ഇലകൾ ഒലിച്ചിറങ്ങുന്ന
മരത്തിനടിയിൽ
ഒളിച്ചിരുന്നു നോക്കുമ്പോൾ
നിന്റെ കണങ്കാലിലെ
നനുത്ത രോമങ്ങൾ
ശരീരത്തിലേക്കുള്ള
വാതിലായി രൂപം പ്രാപിക്കുന്നു.
പടർന്നു കയറുവാനുള്ള
വേരുകളുടെ ആഗ്രഹത്തെ
ഒരിക്കലും തടയാത്ത
ശരീരത്തിലേക്ക്,
വഴിതെറ്റിയ ആട്ടിൻകുട്ടിയായും
വയലുതേടുന്ന കൊറ്റിയായും
ഇടയ്ക്കിടെ ഞാനെന്റെ
നോട്ടത്തെ പറഞ്ഞയക്കുന്നു.
ഒരു ചൂണ്ടക്കൊളുത്തിനും
സംശയം കൊടുക്കാതെ,
ഉപ്പുപാടത്തിനക്കരെ
ഉറഞ്ഞുപോയ
അഴിമുഖങ്ങളിലൂടെ
നിന്റെ നദിയെ
കടത്തി കൊണ്ടുവരികയെന്നതാണ്
എന്റെ കാഴ്ചയുടെ ദൗത്യം