നല്ലകുട്ടിയല്ലാത്തവൾ

അഹങ്കാരം-
ഒരൊറ്റവാക്കുനിർവചനത്തിൽ
അവളുടെ മൗനത്തിന്റെ മഹത്വവത്കരണത്തിന്
ചുവന്നമഷിയാൽ അടിവരയിടപ്പെട്ടു.

അനുസരണയില്ലാത്തവൾ-
ഉച്ചത്തിലുള്ള ഒരു വിളംബരമായി
ഉയർന്ന വിശേഷണംകൊണ്ട്‌
ചോദ്യോത്തരവൈരുദ്ധ്യങ്ങളെ
ചട്ടക്കോലിനാൽ അളക്കാനാവാത്തയിടത്ത്‌
ഒറ്റയാക്കി കുടിയൊഴിപ്പിച്ച്‌ പാർപ്പിയ്ക്കപ്പെട്ടു.

ഭ്രാന്ത്‌-
ചിന്തകളുടെ സൗന്ദര്യാത്മകതയിലേക്ക്‌
ഇരുട്ടുകുറുക്കിയൊഴിക്കപ്പെട്ടു.

അന്നോളം ഉള്ളിൽ പിറവിയെടുത്ത്‌
മരിച്ചിരുന്ന വാക്കുകളെ
ഒരു തെളിവിനായി അവൾ ഒളിവിൽ
കുറിച്ചുവയ്ക്കാൻ തുടങ്ങി.
അതിനൊപ്പം തന്നെ,
നിരർത്ഥങ്ങളായ കപടപദങ്ങളെ മാത്രം
നിഘണ്ടുക്കൾ അരിച്ചുപെറുക്കിക്കണ്ടെത്തി
ലോകത്തിനു മുൻപിൽ
മാന്ത്രികമാറ്റങ്ങളായി
പരസ്യമായി പ്രദർശിപ്പിച്ചു.

കുഴയാൻ മടിച്ച്‌,
വേണ്ടിയും, വേണ്ടാതെയും
കാൽവിരൽത്തുമ്പുകൾ
ഊന്നിനടന്നിരുന്നതു നിർത്തി

മറ്റുള്ളർക്കായുള്ള ആ വ്യാജശ്രമങ്ങളെ
വെല്ലുവിളിച്ച്‌ വെളിച്ചത്തിന്റെ എതിർദ്ദിശയിൽ
മണ്ണിനടിയിൽ നിന്നുള്ള
നിതാന്തമായ ആകർഷണങ്ങളിലേക്ക്‌
വളർന്നുപന്തലിച്ചു.

അവരറിയാതെ, ഇരുട്ടിന്റെ
മറഞ്ഞ സമാന്തരലോകത്തിൽ
നെഗറ്റിവുകളുടെ അനന്തതയിലേക്ക്‌
അനുദിനം താഴ്‌ന്നിറങ്ങി.

പച്ചയുടെ ലവലേശമില്ലാത്ത ആ മേനിയിൽ
പ്രകാശസംശ്ലേഷണനിയമങ്ങളെ വെല്ലുവിളിച്ച്‌
തളിരും, പൂവും, കനികളും ജനിച്ചു.

പണ്ടു വേരുകൾ തുടങ്ങിയയിടത്ത്‌
ഇന്നു കാണുന്ന,
ഇളക്കം പോലുമില്ലാത്ത വരണ്ട മൺകൂനയിലേക്ക്‌
മിഴിപായിച്ച്‌ അനുകമ്പയോടെ
അവർ ഇടക്കിടെ ചെയ്യുന്ന
കള്ളവാക്കുകളുടെ തർപ്പണം
സുഷിരങ്ങളിലൂടെ കിനിഞ്ഞിറങ്ങി
അർപ്പിക്കപ്പെടുമ്പോൾ,
അറിയുന്നുവെങ്കിലും
പരിധികൾക്കപ്പുറത്തെ ചില ആവൃത്തികളിൽ
എന്ന പോലെ
അവളാൽ ശ്രവിക്കപ്പെടാതെ കൊഴിയുന്നു.

അനുതാപത്തിന്റെ മായം കൂട്ടിയ പൂക്കൾ
ഈർപ്പവുമായ്‌ കലർന്നലിഞ്ഞ്‌
അവളിലേയ്ക്ക്‌ എത്തുന്നുവെങ്കിലും
വർണ്ണരാജിക്കപ്പുറം
അപരക്തതകളിൽ മരിക്കുന്നു.

അവൾ പണിത സാമ്രാജ്യങ്ങൾ
അവരുടെ കാഴ്ചയുടെ എത്തലിനു
അപ്പുറം എന്നത്‌ പോലെ തന്നെ;
നിശബ്ദത അലയടിക്കുന്ന അവിടത്തെ
ഗൂഢഘോഷാരവങ്ങൾ
അവർക്ക്‌ ഗ്രഹിക്കാൻ ആകാതെ
പോവുന്നത്‌ പോലെ തന്നെ.

മലപ്പുറം ജില്ലയിൽ പാണ്ടിക്കാട് സ്വദേശിനി. സാങ്കേതികമേഖലയിൽ‌ ബിരുദധാരി. ഇപ്പോൾ മുംബൈയിൽ താമസിക്കുന്നു. നവമാധ്യമങ്ങളിൽ കവിതകൾ എഴുതാറുണ്ട്.