ഒരു വേനൽ മഴയിലലിഞ്ഞുപോയ
സ്നേഹച്ചൂടിന്റെ നോവുന്നയോർമ്മയിൽ
മിഴിനനച്ചു ഞാൻ നീറിപ്പുകയുമ്പോൾ,
വിട ചൊല്ലിയകന്ന നിൻ സൗഹൃദം
ഗതികിട്ടാതെയെന്നുള്ളിലെരിഞ്ഞുതീരുന്നു
എന്റെ ഏങ്ങലടികൾക്കുമപ്പുറത്ത്
പുതിയ മേച്ചിൽപ്പുറങ്ങളിലലയുമ്പോൾ
എന്നോർമ്മകൾ നിനക്കു
ബാധ്യതയാകാതിരിക്കട്ടെ
ആനന്ദനടനമാടി നീ തളരുമ്പോൾ
ഇടറുമെൻ കാലടികൾ ഇനിയും
നിന്നോർമകളെ
മുറിപ്പെടുത്താതിരിക്കട്ടെ
ഭ്രാന്തൻ ചലനങ്ങളിലൊതുങ്ങിത്തീരുന്ന
അതിരുകളില്ലാത്തയെൻ സ്നേഹം
ഇനി നിൻ പാതയിലൊരു പാശമായ്
ഒരിക്കലും ചുറ്റിപ്പിണയാതിരിക്കട്ടെ.
പരിഭവങ്ങളിലും പങ്കുവെക്കലിലും
മാധുര്യമില്ലാത്തയെൻ സന്തോഷം
ഒരു ശാപമഴയായ്
നിന്നിൽ പതിയാതിരിക്കട്ടെ.
വെറുപ്പിന്റെയാറടി മണ്ണിലുറങ്ങുമെൻ
കനവുകളൊരു ദു:സ്വപ്നമായ്
നിൻ രാവുകളെ
പൊതിയാതിരിക്കട്ടെ.
കോമാളിത്തരങ്ങൾ കാട്ടിച്ചി രിപ്പിക്കുവാൻ
കടം വാങ്ങിയ ചിരിയുമായ്
ഇനിയിവിടെ ഞാൻ ഉണ്ടാവില്ല..
നൊമ്പരങ്ങൾ മാത്രമേകുന്ന സൗഹൃദങ്ങൾക്ക്,
വേദനയിലവസാനിക്കുന്ന ബന്ധങ്ങൾക്ക്,
തുലാഭാരം നടത്തുവാനീ ജന്മമാകുമോ?
ഇനിയുമാരെയും സ്നേഹിക്കാതിരിക്കാൻ
തോൽവികളേറ്റു തളർന്നയെനിക്ക് കഴിയുമോ?
എങ്കിലും പ്രിയാ!
എന്റെ ഹൃദയം…..
പതിയെ പതിയെ മിടിക്കുമെൻ ഹൃദയം
മാറ്റി പ്രതിഷ്ഠിക്കുവാൻ വിഗ്രഹങ്ങളില്ലാതെ
നാളെയും വെറുതെ മിടിച്ചേക്കാം.
മൗനം താണ്ടി നീളുന്ന രാവുകളിൽ
ഭ്രാന്തൻ മനസ്സിന് കൂട്ടുകൂടുവാൻ
ഒരിക്കൽകൂടി കടം തരുമോ നിന്റെ ജന്മം!..
നന്ദി….,
കണ്ണീർക്കടലിലും കച്ചിത്തുരുമ്പ് ആയതിന്….
മോഹിക്കാനും ചിരിക്കാനും പഠിപ്പിച്ചതിനു….
ഏകാന്തതയിൽ കളിക്കൂട്ടായതിന്…..
സ്നേഹത്തേനിൽ ചാലിച്ചൂട്ടിയതിനൊക്കെയും….
നന്ദി
മാപ്പ്….,
അർഹതയില്ലാതെ സ്നേഹിച്ചതിന്….
അറിയാതെയെങ്കിലും നോവിച്ചതിന്…..
വേദനിക്കുമ്പോളും ചിരിക്കാൻ ശ്രമിച്ചതിന്…
ഒരു തെറ്റിനും ശരിക്കുമിടയിൽ…
നാം തമ്മിലുണ്ടായതിനൊക്കെയും..
മാപ്പ്.