ദൈവസഹായം പ്ലാന്റേഷന്‍സ്

സന്ധ്യയായില്ല, അപ്പോഴേക്കും കോടമഞ്ഞു വീണു. തോട്ടങ്ങള്‍ക്കിടയിലൂടെയുള്ള ഇടുങ്ങിയ റോഡിലെ കാഴ്ച മങ്ങി തുടങ്ങിയിരിക്കുന്നു. ജീപ്പ് പതുക്കെ മേലോരത്തെ ഹെയര്‍പിന്‍ വളവു തിരിഞ്ഞു. ഫോഗ് ലൈറ്റിന്റെ മഞ്ഞവെളിച്ചത്തില്‍ റോഡിന്റെ വലതുവശത്തെ കാപ്പിത്തോട്ടം ടോണി അത്ഭുതത്തോടെ കണ്ടു. ചെങ്കൂത്തായ പാറക്കെട്ടുകള്‍ക്കിടയിലും അള്ളിപ്പിടിച്ചു വളരുന്ന പൊക്കം കുറഞ്ഞ നീലഗിരി കാപ്പി. തോട്ടത്തില്‍ അവിടവിടെയായി ഉയര്‍ന്നുനില്‍ക്കുന്ന ചൂളമരങ്ങള്‍. ഓരോ മരത്തിലും പച്ചക്കുപ്പായംപോലെ പടര്‍ന്നു കയറുന്ന കുരുമുളക് പടര്‍പ്പുകള്‍.

എറണാകുളത്തെ ഫ്ലാറ്റില്‍ ജീവിക്കുന്ന പത്തു വയസ്സുകാരന് ഹൈറേഞ്ചിലെ കാടും മലയും മഞ്ഞും ഒരു സ്വപ്നംപോലെ തോന്നി.

“ഹോ എന്ത് രസമാ അല്ലെ പപ്പാ?” ടോണി ചോദിച്ചു.

സോളമന്‍തോമസ്‌ അതിനു മറുപടി പറഞ്ഞില്ല. അയാള്‍ ശ്രദ്ധാപൂര്‍വ്വം ഹെയര്‍പിന്‍ വളവു തിരിക്കുകയായിരുന്നു. കഷ്ടിച്ച് ഒരു വണ്ടിക്ക് കടന്നു പോകാന്‍ കഴിയുന്ന വീതിയെ ഉള്ളു. ഒന്ന് ശ്രദ്ധ പാളിയാല്‍ ജീപ്പ് തൊട്ടപ്പുറത്തെ താഴ്ചയിലേക്ക് മറിയും. അയാള്‍ക്ക് നല്ല വിശപ്പും തോന്നുന്നുണ്ട്. വിചാരിച്ചതിലും ലേറ്റായി. കാഞ്ഞിരപ്പള്ളിയിലെ അയാളുടെ കസിന്റെ വീട്ടിലെ ജീപ്പാണിത്. ജീപ്പിന്റെ ബെല്‍റ്റ്‌ പ്രശ്നമുള്ളത് കൊണ്ട് അധികം വേഗത്തില്‍ പോകാന്‍ കഴിയില്ല. പപ്പയുടെ വലിഞ്ഞു മുറുകിയ മുഖം കണ്ടപ്പോള്‍ ടോണിയുടെ ഉത്സാഹം കെട്ടു. അവന്‍ മമ്മിയുടെ അരികിലേക്ക് നീങ്ങിയിരുന്നു.

“മമ്മീ?”
“ഉം?”
“വിശക്കുന്നു.”
ഫോണില്‍നിന്ന് കണ്ണെടുക്കാതെ തന്നെ നിമ്മി തൊട്ടടുത്തിരുന്ന കവറിലെ ഫ്രൂട്ട് ബ്രെഡ്‌ പാക്കറ്റ് മകന്റെ അരികിലേക്ക് നീക്കി വച്ചു.

“എനിക്കിത് വേണ്ട.” അവന്‍ മടിച്ചു മടിച്ചു പറഞ്ഞു.

“വേണ്ടെങ്കില്‍ തിന്നണ്ടടാ.” നിമ്മി മകന്റെ നേര്‍ക്ക് ചീറി.

ടോണി മമ്മിയുടെ അരികില്‍നിന്ന് മാറിയിരുന്നു. പപ്പയും മമ്മിയും തമ്മില്‍ അധികം സംസാരിക്കാറില്ല. സംസാരിക്കാന്‍ തുടങ്ങിയാല്‍ വലിയ പൊട്ടിത്തെറിയിലവസാനിക്കും. അവരിപ്പോള്‍ പോകുന്നത് നെടുങ്കണ്ടത്തുള്ള സോളമന്റെ അമ്മാവനെ കാണാനാണ്. ഏറെനാളുകള്‍ കൂടിയാണ് ആ കുടുംബം ഒരു യാത്ര പോകുന്നത്. ടോണി വലിയ ഉത്സാഹത്തിലായിരുന്നു. കൊറോണയായത്‌ കൊണ്ട് കഴിഞ്ഞ രണ്ടു വര്‍ഷമായി സ്കൂളില്ല. ഫ്ലാറ്റില്‍ത്തന്നെയുള്ള ജീവിതവും ഓണ്‍ലൈന്‍ ക്ലാസും. തൊട്ടടുത്ത ഫ്ലാറ്റിലെ കിരണ്‍ അവന്റെ പേരന്റ്സിന്റെ കൂടെ മൂന്നാര്‍ പോയ കാര്യം പറഞ്ഞത് കേട്ട് ടോണിക്ക് കൊതിയായി. നെടുങ്കണ്ടത്തുനിന്ന് മൂന്നാറിന് അധികം ദൂരമില്ലെന്നു കിരണ്‍ അവനോടു പറഞ്ഞു. മൂന്നാര്‍ പോകുന്ന കാര്യം ടോണി പറഞ്ഞുനോക്കിയതാണ്. പക്ഷേ സോളമനും നിമ്മിയും അവനെ ഓടിച്ചു. രണ്ടാള്‍ക്കും ആ അമ്മാവനെ കാണേണ്ട എന്തോ
കാര്യമുണ്ട്. അല്ലെങ്കില്‍ ഈ യാത്രക്ക് തന്നെ സമ്മതിക്കില്ലായിരുന്നു. സാരമില്ല, നെടുങ്കണ്ടമെങ്കില്‍ നെടുങ്കണ്ടം. വേണമെങ്കില്‍ മൂന്നാര്‍ക്ക് പോയെന്നു കിരണിനോട് നുണ പറയാം. അവന്‍ എങ്ങിനെ അറിയാനാണ് ? ആ തോന്നലില്‍ ടോണിയുടെ മുഖം പ്രസന്നമായി. ഫ്രൂട്ട് ബ്രെഡ്‌ കഴിച്ചേക്കാം വഴക്കുണ്ടാക്കണ്ട,അവന്‍ വിചാരിച്ചു. നോക്കിയപ്പോള്‍ സീറ്റിലിരുന്ന ഫ്രൂട്ട് ബ്രാഡ് പാക്കറ്റ് കാണുന്നില്ല.

“ബ്രഡ് എന്തിയെ മമ്മീ ?” അവന്‍ ചോദിച്ചു.
“ഞാനത് കളഞ്ഞു.” നിമ്മി പറഞ്ഞു.
“മമ്മീ..”
“മിണ്ടാതിരിയെടാ… നിന്നോട് മര്യാദക്ക് ചോദിച്ചതല്ലേ.. അപ്പൊ വലിയ പത്രാസ്. ഈ കാട്ടുമുക്കില്‍നിന്നു ബിരിയാണി തന്നെ അവനു വേണം.’
“എന്നാലും എന്തിനാ അത് കളഞ്ഞത് ?”
“എനിക്ക് കളയണംന്നു തോന്നി. കളഞ്ഞു. ഹൈറേഞ്ചില്‍നിന്ന് വാങ്ങിയതല്ലേ. എത്രനാള് പഴക്കം കാണുമെന്നു ആര്‍ക്കറിയാം.”
പെട്ടെന്ന് വണ്ടിക്കുള്ളില്‍ ഒരു വല്ലാത്ത ദുര്‍ഗന്ധം പരന്നു. ടോണി മൂക്ക് പൊത്തി .
“പപ്പാ എന്താ ഒരു സ്മെല്‍…?” അവന്‍ ചോദിച്ചു.
“എനിക്കൊന്നും കിട്ടുന്നില്ല.” സോളമന്‍ പറഞ്ഞു.
“മമ്മീ ഒരു സ്മെല്ലില്ലേ… വല്ലാത്ത ഒരു സ്മെല്‍..” അവന്‍ മമ്മിയോടു ചോദിച്ചു.
“അത് ചിലരുടെ ഹൃദയത്തില്‍ നിന്ന് വരുന്ന ചിന്തകളുടെ സ്മെല്ലാ ടോണി .. “നിമ്മി പറഞ്ഞു
അതും കൂടി കേട്ടതോടെ സോളമന്റെ പിടിവിട്ടു.
“കൊച്ചിയിലെ സാധനങ്ങള്‍ മാത്രം വിശ്വാസമുള്ളവരു കൊച്ചിയില്‍നിന്ന് വരുമ്പോള്‍ യാത്രക്ക് ആവശ്യമുള്ള സാധനങ്ങള്‍ കരുതിവയ്ക്കണം. അങ്ങിനെയാ കുടുംബത്തിന്റെ കാര്യത്തില്‍ താല്പര്യമുള്ള തള്ളമാര് ചെയ്യുന്നത് അല്ലാതെ ഫോണേല്‍ ഇരുപത്തിനാല് മണിക്കൂറും തോണ്ടിക്കൊണ്ടിരിക്കുക മാത്രമല്ല.”
അയാള്‍ പറഞ്ഞു.
“വൈകുന്നേരമാകുമ്പോള്‍ കട്ടപ്പനയില്‍ എത്തുമെന്നാ ഞാന്‍ കരുതിയെ. ഒച്ചിഴയുന്ന പോലത്തെ ജീപ്പേലാ പോകുന്നതെന്ന് ഞാന്‍ അറിഞ്ഞോ.. പിന്നെ തള്ളമാര്‍ക്ക് മാത്രമല്ല തന്തമാര്‍ക്കും മക്കടെ കാര്യത്തില്‍ കരുതലൊക്കെ ആവാം.” നിമ്മിയും വിട്ടുകൊടുത്തില്ല.
സോളമന്‍ ആക്സിലറേറ്ററില്‍ ആഞ്ഞു ചവിട്ടി.
“എന്നോട് എന്തെങ്കിലും ദേഷ്യമുണ്ടെങ്കില്‍ അതെന്നോട്‌ തീര്‍ക്കണം. അല്ലാതെ കൊച്ചിനോടല്ല.”അയാള്‍ ഒച്ചയെടുത്തു.
“എനിക്ക് വിശക്കുന്നില്ലാ… ഒന്ന് നിര്‍ത്താമോ ?” അവന്‍ ഉറക്കെ പറഞ്ഞു.
ആ നിമിഷം ജീപ്പിന്റെ പിറകില്‍നിന്ന് ഒരു പൊട്ടിത്തെറി കേട്ടു. സോളമന്‍ ഒരു ആന്തലോടെ ബ്രേക്കില്‍ ആഞ്ഞു ചവിട്ടി. വണ്ടി നിന്നില്ല. അയാളുടെ കയ്യില്‍നിന്ന് സ്റ്റിയറിംഗ് വീല്‍ പാളി. കൃഷി നിര്‍ത്തിയ ഒരു തേയിലത്തോട്ടത്തിലേക്കാണ് ജീപ്പ് പാഞ്ഞിറങ്ങിയത്‌. ആള്‍പൊക്കത്തില്‍ വളര്‍ന്നുനില്‍ക്കുന്ന തേയിലചെടികളുടെയും കുറ്റിക്കാടുകള്‍ക്കും ഇടയിലൂടെ വണ്ടി ഉരുണ്ടു. ടോണിയും നിമ്മിയും വണ്ടിയിലിരുന്നു ഉറക്കെ കരഞ്ഞു.

