നരവാലും നരമുഖവുമുള്ള നായജന്മങ്ങള്‍

ഓരോരോ നായക്കഥകള്‍
വാലാട്ടിവരുന്നത് കാണാന്‍
എന്തു ഭംഗിയാണ് !
അതിലാകട്ടെ,
കന്നിമാസത്തിലെ പട്ടിപ്രണയം
ഏറെ ചര്‍ച്ചയാകുന്നതും..
മന്മഥന്‍റെ കൊടിയന്മാരും
കൊടിച്ചികളുമായി
നായ
നടുറോഡിലെ ചുംബനസമരങ്ങളിലൂടെ
വെറും ‘പട്ടി’യാകുന്നതാണ്
പ്രണയത്തിന്‍റെ കന്നിമാസം.

പലരിലും
പെരുവഴിയിലെ ഈ പട്ടിക്കല്ല്യാണം കാണുമ്പോള്‍
വലിയ അറപ്പാണുളവാകുന്നത്.
എന്നാല്‍
വേറേ കുറേ മനുഷ്യര്‍
ഇതുകണ്ടുനിന്നു രസിക്കുന്നതും
സായൂജ്യമടയുന്നതും
കന്നിമാസത്തിന്‍റെ അനുബന്ധകാഴ്ചതന്നെ !

നായക്ക്
മനുഷ്യനേ തൃപ്തിപ്പെടുത്താനാകുന്നത്
പ്രധാനമായും
അതിന്‍റെ പാതാളത്തോളം താഴ്ന്ന
അടിമ മനോഭാവം,
ആകാശത്തോളം പൊങ്ങാന്‍വെമ്പുന്ന
മനുഷ്യന്‍റെ യജനഭാവത്തെ
ഉയര്‍ത്തി നിര്‍ത്തുമ്പോഴാണ്.

താനെന്താജ്ഞാപിച്ചാലും
തന്‍റെ ഒപ്പമുള്ളവന്‍ വാലാട്ടണമെന്ന
മനുഷ്യന്‍റെ ദുരാഗ്രഹം
ഇത്രയും സാധിച്ചുകൊടുക്കുന്നൊരു ജീവി
ഭൂമുഖത്ത്
നായയും,
അടിമയായ മനുഷ്യനുമല്ലാതെ
മറ്റാരാണുള്ളത് !?

മനുഷ്യന്‍റെ ഏത് ഉച്ചിഷ്ടവും
തെല്ലും വിമുഖത കാട്ടാതെ
അവന്‍റെ കണ്ണുകളെ ഹരം പിടിപ്പിക്കും വിധം
ആര്‍ത്തിയോടെ ഭക്ഷിക്കുന്ന നായ
മനുഷ്യന്‍റെ ഭാവനക്കൊത്തുള്ള
ജീവിതന്നെ …

തന്‍റെ
ഏതു വൈകൃതരൂപഭാവങ്ങളിലും
ഏറെ വിശ്വസ്ഥതയോടെ
തന്നെ സ്നേഹിക്കുന്ന ഒരാളിനേയും
മനുഷ്യന്‍ കണ്ടെത്തുന്നത്
നായയിലാണ്.

താന്‍പൂട്ടിയ ചങ്ങലയുടെ
ഭീകരമായ ബന്ധനത്തില്‍ക്കിടന്നും
തന്‍റെ സുരക്ഷയേക്കുറിച്ചുമാത്രം
ചിന്തിച്ച്,
തന്‍റെ ശത്രുക്കളോടു കുരക്കാനും
അവര്‍ക്കു നേരെ കുരച്ചു ചാടാനും
ഒരു ‘പട്ടി’യേപ്പോലെ
ഓടിച്ചിട്ടുകടിക്കാനുമുള്ള
മനുഷ്യ ചിന്തകള്‍ പൂവണിയുന്നതും
നായയിലൂടെ മാത്രം ‼️

താന്‍ വലിയ പ്രഭുവായി ഇറച്ചിതിന്നുമ്പോഴും
അതിന്‍റെ എച്ചിലായ എല്ല്
ഏറെ ആസ്വദിച്ച് തിന്ന്
തന്‍റെ മുമ്പില്‍ വാലാട്ടി നൃത്തം ചെയ്യുന്ന
ഒരു സഹജീവിയെത്തേടിയുള്ള
മനുഷ്യന്‍റെ അന്വേഷണം പൂവണിയുന്നതും
ഈ നായജന്മത്തിലൂടെ….

മനുഷ്യന്‍റെ മുഖചേഷ്ടകളും,
മനുഷ്യപ്രകൃതം
വികാരനിര്‍ഭരമായി തുളുമ്പിനില്‍ക്കുന്ന
നനഞ്ഞ നയനങ്ങളും
മനുഷ്യന്‍റെ മേധാവിത്തവാസനകളോട്
നയത്തില്‍ വാലാട്ടിനില്‍ക്കുന്ന
വളഞ്ഞ വാലും
നായയെ
മനുഷ്യന്‍റെ കുടുംബാംഗമാക്കി മാറ്റുന്നു.

നായയുമായി ഇമ്മാതിരിയൊരു ആത്മബന്ധം
സദാ ഉള്ളില്‍ സൂക്ഷിക്കുന്ന മനുഷ്യന്‍
ദുരന്തപര്യവസായിയായ ചില കഥളില്‍
നായകനായ നായയുടെ ദാരുണാന്ത്യംകണ്ട്
തേങ്ങിത്തേങ്ങി കരയുന്നതുംകാണാം…

മറ്റുചിലപ്പോഴാകട്ടെ,
ഒരു നായക്കുനേരെ മറ്റൊരുനായേപ്പോലെ
ഇങ്ങനെ പല്ലിളിക്കുന്നതും മുരളുന്നതും കാണാം:
“ഹേ നായേ,
എല്ലിന്‍ കഷണം നിനക്കു തന്ന് ഇറച്ചി മനുഷ്യന്‍മാര്‍ തിന്നുന്നതടക്കം
സകല പീറക്കണക്കും
തെണ്ടിപ്പട്ടീ
നീ വെച്ചോളൂ…
പാതിരായ്ക്ക് സൂര്യനുദിച്ചാല്‍,
കന്നിയടക്കം 12 മാസവും
നിന്നേപ്പോലെയാണ്
മനുഷ്യരെന്നും
നീ
വൃത്തികേടും പറഞ്ഞോളൂ …
നിനക്കല്ല
ഇരുകാലില്‍ നടക്കുന്നവര്‍ക്കാണ്
പേപിടിച്ചതെന്നും പറഞ്ഞ്
നീ കുരച്ചോളൂ …

പക്ഷേ
കൊലയാളിപ്പട്ടീ,
വിടില്ല,
വിടില്ല നിന്നെ !
ഇതാ
കാഞ്ഞിരപ്പട്ടയിട്ടു പഴുങ്ങിയ,
നിനക്കായുള്ള
ബീഫ് കറി
ഒന്നു റഡിയായിക്കോട്ടെ …
(ഇപ്പം ശരിയാക്കിത്തരാം‼️)

കോട്ടയം സ്വദേശി. കവിത, കഥ, പ്രസംഗം, തുടങ്ങിയ മേഖലകളിലെല്ലാം പ്രാഗൽഭ്യം തെളിയിച്ചിട്ടുണ്ട്. ERP & GST അക്കൗണ്ടന്റാണ്.