വെയിൽ കനത്തുവരുന്ന കരുണയില്ലാത്ത വേനപ്പകലിൽ വേലിച്ചുള്ളികൾ ഉണങ്ങിപൊട്ടുന്നതിന്റെയോ ഉഷ്ണച്ചൊരുക്കിൽ ദാഹിച്ചു നാക്കുനീട്ടുന്നതുപോലെ വൃക്ഷത്തലപ്പുകൾ വായുവിൽ ഉരസി ഉലയുന്നതിന്റെയോ ശബ്‌ദങ്ങൾ മാത്രം ചുറ്റിലും. കുറുക്കൻകുന്ന് സൊസൈറ്റി കെട്ടിടത്തിന് പിന്നിലുള്ള ഇടവഴിയിൽ നിന്ന് മെറ്റൽ ചിതറിയ ചെറുനിരത്തിലേക്ക് തിടുക്കപ്പെട്ട് പ്രവേശിക്കുമ്പോൾ ആയിശുവിന്റെ കാൽവിരൽ ഒരു കല്ലിൽ തട്ടി ചോരപൊടിഞ്ഞു. ഈ പകലിൽ പതിവില്ലാത്ത കനത്ത നിശ്ശബ്ദതയോർത്ത് വേദനക്കിടയിലും ആയിശു ആശ്ചര്യപ്പെട്ടു. ഇത്രയും വിജനമായി കിടക്കാൻ മാത്രം ഈ പതിനൊന്നര മണിക്ക് എന്തുപറ്റിയെന്ന് ആലോചിക്കുമ്പോഴേക്കും, ഒരു സൈക്കിൾ വിറച്ച് വിറച്ച് മുന്നിൽ വന്നുനിന്നു,
“എവിടക്ക്യാ മോളെ ഈ നട്ടാറ വെയിലത്ത്?”
“മോന് സുഖുല്ല, ഭട്ട് വൈദ്യരെ കാണിക്കണം.”
“അയന് ഇപ്പൊ ബെസ്സൊന്നുല്ല, ബെന്തല്ലേ… മോള് ഇപ്പൊ വീട്ടിപ്പോ, അവ്ടെ ടൗണില് എന്തൊക്ക്യേ പ്രെശ്നങ്ങളുണ്ട്.”
സൈക്കിളിൽ വന്ന പരിചയക്കാരൻ പറഞ്ഞതുകേട്ട്, അവൾ തന്റെ പരന്ന നെറ്റിത്തടം പലമടക്കുകളായി ചുളിച്ച് തെല്ലൊന്ന് ആശങ്കിച്ച് നിന്നു. അന്നേരം ഒരു കുഞ്ഞുതൂവാല പുതപ്പിച്ച് തന്റെ മാറിൽ കമിഴ്ത്തികിടത്തിയ കുഞ്ഞിന്റെ കുറുങ്ങൽ അസാമാന്യമായ രീതിയിൽ ഉയരുന്നത് ആയിശു അറിഞ്ഞു. മറ്റൊന്നും ആലോചിക്കാൻ നിൽക്കാതെ അവൾ ഉറച്ച തീരുമാനത്തോടെ മുന്നോട്ട് തന്നെ നീങ്ങി.
“ഐശൂ, എന്താ നിന്റെ വിശേഷം…. എനിക്ക് ലീവ് കിട്ടീട്ടില്ല, ഈയടുത്തൊന്നും വരാൻ പറ്റുമെന്ന് തോന്നണില്ല” നടക്കുമ്പോൾ, ദുബൈയിൽ നിന്ന് മിനിയാന്ന് വന്ന ഇക്കയുടെ കത്തിലെ മനസ്സിലുടക്കിയ വാക്കുകൾ മാത്രം അപ്പോൾ തികട്ടിവന്നു.
