നദിയയും ഇഹാബും നനഞ്ഞു തീർത്ത കർക്കടക മഴ

രുചിമുകുളങ്ങളെ ശത്രുവായി കാണുന്ന പാനീയങ്ങൾക്കു പോലും ഒരു പ്രത്യേക രുചിയാണ് മഴയൊച്ചയിലലിഞ്ഞ് കുടിക്കുമ്പോളെന്നു, കാൻറീനിലെ സമോവർ ചൂടുള്ള മധുരമില്ലാത്ത ചായ ഓർമ്മിപ്പിച്ചു.

ഇഷ്ടക്കേടുകളെ ആനന്ദമാക്കി മഴച്ചിന്തകൾ ചൂടു ചായക്ക് മുകളിലൂടെ പറന്നുയരമ്പോഴായിരുന്നു അഷ്റഫ് മുന്നിൽ വന്നിരുന്നത്.

“ന്താ ഒരു ആലോചന. ..നിന്നെ കാണാനിരിക്കുകയായിരുന്നു ഞാൻ. വയനാട് ഉരുൾപൊട്ടലിനിടയിൽ നടന്നൊരു സംഭവമുണ്ട്, നീ അതൊന്നെഴുതണം.”

“എന്നെക്കൊണ്ടാവില്ലെടോ ദുരന്തങ്ങളെ അക്ഷരത്തിലൊതുക്കുവാൻ”

“ജാഡ കളിക്കാതെ, ഞ്ഞി ബന്യാമിനോ ഞാൻ നജീബോ ആവേണ്ട, മ്മക്ക് ഒരു ആടുജീവിതം രചിക്കുകയും വേണ്ട”

“എടാ തെറ്റിദ്ധരിക്കല്ലേ. ദുരന്തങ്ങളെ കാത്തുനിന്നതെന്നപോലെ കഥകളും കവിതകളും വായനയ്ക്കപ്പുറം കരകവിഞ്ഞൊഴുകിയിട്ടുണ്ട്.”

പിണങ്ങി എഴുന്നേറ്റവനെ ബലത്തോടെ പിടിച്ചിരുത്തി ഒരു ചായക്കും രണ്ട് പഴം പൊരിക്കും ഓർഡർ ചെയ്തു. അല്പ നേരം മൗനം ഭുജിച്ചിരുന്നവൻ പതുക്കെ പറഞ്ഞു തുടങ്ങി.

“കർക്കടക മഴയിൽ പൊള്ളിയ നദിയയേയും ഇഹാബിനെകുറിച്ചുമാണെനിക്ക് പറയാനുള്ളത്.

ഇഹാബ് എന്റെ മൂത്ത ഇക്കാക്കയുടെ മകനാണ്. ബാംഗ്ലൂരിൽ ഐ.ടി മേഖലയിലാണ് ജോലി. ബഹുമാനവും സ്നേഹവുമുള്ള ഒരു പാവം പയ്യനാണവൻ. നീലക്കണ്ണുകളും ചുരണ്ടമുടിയും റോസ് നിറവുമുള്ള അവനൊരു സുൽത്താനാണ് കാഴ്ചയിൽ.

‘പാരമ്പര്യം അല്ലാതെന്താ’ അതും പറഞ്ഞു അഷ്റഫ് എന്നെ നോക്കി കണ്ണിറുക്കി.

കഥ കേൾക്കാനുള്ള താത്പര്യം മൂലം മറു കൗണ്ടറടിച്ചു അവനെ തളർത്താൻ ഞാൻ മുതിർന്നില്ല.

കഴിഞ്ഞമാസാദ്യം നാട്ടിൽ വന്നപ്പോൾ ഇഹാബ് വീട്ടിലും വന്നിരുന്നു. ഫോണിലൊറ്റയ്ക്കു മാറിനിന്നുള്ള സംസാരവും കുത്തിക്കുറിക്കലും കണ്ടു ഞാനവനെ കളിയാക്കിയിരുന്നു.

