പ്രദീപ് ഭാസ്ക്കർ
കാമാഖ്യ ആദ്യ നോവൽ. എറണാകുളം മുഴിക്കുളം സ്വദേശി.
വായന നൃർത്താനുഭൂതിയിൽ എത്തുകയും കാലുകൾ അദൃശ്യമായ ചിലങ്ക അണിയുകയും വാക്കുകൾ ശംഭോ, സ്വയംഭോ എന്ന് മന്ത്രോച്ചാരണമായി മാറുകയും ചെയ്യുന്നു പ്രദീപ് ഭാസ്ക്കർ എഴുതിയ കാമാഖ്യ എന്ന നോവലിൽ. കാമം ആനന്ദമാണ്, പക്ഷെ തീവ്രമായ ആനന്ദം രതിമൂർച്ഛയല്ല. അതിനും എത്രയോ മേലെയാണ് കാമാഖ്യ എന്ന നോവലിന്റെ വായനാ കവി അനുപമ എം ആചാരി എഴുതുന്നു: ധ്യാനമൂർച്ഛയുടെ ആഖ്യാനം
കാമാഖ്യ എന്ന പേരിൽ തെറ്റിദ്ധരിക്കപ്പെട്ടവരോട് ഒന്ന് പറഞ്ഞുകൊള്ളട്ടെ; ഇതിലെവിടെയും കാമമില്ല. പ്രചോദനമാണ് ഉള്ളത്, മായ മാത്രമായ ലോകത്ത് ദുഖങ്ങളെ നിസ്സാരമായി കണ്ടു ജീവിക്കാനുള്ള പ്രചോദനം. പിന്നെ പ്രണയവും. ദക്ഷിണാമൂർത്തിയുടെയും മല്ലനാഗന്റെയും താരയുടെയും ത്രികോണ പ്രണയം. ഗുരുവിനോട് പ്രണയ തോന്നുന്ന താര, ശിഷ്യയിലെ നർത്തകിയിൽ അനുരക്തനാകുന്ന ഗുരു. ഡമരുവിന്റെ ശബ്ദം, താണ്ടവം. വായന നൃർത്താനുഭൂതിയിൽ എത്തുകയും കാലുകൾ അദൃശ്യമായ ചിലങ്ക അണിയുകയും വാക്കുകൾ ശംഭോ, സ്വയംഭോ എന്ന് മന്ത്രോച്ചാരണമായി മാറുകയും ചെയ്യും. അങ്ങനെ ധ്യാനമൂർച്ഛയുടെ ആഖ്യാനമാവുകയാണ് പ്രദീപ് ഭാസ്ക്കർ എഴുതിയ കാമാഖ്യ എന്ന നോവൽ.
ഒരു രാജ്യം സ്വന്തമായി പണിതുയർത്തുക അല്ലെങ്കിൽ സ്വന്തമായി ഒരു മഹാകാവ്യം എഴുതുക എന്നത് പോലെ കഠിനമായ ശ്രമം തന്നെയാണ് ഈ കൃതിക്ക് പിന്നിലുള്ളത്.
നിർമ്മലമായ മനസ്സിന് മാത്രമേ സുഗന്ധ വാഹികളായ പ്രവൃത്തികൾ സാധ്യമാകൂ എന്ന് കഥാകാരൻ ഇടയ്ക്കിടെ ഓർമിപ്പിക്കുന്നു. പഞ്ചതന്ത്ര കഥകൾ ഓർമിപ്പിക്കുന്ന തരത്തിൽ നോവലിന് ഒഴിച്ചു കൂടാനാവാത്ത കുറെയധികം കഥകൾ കോർത്തിണക്കി കാമാഖ്യയിൽ ലയിപ്പിച്ചിരിക്കുന്നു. കഥാപശ്ചാത്തലമായ കൊട്ടാരത്തെയും ശിലകളെയും ചുവരുകളെയും ബിംബങ്ങളെയും നേരിട്ട് കാണാവുന്ന വിധത്തിൽ കഥാകാരൻ വരച്ചു വച്ചിരിക്കുന്നു. താര വാൽസ്യായനനായി മാറുന്ന മല്ലനാഗന് വേണ്ടി എഴുതിയ കവിത ഏറ്റവും നല്ല പ്രണയ കവിതകളിൽ ഒന്നായി കാണാം.
