നക്ഷത്രങ്ങളെ തിരയുന്ന രാഹുലൻ : ഉൾക്കടൽ – ഡോ ജോർജ് ഓണക്കൂർ

ബൗദ്ധിക ചുറ്റുപാടിൻ്റെ ഉൽപന്നമെന്നു പൊതുവെ നോവലിനെ വിളിക്കാറുണ്ട്. അതിൽ വ്യക്തിഗത അനുഭവത്തിൻ്റെ പ്രാധാന്യം തിരിച്ചറിഞ്ഞ ഒരു എഴുത്തുകാരനാണ് ഡോ.ജോർജ് ഓണക്കൂർ. കഥാകൃത്തും തിരക്കഥാകൃത്തും സഞ്ചാരസാഹിത്യകാരനും സാഹിത്യവിമർശകനുമൊക്കെയായി അദ്ദേഹം അറിയപ്പെടുന്നു.

ഓണക്കൂറിൻ്റെ ഏറ്റവും പ്രശസ്തമായ നോവൽ ഉൾക്കടൽ പ്രസിദ്ധീകരിച്ചിട്ട് അരനൂറ്റാണ്ടാകുന്നു. 1975 ആഗസ്റ്റിലാണ് ഉറൂബിൻ്റെ കാർമ്മികത്വത്തിൽ സാഹിത്യപ്രവർത്തക സഹകരണസംഘം ആദ്യപതിപ്പായി ഉൾക്കടൽ പ്രസിദ്ധീകരിക്കുന്നത്. ഓണക്കൂറിൻ്റെ വാക്കുകൾ കടമെടുത്താൽ ” എങ്ങും അതിൻ്റെ സുഗന്ധം നിറഞ്ഞു.” 1979 ൽ ഉൾക്കടൽ ചലച്ചിത്രമായി. ആദ്യത്തെ ഇന്ത്യൻ കലാലയസിനിമയ്ക്ക് ഇതിവൃത്തമാകാനുള്ള ഭാഗ്യവും അങ്ങനെ ഉൾക്കടലിനുണ്ടായി. കെ.ജി.ജോർജ് സംവിധാനം ചെയ്ത ചിത്രത്തിൻ്റെ തിരക്കഥ എഴുതിയതും ജോർജ് ഓണക്കൂറായിരുന്നു. എത്ര കണ്ടാലും മടുപ്പു തോന്നാത്ത കടലിൻ്റെ സൗന്ദര്യം പോലെ, എത്ര കേട്ടാലും മതിവരാത്ത സംഗീതത്തിൻ്റെ മാധുര്യം പോലെ എന്നായിരുന്നു ആ ചലച്ചിത്രത്തിൻ്റെ പരസ്യവാചകം. എത്ര വായിച്ചാലും മതിവരാത്ത നോവൽ എന്നു ഉൾക്കടലിനെയും വിശേഷിപ്പിക്കാം.