ചൊറിഞ്ഞുവന്ന മൂക്ക് ഇടതുകൈപ്പുറം കൊണ്ട് അമർത്തിത്തുടച്ചപ്പോൾ പറ്റിയ ജലം ചായക്കറ മെഴുകിയ ഉടുമുണ്ടിൽ തുടച്ച്, അടിച്ച് പത വരുത്തിയ പാൽചായ ടേബിളിൽ ചെറിയ ശബ്‌ദത്തോടെ വെച്ചുകൊണ്ട് അയമ്മുക്ക, അന്നേരം ചായക്കടയിൽ ഉള്ളവർ തമ്മിൽ കുശലം പറയുന്നതിനിടെ ആരോടുമല്ലെന്ന മട്ടിൽ ചോദിച്ചു, ഈ പെണ്ണ് ഇതെവ്ടക്കാവോ, ഈ പ്രെശ്നങ്ങൾക്ക് എടക്ക്…
അയമ്മുക്കയുടെ ചായക്കടയിൽ തന്നെ തുറിച്ചുനോക്കുന്നവരെ തിരിഞ്ഞുനോക്കാതെ നടന്ന്, ദേശീയപാതയെ സന്ധിക്കുന്ന കുറുക്കൻകുന്ന് കവലയിലെത്തിയപ്പോൾ മൂന്നോ നാലോ പോലീസുകാർ ലാത്തിയുമേന്തി അവിടെ ഉലാത്തുകയാണ്. പോലീസുകാരെ കാണുന്നത് തന്നെ അവൾക്ക് ഭയമാണ്. അവരെ കുറിച്ച് നല്ലതൊന്നും അവൾ മുമ്പ് കേട്ടിട്ടില്ല.
പോലീസുകാർ തന്നെ ശ്രദ്ധിക്കുന്നുണ്ടോ എന്നവൾ പാളിനോക്കി. അവർ എന്തോ തമാശ പറഞ്ഞ് ചിരിക്കുകയാണ്. അവരുടെ നോട്ടമേൽക്കാതിരിക്കാനുള്ള സൂക്ഷ്മതയോടെ അവരെ മറികടന്ന്, ഭയാനകമായ മൂകത തളംകെട്ടിനിൽക്കുന്ന ദേശീയവീഥിയിൽ പ്രവേശിച്ച് അവൾ നടത്തം തുടർന്നു.
അനക്കമില്ലാത്ത പകൽ. സ്വതവേ തിരക്കുള്ള ദേശീയപാതയിൽ ഒരു വാഹനവും കാണാനില്ല. നിശ്ശബ്ദതയുടെ ശബ്ദങ്ങൾ മാത്രം! ചുട്ടുപഴുത്ത പകലിലെ തണൽമരങ്ങൾ പൊഴിക്കുന്ന കരിയിലകൾ താഴെ വിശാലമായ വീഥിയിലെ പരുപരുത്ത ടാറിങ്ങിൽ കാറ്റിന്റെ താളത്തിനനുസരിച്ച് പറന്നിറങ്ങുന്നതിന്റെയും ഉരസ്സിപൊങ്ങുന്നതിന്റെയും ഒച്ചകൾ. അപ്പോഴും, ഇലയുറങ്ങും രാത്രിയാമങ്ങളിലെ ഘടികാരസൂചിയുടെ താളം പോലെ മാറത്തമർന്നു കിടക്കുന്ന കുഞ്ഞിന്റെ കുറുങ്ങൽ മാത്രം ആയിശു ഉച്ഛത്തിൽ കേട്ടു.
വെയിൽമുള്ളുകൾ വന്നുകുത്തി നെറുകയിൽ വേർപ്പുപരത്തുന്നുണ്ട്. എണ്ണിയെടുക്കാവുന്ന വിധം നെറ്റിയിലെ ചുളിവുകൾ ആ വെയിലത്ത് കൂടുതൽ തെളിഞ്ഞുനിന്നു. ചെരുപ്പ് തുളച്ചുകയറും വിധം തിളയ്ക്കുന്ന നിരത്തിന്റെ ചൂട് അവളറിഞ്ഞു. ആളനക്കമില്ലാതെ, വണ്ടിയോട്ടമില്ലാതെ വീർപ്പുമുട്ടുന്ന ദേശീയവീഥിയിലൂടെ നടന്നുകുഴഞ്ഞ് ആയിശു രണ്ടു കിലോമീറ്ററെങ്കിലും പിന്നിട്ടിരിക്കണം.
