ധീരം

നീലയായൊരുപുഷ്പം വേനലിൽ വർഷത്തിലും
എത്രയും ധീരോജ്ജ്വല ഭംഗിയാർന്നെൻ വാടിയിൽ

വെണ്മയാർന്നൊരു ചേച്ചിയാണതോ? അനുജത്തി
ഉണ്ടിന്നുമെന്നൂഞ്ഞാലിൻകമ്പിയിൽ,സ്നേഹാർദ്രയായ്

പടർന്നു കാടാകുമെന്തിത്രക്കു സ്നേഹിക്കുവാ-
നെന്നകത്തളങ്ങളിൽ അടക്കം പറയുന്നു.

നീലയായ് തൂവെള്ളയായെന്റെ സങ്കടങ്ങളിൽ
സൗമ്യമാമീസാന്നിദ്ധ്യം അലിവായിറങ്ങുന്നു.

നോക്കിഞാൻ നില്ക്കുമ്പോളീസൃഷ്ടിവൈഭവങ്ങളെ
ഉൾക്കാമ്പിലിരുന്നാരോ സുഗന്ധമൊഴുക്കുന്നു.

മുല്ലയല്ലിവൾ പിച്ചി ചെമ്പകമിലഞ്ഞിയും
പനിനീരല്ല രജനീസുഗന്ധി തുളസിയും

ആരെയുംഭയക്കാതെ വെറുക്കാതിഷ്ടത്തിന്റെ
കൈവിരൽപിടിച്ചേറെ സുസ്മേരവദനയായ്

സ്നേഹത്തിൻ കടൽകാട്ടുമാമഷിക്കണ്ണും
സർവ്വാദരങ്ങളർഹിക്കുന്ന മട്ടുമാതിരികളും

മോഹനപതംഗത്തിൻ രൂപഭംഗിയും തീരെ
കൂസാത്ത, കുലുങ്ങാത്ത നിശ്‌ചയപ്പെരുമയും

തൊഴുകൈയുയർത്തിയ നില്പും കാണണം നമ്മൾ
തൊഴുകൈയുയർത്തിയകെല്പും കാണണം നിത്യം.

എന്തിനാണധികമായൊരുവാസനാഭാരം
കണ്ണെടുക്കുവാൻമടി തോന്നിക്കുമീശൂരർക്ക്

അകന്നുമാറിനില്ക്കയാകിലും നീലക്കടൽ
സ്ഥൈര്യത്തിനാകാ മുഖംതിരിക്കാൻ കുനിക്കുവാൻ.

തൃശൂർ താന്ന്യം പെരിങ്ങോട്ടുകര സ്വദേശി. ചെറിയക്ലാസ്സ്‌ മുതൽ എഴുതുന്നു. 2016ൽ 'ശലഭചിന്തകൾ' എന്നകവിതാസമാഹാരം. പെണ്മൊഴികൾ അക്ഷരപ്പൂക്കാലം തുടങ്ങി കുറെ കവിതാസമാഹാരങ്ങളിൽ എഴുതി. ആനുകാലികങ്ങളിലും ഓൺ ലൈനിലും എഴുത്ത് തുടരുന്നു.