ഒരു സാഹിത്യ രൂപമെന്ന നിലയിൽ നോവലിൻ്റെ വികാസം, ജോർജ് ലൂക്കാച്ചിനെ സംബന്ധിച്ചിടത്തോളം, ജീവിതവുമായി ബന്ധപ്പെട്ട സാഹിത്യദൗത്യത്തിൻ്റെ സമൂലമായ പുനർനിർമ്മാണവുമായി ബന്ധപ്പെട്ടിരുന്നു. ജീവിതത്തിൻ്റെ പൂർണ്ണമായ അസാധ്യതയ്ക്കും അനന്തമായ ആവശ്യകതയ്ക്കും ഇടയിലാണ് നോവൽ സജ്ജീകരിച്ചിരിക്കുന്നത്. ഒന്നുകിൽ ആത്മനിഷ്ഠതയുടെ സ്വയം-പ്രതിഫലനം ഉള്ളിൽ നിന്ന് പൊട്ടിപ്പുറപ്പെടുന്നു. സ്വന്തം സാങ്കൽപ്പികതയുടെ അഹങ്കാരം നിലനിർത്താൻ കഴിയാതെ, അല്ലെങ്കിൽ അതിന് ഒരിക്കലും അവസാനിപ്പിക്കാൻ കഴിയാതെ മനുഷ്യൻ അലയുന്നു. ആത്മാവും ലോകവും തമ്മിലുള്ള പരിഹരിക്കാനാകാത്ത വിള്ളലിൽ നിന്നാണ് ലൂക്കാച്ചിനെ സംബന്ധിച്ചിടത്തോളം സാഹിത്യകലയിലെ രാജ്ഞിയായ നോവൽ എന്ന രൂപത്തിൻ്റെ പ്രശ്നം ജനിച്ചത്. ആദ്യം കേൾക്കുന്ന ശബ്ദങ്ങൾ പോലെ, ദൈവത്തിൻ്റെ മരണവും നോവലിൻ്റെ ജനനവും ആഴത്തിൽ ഇഴചേർന്നിരിക്കുന്നു. ഒരു നോവലിനെ രാഷ്ട്രീയമായോ പ്രത്യയശാസ്ത്രപരമായോ ഫലപ്രദമാക്കുന്നതിനെക്കുറിച്ചുള്ള ഏതൊരു ചിന്തയും അതിൻ്റെ ആത്മജ്ഞാനം, സ്വാതന്ത്ര്യം, മനസ്സും ലോകവും തമ്മിലുള്ള ബന്ധം എന്നിവയെ പ്രതിനിധാനം ചെയ്യുന്ന ദാർശനിക പ്രതിബദ്ധതകളുടെ വീക്ഷണത്തിൽ വിലയിരുത്തണമെന്ന ചിന്താഗതി ലൂക്കാച്ചിനുണ്ടായിരുന്നു. അത്തരമൊരു വീക്ഷണം, തത്ത്വചിന്തയും സാഹിത്യവും തമ്മിലുള്ള, പ്രത്യേകിച്ച്, ദാർശനിക വീക്ഷണങ്ങളും സാഹിത്യ രൂപങ്ങളും തമ്മിലുള്ള ബന്ധം എങ്ങനെ മനസ്സിലാക്കണം എന്ന ചോദ്യം അനിവാര്യമായും ഉൾക്കടൽ ഉയർത്തുന്നുണ്ട്.

മനുഷ്യർ ദാർശനിക മൃഗങ്ങളാണ് എന്ന് എഡ്വേർഡോ മെൻഡീറ്റ എഴുതുന്നു. എന്നിട്ടും ദാർശനിക നോവലുകളോട് മനുഷ്യർക്ക് അത്ര പ്രതിപത്തിയില്ലായെന്നു മൈക്കൾ എച്ച് മിത്തിയാസ് സൂചിപ്പിക്കുന്നു. ദാർശനിക നോവലിന് വളരെ വ്യക്തമായി വേർതിരിക്കാവുന്ന രണ്ട് വിഭാഗങ്ങളുണ്ട്. തത്ത്വചിന്തകൾ ഉദ്ധരിക്കുന്നവയെ ദാർശനിക നോവൽ എന്നു വിളിക്കാം. കഥാപാത്രങ്ങൾ ദാർശനികവാക്യങ്ങൾ ഉദ്ധരിക്കുകയും ദാർശനിക പ്രശ്നങ്ങൾ, പാരമ്പര്യങ്ങൾ, വ്യക്തിത്വങ്ങൾ എന്നിവയെ പരാമർശിക്കുകയും ചെയ്യുന്ന നോവലുകളാണവ, എന്നാൽ അവയിൽ ദർശനം ബാഹ്യവും അനുബന്ധവുമായി നിൽക്കും. ദാർശനിക നോവലിൻ്റെ മറ്റൊരു രൂപത്തെ നമുക്ക് “ദാർശനികചൈതന്യാരോപിത നോവൽ” എന്ന് വിളിക്കാം. അത്തരം നോവലുകളിൽ കഥാപാത്രങ്ങളും വ്യക്തികളും തത്ത്വചിന്തയെക്കുറിച്ച് സംസാരിക്കുകയോ തത്ത്വചിന്താപരമായ വാക്യങ്ങൾ ഉദ്ധരിക്കുകയോ ചെയ്യുകയില്ല. മറിച്ച് അതിലെ കഥാപാത്രങ്ങൾ തത്ത്വചിന്താപരമായ ആശയങ്ങൾക്ക് വേണ്ടി നിലകൊള്ളുന്നവരായിരിക്കും. നോവലിൽ കഥാപാത്രങ്ങൾ ഒരു ദാർശനിക ആശയത്തെയോ, പ്രശ്നത്തെയോ നിലപാടിനെയോ ദൃഷ്ടാന്തികരിക്കും. ഈ രണ്ട് വിഭാഗങ്ങളും കലരുന്ന ഒരു വിഭാഗം വിഭാവനം ചെയ്യാനും സാധ്യമാണ്. നാലാമതൊരു സാധ്യത കൂടിയുണ്ട്. ദാർശനിക പ്രശ്‌നങ്ങളെ ഉദ്ധരിക്കുകയോ ദൃഷ്ടാന്തീകരിക്കുകയോ ചെയ്യുന്നതിനേക്കാളും വ്യക്തവും സംശയരഹിതവുമായി ദാർശനികമാകുന്ന ചില നോവലുകളുണ്ട്. ചില മനുഷ്യപ്രശ്നങ്ങളും ജീവിതപ്രതിസന്ധികളും വെല്ലുവിളികളും അടിസ്ഥാനപരമായി ദാർശനിക പ്രശ്‌നങ്ങളാണെന്ന് നമ്മെ ബോധ്യപ്പെടുത്താൻ അത്തരം നോവലുകൾക്ക് കഴിയും. അങ്ങനെയുള്ള നോവൽ തത്ത്വചിന്തയുടെ ചക്രവാളത്തെ വിപുലീകരിക്കുന്നു, അത്തരത്തിലുള്ള ഒരു ദാർശനികനോവലാണ് ഉൾക്കടൽ.