‘ഒരോ ഇലയിലും
നിന്റെ പേരെഴുതിയെഴുതി
ധ്യാനിക്കുന്ന ഒരു പുഴുവാണ് ഞാൻ.
അവസാനത്തെ ഇലയിലും
നിന്നെ ധ്യാനിച്ച് തീർന്ന്
ഞാനൊരു പൂമ്പാറ്റയാകും
നിന്റെ ചുണ്ടിൽ വന്നുമ്മവയ്ക്കും.’
‘മലമുകളിലെ പെരുമ്പാറകളിലെ
വിള്ളലുകളിൽ നിന്നും
ഇറ്റിറ്റു വീണിഴഞ്ഞിറങ്ങുന്ന
അരുവികൾക്കെല്ലാം
ഞാൻ നിന്റെ പേരിടുന്നു.
താഴ്വരകളെ കുളിപ്പിച്ചും
തണുപ്പിച്ചും കലങ്ങി മറിഞ്ഞു
ഇളകിത്തെറിച്ചൊഴുകുന്ന പുഴകൾക്കും
ഞാൻ നിന്റെ പേരിടുന്നു
ഒന്നു സമ്മതിക്കെന്റെ മുത്തേ
എന്നിട്ട് വേണം എനിക്കെന്നെ
കടലെന്നു വിളിക്കാൻ.’
അശ്വമേധത്തിലൂടെ സാമ്രാജ്യങ്ങൾ കീഴടക്കി വരുന്ന കുതിരയെ വധിക്കണമെന്നും ചക്രവർത്തിനി അതിനെ ശവഭോഗം നടത്തണമെന്നമുള്ള ആചാരത്തെ നഖശികാന്തം എതിർക്കുന്ന വാൽസ്യായനിലെ മനുഷ്യസ്നേഹി ഒരുപടി മുന്നിൽ നിൽക്കുന്നുണ്ട്. കാമാഖ്യയിലെ കൊട്ടാരത്തിൽ ഏറ്റവും നല്ലയിടമാണ് ദ്വിഗ്വിജയിയായ അശ്വത്തിന് ഒരുക്കിയത്. ഒരു വർഷത്തോളം രതിയിൽ നിന്ന് വിലക്കപ്പെട്ട അവന് ക്രീഡകൾക്കായി ഏറ്റവും നല്ല രണ്ടു കൂട്ടിനെ കൂടി നൽകാൻ പറയാനും അയാൾ മറക്കുന്നില്ല.
ഒരോ കഥാപാത്രവും ഭാഷയുടെ ഏച്ചു കെട്ടലുകൾ ഇല്ലാതെ രാജാവെന്നോ ഭടനെന്നോ ശിഷ്യനെന്നോ ഗുരുവെന്നോ വ്യത്യാസമില്ലാതെ ഏറ്റവും ലളിതമായ സംഭാഷണങ്ങൾ ഉപയോഗിക്കുന്നു ഈ നോവലിൽ. പുരാണത്തെയോ ചരിത്രത്തേയോ പ്രതിപാദിക്കുന്ന നോവലിലെ കഥാപാത്രങ്ങൾ കുലീനമായ രാജകീയ ഭാഷ സംസാരിക്കണം എന്ന മാനദണ്ഡത്തെ തച്ചുടക്കുന്നു കാമാഖ്യ.