പ്രധാനവീഥിയുടെ ഓരം ചേർന്ന് ഒരു സ്ത്രീരൂപം ധൃതിയോടെ കാലടികൾ വെച്ച് നടന്നടുക്കുന്നത് കണ്ടാവണം, അവിടെ കൂടിനിന്ന പോലീസുകാരിൽ ഒരാൾ ആയിശുവിനെ നേരിടാൻ മുന്നോട്ടാഞ്ഞുവന്നത്. അവൾ കൈയിൽ എന്തോ വാരിപ്പിടിച്ച് വരുന്നതാണെന്ന് അയാൾക്ക് തോന്നി. കുറച്ചുകൂടെ അടുത്തുകണ്ടപ്പോഴാണ്, അതൊരു കുഞ്ഞാണെന്ന് അയാൾക്ക് വ്യക്തമായത്.
“ഏയ്, എങ്ങോട്ടാ പോകുന്നത്? ടൗണിൽ പ്രശ്‌നങ്ങളാണ്, അങ്ങോട്ടൊന്നും പോണ്ടാ, തിരിച്ച് വേഗം വീട്ടീ പൊക്കോ.”
സ്നേഹം കലർന്ന കാർക്കശ്യത്തോടെ പോലീസുകാരൻ അവളെ മടക്കി അയക്കാൻ ശ്രമിച്ചു. പോലീസുകാരനെ അവഗണിച്ച് അവൾ ഒന്നുകൂടെ തിടുക്കത്തിൽ കാലുകൾ വിറപ്പിച്ച് മുന്നോട്ട് നടന്നു. അതോ അവൾ ഓടുകയാണോ? പോലീസുകാർ തമ്മിലെന്തോ കുശുകുശുക്കുന്നത് നടത്തിനിടെയുള്ള ഒരുനിമിഷത്തെ എറിഞ്ഞു നോട്ടത്തിൽ അവൾ കണ്ടു.
തീനാവുകൾ തുവർത്തി കരിവീണ അടുപ്പുകല്ലുകളൊന്നിൽ ഇടതുകൈയൂന്നി, തിളച്ചുമറിയാൻ വെമ്പുന്ന അലുമിനിയം പാത്രത്തിന്റെ അടപ്പ് നീക്കാനുള്ള വെപ്രാളത്തിനിടയിൽ ആയിശുവിന്റെ കൈവിരൽ ചുട്ടുനൊന്തു. പൊതുമ്പും ചൂട്ടും ഉയർത്തുന്ന കരിപ്പൊടി കലർന്ന പുകക്കോളിനിടയിൽ അവളാകെ പുകഞ്ഞു. പതിവുപോലെ ആ പുകവലയം വകഞ്ഞുമാറ്റി അവൾ അടുക്കളപ്പുറത്തേക്കിറങ്ങി.
ഗംഗരയന്റെ കൈയിൽ നിന്ന് വാങ്ങിയ അയല നന്നാക്കുന്നതിനിടെയാണ് അവൾ അരി വെന്തത് നോക്കാനെത്തിയത്. കൈ പൊള്ളിയത് വകവെയ്ക്കാതെ തെങ്ങോല മടക്കിയുണ്ടാക്കിയ വാതിലൊതുക്കിവെച്ച് അയലയിട്ടുവെച്ച മൺചട്ടിയുമായി അടുക്കളപ്പുറത്തേക്ക് അവൾ വീണ്ടുമിറങ്ങി. അപ്പോൾ തന്നെ ശ്രദ്ധ വീണ്ടും വീടിനകത്തേക്ക് പോയി. അകത്ത് കിടന്നുറങ്ങുന്ന കുഞ്ഞിന്റെ കുറുങ്ങലാണല്ലോ അത്. പരിഭ്രമിച്ച് ഓടിച്ചെന്ന് നോക്കുമ്പോൾ, സാധാരണയുള്ള കുറുങ്ങൽ അല്ല, അവൻ ശ്വാസമെടുക്കാൻ വളരെ പ്രയാസപ്പെടുകയാണെന്ന് ആയിശുവിന് മനസ്സിലായി. അയലച്ചട്ടി ഒരു പ്ലേറ്റെടുത്ത് മൂടിവെച്ച്, അടുപ്പിലെ തീ കുത്തിക്കെടുത്തി, അയലിൽ കിടന്ന ഒരു സാരിയെടുത്തുചുറ്റി കുഞ്ഞിനെയുമെടുത്ത് തിടുക്കത്തിൽ അവൾ വീടിനു പുറത്തേക്കിറങ്ങിനടന്നു.