ഡോ. ജോർജ്ജ് ഓണക്കൂർ

ജീവിതത്തിൻ്റെ അവ്യക്തതയും ജീവിതത്തെക്കുറിച്ചുള്ള ആകുലതയും ഉൾക്കടൽ ആവിഷ്കരിക്കുന്നു. എല്ലാം നഷ്ടപ്പെട്ട നിമിഷത്തിൽ ജീവിതം ദുഃഖമാണെന്നും ആ ദുഃഖത്തേക്കാൾ ആശ്വാസകരമാണ് മരണം എന്നും ചിന്തിക്കുന്ന രാഹുലനാണ് ഉൾക്കടലിലെ നായകൻ. ഒരു യുവാവിൻ്റെയും അയാളുമായി പ്രണയത്തിലാകുന്ന മൂന്നു പെൺകുട്ടികളുടെയും കഥയാണ് ഉൾക്കടൽ. പ്രണയം നഷ്ടപ്പെടാന്‍ വിധിക്കപ്പെട്ട രാഹുലൻ്റെ മനസ്സിനുള്ളിലെ കടലിനെക്കുറിച്ചാണ് ഈ നോവലിൽ പറയുന്നത്. അയാൾക്ക് സമൂഹത്തിൻ്റെ അതിരുകൾ തകർക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. താനൊരു പാവപ്പെട്ട കവിയും ചിത്രകാരനുമാണ്. തനിക്ക് അതിനൊക്കെയുള്ള കരുത്തുണ്ടാകുമോ? ഇതാണ് രാഹുലനെ അലട്ടുന്ന വിഷയം. അയാളുടെ ആത്മാവിൻ്റെ തുളസിത്തറയിൽ കത്തിയെരിഞ്ഞ ഒരു നെയ്ത്തിരിയുണ്ടായിരുന്നു, തുളസി. സ്നേഹത്തിൻ്റെ തുഷാര ബിന്ദുവായിരുന്നു തുളസി. അവളെ അയാൾക്ക് എന്നെന്നേക്കുമായി നഷ്ടപ്പെട്ടു. പിന്നീട് അവിടെ പുതിയൊരു ദീപം കൊളുത്തപ്പെട്ടു, റീന. അവളുമായും അയാൾക്കു പിരിയേണ്ടിവന്നു. അവിടേക്കു മറ്റൊരുവൾ വരുന്നു, മീര.