ഈ പുസ്തകത്തിന്റെ വായനാ രീതി ഒരു ധ്യാനമാണ്. ഏതു പ്രവൃത്തിയും ധ്യാനപൂർണ്ണമായ മനസ്സോടെ വേണം ചെയ്യാൻ. അപ്പോൾ മാത്രമേ അത് പൂർണ സംതൃപ്തിയോടെ ചെയതു തീർക്കാനാവു എന്ന് കഥാകാരൻ ഓർമിപ്പിക്കുന്നു. കാറ്റിലും മഴയിലും പുഴയിലും കടലിലും വിടരുന്ന പൂവിലും കൊഴിയുന്ന ഇലയിൽ പോലും സംഗീതമുണ്ടെന്നും അത് കേൾക്കണമെങ്കിൽ ഏകാഗ്രമായ മനസ്സ് ആവശ്യമാണെന്നു കൂടി പറയുന്നു. മനസ്സുറയ്ക്കാത്തവന്റെ കണ്ണുകൾക്ക് മായക്കാഴ്ചകളെ തിരിച്ചറിയാൻ കഴിയില്ല. തോന്നലുകൾ വെറും തോന്നലുകൾ മാത്രമാണെന്ന് തിരിച്ചറിയുന്നിടത്താണ് യാഥാർഥ്യം തെളിഞ്ഞു തുടങ്ങുക. അതിനാൽ ഒരോ വാക്കിനേയും ധ്യാനപൂർണ്ണമായ മനസ്സോടെ വേണം സമീപിക്കുവാൻ എന്ന് കഥാകാരൻ ഓർമിപ്പിക്കുന്നു.
അപ്പൂർവ ഔഷധ സസ്യങ്ങൾ വളരുന്ന കൈലാസത്തിന്റെ തെക്കേ താഴ്വരയിലെ കൗള ഗോത്രത്തിന്റെ അതിക്രൂരയായ ഗോത്രാധിപതിയും കൗള ഗോത്രത്തിൽ പരമ്പരാഗതമായി കൈമാറുന്ന വൈദ്യരഹസ്യങ്ങളുടെ അവകാശിയുമായ ഉഗ്രരൂപിണി കാളിയെ അമ്മേ എന്ന് വിളിച്ചു സംബോധന ചെയ്ത് അവളുടെ ഞാനെന്ന ഭാവത്തെ ഇല്ലാതാക്കുന്നു വാത്സ്യായനൻ. മാംസാഹാരിയും കാളിയമ്മയുടെ ചഷകത്തിലെ അവശേഷിക്കുന്ന ചാരായം കുടിക്കുന്ന, ബലവിഷ്ടമായ പേശികൾക്കുടമയായ മൈത്രേയന്റെ കഴുത്തിൽ കാലമർത്തി അവനെ മലർത്തിയടിച്ചു തോൽപ്പിക്കുന്ന മുനിവര്യനായ വാൽസ്യാനൻ. സന്യാസമെന്നാൽ ദാരിദ്ര്യത്തിൽ നിന്നും രക്ഷ നേടാനുള്ള വഴിയോ ജീവിതം ഉപേക്ഷിക്കലോ അല്ല എന്നും ശരിയായ രീതിയിൽ ജീവിക്കലാണതെന്നും ഇക്കാണുന്നതെല്ലാം അർഥ ശൂന്യമാണെന്നറിഞ്ഞു സകലവും ഉപേക്ഷിച്ചു ദാരിദ്ര്യത്തെ സ്വയം സ്വീകരിക്കലാണെന്നും സ്വയം സന്യാസിയാവാൻ തയ്യാറെടുക്കുന്ന നോവലിസ്റ്റ് പറയുന്നു.
നൂറ്റാണ്ടുകൾക്കു മുൻപ് എഴുതപ്പെട്ട ബന്യൻറെ ‘പിൽഗ്രിംസ് പ്രോഗ്രസ്സ്’ നോട് ചിലയിടങ്ങളിൽ കിടപിടിക്കുന്നുമുണ്ട് കാമാഖ്യ. ഉപദേശങ്ങളിലൂടെ ബിംബങ്ങളിലൂടെ അവസാനം തുടർച്ചയായി പറയുന്ന കഥകൾ നോവലിന്റെ ഒഴിച്ച് കൂടാനാവാത്ത അഭിവാജ്യ ഘടകങ്ങളാണ്. പല ഉപദേശങ്ങളും കുട്ടികൾക്കായി രൂപപ്പെടുത്തിയത് പോലെ. ഉപകഥകൾക്കിടയിൽ ഇടക്കൊക്കെ വാൽസ്യായനും താരയും ദക്ഷിണാമൂർത്തിയുമൊക്കെ കടന്നു വന്നിരുന്നെങ്കിൽ മറികടക്കാമായിരുന്ന വിരസത നോവലിന്റെ ഘടനയെ സാരമായി ബാധിക്കുമെന്നതിനാൽ ഒഴിവാക്കിയതാണെന്ന് നോവലിസ്റ് തന്നെ പറയുന്നു.