“എടാ, ന്തേലും ഉണ്ടേലു കൊച്ചാപ്പയോട് പറയണേ, മ്മക്ക് ശരിയാക്കാം”

“കമ്പിനിയില് ഒരർജൻറ് ജോബ് വന്നിക്ക്, അയിന്റെ കാര്യം പറേന്നാ” സൂത്രത്തിലെന്നിൽ നിന്നു തെന്നി മാറിയെങ്കിലും, പോകാനിറങ്ങുമ്പോൾ അവനെന്നോട് പറഞ്ഞു….,

“കൊച്ചാപ്പാന്റെ സഹായം വേണ്ടി വരും. വിശദമായി പിന്നെ പറയാം”

കൈ ഉയർത്തി ഞാനെന്റെ ഉറപ്പ് പ്രഖ്യാപിച്ചു. കൊച്ചാപ്പ എന്നതിലുപരി എല്ലാം കാര്യവും പങ്കുവെക്കുന്ന സുഹൃത്തും കൂടിയാണ് ഞാനവന്.

രണ്ടാഴ്ചക്കു ശേഷം അവനെന്നെ ഫോണിൽ വിളിച്ചു, അവനകപ്പെട്ട വള്ളിക്കുരുക്കിൽ എന്നെയും കുരുക്കിയിട്ടു. അവനൊരു പ്രണയം. ഫേസ് ബുക്കിലെ സാഹിത്യ ഗ്രൂപ്പിൽ നിന്നു മൊട്ടിട്ടു പൂത്ത വിശുദ്ധ പ്രണയം. മാളുകളും, പിസാ ഷോപ്പുകളും കയറിയിറങ്ങി പ്രണയമവർ കൊട്ടിഘോഷിച്ചിട്ടില്ല. മുണ്ടക്കൈ ശിവക്ഷേത്രത്തിൽ നടന്ന അന്നദാന ചടങ്ങിലാണ് അവർ നേരിട്ട് കണ്ടത്, അതും പരസ്പരമൊന്നു മിണ്ടാതെ, മിഴകളറിയാതെ, കാതുകളറിയാതെ.

നദിയ, അവിടുത്തെ ഒരു സ്കൂളിൽ ഗസ്റ്റ് അധ്യാപികയാണ്. മീൻ വില്പനക്കാരനായ വാപ്പയും അഞ്ചിലും ഏഴിലും പഠിക്കുന്ന രണ്ടിളയ സഹോദരിമാരുമടങ്ങുന്ന ഒരു ചെറിയ കുടുംബം.

പറയത്തക്ക തറവാട് മഹിമയും സാമ്പത്തിക ഭദ്രതയുമില്ലാത്ത നദിയയുടെ കുടുംബവുമായി ഒരു ബന്ധത്തിനു ഇക്കാനെ മെരുക്കാനുള്ള ദൗത്യമെന്നെ ഏല്പിച്ചു. അതുകേട്ടപ്പഴേ ഞാനവനോട് പറഞ്ഞു,

“കൊറിയിലെ കിംഗ് ജോങിനെ മ്മക്ക് വരുതിയിലാക്കാം, ന്നാ അന്റെ വാപ്പാനോട് ആവില്ലെടാ”

“കൊച്ചാപ്പാ ങ്ങള് പറഞ്ഞാലേ വാപ്പാ കേൾക്കൂ, ങ്ങളെ വാപ്പയ്ക്ക് വല്യ കാര്യാ” അവനെന്നെ പതപ്പിച്ചങ്ങു വീഴ്ത്തി.