സോളമന്‍ ജീപ്പ് നിര്‍ത്താന്‍ കിണഞ്ഞു ശ്രമിച്ചു. പൊടുന്നനെ വണ്ടിയുടെ മുന്‍ ചക്രങ്ങള്‍ എന്തോ വസ്തുവില്‍ തട്ടി തടഞ്ഞു നിന്നു .മെല്ലെ എഞ്ചിന്‍ ഓഫായി. അപ്രതിക്ഷിതമായ അപകടത്തിന്റെ ഷോക്കില്‍ മൂന്നു പേരും ജീപ്പില്‍ത്തന്നെ മരവിച്ചിരുന്നു. ദേഹം നുറുങ്ങുന്ന വേദനയുണ്ടായിരുന്നെങ്കിലും ആര്‍ക്കും അല്പനേരത്തേക്ക് സംസാരിക്കാന്‍ പോലും കഴിഞ്ഞില്ല. ടോണി കിലുകിലാ വിറച്ചു.
“മോനേ….” നിമ്മി മകനെ വാരിപ്പുണര്‍ന്നു.

സോളമന്‍ ഡോര്‍ തുറന്നു പുറത്തിറങ്ങാന്‍ ശ്രമിക്കുകയായിരുന്നു. വള്ളിപ്പടര്‍പ്പുകള്‍ക്കില്‍ കുടുങ്ങിയെങ്കിലും അല്‍പനേരം പണിപ്പെട്ടു അയാള്‍ ഡോര്‍ തുറന്നു പുറത്തിറങ്ങി. നിലത്തിറങ്ങി മുന്‍പോട്ടു നോക്കിയ സോളമന്‍ വിറച്ചു പോയി. ജീപ്പ് നിന്നതിന്റെ തൊട്ടുമുന്‍പില്‍ ഒരു ഗര്‍ത്തം ! ഒരല്‍പ്പം കൂടി വാഹനം മുന്പോട്ട് നീങ്ങിയിരുന്നെങ്കില്‍! ഓര്‍ക്കാന്‍ കൂടി വയ്യ.

അയാള്‍ ചുറ്റും നോക്കി. നാല് ഭാഗത്തും ഉയര്‍ന്നു നില്‍ക്കുന്ന തേയിലക്കുന്നുകള്‍. അല്പം മുകളിലായി തങ്ങള്‍ വന്ന റോഡ്‌, ആ കുന്നുകള്‍ക്കിടയിലൂടെ വളഞ്ഞുപുളഞ്ഞു കടന്നു പോകുന്നു. നിലാവില്‍ ആ പാത ഒരു വെള്ളിസര്‍പ്പം പോലെ തോന്നിച്ചു. കുറച്ചുമാറി ഒരു പള്ളിയുടെ കുരിശു ഉയര്‍ന്നുനില്‍ക്കുന്നത് അവ്യക്തമായി കണ്ടു. അയാള്‍ക്ക് ആ സ്ഥലം നല്ല പരിചിതമായി തോന്നി.

മൊബൈലിന്റെ വെളിച്ചത്തില്‍ വണ്ടിയുടെ മുന്‍ചക്രങ്ങള്‍ തടഞ്ഞുനില്‍ക്കുന്നിടം അയാള്‍ പരിശോധിച്ചു. അത് വല്ല പാറയായിരിക്കുമെന്നാണ് അയാള്‍ വിചാരിച്ചത്. എന്നാല്‍ അത് ചതുരാകൃതിയിലുള്ള ഒരു കെട്ടായിരുന്നു.
“പപ്പക്ക് വല്ലതും പറ്റിയോ ?” ടോണി ചോദിച്ചു.
“ഇല്ല മോനെ.”അയാള്‍ ടോണിയെ ചേര്‍ത്തു നിര്‍ത്തി.
നിമ്മി അയാളെ രൂക്ഷമായി നോക്കി. അവളുടെ നോട്ടം നേരിടാനാവാതെ അയാള്‍ മുഖം താഴ്ത്തി. അവളോട്‌ എന്ത് പറഞ്ഞിട്ടും ഫലമുണ്ടാവില്ല എന്ന് അയാള്‍ക്ക് അറിയാമായിരുന്നു . അയാള്‍ നിലത്തു കുനിഞ്ഞിരുന്നു വണ്ടിയുടെ ടയര്‍ തട്ടിനില്‍ക്കുന്ന കെട്ടിന്റെ ഭാഗത്തെ കാട് വൃത്തിയാക്കാന്‍ തുടങ്ങി. ടോണിയും പപ്പയെ സഹായിക്കാന്‍ കൂടി. മൊബൈലിന്റെ വെളിച്ചത്തില്‍ അവര്‍ എഴുപത്തിയേഴ് എന്ന സംഖ്യയാണ് ആദ്യം കണ്ടത്. കൂടുതല്‍ വൃത്തിയാക്കിയപ്പോള്‍ സംഗതി വ്യക്തമായി.

അതൊരു കുഴിമാടമായിരുന്നു. അതിന്റെ ശിരോഫലകമാണ് ജീപ്പിനെ തടഞ്ഞു നിര്‍ത്തി അവരെ രക്ഷിച്ചത്‌. കല്ലില്‍ പറ്റിപ്പിടിച്ചു വളര്‍ന്ന പൂപ്പല്‍, വിരല് കൊണ്ട് തോണ്ടിയപ്പോള്‍ നാല്പതു വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൊത്തിയ അക്ഷരങ്ങള്‍ തെളിഞ്ഞു വന്നു.
അംബ്രോസ് ദൈവസഹായം.
ജനനം- 1906
മരണം -1977.
സോളമന്റെ മുഖത്ത് ആശ്വാസം പരന്നു, ഒപ്പം പരിഭ്രമവും.

“നാമിപ്പോള്‍ നില്‍ക്കുന്നത് ദൈസഹായം പ്ലാന്റേഷന്‍സിലാ. ഇതിന്റെ ഇപ്പോഴത്തെ ഓണര്‍ സേവ്യര്‍ ദൈവസഹായം ഒരു അകന്ന ബന്ധുവാണ്. നമുക്ക് അവരുടെ വീട്ടിലേക്ക് പോകാന്‍ നോക്കാം.”
മൊബൈലില്‍ റേഞ്ച് കണ്ടെത്താന്‍ ശ്രമിക്കുന്ന ഭാര്യയോട് അയാള്‍ പറഞ്ഞു.
“എന്ത് സഹായമെന്നാ പറഞ്ഞെ ?”
“ദൈവസഹായം.”
“നല്ല ബെസ്റ്റ് വീട്ടുപേര്‍. നിങ്ങടെ കാഞ്ഞിരപ്പള്ളിയിലെ ബന്ധുവിന്റെ ജീപ്പ് സഹായം കൊണ്ട് ഈ കാട്ടിലെത്താന്‍ കഴിഞ്ഞു. ഇനി ദൈവസഹായത്തിന്റെ കുറവ് കൂടിയേ ഉള്ളു.” അവള്‍ ഈര്‍ഷ്യയോടെ പറഞ്ഞു.
പെട്ടെന്ന് ടോണി മൂക്ക് പൊത്തി. വണ്ടിക്കുള്ളില്‍ വച്ച് തനിക്കു മാത്രം അനുഭവപ്പെട്ട അതേ ദുര്‍ഗന്ധം.
“പപ്പാ,മമ്മീ… വീണ്ടും ആ സ്മെല്‍.ഇതെവിടുന്നാ ?” അവന്‍ ചോദിച്ചു.
ആരും അതിനു മറുപടി പറഞ്ഞില്ല. സോളമന്‍ ഭാര്യയെ ശ്രദ്ധിച്ചു. കടന്നല് കുത്തിയ ഭാവവുമായി നില്‍ക്കുകയാണ്.