കാമാഖ്യ എന്ന രാജ്യവും കൊട്ടാരവും അതിൽ എല്ലാ സൗകര്യങ്ങളോടും കൂടി ചക്രവർത്തിനിക്ക് അവളെ സംരക്ഷിക്കാനും സകല സൗഭാഗ്യങ്ങൾക്കും ആയി എല്ലാം ഏർപ്പാട് ചെയ്തിട്ടും ദക്ഷിണ മൂർത്തിക്കും താരക്കും രതിക്രീഡകൾ നടത്താൻ ഒരു പൂങ്കാവനമോ പ്രകൃതിയോ ഒരുക്കിയില്ല. യുദ്ധ തന്ത്രങ്ങൾ മെനയുന്ന രാഷ്ട്ര തന്ത്രങ്ങളിൽ അഗ്രഗണ്യനായ കാളിയുടെ ആയുർവേദ രഹസ്യങ്ങൾ ഗ്രഹിച്ച വാൽസ്യായനിലൂടെ ദക്ഷിണാമൂർത്തിയുടെയും താരയുടെയും സംഭോഗ ചിത്രങ്ങൾ മിഴിവാക്കീട്ടുമില്ല. നോവലിനെ ചൂണ്ടി പറയാവുന്ന ന്യൂനതകൾ ഇത്രമാത്രം.
മനസ്സാണ് ഒരാളുടെ ഏറ്റവും വലിയ ശത്രു സർവ്വായുധ സമ്പന്നമായ അത് മായാ ബലത്താൽ മരണത്തിലേക്കുള്ള യാത്രയുടെ ഒരോ നിമിഷവും നമ്മെ എതിർത്ത് തോൽപ്പിക്കുവാൻ ശ്രമിച്ചു കൊണ്ടിരിക്കും. അതിനെ അധീനതയിലാക്കി നിർമ്മലമായി നിലനിർത്തുകയാണ് ആദ്യം ചെയ്യേണ്ടത് എന്ന് ഓർമിപ്പിക്കുന്നു ഈ പുസ്തകം.
മരണ ശയ്യയിലായ സ്വന്തം പിതാവിനെ വാത്സ്യായനൻ കാണാൻ പോകുന്ന അധ്യായം ‘നീലസരസ്വതി’ എന്ന പേരിലാണ്. സരസ്വതി എന്നാൽ തൂവെള്ള വസ്ത്രം ധരിച്ചു താമരയുടെ മേലെ ഇരിക്കുന്നു എന്ന ദേവി സങ്കല്പം. ആ ബിംബം തകർന്നു വീഴുകയാണ് നീല സരസ്വതിയിലൂടെ.
ഒരു സാധാരണ മനുഷ്യനെ സംബന്ധിച്ച് ജീവിതത്തിൽ അനുഭവിക്കുന്നതിൽ വച്ചു ഏറ്റവും തീവ്രമായ ആനന്ദം രതിമൂർച്ഛയാണെന്നാണ് എന്നത് വാൽസ്യായനന്റെ നിരീക്ഷണമായി കഥയിൽ അവതരിപ്പിച്ചിരിക്കുന്നു. കാമം ആനന്ദമാണ്, പക്ഷെ തീവ്രമായ ആനന്ദം രതിമൂർച്ഛയല്ല. കാമാഖ്യ എന്ന നോവലിന്റെ വായനാ സുഖം അതിനും എത്രയോ മേലെയാണ്.