നമ്മൾ അതുമാത്രമായിരിക്കും

ഒരു
പെന്‍സില്‍പൊട്ടുകൊണ്ടെഴുതിയ
നേരക്ഷരങ്ങളാണു നമ്മൾ.
വര്‍ണ്ണങ്ങള്‍വിതറി
മഴവില്ലു വരച്ചാലും
പ്രണയാർദ്ര ഭാവന
താജ്മഹല്‍ തീർത്താലും
കൂട്ടിയ കണക്കുകൾ
ശരിയായി ഭവിച്ചാലും
വാക്കുകളാവര്‍ത്തിച്ചെഴുതി
തെറ്റാതെ കാത്തുപോന്നെന്നാലും
ഒരു
മഷിത്തണ്ടിനാൽ മായ്ക്കപ്പെടാവുന്ന
നേരക്ഷരങ്ങൾ
മാത്രമാണു നമ്മൾ…
അത്രയും ലാഘവത്തോടെ
എല്ലാം
മായ്ക്കപ്പെടുമ്പോൾ
എഴുതിത്തേഞ്ഞ്
ഒടുവിലൊരു
ചോദ്യചിഹ്നത്തിനടിയിൽ
ധൂളിയായിക്കിടക്കുന്നു
ജീവിത വിരാമം.

മലപ്പുറം ജില്ലയിലെ തിരൂരിനടുത്തു തിരുനാവായ സ്വദേശി. കഴിഞ്ഞ പതിനൊന്നു വർഷമായി അബുദാബിയിൽ ജോലി ചെയ്യുന്നു. വിവിധ സാഹിത്യ സാംസ്കാരിക കൂട്ടായ്മകളിൽ അംഗമാണ്.