“ഇയാളിങ്ങു വന്നെ .” അയാള്‍ നിമ്മിയെ വിളിച്ചു അല്പം മാറിനിന്നു.
“നമുക്ക് രണ്ടുപേര്‍ക്കും ഉറപ്പാണ്. മിക്കവാറും ഇത് നമ്മള്‍ ഒരുമിച്ചുള്ള അവസാനത്തെ ട്രിപ്പ് ആണെന്ന്..”
സോളമന്‍ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു.നിമ്മി ഒന്നും മിണ്ടാതെ നോട്ടം മാറ്റി.
“അതുകൊണ്ട് ഇങ്ങനെ ചൊറിയുന്നത് നിര്‍ത്തണം. ടോണിക്ക് വേണ്ടിയെങ്കിലും.” നിമ്മിയുടെ മുഖം താഴ്ന്നു.
“പപ്പാ ഈ കുഴിമാടത്തിലെന്താ കുരിശില്ലാത്തെ ?”ടോണി വിളിച്ചു ചോദിച്ചു.
“അതൊക്കെ പോകുന്ന വഴിക്ക് പറയാം. ഇവിടെ അധികം നേരം നില്‍ക്കണ്ട.” സോളമന്‍ ധൃതികൂട്ടി.
“നോക്കി നടക്കണം. പാമ്പും ചേമ്പും ഒക്കെ കാണും.” ഏറ്റവും മുന്നില്‍ നടന്ന സോളമന്‍ മുന്നറിയിപ്പ് നല്‍കി. ഒരു കാട്ടു കമ്പ് ഒടിച്ചു വഴി പരതിയാണ് അയാള്‍ നടന്നത്.

നേര്‍ത്ത നിലാവ് ഉണ്ടായിരുന്നു.. ആള്‍പ്പൊക്കം വളര്‍ന്നുമുറ്റിയ തേയിലച്ചെടികള്‍. അവയ്ക്കിടയില്‍ വെളുത്ത നിറമുള്ള പൂക്കള്‍ വിടര്‍ന്നു നില്‍ക്കുന്ന കാട്ടുചെടികള്‍. സര്‍പ്പങ്ങളെപോലെ പടര്‍ന്നുകിടക്കുന്ന തേയിലകുറ്റികളുടെ വേരുകള്‍ കണ്ടു ടോണി ഭയന്നു പോയി. പപ്പയുടെ ഒപ്പമെത്താന്‍ അവന്‍ നടപ്പിന്റെ വേഗം കൂട്ടി.

“ഇവിടെയെന്താ തേയില കൃഷി ചെയ്യാത്തെ പപ്പാ…”അവന്‍ തിരക്കി.
ആ ചോദ്യം സോളമന്റെ മനസ്സിലുമുണ്ടായിരുന്നു. സേവ്യര്‍ നല്ലൊരു പ്ലാന്റര്‍ ആണെന്ന് അയാള്‍ക്ക് അറിയാമായിരുന്നു.
“അതൊക്കെ അവിടെ ചെന്നിട്ടു പറയാം. എത്രയും വേഗം റോഡിലെത്തണം. റോഡിനു മുകളിലെ തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ സേവ്യറിന്റെ ബംഗ്ലാവിലേക്ക് വഴിയുണ്ട്.” അയാള്‍ ധൃതി കൂട്ടി.
“ഒത്തിരി ദൂരം നടക്കണോ പപ്പാ ?”
“ഒരു മുക്കാല്‍ കിലോമീറ്റര്‍ കാണും. കയറ്റമാണ്. റോഡിലൂടെ പോയാല്‍ രണ്ടു മൂന്നു കിലോമീറ്റര്‍ നടക്കേണ്ടി വരും.”
“പപ്പക്ക് ഇവിടത്തെ വഴിയൊക്കെ അറിയാമോ ?”
“ചെറുപ്പത്തില്‍ പല പ്രാവശ്യം സേവ്യറിന്റെ വീട്ടില്‍ വന്നിട്ടുണ്ട്. മൂന്നാറും മറ്റും പോകുമ്പോള്‍ ..”

അവര്‍ റോഡിലെത്തി .
“നടക്കാന്‍ വയ്യ. നമുക്കാ റോഡില്‍ നില്‍ക്കാം. ഏതെങ്കിലും വണ്ടി വരാതിരിക്കില്ല. അല്ലെങ്കില്‍ നാട്ടുകാര്‍ ആരെയെങ്കിലും കാണും.”
കുറച്ചു പിറകില്‍നിന്ന് തളര്‍ന്ന സ്വരത്തില്‍ നിമ്മി പറഞ്ഞു.
“ഇവിടെയെങ്ങും വേറെ വീടുകളില്ല. ഏറ്റവും അടുത്തുള്ളത് സേവ്യറിന്റെ വീട് മാത്രമാണ്. നാട്ടുകാരൊന്നും രാത്രിയാല്‍ ഈ ഏരിയായില്‍ കൂടി വരാറില്ല. “റോഡരികിലെ കയ്യാലയിലെ ഒതുക്കുകല്ലുകള്‍ ചവിട്ടി തേയിലത്തോട്ടത്തിലേക്ക് കടക്കുന്നതിനിടയില്‍ സോമന്‍ പറഞ്ഞു.
“അതെന്താ ?”
“അഞ്ഞൂറ് ഏക്കറിന് മുകളിലുണ്ടായിരുന്നു ദൈവസഹായം പ്ലാന്റെഷന്‍സ്. ഒരു ബ്രിട്ടീഷുകാരന്‍ സായിപ്പിന്റെയായിരുന്നു ഈ തോട്ടങ്ങള്‍. സായിപ്പ് ഒറ്റക്കായിരുന്നു ഈ തോട്ടങ്ങള്‍ ഒക്കെ നടത്തിയത്.”
“ഒറ്റക്കോ ?”
“ഒറ്റക്കെന്നു പറയാന്‍ പറ്റില്ല. വേറൊരാള്‍ കൂടി സഹായത്തിനുണ്ടായിരുന്നു.”
“ആര് ?” ടോണി ആകാംക്ഷയോടെ ചോദിച്ചു.
“ചെകുത്താന്‍…. സായിപ്പിന് ചെകുത്താന്‍ സേവയുണ്ടായിരുന്നു.” സോളമന്‍ അത് പറഞ്ഞതും ടോണി ഉറക്കെ കരഞ്ഞു.
“എന്താ മോനെ…” സോളമന്‍ അവന്റെ അരികിലെത്തി..
അവന്‍ തേയിലത്തോട്ടത്തിലേക്ക് വിരല്‍ ചൂണ്ടി.അല്പമകലെ തേയിലച്ചെടിയില്‍ വട്ടം ചുറ്റിയിരിക്കുന്ന സര്‍പ്പം. അത് പത്തി വിടര്‍ത്തി അവരെ നോക്കി ചീറ്റി.
“നമുക്ക് തിരിച്ചു പോയാലോ ?’ ഭയവിഹ്വലതയോടെ ടോണിയെ ചേര്‍ത്തുപിടിച്ചു നിമ്മി ചോദിച്ചു.
“ശ്ശ്..ശബ്ദമുണ്ടാക്കരുത്..” സോളമന്‍ ഒച്ച താഴ്ത്തി പറഞ്ഞു.
ചീറ്റലിന്റെ കൂടിയപ്പോള്‍ സോളമന്‍ ശ്രദ്ധിച്ചു. അതൊരു ഒറ്റ സര്‍പ്പമല്ല. തേയിലക്കാട്ടില്‍നിന്ന് ഒന്നിലേറെ സര്‍പ്പങ്ങള്‍ മെല്ലെ മെല്ലെ ശിരസ്സ് ഉയര്‍ത്താന്‍ തുടങ്ങുന്നു. കനല്‍ പോലെ തിളങ്ങുന്ന അവയുടെ കണ്ണുകള്‍ അസാധാരണമായി ടോണിക്ക് തോന്നി. ഒരു മുന്നറിയിപ്പ് പോലെ അവ പത്തിവിടര്‍ത്തി ശിരസ്സു ചലിപ്പിച്ചു.
“അങ്ങോട്ട്‌ ശ്രദ്ധിക്കണ്ട. നമ്മള്‍ ഉപദ്രവിച്ചാലെ അവ നമ്മെ ഉപദ്രവിക്കൂ.. തേയിലക്കാട്ടില്‍ രാത്രി ഇത്തരം കാഴ്ചകളൊക്കെയുണ്ടാകും. വേഗം പോകാം. ഇനി അധികം ദൂരമില്ല.”ഭയം പുറത്തു കാണിക്കാതെ സോളമന്‍ പറഞ്ഞു. എന്നിട്ട് ശബ്ദമുണ്ടാക്കാതെ മുന്നോട്ടു നടന്നു.

ഭയം ജനിപ്പിക്കുന്ന സാഹചര്യമാണെങ്കിലും ടോണിയുടെ മനസ്സില്‍ സന്തോഷമായിരുന്നു. എത്രനാള്‍കൂടിയാണ് പപ്പയുടേയും മമ്മിയുടെയും കൂടെ ഇങ്ങനെ നടക്കാന്‍ കഴിയുന്നത്‌. ഏതു ചെകുത്താന്‍ വന്നാലും പപ്പയും മമ്മിയും ഒപ്പമുണ്ടെങ്കില്‍ അവനു ഭയമില്ല.
“അതുകൊണ്ടാണോ പപ്പാ ആ കുഴിമാടത്തില്‍ കുരിശില്ലാത്തത് ?” അവന്‍ ചോദിച്ചു.
“അതെ.സായിപ്പ് തന്റെ വിശ്വസ്തനായ അംബ്രോസിനെ ദുര്‍മന്ത്രവാദം പഠിപ്പിച്ചു. സായിപ്പ് മരിച്ചപ്പോള്‍ തോട്ടങ്ങള്‍ അംബ്രോസിന് കിട്ടി. സായിപ്പിനെക്കാള്‍ ഒരു പടി കൂടുതലായിരുന്നു അംബ്രോസ്. പള്ളിയും പട്ടക്കാരുമായി അങ്ങേരു കലഹമായിരുന്നു. പള്ളിയില്‍ കയറി അള്‍ത്താര നശിപ്പിച്ചു. ഒടുക്കം ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണു കേട്ടിട്ടുള്ളത്.”
“നമുക്കിനി അങ്ങോട്ട്‌ പോകണോ ? ഇതൊക്കെ കേട്ടിട്ടു തന്നെ പേടിയാവുന്നു.” നിമ്മിയുടെ സ്വരത്തില്‍ വീണ്ടും ആശങ്ക നിറഞ്ഞു.
“ഹേയ്, ഇതൊക്കെ പണ്ടത്തെ സംഭവങ്ങളാണ്. നല്ല ഫാമിലിയാണ്. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് സേവ്യറിന്റെ കല്യാണത്തിനാണ് ഏറ്റവും ഒടുവില്‍ വന്നത്. പിന്നെ ഏതെങ്കിലും ബന്ധുക്കളുടെ കല്യാണത്തിനോ മരിച്ചടക്കിനോ ഒക്കെ സേവ്യറിനെയും ഭാര്യ ദെലീനയയെയും കാണും. പരിചയം പുതുക്കും. അവരെപ്പോഴും ഒരുമിച്ചാണ് നടക്കുന്നത്. അസൂയ തോന്നിക്കുന്ന കപ്പിള്‍..” അത് പറയുമ്പോള്‍ സോളമന്റെ സ്വരം താഴ്ന്നിരുന്നു.