നദിയയുടെ കുടുംബത്തെ കുറിച്ച് ചെറിയൊരു അന്വേഷണമൊക്കെ നടത്തിയതിനു ശേഷം, നിരന്തരമായ പോർവിളികൾക്കൊടുവിൽ ഞാനിക്കാനെക്കൊണ്ട് ഒരു അർദ്ധസമ്മതം മൂളിപ്പിച്ചു. ജൂലൈ 30 ന് ഉച്ചതിരിഞ്ഞു പെണ്ണുവീട് സന്ദർശിക്കാനുള്ള തീരുമാനവുമെടുപ്പിച്ചു.

29- തിന് രാത്രി ഇഹാബ് വിളിച്ചിരുന്നു

“കൊച്ചാപ്പാ ഞാനും കൂട്ടുകാരും മൂന്നു മണിയോടെ മാനന്തവാടി ടൗണിൽ വന്നു നിലക്കാം. ങ്ങളിപ്പം ഏടയാ?

“എടാ, ഞാനിന്നലേ കണ്ണൂരിൽ നിന്നിങ്ങു പോന്നിക്ക്. വയനാട്ടിൽ പെരുമഴയാ. ന്തേലും ഉണ്ടേല് അങ്ങോട്ട് വിളിച്ചു പറയാം” എന്നെ വിളിച്ചതിനുശേഷം അവൻ നദിയയേയും വിളിച്ചിരുന്നു. അവൾക്കും പെരുമഴയെക്കുറിച്ചുള്ള ആശങ്ക തന്നെയായിരുന്നു പറയാനുള്ളത്.

രാത്രി പതിനൊന്നര മണിക്ക് നദിയ ഇഹാബിനൊരു മെസേജ് അയച്ചു. എന്റെ നോട്ടം കണ്ടിട്ടാവാം, അഷ്റഫ് അവന്റെ മൊബൈലിലേക്ക് ഇഹാബ് അയച്ചു കൊടുത്ത മെസേജ് തുറന്നു തന്നിട്ടു, വായിക്കാൻ പറഞ്ഞു. മെസേജുകൾ സ്ക്രോൾ ചെയ്തു വായിച്ചു.

“ഇക്കാ ഈ പെരുമഴ മ്മളെ സ്വപ്നങ്ങളെ ഒഴുക്കി കളയുമോ?എനിക്കെന്തോ വല്ലാത്തൊരു പേടി”

“നദിയ, നീ എന്തിനാ വേറുതേ പേടിച്ചിരിക്കുന്നത്. മോഹിപ്പിക്കുന്ന മോഹങ്ങൾ വാരിക്കോരി തരുന്നവളല്ലേ മഴക്കിനാവ്. നല്ല കിനാവ് കണ്ട് കിടന്നുറങ്ങെന്റെ ഖൽബേ. ബാക്കിള്ളോരു ഉറങ്ങിയോ?”

“നാളെ എന്തല്ലോ ഒരുക്കാനുണ്ടെന്ന് പറഞ്ഞു ഉമ്മയും വാപ്പയും നേരത്തെ കിടന്നു. ദേ പിന്നെ, ന്റെ പുന്നാര ഹൂറിമാർ ഇവിടെ എന്നേം കെട്ടിപ്പിടിച്ചു നല്ല ഉറക്കമായിട്ടുണ്ട്. ഇത്ര നേരം ഓല് ങ്ങള വിശേഷം ചോദിച്ചറിയുകയായിരുന്നു.”

“പുയ്യാപ്ലേന ഓലിക്കിഷ്ടായോ?”

“മം. ഞാനിന്നാ ഓലിക്ക് ങ്ങളെ ഫോട്ടോ കാണിച്ചു കൊടുത്തത്. രണ്ടാൾക്കും ങ്ങളോട് എന്തൊക്കയോ സ്വകാര്യം പറയാനുണ്ടു പോലും. ഓല് ങ്ങക്ക് തരാൻ ന്തോ സമ്മാനവും ഒരുക്കി വെച്ചിട്ടുണ്ട്”

“അനിയത്തി കുട്ടികളെ കാണാൻ എനിക്കും തിടുക്കമായി. ഇന്ന് ഘടികാര സൂചിക്ക് ഒരു മന്ദിപ്പുണ്ടല്ലേ”