കുറുക്കൻകുന്നിൽ നിന്ന് ദേശീയപാതയിലൂടെ ആറോ ഏഴോ കിലോമീറ്റർ നടന്ന് ലോകമലേശ്വരം നഗരവും കടന്ന് വേണം ദേവിപുരത്തെ കൃഷ്ണഭട്ട് വൈദ്യരുടെ ക്ലിനിക്കിലെത്താൻ. എന്ത് അസുഖം വന്നാലും ആയിശുവിന് ഭട്ട് വൈദ്യരെ കാണലാണ് ആശ്വാസം. അയാളുടെ മരുന്നിലാണ് വിശ്വാസം. എങ്ങിനെയെങ്കിലും വൈദ്യരുടെ അടുത്ത് എത്തിയേ തീരൂ. നഗരത്തിലെത്താൻ ഇനി അര കിലോമീറ്റർ കൂടി കാണുമെന്ന് അവൾ കണക്കുകൂട്ടി. നഗരത്തിൽ നിന്ന് പിന്നെയും മൂന്ന് കിലോമീറ്ററോളം ദൂരമുണ്ട് ദേവിപുരത്തേക്ക്.
കോതനാട് കവലയടുത്തപ്പോൾ കുറച്ച് ആളുകൾ കൂടിനിൽക്കുന്നത് കണ്ടു, അവരുടെ ശബ്ദങ്ങൾ കേട്ടു. നടന്നടുക്കുന്തോറും ആ ശബ്ദങ്ങൾ പതിയെ മുറുകി ചെവിയെ കീഴടക്കി. അത്രനേരം വിജനതയുടെ ഭീതിമൂടിയിരുന്ന അന്തരീക്ഷം ആളുകളുടെ സംസാരത്തിൽ അലിഞ്ഞില്ലാതായി. പോലീസുകാർ ആൾക്കൂട്ടത്തോട് ആക്രോശിക്കുന്നത് കേൾക്കുന്നുണ്ട്. രാഷ്ട്രീയക്കാരുടെ അടിപിടി ഇവിടെ പതിവാണ്. ഒരിക്കൽ രണ്ടുപേർ തമ്മിൽ ചോരവരുന്നതുവരെ തമ്മിൽ തല്ലുന്നത് ഭയം കലർന്ന കൗതുകത്തോടെ നോക്കിനിന്നത് അവളോർത്തു! ബോധമുറയ്ക്കാത്ത കാലത്ത്, ഉപ്പയ്ക്കൊപ്പം കൈപിടിച്ചു നടന്ന തെരുവുകളിൽ രാഷ്ട്രീയ സംഘട്ടനങ്ങൾ കണ്ടിട്ടുണ്ട്. ഒരിക്കൽ രണ്ടാളുകൾ തമ്മിൽ ഉന്തും തള്ളും നടക്കുന്നതിനിടെ ഒരാളുടെ കൈയിലിരുന്ന കത്തി കൊണ്ട് മറ്റേയാളുടെ വിരൽ മുറിഞ്ഞ് തെറിക്കുന്നത്, ഉപ്പയുടെ കൈകൾ വന്ന് പൊത്തിപ്പിടിക്കും മുന്നേ കണ്ടത് അവളപ്പോൾ ചിന്തിച്ചെടുത്തു.
