നമുക്ക് നടക്കാം
കടൽക്കരയിലേക്ക്.
മാനത്തോളം
ഉയർന്ന് പൊങ്ങാൻ
കൊതിക്കുന്ന
തിരമാലകളെ കാണാം.
മദോന്മത്തരായി
ആനന്ദ നൃത്തം
ചവിട്ടിയവരുടെ
കാൽപാടുകൾ കാണാം.
പുണരാൻ
എത്തിയ തിരയെ
ചുംബിച്ചയയ്ക്കുന്ന
തീരം കാണാം.
വിശക്കുന്ന വയറിനായ്
കൈ നീട്ടുന്ന പിഞ്ചു
ബാല്യങ്ങളെക്കാണാം.
ഒന്ന്ചേരാൻ
കൊതിയ്ക്കുന്ന
ഒരുനൂറ് ഹൃദയങ്ങളുടെ
സ്വകാര്യസല്ലാപം കാണാം.
ചിറകുകൾ വിടർത്തി
ആകാശത്തിന്റെ
അനന്ത നീലിമയിൽ
പാറിക്കളിക്കുന്ന
വർണ്ണപ്പട്ടങ്ങൾ കാണാം.
എവിടെയോനഷ്ടപ്പെട്ട
സുന്ദരമായ ഓർമ്മകൾ
ചികഞ്ഞെടുക്കാൻ
സാഗരത്തിന്റെ
മാറിലേക്ക്
കണ്ണുനട്ടിരിക്കുന്നവരെ
കാണാം.
പ്രതീക്ഷകളും
സ്വപ്നങ്ങളുമായി
ഒഴുകി നടക്കുന്ന
നൗകകൾ കാണാം.
നമുക്ക് നടക്കാം…
അസ്തമയ സൂര്യന്റെ
പൊൻകിരണം
കടലിന്നടിത്തട്ടിൽ
ഒളിയ്ക്കുന്ന വരേയ്ക്കും.