“ന്തൊരു മിന്നലാ പേടിയാവുന്നു, ഞാളെ കെട്ടിപിടിക്കണേയെന്നു ഏല്പിച്ചിട്ടാണു രണ്ടാളും ഉറങ്ങിയത്. ഇക്കാ, മഴ പിന്നെയും ശക്തിയായിട്ടുണ്ട്. ഇടിയും മിന്നലും ഉറങ്ങാനാവുന്നില്ല”

“നമുക്കിന്നുറങ്ങേണ്ട. മഴയെ പെരുത്തിഷ്ടമല്ലേ നിനക്ക്. പെരുമഴയിൽ പ്രിയപ്പെട്ടവനോടൊപ്പം കുടയുടെ ചെറുവട്ടത്തിലൊതുങ്ങി സൂചിപ്പാറയിലെ കറുത്ത പാറമേൽ മഴ കൊട്ടുന്ന താളം കേൾക്കണമെന്നു എഴുതിയവളല്ലേ നീ “

“പക്ഷേ ഇന്നത്തെ മഴയൊച്ചയിൽ ഒരാന്തലുണ്ട്. ഏതോ ദുരന്ത സൂചന പോലെ”

“നീ നെഗറ്റീവടിക്കാതെ. മണ്ണിന്റെ പ്രിയതയാണ് മഴ, പിന്നെങ്ങിനെയാ മണ്ണിന്റെ മക്കളെ ദ്രോഹിക്കാനാവുക. നീ ഒന്നു റൊമാൻസാവടോ. ആർത്തലയ്ക്കുന്ന മഴയൊച്ച കമിതാക്കൾക്ക് ഇഷ്ടരഹസ്യമോതാനുള്ള നിമിഷങ്ങളാണ്. നിനക്കെന്നോട് രഹസ്യങ്ങളൊന്നും പറയാനില്ലേ?”
“മാനത്തു പറക്കുന്ന കർക്കടക മേഘങ്ങളുടെ കാതിൽ രഹസ്യങ്ങളോതി അങ്ങോട്ടയക്കണമെന്നാശയുണ്ട് പക്ഷേ മേഘങ്ങളിന്ന് വെള്ളി ഉറുമി വീശി തലയിട്ടുരുട്ടി നെഞ്ചിളക്കി അലറുകയാ”

“നീ എന്നെ ബോറടിപ്പിച്ചു കൊല്ലോ?”

“ഇക്കാ വിരൽ തുമ്പിലും മനസ്സിലുമിന്നു ജിന്നിന്റെ കളിയാട്ടമാണ്. കഴിഞ്ഞവർഷം മഴവെള്ളപ്പാച്ചിലിൽ മരണപ്പെട്ട രണ്ടാം ക്ലാസിലെ സിനാൻ സ്കൂൾ മുറ്റത്ത് വെള്ള പുതച്ചു ഉറങ്ങിയതോർമ്മ വരുന്നു. ചന്ദനത്തിരിയുടേയും രാമച്ച ഗന്ധവും മഴയൊച്ചയുമായി ചേർന്ന മരണ സിംഫണി കാതിലടിക്കുന്നു.”

“നീ എന്താ ഇങ്ങനെയൊക്കെ പറയുന്നത്. മഴയ്ക്കൊരു മണമുണ്ട് അത് മരണത്തിന്റെയല്ല മറിച്ചു മണ്ണിനെ തൊട്ടറിഞ്ഞു മണ്ണിലേക്ക് അലിഞ്ഞിറങ്ങുന്ന മഴയുടെ ഗന്ധമാണത്”

“ഇക്കാ, മഴയും കാറ്റും ഇരുട്ടിനോട് കൂട്ട് കൂടി ഭീതി ചിതറി തെറുപ്പിക്കുന്നുണ്ട്. ഞാൻ ജനലിലൂടെ മഴയുടെ വീഡിയോ എടുത്തയക്കാം”