ആൾകൂട്ടശബ്ദം ഉയരുന്നതിനിടയിലൂടെ അതൊന്നും ശ്രദ്ധിക്കാത്ത മട്ടിൽ ആയിശു നടന്നുനീങ്ങി. ഒരു കൂസലുമില്ലാതെ ആ വഴി കടന്നുപോകുന്ന അവളെ ആളുകളും പോലീസും ചുഴിഞ്ഞ് നോക്കി. അതൊന്നും ഗൗനിക്കാതെ, കവലയും പിന്നിട്ട് അവൾ ലോകമലേശ്വരം നഗരത്തിലേക്ക് നടന്നടുത്തു.
വാഹനങ്ങളില്ലാതെ ഒഴിഞ്ഞ നഗരത്തെരുവിൽ പക്ഷെ ആളുകൾ പലവഴിക്കുനിന്ന് ഒഴുകിയെത്തി നിറഞ്ഞിരിക്കുന്നു. വടക്കേ കവലയിൽ എത്തുമ്പോഴേക്ക് അവിടെ, ശ്വാസം വിടാൻ പോലും പറ്റാത്തത്ര തിങ്ങിനിറഞ്ഞ് ജനങ്ങൾ. പോലീസുകാർക്കെതിരെയാണ് അവിടെ പ്രതിഷേധം ഉയരുന്നതെന്ന് അവൾക്ക് മനസ്സിലായി. പോലീസ് സ്റ്റേഷനു മുന്നിലും ബോയ്‌സ് ഹൈസ്‌കൂളിനു മുന്നിലും നിരവധി ആളുകൾ കൂടിയിരുന്ന് മുദ്രാവാക്യങ്ങൾ ആവർത്തിക്കുന്നുണ്ട്. സൈക്കിളിൽ ഡബിൾവെച്ച് പോയ ബോയ്‌സ് ഹൈസ്‌കൂൾ കുട്ടികളെ പോലീസുകാർ തല്ലിയതിന്റെ രോഷമാണ് നഗരത്തിൽ പ്രതിഷേധമായി കത്തുന്നത്. നേരം പോകുന്തോറും ആ പ്രതിഷേധക്കാരുടെ വട്ടം വലുതായി വന്നു.
പ്രധാനവീഥി താണ്ടി നഗരത്തിൽ എത്തുമ്പോഴുണ്ടായ ഭയം ഇപ്പോൾ ആൾക്കൂട്ടാക്രോശങ്ങളുടെ നടുക്ക് കുറേകൂടി മുഴച്ചുനിന്നു. മറ്റൊന്നും കേൾക്കാൻ സാധിക്കാത്ത വിധത്തിൽ അന്തരീക്ഷം ബഹളത്തിൽ മുങ്ങി. മുമ്പെങ്ങോ താലപ്പൊലിക്ക് വന്നപ്പോഴുണ്ടായ ശബ്ദകോലാഹങ്ങൾ അവളോർത്തു. മാറത്ത് ചേർത്തുപിടിച്ച കുഞ്ഞിന്റെ കുറുങ്ങൽ അപ്പോഴും അവൾ തിരിച്ചറിഞ്ഞു. ഇരുകൈകൾ കൊണ്ട് കുഞ്ഞിനെ അണച്ചുപിടിച്ച് ഒപ്പം തന്റെ ഇരുചെവിയും പൊത്തി സാഹസപ്പെട്ട് ആൾക്കൂട്ടത്തെ മറികടക്കുമ്പോഴാണ് പൊടുന്നനെ വെടിപൊട്ടുന്ന ശബ്ദം തലച്ചോറിലേക്ക് തുളച്ചുകയറിയത്. ഒരുനിമിഷം നടത്തം നടുങ്ങിനിന്നുപോയി. അന്തരീക്ഷത്തിൽ വെടിമരുന്ന് കത്തിയ ഗന്ധം. വെടിയൊച്ചകൾ പിന്നെയും ആവർത്തിച്ചു. മുന്നോട്ടോ പിന്നോട്ടോ നീങ്ങാനുള്ള ധൈര്യം ചോർന്നു. ആളുകളുടെ ഇരമ്പൽ. നിലവിളി. തലകറങ്ങുന്നപോലെ.