ജീവിതത്തെ ശ്മശാനത്തോട് ഉപമിക്കുകയും അവിടുത്തെ കാവൽക്കാരനാണ് താനെന്നു കരുതുകയും ചെയ്യുന്ന ഒരു ചെറുപ്പക്കാരനാണ് രാഹുലൻ. പക്ഷേ, ഈറ്റില്ലത്തിനു പുറത്ത് അസ്വസ്ഥനായി ഉലാത്തുന്ന പുരുഷനാണ് അയാൾക്കു ചേരുന്ന രൂപകമെന്നു നോവലിൽ വായിക്കാം. ആത്മാവിൽ ആഴമുള്ള മുറിവുകളുമായി അയാൾ ജീവിതത്തോട് പൊരുതുന്നു. ഒരു തത്ത്വചിന്തകയെപ്പോലെ റീന പറയുന്നു. “ഒന്നിനും ഒരർത്ഥവുമില്ല. സ്വാർത്ഥത സംരക്ഷിക്കാൻ വേണ്ടി ഓരോ പേര് ഓരോന്നിനും നാം നൽകുന്നു. അത്ര തന്നെ ” വീട്ടുകാരോടുള്ള കടമയുടെ പേരും പറഞ്ഞ് റീന അയാളെ ഉപേക്ഷിച്ചു. ആശ്വാസത്തിൻ്റെ നീരുറവ തേടി നടക്കുന്ന രാഹുലിനതൊന്നും മനസ്സിലാകുന്നില്ല. ഏകാന്തതയുടെ ദുഃഖവും പേറി ജീവിതകാലം മുഴുവൻ അലയേണ്ടി വരില്ലേ തനിക്കെന്നാണ് അയാൾ ചിന്തിക്കുന്നത്. അയാൾ വീണ്ടും ഏകനായി. മനസ്സുനിറയെ രക്തം പൊടിക്കുന്ന ഓർമ്മകളുമായി അയാൾ ജീവിക്കുന്നു. ജീവിതത്തിൽ എന്നും ഇരുട്ടു മാത്രമായിരിക്കില്ല. ചിലപ്പോൾ ചില വിളക്കുകൾ അവിടെ തെളിയും. മീര അങ്ങനെ തെളിഞ്ഞ ഒരു വിളക്കാണ്. കൗമാര പ്രണയത്തിലെ നായിക. അപ്പോഴേയ്ക്കും പണ്ടത്തെ പ്രണയ നായിക റീന തിരിച്ചുവരുന്നു. റീനയ്ക്കും മീരയ്ക്കുമിടയിൽ ശാപമോക്ഷം ലഭിക്കാത്ത ശിലപോലെ രാഹുലൻ ചൈതന്യമറ്റു നിന്നു. ഒടുവിൽ മീരയുടെ സ്വപ്നം പൂവണിഞ്ഞില്ല. പക്ഷേ, റീനയുടെ വരവോടെ രാഹുലൻ്റെ ആകാശത്ത് മഴക്കാറുകൾ മാഞ്ഞുപോയിരുന്നു. നക്ഷത്രങ്ങൾ ഉദിക്കുന്നത് കണ്ടു പിടിക്കാനായി രാഹുലൻ്റെ കണ്ണുകൾ ആകാശത്തേക്കു പറന്നു.

