന്നു
അവളുടെ
മരണകാരണം

അവൾ വീട്ടാത്ത കടം
പിഴപ്പലിശയായി
ഇവിടെ
ഇപ്പോഴുമുണ്ട്

കണ്ണൂര്‍ ജില്ലയിലെ മുതിയങ്ങ സ്വദേശി. 'വെയിൽ വരക്കുന്ന ഭൂപടങ്ങൾ ' എന്ന് പേരുള്ള ഒരു കവിതാസമാഹാരം പായൽ ബുക്സ് പുറത്തിറക്കിയിട്ടുണ്ട്.