ആകാശത്തേക്കുയർന്ന തോക്കുകളിലൊന്ന് തിരശ്ചീനമായി ചലിക്കാൻ തുടങ്ങി. ആൾക്കൂട്ടത്തിനിടയിലൂടെ പാഞ്ഞുവന്ന തിര ആരോ ഒരാളുടെ മേൽ തുളച്ചുകയറി. അയാൾ അപ്പോൾ തന്നെ വീണു! വീണ ആളുടെ ജീവൻ തൽക്ഷണം പോയതുറപ്പിച്ച ആളുകൾ നിലവിളിച്ചു. തോൾഭാഗത്ത് വെടിയേറ്റ മറ്റൊരാൾ അലറിക്കരഞ്ഞു. ഉത്കണ്ഠയോടെ ജനങ്ങൾ കടൽത്തിരകണക്കെ ശക്തമായി പിന്നോട്ട് വലിയുന്നത് ഒന്ന് തിരിഞ്ഞുനോക്കിയപ്പോ ആയിശു കണ്ടു.
ഭയാനകമായ രംഗം. ആളുകൾ കുതറിയോടുന്നു, ആരൊക്കെയോ തള്ളിമറിഞ്ഞുവീഴുന്നു. വീണ്ടും വീണ്ടും നിലവിളികൾ. ആളുകൾ തള്ളുന്ന ശക്തിയിൽ വഴി വ്യക്തമാവാതെ എങ്ങോട്ടോ ഒഴുകിപ്പോവുകയാണ് താനെന്ന് അവൾക്ക് തോന്നി. അന്നേരവും കുഞ്ഞ് തന്റെ മാറിൽ ഭദ്രമെന്ന് അവൾ ഉറപ്പുവരുത്തി. പക്ഷെ, ഒരു നിമിഷം, ഒരു വീഴ്ചയിൽ…
ആശുപത്രി മണം മൂക്കിൽ വീശിയടിക്കുന്നതാണ് ഓർമ തെളിയുമ്പോൾ ആയിശുവിന് ആദ്യം അനുഭവപ്പെട്ടത്. പെട്ടെന്ന് തന്നെ ബോധം വീണ്ടെടുത്ത് അവൾ കുഞ്ഞിനെ തിരഞ്ഞു. തൊട്ടരികെ നിന്ന നേഴ്‌സിനോട് “ഞാനെന്താ ഇവിടെ, എന്റെ കുഞ്ഞെവിടെ” എന്ന് ചോദിച്ചു. “ഒരു കുഴപ്പവുമില്ല, അവൻ സുഖമായിരിക്കുന്നു.” ലോകമലേശ്വരം സർക്കാർ ആശുപത്രിയാണതെന്ന് അവൾക്ക് മനസ്സിലായി.
തന്റെ ബെഡിന് തൊട്ടകലെ രണ്ട് പോലീസുകാർ നിൽക്കുന്നതായി മങ്ങിയ കാഴ്ചയിൽ ആയിശു കണ്ടു. അവർ തന്നെ ചൂണ്ടി എന്തോ സംസാരിക്കുകയാണോ? അന്നേരം കുറച്ചു ചെറുപ്പക്കാർ ആ വഴി വന്നു. പോലീസുകാർ അവരെ തടയുകയും തിരിച്ചയക്കാനുള്ള ശ്രമം നടത്തുകയും ചെയ്യുന്ന പോലെ തോന്നി.