ദൂരെനിന്ന് മഴയിരച്ചു വരുന്ന സ്വരം കേട്ടു.
“നമ്മളിങ്ങോട്ട്‌ വന്നപ്പോള്‍ മഴയുടെ ഒരു ലക്ഷണവുമില്ലായിരുന്നല്ലോ .”അത്ഭുതത്തോടെ ടോണി പറഞ്ഞു.
‘ഇവിടെ പെട്ടെന്ന് കാലാവസ്ഥ മാറും.മലമ്പ്രദേശമല്ലേ ..” സോളമന്‍ പറഞ്ഞു.
കാറ്റ് വീശാന്‍ തുടങ്ങി.
“വേഗം നടക്കാം. ഇനി കുറച്ചേയുള്ളൂ.” സോളമന്‍ പറഞ്ഞു.
പെട്ടെന്ന് ഒരു വലിയ ശബ്ദം കേട്ടു. അവര്‍ നടക്കുന്നതിന്റെ തൊട്ടുമുന്‍പിലേക്ക് ഒരു ചൂള മരം ഒടിഞ്ഞു വീഴുന്നു. അത് ടോണിയുടെ നേരെ ശിരസിന് മുകളിലേക്കാണ് വരുന്നത്.
“പപ്പാ..” ടോണി ഉറക്കെ കരഞ്ഞു. അവനു ചലിക്കാന്‍ കഴിഞ്ഞില്ല.
സോളമന്‍ ഒരു മിന്നല്‍പോലെ ടോണിയെ വാരിയെടുത്തു കൊണ്ട് മറുവശത്തേക്ക് ചാടി. ആ നിമിഷം വലിയ ശബ്ദത്തോടെ മരം നിലംപതിച്ചു. നിമിഷങ്ങളുടെ വ്യതാസത്തില്‍ വലിയ അപകടം ഒഴിവായി.
“മോനെ ….എന്തെങ്കിലും പറ്റിയോ നിനക്ക്!” നിമ്മി ഓടിയെത്തി മകനെ വാരിപ്പുണര്‍ന്നു.
“ഇല്ല മമ്മി.ഐ ആം ഫൈന്‍.” എത്ര നാള്‍ കൂടിയാണ് മമ്മി തന്നെ ഒന്ന് കെട്ടിപ്പിടിക്കുന്നത്. തന്റെ കണ്ണ് നിറഞ്ഞത്‌ പേടികൊണ്ടാണോ അതോ അമ്മയുടെ വാത്സല്യംകൊണ്ടാണോ എന്ന് അവനു നിശ്ചയമുണ്ടായിരുന്നില്ല.
“നമുക്ക് റോഡില്‍ത്തന്നെ നിന്നാല്‍ മതിയായിരുന്നു. ഇങ്ങോട്ട് വരണ്ടായിരുന്നു.” വിറയാര്‍ന്ന സ്വരത്തില്‍ നിമ്മി പറഞ്ഞു.
“സാരമില്ല.നമ്മളെത്തി. ദാ ആ കാണുന്നതാണ് സേവ്യറിന്റെ വീട് .” സോളമന്‍ വിരല്‍ ചൂണ്ടി.
ഇടിമിന്നലിന്റെ വെളിച്ചത്തില്‍ കുന്നിന്‍മുകളില്‍ ഉയര്‍ന്നുനില്‍ക്കുന്ന ദൈവസഹായം ബംഗ്ലാവ്.

ബംഗ്ലാവിന്റെ മുറ്റത്തെത്തിയപ്പോഴേക്കും മൂന്നു പേരും അണയ്ക്കുന്നുണ്ടായിരുന്നു. അപ്പോഴേക്കും സ്വിച്ച് ഓഫ് ചെയ്തത് പോലെ മഴ മാറി. ബംഗ്ലാവും പരിസരവും കണ്ടപ്പോള്‍ ടോണിയുടെ ഭയമെല്ലാം മാറി അത്ഭുതമായി. കല്ല്‌ കൊണ്ട് കെട്ടിയുണ്ടാക്കിയ പഴയ രീതിയിലുള്ള വീട്. അതിനോട് ചേര്‍ന്ന് ഉയര്‍ന്നു നില്‍ക്കുന്ന മരങ്ങള്‍. ബംഗ്ലാവിന്റെ പ്രൌഡിക്കൊത്ത മുറ്റം. ഈ മുറ്റത്ത്‌ വേണമെങ്കില്‍ ക്രിക്കറ്റ് കളിക്കാമല്ലോ. ചെടിയും മറ്റും വച്ചു പിടിപ്പിക്കാത്ത വിശാലമായ മുറ്റം കണ്ടപ്പോള്‍ ടോണി വിചാരിച്ചു. എന്നാല്‍ മുറ്റത്തിന്റെ മൂലയിലെ കിണര്‍ കണ്ടപ്പോള്‍ അവന്‍ നിരാശനായി. കറുത്ത കല്ലുകൊണ്ട് അരമതില്‍ കെട്ടി വേര്‍തിരിച്ച ആ കിണര്‍ മാത്രം ഈ പരിസരത്തിനു ചേരുന്നില്ല.

സോളമന്‍ ഡോര്‍ ബെല്ലമര്‍ത്താന്‍ തുടങ്ങിയതും അകത്തുനിന്ന് ഒരു സ്ത്രീ ശബ്ദം കേട്ടു.
“വാതില്‍ ചാരിയിട്ടേക്കുവാ. കേറി പോര് !”
ഒന്ന് മടിച്ചെങ്കിലും സോളമന്‍ സ്വീകരണമുറിയുടെ വാതില്‍ മെല്ലെ തള്ളിത്തുറന്നു. കുന്തിരിക്കത്തിന്റെ കടുത്ത ഗന്ധം അവിടെയെല്ലാം പരന്നു. ഒന്ന് സംശയിച്ചുനിന്നെങ്കിലും നിമ്മിയും ടോണിയും അയാള്‍ക്ക് പിന്നാലെ അകത്തേക്ക് കയറി.

കുരിശ് .
സ്വീകരണമുറിയില്‍ എവിടെ നോക്കിയാലും കുരിശ്. വാതില്‍ക്കല്‍, ജനാലപടിയില്‍ ,ഭിത്തികളില്‍… എല്ലായിടത്തും. സ്വീകരണമുറിയുടെ ഒരു ഭാഗത്തു ഒരു വലിയ തടിക്കുരിശു സ്ഥാപിച്ചിരിക്കുന്നു. അതിന്റെ മുന്‍പിലെ മെഴുകുതിരിക്കാലുകളില്‍ ഏഴു മെഴുകുതിരികള്‍ ജ്വലിക്കുന്നു. ധൂപക്കുറ്റിയില്‍ നിന്ന് ഉയരുന്ന കുന്തിരിക്കത്തിന്റെ പുക വീടാകെ വ്യാപിക്കുന്നു.
“ഞാന്‍ പ്രാര്‍ത്ഥനയിലാണ്. നിങ്ങളും കൂടിക്കോ.. സര്‍പ്പമെന്ന ശത്രുവിന്റെ ശിരസ്സ് തകര്‍ക്കാന്‍ പ്രാര്‍ത്ഥനയ്ക്ക് മാത്രമേ കഴിയൂ..”
കുരിശിനു മുന്‍പില്‍ മുട്ടുകുത്തി നില്‍ക്കുന്ന സ്ത്രീ കണ്ണുകള്‍ തുറക്കാതെ സംസാരിച്ചു. അവര്‍ തന്റെ മെലിഞ്ഞു നീണ്ട കൈകള്‍ കുരിശിനു മുന്‍പിലേക്ക് മെല്ലെ ഉയര്‍ത്തി.