“നദിയാ വീഡിയോ കണ്ടു ശക്തമായ മഴയാണല്ലോ. അടുത്ത വീടുകളിലൊന്നും ആളില്ലേ! കാഴ്ച മൂടുന്ന ഇരുട്ടാണല്ലോ”

“കുറേപ്പേർ മാറിപോയിട്ടുണ്ട്. ഉപ്പ പറേന്നത് മ്മളെ മണ്ണല്ലേ ഒന്നും സംഭവിക്കില്ലാന്നാ. ഇക്കാ നിങ്ങളൊന്നു വിളിക്കോ. എനിക്ക് ങ്ങളെ ശബ്ദം കേൾക്കണം. പുറത്ത് ന്തൊക്കയോ പൊട്ടുന്ന ശബ്ദം കേൾക്കുന്നുണ്ട്. ഇക്കാ വേഗം വിളി”

“നീ പേടിക്കല്ലേ,ധൈരമായിരിക്ക്. ഞാനങ്ങോട്ടു വിളിക്കാം”

മെസേജ് വായിച്ചതിനു ശേഷം മൊബൈൽ തിരിച്ചു നൽകി ഞാനവനെ നോക്കി. അഷറഫ് തലതാഴ്ത്തിയിരിക്കുകയായിരുന്നു.

ഇഹാബ് നദിയയുടെ ഫോണിൽ തുടരെ വിളിച്ചെങ്കിലും പ്രതികരണവുമുണ്ടായിരുന്നില്ല. മെസേജുകൾക്ക് മറുപടിയും. പുലർച്ച രണ്ടുമണിക്ക് ഇഹാബിന്റെ വിളി വന്നു. അപ്പോഴേക്കും പുഞ്ചിരിമട്ടത്തെ ഉരുൾ വിഴുങ്ങിയ വാർത്ത അറിഞ്ഞു തുടങ്ങിയിരുന്നു. ഞാനവനോട് കാര്യങ്ങൾ ചുരുക്കി പറഞ്ഞു, അവനും കൂട്ടുകാരും അവിടന്നിറങ്ങിയെന്നറിയിച്ചു.

ഇക്കയും ഞാനും നാലുമണിയോടെ മുണ്ടക്കൈ എത്തിയിരുന്നു. തോരാതെ ചെയ്യുന്ന മഴ, ആംബുലൻസകളുടെ നീണ്ട രോദനം, മഴ പരിക്കേല്പിച്ച റോഡുകൾ പോലീസുകാരുടെ കർശന നിർദ്ദേശങ്ങൾ എന്തു ചെയ്യണമെന്നറിയാതെ ഞങ്ങൾ കുഴങ്ങി നിന്നു.

നദിയയുടെ വാപ്പ ഗഫൂറിനെക്കുറിച്ചും നദിയെക്കുറിച്ചും ഞങ്ങൾ പലരോടും അന്വേഷിച്ചു. പരിചയമുള്ളവരെ വിളിച്ചു. നിരാശയായിരുന്നു ഫലം.

രാവിലെ എട്ടുമണിയോടെ ഇഹാബും കൂട്ടുകാരായ അരവിന്ദും സുഹൈലുമെത്തി. ഭ്രാന്തനെ പോലെ ഇഹാബ് പലരേയും ഫോൺവിളിക്കുകയും പോലീസുകാരോട് തട്ടിക്കയറുകയും ചെയ്തു.

ഉരുൾപൊട്ടലിന്റെ ഭീകരമായ ദൂരക്കാഴ്ചകളറിഞ്ഞു തുടങ്ങി.