ആയിശുവിന് ഒന്നും മനസ്സിലായില്ല. എന്തൊക്കെയാണ് സംഭവിച്ചതെന്ന് അവൾക്ക് ഓർമയുണ്ടായില്ല. ചെറുപ്പക്കാർ പൊലീസുകാരുടെ ശ്രദ്ധ വെട്ടിച്ച് ആയിശുവിന്റെ അടുത്തേക്ക് കടന്നുവന്നു. “മോളേ, ഞങ്ങളാ കോളേജിനടുത്തുള്ളവരാ… ” മുഴുമിപ്പിക്കും മുന്നേ പോലീസുകാർ വന്ന് ചെറുപ്പക്കാരെ ഓടിച്ചു.
“എനിക്കിവിടെ കിടക്കാൻ പറ്റില്ല. മോനെ വൈദ്യരെ കാണിക്കണം.” ബഹളത്തിനിടെ കിടക്കയിൽ കൈ താങ്ങി എണീക്കാൻ ശ്രമിക്കുമ്പോൾ ആയിശു പറഞ്ഞു. “എവിടെയാണ് പോകേണ്ടത്? ഞങ്ങൾ കൊണ്ടുവിടാം, വരൂ.” പോലീസുകാർ മുന്നോട്ടുവന്നു. “ഞാൻ നടന്നുപൊക്കോളാം” “ഈ നട്ടാറ വെയിലത്ത് എങ്ങനെ പോകും?” അവർ പറഞ്ഞതൊന്നും ശ്രദ്ധിക്കാതെ അവൾ ബെഡിൽ നിന്നിറങ്ങി. നേഴ്‌സിന്റെ കസ്റ്റഡിയിൽ നിന്നും കുഞ്ഞിനെ വാങ്ങി ആശുപത്രി കവാടവും കടന്ന് പുറത്തെ തെരുവിലെത്തി, ദേവീപുരം ലക്ഷ്യമാക്കി അവൾ വേച്ചുനീങ്ങി.
ബഹളമയമായ അന്തരീക്ഷത്തിൽനിന്ന് നഗരവീഥി പതിയെ പടിയിറങ്ങി. അങ്ങിങ്ങായി ചില കടകൾ തുറന്നുവെച്ചിട്ടുണ്ട്. അധികം ആളുകളോ വാഹനങ്ങളോ ഇല്ലാത്ത വീഥിയപ്പോൾ അനക്കമില്ലാതെ നീണ്ടുമലർന്നുകിടന്നു. ആ കൊടുംവെയിൽ നേരത്ത് ഒരു കാറ്റുവന്ന് ആയിശുവിന് ശ്വാസം നൽകി.
ദേവീപുരം പ്രധാനവീഥിയുടെ ഓരത്തുതന്നെയുള്ള ഓടിട്ട കെട്ടിടത്തിന്റെ മുകൾത്തട്ടിലാണ് ക്ലിനിക്. ക്ലിനിക്കിലെ വൈദ്യരുടെ സഹായി നായർ നല്ലൊരു മനുഷ്യനാണ്. സ്നേഹവാത്സല്യത്തോടെയുള്ള പെരുമാറ്റം. ക്ലിനിക്കിലെത്തുമ്പോൾ അയാളെ കാണുമ്പോൾ തന്നെ ഒരു സന്തോഷമാണ്. രോഗികൾ ഓരോരുത്തരുടേയും ഊഴമാവുമ്പോൾ അവരുടെ പേര് നീട്ടിവിളിക്കുന്നത് കേൾക്കാനും രസമാണ്. വൈദ്യർ അധികം സംസാരിക്കാറില്ല. വളരെ ഗൗവരത്തിലായിരിക്കും എപ്പോഴും. പക്ഷെ സ്‌നേഹപൂർവമായ പുഞ്ചിരി. വീട്ടുവിവരങ്ങളൊക്കെ ശ്വാസം വിടാതെ ചോദിച്ചുകൊണ്ടിരിക്കും. ചോദ്യങ്ങൾക്കുള്ള മറുപടി ആൾ കേൾക്കുന്നുണ്ടോ എന്ന് സംശയം തോന്നും. പിന്നീട് വൈദ്യരെ കാണാനെത്തുമ്പോൾ അതൊക്കെ തിരിച്ചുപറയുന്നത് കേട്ട് അത്ഭുതപ്പെടും. അധികം മരുന്ന് എഴുതിത്തരാറില്ല. അസുഖം വരുമ്പോഴേക്കും മരുന്നൊന്നും കഴിക്കരുതെന്നാ വൈദ്യർ പറയുക. ഇംഗ്ലീഷ് വൈദ്യരാണെങ്കിലും ചിലപ്പോൾ പച്ചമരുന്നുകളും നിർദ്ദേശിക്കും. അത് വീട്ടിൽ എളുപ്പത്തിൽ ലഭ്യമാവുന്നതാണോ എന്ന് തിരക്കും. അതനുസരിച്ചേ ആവശ്യം വന്നാൽ മരുന്ന് കുറിക്കൂ. ചിലപ്പോൾ സാമ്പിൾ മരുന്നുകൾ തന്നുവിടും.