“അതാണ്‌ ദെലീന ദൈവസഹായം.”സോളമന്‍ മന്ത്രിച്ചു.
ദലീന മെല്ലെ എഴുന്നേറ്റു. അവരുടെ കയ്യില്‍ ഒരു ചെറിയ ഇരുമ്പ് കുരിശുണ്ടായിരുന്നു.
“ഇനി ബന്ധനപ്രാര്‍ത്ഥനകൂടിയുണ്ട്.കണ്ണടച്ച് പിടിച്ചു ശക്തമായി പ്രാര്‍ത്ഥിച്ചോളൂ.. നിങ്ങളുടെ പിന്നാലെ ദുഷ്ടശക്തികള്‍ വരുന്നത് ഞാന്‍ അറിയുന്നുണ്ടായിരുന്നു.”
അതും കയ്യില്‍ പിടിച്ചു അവര്‍ നാല് ദിക്കിലേക്ക് തിരിഞ്ഞു ബന്ധനപ്രാര്‍ത്ഥന ചൊല്ലാന്‍ തുടങ്ങി. ക്രോധം നിറഞ്ഞ അട്ടഹാസം പോലെയായിരുന്നു അവരുടെ സ്വരം.
“സാത്താനെയും അവന്റെ മാര്‍ഗങ്ങളെയും ഞാന്‍ ഉപേക്ഷിക്കുന്നു. മാംസത്തിന്റെയും ദുരയുടെയും മാര്‍ഗം ഞാന്‍ ഉപേക്ഷിക്കുന്നു. അന്ധകാരശക്തികള്‍ മാറിപ്പോകട്ടെ..”
ഓരോ തവണ പ്രാര്‍ത്ഥിച്ചശേഷവും അവര്‍ പുറത്തെ ഇരുട്ടിലേക്ക് ദേഷ്യത്തോടെ നോക്കും. പിന്നെ കാര്‍ക്കിച്ചു തുപ്പും.
ടോണി ഭയത്തോടെ നിമ്മിയുടെ വിരലുകളില്‍ ഇറുകിപ്പിടിച്ചു. നിമ്മിയുടെയും ചങ്കിടിക്കുന്നുണ്ടായിരുന്നു. സോളമനാകട്ടെ ഈ രംഗം കണ്ടു അന്തം വിട്ടു നില്‍ക്കുകയാണ്. സേവ്യറിന്റെ പിന്നാലെ ശിരസ്സു കുനിച്ചു ശിരസ്സില്‍ സാരിത്തലപ്പിട്ട് മൂടി പള്ളിയില്‍ നിന്ന് ഇറങ്ങി വരുന്ന ദലീനയെ അയാള്‍ ഓര്‍മ്മിച്ചു. അധികം സംസാരിക്കാത്ത വിനയം നിറഞ്ഞ സ്വഭാവം. അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനീയറിംഗ് റാങ്കോടെ പാസായ ദലീന ഭര്‍ത്താവിനെ സഹായിക്കാനാണ് ജോലി ഉപേക്ഷിച്ചത്. ദലീനയ്ക്ക് എന്താണ് സംഭവിച്ചത് ?
“പേടിച്ചു പോയോ മോനെ !” ടോണിയുടെ കവിളില്‍ത്തട്ടി ദലീന ചോദിക്കുന്നത് കേട്ടപ്പോഴാണ് സേവ്യര്‍ ചിന്തയില്‍നിന്നുണര്‍ന്നത്.
“ക്ഷമിക്കണട്ടോ.. എനിക്ക് ഇത്തിരി പ്രാര്‍ത്ഥന കൂടുതലാ അടുത്തിടെയായി. ഇവിടുത്തെ സാഹചര്യങ്ങളും ഒറ്റക്കുള്ള താമസവും… ” സോളമനെയും നിമ്മിയെയും നോക്കി ക്ഷമാപണംപോലെ ദലീന പറഞ്ഞു. അല്‍പ്പം മുന്‍പ് കണ്ട ദലീനയല്ല അതെന്നു നിമ്മിക്ക് തോന്നി.
“എവിടെ സേവ്യര്‍ ?” സോളമന്‍ ചോദിച്ചു.
“എല്ലാം പറയാം. നിങ്ങള്‍ അകത്തേക്ക് വരൂ. അല്പം വിശ്രമിക്കാം. പിന്നെ ഭക്ഷണം. അതുപോരെ ?” ദലീന ചോദിച്ചു.
“മതി.” നിമ്മിയാണ് പറഞ്ഞത്. അവള്‍ക്ക് എവിടെയെങ്കിലും കിടന്നാല്‍ മതിയെന്നേ ഉണ്ടായിരുന്നുള്ളു.
മൂന്നു പേരും കുളിച്ചു വന്നപ്പോഴേക്കും ദലീന ഭക്ഷണം എടുത്തു വച്ചിരുന്നു. വരുന്ന വഴിക്ക് സംഭവിച്ച അപകടത്തെ പറ്റിയും ബംഗ്ലാവിലേക്ക് വരുന്ന വഴിയുണ്ടായ സംഭ്രമിപ്പിക്കുന്ന കാര്യങ്ങളെ പറ്റിയും സോളമന്‍ ദലീനയോട് സംസാരിച്ചു.
“വണ്ടിയുടെ കാര്യം ഞാന്‍ ക്രഷറിലെ മാനേജരെ വിളിച്ചു പറഞ്ഞിട്ടുണ്ട്. അവര്‍ നാളെ വന്നു വണ്ടി വര്‍ക്ക് ഷോപ്പിലേക്ക് കൊണ്ടുപോകും. നിങ്ങള്‍ക്ക് പോകാനായി വേറൊരു വണ്ടി റെഡിയാക്കിയിട്ടുണ്ട്.” ഭക്ഷണം കഴിക്കുന്നതിനിടയില്‍ ദലീന പറഞ്ഞു.
“വണ്ടി മറിഞ്ഞതിനെക്കാള്‍ ഞങ്ങള്‍ ഭയന്നു പോയത് ഇങ്ങോട്ട് വരുന്ന വഴിക കണ്ട കാര്യങ്ങളാ..” നിമ്മി പറഞ്ഞു. അവളുടെ മുഖത്ത് അപ്പോഴും ഭയത്തിന്റെ കാളിമ വിട്ടുമാറിയിട്ടിയില്ല.
“ഹേയ് അതൊക്കെ തേയിലത്തോട്ടങ്ങളിലെ സ്ഥിരം സംഭവങ്ങളാ. ദൈവസഹായം പ്ലാന്റേഷന്‍സിന്റെ കുറെ ഭാഗങ്ങള്‍ വനത്തിനോട് ചേര്‍ന്നാണ് കിടക്കുന്നത്. രാജവെമ്പാലയും മൂര്‍ഖനുമൊക്കെയുണ്ടാകും തോട്ടങ്ങളില്‍. ശരിക്കും അവരുടെ സ്ഥലം നമ്മളാണ് കയ്യേറിയിരിക്കുന്നത്. പിന്നെ ഇലഭാരം കൂടുമ്പോള്‍ ചൂളമരങ്ങള്‍ നിന്ന നില്‍പ്പിനു മറിയും. ’ദലീന ചിരിച്ചുകൊണ്ട് വിശദീകരിച്ചു.

“ഹോ ഞാനങ്ങു പേടിച്ചു പോയി.” നിമ്മിയുടെ മുഖത്ത് ആശ്വാസം തെളിഞ്ഞു.
“ഞാന്‍ വിചാരിച്ചെ ഡെവിള്‍ ആയിരിക്കൂന്നാ..” ടോണി തന്റെ സംശയം മെല്ലെ തുറന്നു പറഞ്ഞു.
അതുകേട്ടതും ദലീന ഉറക്കെ പൊട്ടിച്ചിരിച്ചു.
“മനുഷ്യരെയാണ് മോനെ ചെകുത്താനെക്കാള്‍ പേടിക്കേണ്ടത് .” ദലീന പറഞ്ഞു.
“അത് ശരിയാ. ആന്റി പറഞ്ഞത് നീ കേട്ടോ..ഇനി രാത്രിയില്‍ പേടിച്ചു കാറിയേക്കരുത്. ടി.വിയില്‍ വരുന്ന പ്രേതസിനിമകള്‍ ഒക്കെ കാണുന്നതിന്റെ കുഴപ്പമായിത്.” നിമ്മി മകനോട് പറഞ്ഞു .
ടോണിയുടെ മനസ്സില്‍ അപ്പോഴും എന്തോ കുഴഞ്ഞുമറിയുന്നുണ്ടായിരുന്നു. അവനു ദലീനയുടെ വിശദീകരണം തൃപ്തി നല്‍കിയില്ല. തങ്ങള്‍ വന്നപ്പോള്‍ ആ ആന്റി ചെകുത്താനെ ഓടിക്കാനുള്ള പ്രാര്‍ത്ഥനയിലായിരുന്നു. എന്തോ എവിടെയോ ചേരുന്നില്ലെന്ന് അവനു തോന്നി.

“അതൊക്കെ പോട്ടെ. സേവ്യര്‍ എവിടെ ?” സോളമന്‍ തിരക്കി.
“അച്ചായന്‍ ബാംഗ്ലൂരാ. അഞ്ചാറു മാസമായി. ഇടയ്ക്കെ ഇങ്ങോട്ട് വരൂ. തേയിലകൃഷി നഷ്ടത്തിലായതിനുശേഷം ഞങ്ങള്‍ ഒരു ക്രഷർ തുടങ്ങിയിരുന്നു. ഒപ്പം കണ്‍സ്ട്രക്ഷന്‍ ഗുഡ്സിന്റെ ബിസിനസ്സും. ബാംഗ്ലൂര്‍ ബേസ് ചെയ്താ പരിപാടിയൊക്കെ.” ദലീന പറഞ്ഞു.
“ഉം. കുഞ്ഞുനാളില്‍ ഇവിടെ വരുമ്പോള്‍ സേവ്യറിന് ഞങ്ങളെ തോട്ടം കാണിക്കാന്‍ കൊണ്ടുപോവാന്‍ വലിയ ഉത്സാഹമായിരുന്നു. കൃഷിന്നു വച്ചാല്‍ പുള്ളിക്ക് ജീവനായിരുന്നു.” സോളമന്‍ ഓര്‍മ്മിച്ചു.
“പണിക്കാരെയൊക്കെ കിട്ടാന്‍ പ്രയാസമാ. ഒപ്പം വിലയുടെ പ്രശ്നങ്ങളും.” ടോണി കോട്ടുവായിട്ടു.
“മോന് ഉറക്കം വരുന്നുണ്ട്. നിങ്ങള് കിടന്നോ.. എനിക്കും കിടക്കണം.. ”ദലീന ചിരിയോടെ പറഞ്ഞു.
കിടക്കുന്നതിനു മുന്‍പ് അവന്‍ ബംഗ്ലാവിലെ മുറികള്‍ക്കിടയിലൂടെ നടന്നു. വിശാലമായ അകത്തളങ്ങള്‍. ഭിത്തിയില്‍ സ്റ്റഫ് ചെയ്ത കാളയുടെയും പോത്തിന്റെയും ശിരസ്സുകള്‍. സ്വീകരണമുറിയിലെ ഭിത്തിയില്‍ സേവ്യറിന്റെയും ദലീനയുടെയും ഫ്രെയിം ചെയ്ത ഒരു വലിയ ഫോട്ടോ കിടപ്പുണ്ടായിരുന്നു. അതിനരികില്‍ ഒരു വൃദ്ധന്റെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പെയിന്റിംഗ് തൂങ്ങി ക്കിടന്നു. വെളുത്ത ജൂബയും മുണ്ടുമാണ് ധരിച്ചിരിക്കുന്നത്‌. ജൂബയുടെ തുറന്നിട്ട കുടുക്കുകള്‍ക്കിടയിലൂടെ നെഞ്ചിലെ നരച്ച രോമങ്ങള്‍ കാണാം. കഴുത്തില്‍ കയറുപിരിയന്‍ സ്വര്‍ണ്ണമാലയുടെ തിളക്കം. ചുഴിഞ്ഞിറങ്ങുന്ന നോട്ടം. അവന്‍ ആ ചിത്രത്തിലേക്ക് നോക്കിനില്‍ക്കുന്നത് കണ്ട് ദലീന അടുത്തു വന്നു.

