നഗര മരങ്ങൾ

ജനലരികെ ഒരു കാക്ക
വിരുന്നു വിളിക്കുന്നു!!
ചോർന്നൊലിച്ചു ദ്രവിച്ചയീ
ഒറ്റമുറിയിലേക്ക്
ആരു വരാനാണ്!!

ചുമരിലെ ചെടികൾ
പറിച്ചെറിയാനായി
കെട്ടിയ മുളയിലാണവളുടെ ഇരിപ്പ്..  

നാട്ടിലെ വാഴകൈയിൽ
വന്നിരുന്നവളുടെ
വംശമാണീ കാക്കയുമെന്നാരു കണ്ടു?

ഇത് നഗരമാണ്,
നാട്ടിലെപ്പോലെ നിലത്തല്ല;
കെട്ടിട ചുമരുകളിലാണ്
മരങ്ങൾ വേരാഴ്ത്തുന്നത്..

കിളിർത്തു വലുതാകുമ്പോഴേക്കും
അപായമണിയാൽ
നഗരസഭ പാഞ്ഞെത്തും..

മനുഷ്യർ കാടായി വളരുന്നിടത്ത്
ചെടികൾക്ക്, മരങ്ങൾക്ക് എന്തുകാര്യം!!!

വയനാട് ജില്ലയിൽ വൈത്തിരി സ്വദേശി. മുംബൈയിൽ പത്രപ്രവർത്തകൻ ആണ്. ആനുകാലികങ്ങളിൽ കഥകളും കവിതകളും എഴുതിവരുന്നു.