ദ്രുതവിളംബിതം

ലഘുതരത്തിലടുത്തു വരും, ക്രമാൽ
ചടുലമായ പദങ്ങളിലാടിടും;
സ്ഥിരതയില്ല നിനക്കു, മിടിക്കുമെൻ
ഹൃദയതാളമളന്നു നടിക്കുവാൻ !

മതിമയക്കുമൊരീണവുമായ്, പദം
പതിയെയാടി വിളംബിതശൈലിയിൽ;
അതിലലിഞ്ഞു ലയിച്ചു മറക്കവേ
അതിഭയങ്കര താണ്ഡവമാടി നീ!

കഠിനവാതമടിച്ചു രസിക്കവേ
ഞൊടിയിടയ്ക്കൊരു ശീതളവായു നീ;
അലറിയാർത്ത കടൽത്തിര, നിശ്ചല –
പ്രകൃതമായ് പരിണാമമണഞ്ഞപോൽ!

അറിക,യെത്രയൊളിച്ചുകളിക്കിലും
വരണമാല്യമെടുത്തൊരു ഭൈമിതൻ
സ്മരണയിൽ നളനെന്നകണക്കിനേ
തരുണി, നീ വെളിവായിടുമെന്നകം.

പരിണയം കഴിവോളമെനിക്കു നിൻ
ചരണചാരുത കണ്ടുരസിച്ചിടാം;
മരണമേ,യിതു നർത്തനവേദി, നിൻ
ദ്രുത – വിളംബിതശൈലി തുടർന്നിടാം

തൊടുപുഴ അക്ഷരശ്ലോക കലാസമിതിയുടെ രക്ഷാധികാരി. കേരള ജല അതോറിറ്റിയിൽ അസിസ്റ്റന്റ് എഞ്ചിനീയറായി സർക്കാർ ഉദ്യോഗത്തിൽനിന്ന് വിരമിച്ചു. 'പരകായപ്രവേശം' എന്ന കവിതാസമാഹാരം 2019-ൽ പ്രസിദ്ധീകരിച്ചു.