കുത്തനെയുള്ള ഗോവണിയിലെ കയറുപിടിച്ച് കയറുമ്പോൾ തനിക്ക് പതിവിൽ കൂടുതൽ ഭാരമുള്ളതുപോലെ ആയിശുവിന് തോന്നി. വൈദ്യരുടെ ക്ലിനിക്ക് അടച്ചിട്ടിരിക്കുന്നു! ഇന്നേതാ ദിവസം?
ക്ലിനിക്കിൽ ഇല്ലാത്ത ദിവസം വൈദ്യർ തൊട്ടുപിന്നിലെ തന്റെ വീട്ടിലാണ് ഇരിക്കാറ്. അവശയായെങ്കിലും ആയിശു ഗോവണി വഴി താഴത്തേക്കിറങ്ങി വൈദ്യരുടെ വീട്ടിലേക്ക് നടന്നു. നിശ്ശബ്ദമായി കിടക്കുന്ന, പച്ചക്കാടിൽ പൊതിഞ്ഞ വീട്, ഗേറ്റ് തുറക്കുന്നതിനിടയിൽ അവൾ ശ്രദ്ധിച്ചു. അപ്പോൾ അതുവഴി വന്ന ഒരാൾ ഗേറ്റിനെ ചേർന്ന് നിൽക്കുന്ന ആയിശുവിനെ കണ്ട് അരികെ വന്നു. പിന്നിൽ അനക്കം കേട്ട് തിരിഞ്ഞുനോക്കുമ്പോൾ എന്താ ഇവിടെ കാര്യമെന്ന മട്ടിൽ തന്റെ മുന്നിൽ നിൽക്കുന്ന ആളോട് അവൾ വൈദ്യർ വീട്ടിലില്ലെ എന്ന് ചോദിച്ചു.
“വൈദ്യരെ കാണാൻ വന്നതാണോ? അപ്പോ മോളൊന്നും അറിഞ്ഞില്ലെ? ഇവിടത്തെ വീട്ടുകാരൊക്കെ ലോകമലേശ്വരം ഗെർമണ്ട് ആശുപത്രീലാ. ഇന്ന് നഗരത്തിൽ നടന്ന സമരത്തിനിടെയുണ്ടായ വെടിവെപ്പില് വൈദ്യര് മരിച്ച്, പാവം.” ആയിശുവിന് താൻ കേട്ടത് വിശ്വസിക്കാൻ സാധിച്ചില്ല. അവൾ തലയിൽ കൈവെച്ച് ക്ലിനിക്കിന് മുന്നിലേക്ക് തിരികെ നടന്നു. തലകറങ്ങി വീഴാൻ പോകുന്നപോലെ തോന്നിയപ്പോൾ ക്ലിനിക്കിന്റെ ഗോവണിപ്പടിയിൽ ചെന്നിരുന്നു. അപ്പോൾ, കുഞ്ഞുമകന്റെ നെഞ്ചിലെ ധ്രുതതാളം തന്നിലേക്കുകൂടി പടരുന്നതായി അവൾക്ക് അനുഭവപ്പെട്ടു.
*നട്ടാറ: പൊരിവെയിൽ