നഷ്ടപ്പെട്ടവരെത്തേടി

മേക്കാമോതിരവും
വെന്തിങ്ങായുമണിഞ്ഞു
വാട്ടിയ വാഴയിലയിൽ
കടുമാങ്ങയും
ചക്കപ്പുഴുക്കും പൊതിഞ്ഞു കെട്ടിത്തന്ന
വല്യമ്മച്ചി
സിമിത്തേരിയിലെ
പേരു കൊത്തിയ ഫലകത്തിന് താഴെ
കവിണിഞൊറികൾ തെരുപ്പിടിച്ചു
ഓർമകളിലേക്കിറങ്ങുന്നു

അതിർത്തി തർക്കത്തിന്റെ
പിണക്കം വീതം വെച്ച്
അയലത്തെ കാരണവർ
എരിഞ്ഞടങ്ങിയിടത്തു
ഒരു മാവിൻ തൈയുടെ തെഴുത്ത പച്ച.

ഇന്നലെ വഴിയോരത്തു
ചിരിയോടെ മിണ്ടിയവൾ
ഇന്നു മണ്ണിനടിയിൽ
പുഴുക്കളെക്കാത്തു
വാടിയ പൂക്കളുടെ മണമായിരിക്കുന്നു

കഴിഞ്ഞ തിങ്കളാഴ്ച നാം
ചായ കുടിച്ചു പിരിഞ്ഞിടത്തു
ഇന്ന്
വീണ്ടും തിങ്കളാഴ്ച
ഞാൻ ഒറ്റയ്ക്കിരിക്കുന്നു

പറഞ്ഞതും
ചിരിച്ചതും കലഹിച്ചതുമെവിടെ,
നമ്മൾ പറഞ്ഞതും ചിരിച്ചതും
ചെയ്തതും കലഹിച്ചതുമിന്നെവിടെ?

ശൂന്യമായിരിക്കുന്നിടങ്ങളിൽ
നഷ്ടപ്പെട്ടവരെ തേടുന്ന ഭ്രാന്തിന്,
കാലപ്പഴക്കം
എന്നോളമേയുള്ളോ ?

കുവൈറ്റിൽ ഒരു ധനകാര്യ സ്ഥാപനത്തിൽ ചാർട്ടേഡ് അക്കൗണ്ടൻറ്. ഇടുക്കി തോപ്രാംകുടി സ്വദേശി. "വസന്തങ്ങളുടെ താക്കോൽ " കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.