“ആ പടത്തിലേക്ക് ഒത്തിരി നേരം നോക്കിനില്‍ക്കണ്ട കേട്ടോ..” അവള്‍ പറഞ്ഞു.
“അതെന്താ ആന്റി ?”
“അതാണ്‌ അംബ്രോസ് ദൈവസഹായം. പുള്ളിടെ പടത്തില്‍ നോക്കിയിട്ട് കിടന്നാല്‍ രാത്രി ദു:സ്വപ്നം കാണും.” ദലീന ചിരിച്ചുകൊണ്ട് പറഞ്ഞു.
“ശരിക്കും ?”ടോണി പേടിയോടെ ചോദിച്ചു.
അവള്‍ അതിനു മറുപടി പറയുന്നതിന് മുന്‍പ് അകത്തു നിന്നും നിമ്മിയുടെ വിളി കേട്ടു.
“ടോണീ വന്നു കിടക്ക്.. രാവിലെ നേരത്തെ എണീല്‍ക്കണം. ”നിമ്മി വിളിച്ചു പറഞു.
“മോന്‍ പോയി പ്രാര്‍ത്ഥിച്ചിട്ട്‌ കിടന്നോ.. ഗുഡ് നൈറ്റ്..” ദലീന പറഞ്ഞു.
“ഗുഡ്നൈറ്റ് ആന്റി..” ടോണി തിരിച്ചു വിഷ് ചെയ്തു.
രാത്രി. സോളമനും നിമ്മിയും കിടന്നതറിയാതെ ഉറങ്ങി.
ടോണിക്ക് മാത്രം ഉറക്കം വന്നില്ല. പുറത്തു ചൂളമരങ്ങളില്‍ കാറ്റ് പിടിക്കുന്നത് കേള്‍ക്കാം. അല്‍പ്പം കഴിഞ്ഞു മെല്ലെ ടോണിയും ഉറക്കത്തിലേക്ക് വഴുതി വീണു.

കുറച്ചു കഴിഞ്ഞപ്പോള്‍ ആരോ തന്നെ കുലുക്കി വിളിക്കുന്നത്‌ പോലെ ടോണിക്ക് തോന്നി. അവന്‍ ഞെട്ടി കണ്ണ് തുറന്നു. ആരുമില്ല. വീട് മുഴുവന്‍ ഒരു ദുര്‍ഗന്ധം പരക്കുന്നത് ടോണി അറിഞ്ഞു.. ഈ യാത്രയിലുടനീളം തന്നെ പിന്തുടര്‍ന്ന ആ ദുര്‍ഗന്ധം. ആദ്യം ജീപ്പിനുള്ളില്‍ വച്ച് , അത് കഴിഞ്ഞു അപകടത്തിനുശേഷം ആ കുഴിമാടത്തിനരികില്‍ വച്ച്…
സോളമനും നിമ്മിയും ഒന്നുമറിയാതെ കിടന്നുറങ്ങുകയാണ്.
ദുര്‍ഗന്ധത്തിന്റെ ശക്തി കൂടി.
പെട്ടെന്ന് പുറത്തു നിന്ന് എന്തോ ശബ്ദം കേട്ടു. ടോണി ജനാലയുടെ അരികിലേക്ക് ചെന്നു.
പുറത്ത് മുറ്റത്തിന്റെ മൂലയിലുള്ള കിണറിന്റെ അരികില്‍ നിന്നാണ് ആ സ്വരം കേള്‍ക്കുന്നത്. അവന്‍ സൂക്ഷിച്ചു നോക്കി.
പെട്ടെന്ന് കിണറിനു മുകളിലേക്ക് ഒരു കൈ ഉയര്‍ന്നുവന്നു. ടോണി ഞെട്ടി. തന്റെ ശബ്ദം പുറത്തു വരാതിരിക്കാന്‍ അവന്‍ വാ പൊത്തി. മെല്ലെ .. കിണറിനു മുകളില്‍ ഒരു രൂപം ഉയര്‍ന്നു വന്നു. അതിനൊരു മനുഷ്യരൂപത്തിന്റെ വിദൂര സാമ്യമേ ഉണ്ടായിരുന്നുള്ളു. അഴുകി തൂങ്ങി കിടക്കുന്ന ശരീരഭാഗങ്ങള്‍.മുഖത്ത് കണ്ണുകളുടെ സ്ഥാനത്തു രണ്ടു കറുത്ത ദ്വാരങ്ങള്‍. അതിന്റെ ശരീരത്തില്‍നിന്നാണ് ആ അസഹനീയമായ ദുര്‍ഗന്ധം പരക്കുന്നത്. ടോണി മൂക്ക് പൊത്തി.

കൈകള്‍ രണ്ടു വശത്തെക്കും ചിറകു പോലെ വിടര്‍ത്തി ആ രൂപം വായുവില്‍ തങ്ങിനിന്നു. അതിന്റെ ശരീരത്തിലെ അഴുകാന്‍ തുടങ്ങുന്ന മാംസംഭാഗങ്ങള്‍ കാറ്റില്‍ ചലിച്ചു. ആ രൂപം മെല്ലെ വീടിനു നേര്‍ക്ക് വരുന്നത് ടോണി കണ്ടു. വീടിന്റെ ഭിത്തിയില്‍ സ്പര്‍ശിച്ചതും ആ രൂപത്തിനു മാറ്റം വന്നു.
അതിന്റെ മുഖത്തിന്‌ ഒരു മനുഷ്യന്റെ ഛായ കൈവന്നു.

താന്‍ ആ മുഖം ഇതിനു മുന്‍പ് കണ്ടിട്ടുണ്ട്. ടോണി ഓര്‍മ്മിച്ചു. ഹാളിലെ വിവാഹഫോട്ടോയിലെ മനുഷ്യന്‍. ദലീനയുടെ ഭര്‍ത്താവ്. സേവ്യര്‍ ദൈവസഹായം. ആ രൂപം വീടിനുള്ളിലേക്ക് കടക്കാന്‍ ശ്രമിക്കുകയാണ്. ടോണി മാതാപിതാക്കളെ കുലുക്കി വിളിച്ചു. അവര്‍ ഉണര്‍ന്നില്ല. അഗാധമായ ഉറക്കത്തിലാണ് അവര്‍ രണ്ടു പേരും. അകത്തു നിന്ന് എന്തോ തട്ടി മറിഞ്ഞു വീഴുന്ന സ്വരം കേട്ടു.ദുര്‍ഗന്ധത്തിന്റെ ശക്തി കൂടിയിരിക്കുന്നു. താനിപ്പോള്‍ ബോധം കേട്ടു വീഴുമെന്നു ടോണിക്ക് തോന്നി. ആ രൂപം അകത്തു കടന്നിരിക്കുന്നു. അത് ദലീന കിടക്കുന്ന മുറിയിലേക്ക് നീങ്ങി. പെട്ടെന്ന് പൊള്ളലേറ്റത് പോലെ അത് പിന്നോട്ട് മാറി. മുറിയുടെ വാതില്‍ക്കല്‍ എന്തോ വസ്തു അതിനെ തടഞ്ഞിരിക്കുന്നു.
വാതിലിനു കുറുകെ കെട്ടിയ ചങ്ങല പോലത്തെ വസ്തുവാണ് അതിനെ തടയുന്നത്. ഒരിക്കല്‍കൂടി അത് മുന്‍പോട്ടു കടക്കാന്‍ ശ്രമിച്ചതും ആരോ തള്ളിയിട്ടത് പോലെ പിന്നോട്ട് മലച്ചു വീണു.മുറിയുടെ വാതില്‍ക്കല്‍ കിടന്നിരുന്ന ടേബിളിന്റെ മുകളിലിരുന്ന സ്പടികഫ്ലവര്‍വേസ് താഴെ വീണു ചിതറി. അതിന്റെ ശബ്ദം കേട്ടു ടോണി ചെവി പൊത്തി.
ഇല്ല. ആരും ഉണരുന്നില്ല.
ആ രൂപം മെല്ലെ വായുവില്‍ തിരിഞ്ഞു. സേവ്യര്‍ ദൈവസഹായത്തിന്റെ ചുവന്ന കണ്ണുകള്‍ അവര്‍ കിടന്നിരുന്ന മുറിയിലേക്ക് നീണ്ടു.
ദലീനയുടെ മുറിയിലേക്ക് നോക്കി പല്ലിളിച്ചു കാണിച്ചതിനുശേഷം ആ രൂപം ടോണിയുടെ മുറിയിലേക്ക് വായുവിലൂടെ നീന്തി വന്നു. ചാരം പൂശിയ തുപോലെയുള്ള മുടിയിഴകള്‍ പിന്നിലേക്ക് എഴുന്നുനിന്നു. ടോണി കര്‍ട്ടന്‍ തുണിയുടെയിടയില്‍ ശ്വാസമടക്കിപ്പിടിച്ചിരുന്നു. കടുത്ത ദുര്‍ഗന്ധം കൊണ്ട് താനിപ്പോള്‍ മരിച്ചു പോകുമോയെന്ന് ഭയന്നു.