വിഷാദാത്മകതയും നിരാലംബതയുമാണ് രാഹുലൻ്റെ ജീവിതത്തെ നിയന്ത്രിക്കുന്നത്. മരണത്തെ മുക്തിപഥമായി സങ്കല്പിച്ചാൽ പ്രത്യാശയ്ക്കു ഇടമില്ല. സൂക്ഷ്മശോകങ്ങളോട് സംവദിച്ചു കൊണ്ടിരിക്കുകയാണ് അയാളുടെ ഹൃദയം. അതിനു കാരണം പ്രണയ പരാജയങ്ങളാണ്. പ്രണയത്താൽ കരുത്തനാകുന്ന ഒരാളാണ് രാഹുലൻ. പക്ഷേ അയാളുടെ പ്രണയങ്ങൾ കായ്കളായിത്തീരുമുമ്പ് നിലം പതിച്ച പൂക്കൾ പോലെയായിരുന്നു. തുളസിയെ വിഴുങ്ങിയ മരണത്തിൻ്റെ മടിയിലേക്ക് കുതിക്കാനുള്ള ആഗ്രഹം രാഹുലനിൽ നിന്നും അകലുന്നില്ല. ജീവിതത്തിൻ്റെ അർത്ഥശൂന്യതയും മരണത്തിൻ്റെ മഹത്വവുമാണ് രാഹുലനെ നിയന്ത്രിക്കുന്ന ദർശനങ്ങൾ. മരണം സൃഷ്ടിച്ച ശൂന്യതയുടെ ഹൃദയത്തിൽ ദുഃഖാർത്തരായിക്കഴിയുന്ന മനുഷ്യജീവികളെക്കുറിച്ച് അയാൾക്ക് ബോധ്യമുണ്ട്. എങ്കിലും അജ്ഞാത ദുഃഖത്തിൻ്റെ തീരങ്ങളിൽ അലഞ്ഞുതിരിയുകയാണ് അയാളുടെ മനസ്സ്. ഇരുണ്ട ചിന്തകളാണ് തൻ്റെ മനസ്സു മുഴുവനുമെന്നും അയാൾ തിരിച്ചറിയുന്നുണ്ട്. റീന പകർന്നു നൽകുന്ന ശക്തിയുടെ ബലത്തിൽ അയാൾ ജീവിതത്തെ തിരിച്ചു പിടിക്കാൻ ശ്രമിക്കുന്നു. അവളെ നഷ്ടപ്പെടുമ്പോൾ ജിവിതത്തിൻ്റെ അർത്ഥശൂന്യതയെക്കുറിച്ച് ഓർത്തു ദുഃഖിക്കുന്നു.

“ഒന്നും ആശിക്കരുത്. എന്നാൽ ഒരിക്കലും നിരാശപ്പെടേണ്ടി വരില്ല”. കോളേജിൽ ലക്ചററായതോടെ അയാൾ ഒരു പുതിയ മനുഷ്യനാകാൻ ശ്രമിക്കുന്നു. തത്ത്വചിന്തകനാകാൻ ശ്രമിക്കുന്നു. ജീവിക്കാൻ മറന്നുപോയ മനുഷ്യൻ. എന്നിട്ടും അയാൾ ജീവിതത്തെക്കുറിച്ചും മരണത്തെക്കുറിച്ചുമാണ് ചിന്തിക്കുന്നത്. മീരയുടെ സാമിപ്യം അയാളുടെ ജീവിതത്തിന് സംഗീതത്തിൻ്റെ ശ്രുതി ചേർത്തു. അവളെ വേദനിപ്പിച്ചു കൊണ്ട് അയാൾ റീനയുടേതാകുമ്പോൾ നോവൽ അവസാനിക്കുന്നു. പുതിയൊരു ജന്മത്തിൻ്റെ കടവിലേക്ക് അവർ പോകുന്നു. കേവലം കാല്പനിക പ്രണയത്തെ ആവിഷ്കരിക്കുന്ന ഒരു നോവലായി ഉൾക്കടലിനെ വിലയിരുത്തുന്നത് ഉചിതമാവുകയില്ല. എല്ലാ അർത്ഥത്തിലും അതൊരു ദാർശനിക നോവലാണ്.

ഡോ. ജോർജ് ഓണക്കൂർ ഒരു അസാധാരണ എഴുത്തുകാരനാണ്. ഒരു നോവലിസ്റ്റ് എന്ന നിലയിൽ, പ്രശസ്തരായ ഒരു പറ്റം പ്രമുഖ എഴുത്തുകാരുടെ തലമുറയ്ക്കൊപ്പമാണ് ഓണക്കൂറും നിലയുറപ്പിച്ചത്. അവർക്കിടയിൽ ഉൾക്കടലിലൂടെ വേറിട്ട സ്വരം കേൾപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു.”ഗദ്യകവിത” എന്ന പ്രയോഗം മന്ദഗതിയിലുള്ള, ധ്യാനാത്മകമായ, ഇഴയടുപ്പത്താൽ സമ്പന്നമായ ഗദ്യത്തെ അർത്ഥമാക്കാൻ പലപ്പോഴും ഉപയോഗിക്കാറുണ്ട്, എന്നാൽ ഓണക്കൂറിൻ്റെ ഉൾക്കടൽ അടിസ്ഥാനപരവും ഔപചാരികവുമായ അർത്ഥത്തിൽ കാവ്യാത്മകമാണ്, ഗദ്യകവിതയാണ്. സന്ധ്യയെ വർണ്ണിക്കുന്നതു നോക്കുക, “കാവിയുടുത്തു നിൽക്കുന്ന ആകാശത്തിൻ്റെ കണ്ണുകളിൽ ശോകച്ഛവി പരന്നു. സൂര്യൻ്റെ എരിഞ്ഞടങ്ങിയ ചിത. അന്ധകാരം കടന്നുവരുകയാണ്. നരകത്തിൻ്റെ വാതിൽ തുറക്കപ്പെടുന്ന നിമിഷം. ” ജീവിതത്തിനുള്ളത് അനിശ്ചിതത്വത്തിൻ്റെ കാവ്യശാസ്ത്രമാണ്. ആ കാവ്യശാസ്ത്രമാണ് ഉൾക്കടലിൻ്റെ ഉള്ളിലുള്ളത്. അതിനുതകുന്ന ഒരു കാവ്യഭാഷയാണ് ഉൾക്കടലിനെ സുന്ദരമാക്കുന്നത്.