ആരോടോ വാശിതീർക്കുന്ന കർക്കടകമഴ, മണ്ണും പാറക്കഷ്ണങ്ങളും വേരറ്റ മരങ്ങളും തോളിലേറ്റി, നാടിനെ കയ്യേറി, മുറിച്ചു, വഴിതെറ്റിപ്പായുന്ന ചോരപ്പുഴ. മണ്ണു പുതച്ചെത്തുന്ന ജീവനുള്ളതും ജീവനറ്റതുമായ ഉടലുകൾ. വിവരിക്കാവില്ലെടോ അന്നു കണ്ട കാഴ്ചകൾ.

അഷ്റഫ് കണ്ണുകളടച്ചു മൗനമായിരുന്നു ഒരു നിമിഷം. ഞാനവന്റെ തോളത്ത് പതുക്കെ തടവി. അഷ്റഫ് കർച്ചീഫിൽ മുഖം അമർത്തി തുടച്ചു പറഞ്ഞു.

ആശുപത്രികളിലും പുനരധിവാസകേന്ദ്രങ്ങളിലും പലവട്ടം കയറിയിറങ്ങി. ആശുപത്രിയിൽ വെച്ച് ഞങ്ങൾ നദിയയുടെ മാമയേയും കുറച്ചു ബന്ധുക്കളേയും കണ്ടു. അവരും അന്വേഷണത്തിലായിരുന്നു. വീടിന്റെ തറ മാത്രമേ അവശേഷിച്ചിട്ടുള്ളൂ എന്ന ദുഃഖ സത്യം അവരിൽനിന്നറിഞ്ഞു. ഒറ്റരാത്രികൊണ്ടു മഴവെള്ളം മണ്ണിലാഴ്ത്തിയ പ്രദേശത്ത് നിന്നു രക്ഷാപ്രവർത്തകർ കൊണ്ടുവരുന്നു ഒരോ ബോഡിയുടേയും പിന്നാലെ ഓടി ഞങ്ങൾ തളർന്നു പോയിരുന്നു. അതിലൊരാൾ പറയുന്നുണ്ടായിരുന്നു

“കയ്യിൽ നിന്നും മയ്യത്തിന്റെയും ചോരയുടേയും പച്ചമണം മാറാൻ എത്ര കാലങ്ങളെടുക്കും,ന്റെ റബ്ബേ!”

ദുരന്തം കഴിഞ്ഞതിന്റെ പിറ്റേ ദിവസമായിരുന്നു ഗഫൂറിന്റെയും ഭാര്യയുടേയും അനിയത്തിക്കുട്ടിമാരുടേയും വീർത്തുന്തിയ ശരീരം പുഴ തിരിച്ചേല്പിച്ചത്.

താത്ക്കാലികമായി കെട്ടിയ ഷെഡ്ഡിൽ, കൂടിനിന്നവരിൽ നിന്നാരല്ലോ ചേർന്നു ‘യാസിൻ സൂറത്ത്’ ഓതി. കുട്ടികളെ ഒരു നോക്കു കാണാനെത്തിയവർ തേങ്ങുമ്പോൾ ഇഹാബ് അരവിന്ദൻന്റെ തോളിൽ ചാരി വിങ്ങിപ്പറയുന്നുണ്ടായിരുന്നു.

“കൊച്ചാപ്പാ, അവരെനിക്കു വാങ്ങിച്ചു വെച്ച സമ്മാനം തന്നില്ലാലോ? നോക്ക് അവരെന്നോട് ന്തൊക്കയോ പറയന്നുണ്ട്”

“ലാഹിലാഹഇല്ലള്ളാ” ചൊല്ലി സ്വപ്നം കണ്ടുറങ്ങിയ വീടോ ഉറ്റവളോ ഇല്ലാതെ മേപ്പാടി പള്ളിയിലെ ഖബറിലേക്ക് അവർ യാത്രയാകുമ്പോൾ, വേവലാതിയോടെ മഴ കണ്ണീർച്ചാലിൽ ചാറ്റുന്നുണ്ടായിരുന്നു.