അത് ആദ്യം നിമ്മിയുടെ അടുത്തു കുനിഞ്ഞിരുന്നു. നിമ്മിയുടെ മുഖം മറച്ചു കിടന്ന പുതപ്പ് തനിയെ മാറി. ആ രൂപം മെല്ലെ വാ പിളര്‍ത്തി. ഒരു മൂര്‍ഖന്‍ പാമ്പ് ഇഴഞ്ഞു വരുന്നത് പോലെ അതിന്റെ കറുത്ത നിറമുള്ള നാവ് പുറത്തേക്ക് വന്നു. അഴുകിയ മാംസത്തിന്റെ ഗന്ധം മുറിയില്‍ പരന്നു. നിമ്മിയുടെ മുഖത്തില്‍ അത് നാവ് കൊണ്ട് ഉരസ്സി. രുചി ഇഷ്ടപ്പെട്ടത് പോലെ അത് പല്ലിളിച്ചു. പിന്നെ അതിന്റെ ശ്രദ്ധ സോളമന്റെ നേര്‍ക്കായി. നിമ്മിയുടെ മുഖത്ത് ചെയ്തതു പോലെ സോളമന്റെ മുഖത്തും അത് അഴുകിത്തുടങ്ങിയ നാവുകൊണ്ട് നക്കി. ടോണി ശ്വാസമടക്കി പിടിച്ചു.

അതിനുശേഷം ആ രൂപം അതിന്റെ ശിരസ്സ് ഒരു നിമിഷം മേല്‍പ്പോട്ടുയര്‍ത്തി. പിന്നെ എന്തിനോ തയ്യാറെടുക്കാനെന്നവണ്ണം അത് കൈകള്‍ രണ്ടും വിടര്‍ത്തി. മാംസം അഴുകിത്തുടങ്ങിയ വിരലുകളുടെ അഗ്രത്തില്‍ നിന്ന് ദംഷ്ട്രകള്‍ പുറത്ത് വന്നു. അത് മമ്മിയുടെ ശരീരത്തിന്റെ നേര്‍ക്ക് കുനിയാന്‍ തുടങ്ങുന്നത് ടോണി കണ്ടു. അവന്‍ ഉറക്കെ നിലവിളിച്ചു.

ആ നിമിഷം സേവ്യര്‍ ദൈവസഹായത്തിന്റെ പ്രേതം വെട്ടിത്തിരിഞ്ഞു അവനെ നോക്കി.
ടോണി ഒറ്റച്ചാട്ടത്തിനു മുറിയുടെ വാതില്‍ക്കലെത്തി. മുറ്റത്തു ചാടിയിറങ്ങി അവന്‍ തങ്ങള്‍ വന്ന തേയിലത്തോട്ടത്തിലെ വഴിയിലൂടെ നിലവിളിച്ചു കൊണ്ടോടി. ഇടയ്ക്ക് അവന്‍ തലവെട്ടിച്ചു നോക്കി. ഒരു കാറ്റ്പോലെ ആ രൂപം വായുവില്‍ നീന്തി തന്റെ പിന്നാലെ വരുന്നു. ഉള്ള ശക്തി മുഴുവന്‍ സംഭരിച്ചു അവന്‍ പാഞ്ഞു. പെട്ടെന്നാണ് അത് സംഭവിച്ചത്. തേയിലച്ചെടിയുടെ വേരില്‍ത്തട്ടി അവന്‍ മറിഞ്ഞു നിലത്തു വീണു.

താന്‍ മരിക്കാന്‍ പോവുകയാണ്. അവന്റെ ബോധം മറയാന്‍ തുടങ്ങുകയായിരുന്നു. പെട്ടെന്നാണ് അവന്‍ ഒരു കരച്ചില്‍ പോലത്തെ ശബ്ദം കേട്ടത്. തന്റെ പിന്നാലെ വന്ന പ്രേതരൂപം എന്തോ കണ്ടു ഭയന്നത് പോലെ ചലനം നിര്‍ത്തിയിരിക്കുന്നു. അവന്‍ തല വെട്ടിച്ചു നോക്കി. തനിക്കരികില്‍ വെളുത്ത മുണ്ടും ജൂബയും അണിഞ്ഞ ഒരു വൃദ്ധന്‍ നില്‍ക്കുന്നത് അവന്‍ കണ്ടു. കാറ്റില്‍ അയാളുടെ വസ്ത്രങ്ങള്‍ വെളുത്ത തീനാളങ്ങള്‍ പോലെ ചലിച്ചു.

ആ മുഖവും അവനു പരിചയം തോന്നി. ആ വീടിന്റെ ഭിത്തിയില്‍ തൂങ്ങിക്കിടന്ന രണ്ടാമത്തെ ചിത്രം അവനോര്‍മ്മ വന്നു. അംബ്രോസ് ദൈവസഹായം.
“കുട്ടീ നിന്റെ ഉള്ളു പരിശുദ്ധമാണ്. പരിശുദ്ധിയുടെ മുന്‍പില്‍ ഭയം ഇല്ലാതാകും.” തന്റെ ചെവിയില്‍ ആ വൃദ്ധന്‍ മന്ത്രിക്കുന്നത് ടോണി കേട്ടു.
അവന്‍ മെല്ലെ എഴുന്നേറ്റു തന്നെ പിന്തുടര്‍ന്ന ആ രൂപത്തിന് നേര്‍ക്ക് നോക്കി.
അവന്റെ നോട്ടം കണ്ടതും പ്രേതത്തില്‍നിന്ന് ഒരു നിലവിളിയുയര്‍ന്നു. അത് ഒരു മിന്നല്‍ പോലെ വീടിനു നേര്‍ക്ക് തിരിച്ചു പായുന്നതും ആ കിണറിനുള്ളിലേക്ക് ഒരു പുക പോലെ മറയുന്നതും അവന്‍ കണ്ടു.
അവന്‍ തിരിഞ്ഞു നോക്കി. ഇപ്പോള്‍ ആ വൃദ്ധരൂപവും മാഞ്ഞിരിക്കുന്നു. നേര്‍ത്ത പുകമഞ്ഞു മാത്രം കാറ്റില്‍ പറക്കുന്നു.

ഒരു ദിവാസ്വപ്നത്തിലെന്ന പോലെ ടോണി ബംഗ്ലാവിലേക്ക് നടന്നു. കിടക്കുന്നതിനു മുന്‍പ് രണ്ടു കട്ടിലുകളിലായി ഉറങ്ങുന്ന പപ്പയെയും മമ്മിയെയും അവന്‍ നോക്കിനിന്നു. തന്റെ മാതാപിതാക്കളുടെ ഒപ്പമുള്ള ഈ യാത്രയുടെ തുടക്കം മുതല്‍ അസുഖകരമായ എന്തോ ഒന്ന് വേട്ടയാടുന്നതായി അവനു തോന്നി. അവര്‍ തന്നില്‍നിന്നും എന്തോ ഒളിപ്പിക്കുന്നു. അവരുടെ വഴക്കില്‍ ഒരുപക്ഷേ താനും ഒരു കാരണമായിരിക്കും.

പിറ്റേന്ന് ദലീനയുടെയും തന്റെ മാതാപിതാക്കളുടെയും സംസാരം കേട്ടുകൊണ്ടാണ് അവന്‍ ഉണര്‍ന്നത്. മുറ്റത്ത്‌ വെളുത്ത ളോഹയണിഞ്ഞ ഒരു വൈദികനും ഉണ്ടായിരുന്നു.
“ഇത് ഫാദര്‍ ജോര്‍ജ് വടക്കന്‍. ഇവിടുത്തെ വികാരിയച്ചനാണ്.” ദലീന അച്ചനെ ടോണിയുടെ മാതാപിതാക്കള്‍ക്ക് പരിചയപ്പെടുത്തി.
“ഞാനിന്നലെ ഉറങ്ങിയില്ല. അര്‍ദ്ധരാത്രിയില്‍ എങ്ങിനെയോ ഉറക്കം തെളിഞ്ഞു. മനസ്സു വല്ലാതെ കലുഷിതമായി. ഇവിടെയെന്തോ അരുതാത്തത് നടക്കുന്നത് പോലെ ഉള്ളിലൊരു തോന്നല്‍. ഞാന്‍ ദലീനയെ വിളിക്കണം എന്ന് കരുതി. പക്ഷേ ഫോണ്‍ വിളിച്ചിട്ട് റേഞ്ച് പ്രശ്നം കാരണം കോള്‍ പോകുന്നില്ല. അതാണ്‌ രാവിലെ വന്നത്.”അച്ചന്‍ പറഞ്ഞു.