കോട്ടയം ജില്ലയിലെ കുറിച്ചിത്താനത്തു ജനിച്ചു. എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും മലയാളത്തിൽ എം.എ ബിരുദം. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽനിന്നും എം.ഫിൽ, പിഎച്ച്.ഡി ബിരുദങ്ങൾ. മഹാത്മാഗാന്ധി സർവ്വകലാശാലയിൽ പി.ജി. ബോർഡ് ഓഫ് സ്റ്റഡീസ് അംഗവും റിസേർച്ച് ഗൈഡുമാണ്. ഓട്ടോണമസ് കോളേജുകളായ കോഴിക്കോട് ദേവഗിരി സെൻ്റ് ജോസഫസ് കോളേജ്, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ,ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജ് , തമിഴ്നാട്ടിലെ ഈറോഡ് കൊങ്ങു ആർട്സ് ആൻഡ് സയൻസ് കോളേജ് എന്നിവിടങ്ങളിലെ ബോർഡ് ഓഫ് സ്റ്റഡീസ് അംഗം. ടെറി ഈഗിൾട്ടൺ: സിദ്ധാന്തം, സൗന്ദര്യം, സംസ്കാരം എന്ന കൃതിയ്ക്ക് 2023 ലെ മികച്ച നിരൂപണ ഗ്രന്ഥത്തിനുള്ള ചെങ്ങന്നൂർ സമദർശന സാംസ്കാരിക വേദിയുടെ അവാർഡ് ലഭിച്ചിട്ടുണ്ട്. ലോകകഥയുടെ ചരിത്രവും സൗന്ദര്യവും, ദെല്യൂസ് : സാഹിത്യം ദർശനം സിനിമ, സിനിമയുടെ രസതന്ത്രം, ജനപ്രിയ സിനിമകൾ : പാഠവും പൊരുളും, സമകാലികസാഹിത്യവിമർശനം, ഭാരതീയേതരസാഹിത്യസിദ്ധാന്തങ്ങൾ, പാശ്ചാത്യസാഹിത്യ സങ്കേതങ്ങൾ എന്നിവ പ്രധാന കൃതികൾ. ആധുനികാനന്തരകവിത , ഇന്ദുമേനോൻ : കഥ കാമന കലാപം, പൗലോ കൊയ്ലോ : ദേവദൂതൻ്റെ തീർത്ഥാടനങ്ങൾ, മീരയുടെ കഥകൾ: രാഷ്ട്രീയവും സൗന്ദര്യവും, സാഹിത്യചരിത്രവിജ്ഞാനീയം, സാഹിത്യചരിത്രം : സിദ്ധാന്തം സൗന്ദര്യം രാഷ്ട്രീയം, പരിസ്ഥിതി വിജ്ഞാനവും മനുഷ്യാവകാശപഠനവും തുടങ്ങിയ കൃതികൾ എഡിറ്റുചെയ്തിട്ടുണ്ട്. ഇപ്പോൾ പാലാ സെന്റ് തോമസ് കോളേജ് (ഓട്ടോണമസ്) മലയാള വിഭാഗത്തിൽ പ്രൊഫസറായി സേവനമനുഷ്ഠിക്കുന്നു.