
പടിയിറങ്ങുന്ന നേരം
ഒന്നൂടെ തിരിഞ്ഞുനോക്കി,
ഇല്ല ആരുമില്ല
നിഴലല്ലാതെ മറ്റാരും.
ഒരു പിൻവിളി പോലും
കേൾക്കുവാൻ കഴിയാതെ നടന്നകന്നു,
കനവുകൾ കനലുകൾക്ക്
വഴി മാറിക്കൊടുക്കുകയാണ്.
ഉടനീളം പടരുന്നു
കൈപ്പേറിയ യാഥാർഥ്യങ്ങൾ
ഹൃദയത്തിന്റെ കാഞ്ഞിരത്തിൽ
നിരാശ ചേക്കേറുന്നു
കാഴ്ചകൾ ഒന്നുമേ
കാണാത്ത നടത്തം
ഞാനിപ്പോൾ സ്വതന്ത്രയായിരിക്കുന്നു
തീർത്തും സ്വതന്ത്ര.
ഇനി ജീവിതം പാടേ ചുരുങ്ങും
കുതിരും നനയും
എന്റെ ചുടുകണ്ണീരാൽ
അടിമുടി കത്തിക്കാളും.
മനസ്സിലിനി ബാക്കിയുള്ളത്
സ്വപ്നവിഭ്രാന്തികൾ മാത്രം.