തിരച്ചിൽ നീണ്ടു പോയ നാലാമത്തെ ദിവസവും നദിയയെക്കുറിച്ച് സൂചനയൊന്നും ലഭിച്ചില്ല. കണ്ടുകിട്ടാത്തവരുടെ കൂട്ടത്തിൽ നദിയയുടെ പേരും ചേർത്തെഴുതി വെച്ചു.

മുണ്ടക്കൈ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്നു കൊണ്ടുപോയ ഒരു പെൺകുട്ടി ബോധമില്ലാതെ കോഴിക്കോട് മെഡിക്കൽ കോളേജിലുണ്ടെന്നും അവരങ്ങോട്ട് പോകന്നുണ്ടെന്നും പറഞ്ഞു അഞ്ചാം ദിവസം പുലർച്ച നദിയയുടെ മാമയുടെ ഫോൺ വന്നു.

മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐ.സി.യു വാർഡിനു മുമ്പിൽ വെച്ചു പെൺകുട്ടി നദിയയാണന്നറിഞ്ഞ നിമിഷം ഇഹാബ് സ്ഥലകാലബോധം മറന്നു പൊട്ടിക്കരഞ്ഞു. ശരിക്കുമവൻ പൊട്ടിച്ചിരിക്കുകയായിരുന്നു.

ശ്വാസകോശങ്ങളിലടിഞ്ഞു കിടന്ന ചെളിമണ്ണ് മാറ്റാനായിട്ടണ്ടെന്നും, പ്രതീക്ഷയോടെ കാത്തിരിക്കാൻ ഞങ്ങളോടാവിശ്യപ്പെട്ട ഡോക്ടർ പത്താം ദിവസം ശുഭ വാർത്തയുമായിട്ടാണെത്തിയത്.

പൂർണ്ണമായി ഭേദമായിട്ടില്ലെങ്കിലും അവളെ വാർഡിലേക്ക് മാറ്റിയിട്ടുണ്ട്. ഇഹാബ് സ്നേഹം പകർന്നു അവളോടൊപ്പമുണ്ട്. ഉപ്പയും ഉമ്മയും അനിയത്തിക്കുട്ടികളും നഷ്ടമായതവളെ അറിയിച്ചിട്ടില്ല. പടച്ചോനവൾക്ക് എല്ലാം താങ്ങാനുള്ള കരുത്തേകണേ എന്നൊരു പ്രാർത്ഥന മാത്രമേയുള്ളൂ.

അഷ്റഫ് ഒന്നും പറയാതെ കാൻറീനിൽ നിന്നെഴുന്നേറ്റു പോയി. തണുത്തുറഞ്ഞു പോയ ചായയും പകുതി കടിച്ചു വെച്ച പഴംപൊരിയും ഇഷ്ടമില്ലാതെ കഴിച്ചു ഞാനും കാൻറീൻ വിട്ടു.

വേദനയിൽ മധുരിച്ച പ്രണയവും വേർപാടിന്റെ സങ്കടപ്പെയ്ത്തും മഴ നനഞ്ഞ ഓർമ്മകളും നെഞ്ചിനെ ഉഴതുമറിച്ചു കഥാബിജം പാകാനുള്ള നിലമൊരുക്കി.

പേമാരി പെയ്ത കർക്കടകരാവും, വഴിമറന്നൊഴുകിയ കണ്ണാടിപ്പുഴയും, കവർന്നെടുത്ത സ്വപ്നങ്ങളത്രയും, ഇഹാബ് നദിയക്ക് തിരിച്ചേകുമെന്ന പ്രതീക്ഷയോടെ, മഴയൊതുങ്ങി നിന്ന പാതയിലൂടെ മനസ്സിനുള്ളിൽ മിഴി നനഞ്ഞുകിടക്കുന്ന ഇഹാബിന്റെയും നദിയയുടേയും ഓർമ്മശകലങ്ങളുമായി ഞാനും നടന്നു.