“ഇല്ല ഫാദര്‍.ഇന്നലെ ഒരു പ്രശ്നവുമുണ്ടായില്ല. അച്ചന്‍ പഠിപ്പിച്ച ബന്ധനപ്രാര്‍ത്ഥന ചൊല്ലാന്‍ തുടങ്ങിയതിനുശേഷം നല്ല ശാന്തതയുണ്ട്.” ദലീന പറഞ്ഞു.
“ഇന്നലെ ചോദിക്കണം എന്ന് കരുതിയതാണ്. ശരിക്കും എന്താ പ്രശ്നം ?”സോളമന്‍ തിരക്കി.
“അംബ്രോസ് ദൈവസഹായത്തിന്റെ പ്രേതസാന്നിധ്യം.. അയാളുടെ ദുര്‍മന്ത്രവാദത്തിന്റെ കുഴപ്പങ്ങള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല.” അച്ചന്‍ പറഞ്ഞു.
എല്ലാവരും ഒരു നിമിഷം നിശബ്ദരായി.
“ഇന്നലെയും പ്രേതം വന്നു. ഞാന്‍ കണ്ടു….” ടോണി പറഞ്ഞത് കേട്ടു എല്ലാവരും ഞെട്ടിത്തിരിഞ്ഞു അവനെ നോക്കി.
“പ്രേതമോ..ഞങ്ങള്‍ എഴുന്നേല്‍ക്കുമ്പോ നീ നല്ല ഉറക്കമായിരുന്നു. ഇതിനിടയില്‍ എപ്പോഴാണ് നീ പ്രേതത്തെ കണ്ടത് .” നിമ്മി പൊട്ടിച്ചിരിച്ചു കൊണ്ട് ചോദിച്ചു.
“കണ്ടു. അത് എവിടെനിന്നാണ് വന്നതെന്നും അറിയാം.” അവന്‍ ഉറപ്പിച്ചു പറഞ്ഞു.
“മോനെന്താ കണ്ടത് ?” അച്ചന്‍ അവനോടു ചോദിച്ചു.
“ആ കിണറ്റില്‍നിന്നാണ് പ്രേതം വന്നത്. അതിനുള്ളില്‍ ആരെയോ കുഴിച്ചിട്ടുണ്ട്.” അവന്‍ പറഞ്ഞു.
“ടോണി സ്വപ്നം കണ്ടതാവും. ഈ കിണര്‍ മൂടിയിട്ട് മാസങ്ങളായി.” ദലീന പറഞ്ഞത് കേട്ടു എല്ലാവരും ചിരിച്ചു.
പെട്ടെന്ന് ഒരു ജീപ്പ് വന്നു മുറ്റത്ത്‌ വന്നു നിന്നു. സോളമന്റെ വണ്ടി തോട്ടത്തില്‍നിന്നും വലിച്ചു കയറ്റി വര്‍ക്ക്ഷോപ്പില്‍ എത്തിക്കാന്‍ ദലീന വിളിച്ചു വരുത്തിയ ക്രഷര്‍ മാനേജര്‍ വര്‍ഗീസും പണിക്കാരുമായിരുന്നു അത്.
“അല്ല. ഞാന്‍ കണ്ടു. ആദ്യം ദലീന ആന്റിടെ മുറിയില്‍ കേറാനാ നോക്കിയത്. എന്നാല്‍ വാതിലില്‍ ചങ്ങല പോലെ എന്തോ ഒന്ന് അതിനെ തടഞ്ഞു. .ഉറപ്പാണ് . ആ കിണറില്‍ ഒരു ശവമുണ്ട്.”
ഫാദര്‍ വടക്കന്റെ മുഖമിരുണ്ടു.
“ഞാന്‍ വെഞ്ചരിച്ച തന്ന ചരട് മുറിയുടെ വാതിലിനു കുറുകെ കെട്ടിയിരുന്നു അല്ലെ.? അച്ചന്‍ ദലീനയോട് ചോദിച്ചു.
‘ഉവ്വ്.” ദലീന അടഞ്ഞ സ്വരത്തില്‍ പറഞ്ഞു.
“അപ്പോള്‍.. ഈ കുട്ടി കണ്ടത് ഒരു സ്വപ്നമല്ല. ദലീന.. എനിക്കും കുറച്ചു നാളായി സംശയം ഉണ്ടായിരുന്നു. നീ എന്തെങ്കിലും ഒളിപ്പിക്കുന്നുണ്ടോ…”
ദലീന കുറച്ചുനേരം നിശബ്ദയായി. പിന്നെ മുളചീന്തുന്നത് പോലെ അവള്‍ പൊട്ടിക്കരഞ്ഞു.
“സേവ്യര്‍ .. സേവ്യര്‍ ആ കിണറ്റിലുണ്ടച്ചോ.. ഞാന്‍.. ഞാനാണ് സേവ്യറെ കൊന്നത്…”

ദലീന പറഞ്ഞത് കേട്ടു എല്ലാവരും ഒരു നിമിഷം സ്തംഭിച്ചു നിന്നു. വര്‍ഗീസിന്റെ കൂടെ വന്ന പണിക്കാര്‍ കിണറ്റിലിറങ്ങി. അച്ചന്‍ വിളിച്ചു പറഞ്ഞു പോലീസെത്തി. ബംഗ്ലാവിലും പരിസരത്തും ആളുകള്‍ കൂടി.
“ഞാനും സേവ്യറും പുറമേ കാണുന്ന പോലെയല്ലായിരുന്നു. കുറച്ചു നാളുകളായി ഞങ്ങളുടെ ബന്ധം വളരെ മോശമായിരുന്നു. സേവ്യറിന് മറ്റു സ്ത്രീകളുമായി ബന്ധമുണ്ടെന്നു ഞാന്‍ കണ്ടെത്തിയതാണ് പ്രശ്നങ്ങളുടെ തുടക്കം. എന്നും മദ്യപിച്ചു വന്നു വഴക്ക്. കെട്ടിയിട്ടു തല്ലുക. ഉറങ്ങിക്കിടക്കുമ്പോള്‍ മുഖത്ത് മൂത്രമൊഴിക്കുക.. അയാള്‍ക്ക് ഭ്രാന്തായിരുന്നു. ഞാന്‍ മടുത്തിരുന്നു.. ശരിക്കും മടുത്തു. ഒരു ദിവസം അടുക്കളയില്‍ വച്ച് ചട്ടുകം കൊണ്ട് എന്നെ പൊള്ളിക്കാന്‍ ശ്രമിച്ചു. ഞാന്‍ ബിയര്‍കുപ്പി കൊണ്ട് അയാളുടെ തലക്ക് അടിച്ചു. മനപൂര്‍വമായിരുന്നില്ല…”

വിതുമ്പലുകള്‍ക്കിടയില്‍ ദലീന പറഞ്ഞുകൊണ്ടിരുന്നു. ഒരു പോലീസ് ഉദ്യോഗസ്ഥന്‍ അവളുടെ മൊഴികള്‍ രേഖപ്പെടുത്തി .

“അംബ്രോസ് ദൈവസഹായത്തിന്റെ പ്രേതത്തിന്റെ ശല്യമാണ് എന്ന് പറഞ്ഞാണ് ദലീന എന്റെ അടുത്തു വന്നത്. ജീവിച്ചിരിക്കുന്ന മനുഷ്യന്റെ കുറ്റബോധമാണ് പ്രേതങ്ങളെ സൃഷ്ടിക്കുന്നത്.”

ദലീനയുമായി പോലീസ് ജീപ്പ് പോകുന്നത് നോക്കി ഫാദര്‍ വടക്കന്‍ ഒരു ദീര്‍ഘനിശ്വാസത്തോടെ പറഞ്ഞു.
“സ്നേഹം വ്യാജമാകാന്‍ തുടങ്ങുമ്പോള്‍ എന്ത് സംഭവിക്കുമെന്നറിയാമോ ?”അച്ചന്‍ അവരോടു ചോദിച്ചു.
“അത് വഞ്ചനയാകും ദുര്‍ഗന്ധം പരത്തുന്ന സ്നേഹത്തിനാണ്‌ വഞ്ചനയെന്നു പറയുന്നത്. കര്‍ത്താവിനെ ഒറ്റിക്കൊടുത്ത യൂദാസും സ്നേഹമാണ് വിറ്റത്. മാപ്പില്ലാത്ത തെറ്റ്.”

ടോണി തന്റെ മാതാപിതാക്കളെ നോക്കി. സോളമനും നിമ്മിയും അച്ചന്‍ പറഞ്ഞത് കേട്ടു നിന്നതല്ലാതെ ഒന്നും പറഞ്ഞില്ല. അവനു വല്ലാത്ത സങ്കടം തോന്നി. ക്രഷര്‍ മാനേജര്‍ വര്‍ഗീസ്‌ അവര്‍ക്ക് യാത്ര തുടരാനായി മറ്റൊരു വണ്ടി അറേഞ്ച് ചെയ്തുകൊടുത്തു. മൂന്നു പേരു അച്ചനോട് യാത്ര പറഞ്ഞു വണ്ടിയില്‍ കയറി. സന്ധ്യയാകാറായിരുന്നു.

“മോനെ..നീ പറഞ്ഞതൊക്കെ കേട്ടു എനിക്ക് പേടിയായി. എന്നാലും ഇത്ര ധൈര്യമൊക്കെ നിനക്കുണ്ടായിരുന്നല്ലോ…” നിമ്മി മോനെ ചേര്‍ത്തു പിടിച്ചു പറഞ്ഞു.
“നിങ്ങള് രണ്ടു പേരെയും ആ പ്രേതം ഉപദ്രവിക്കുമേന്നോര്‍ത്തു ഞാന്‍ പേടിച്ചു പോയി. എനിക്കെന്റെ പപ്പായും മമ്മിയും വേണം..” അത് പറയുമ്പോള്‍ ടോണിയുടെ കണ്ണില്‍ നീര്‍ നിറഞ്ഞു.
“പപ്പയും മമ്മിയും മോനെ ക്കൂടെ എപ്പോഴും ഉണ്ടല്ലോ…” സോളമന്‍ ടോണിയുടെ ശിരസ്സില്‍ തലോടി പറഞ്ഞു. പിന്നെ നിമ്മിയുടെ മുഖത്തേക്ക് നോക്കി.
“എപ്പോഴും കൂടെ കാണുവോന്നു അറിയില്ല മോനെ.. അത് പപ്പാ തീരുമാനിക്കണം.. ഞാനെന്തായാലും നിന്റെ കൂടെ കാണും.”
“നിമ്മീ.” സോളമന്‍ ഒരു താക്കീതിന്റെ സ്വരത്തില്‍ വിളിച്ചു.
പെട്ടെന്ന് ടോണി മൂക്ക് പൊത്തി .
“എന്താ മോനെ..ആ സ്മെല്ലാണോ ?” നിമ്മി ആധിയോടെ ചോദിച്ചു.
“അതെ….സേവ്യര്‍ ദൈവസഹായം..”
“അയ്യോ എന്ത് ചെയ്യും..” നിമ്മിയുടെ പരിഭ്രമം കൂടി.
മമ്മി പേടിക്കണ്ട. ഇത്തവണ ഈ ദുര്‍ഗന്ധം പോകാനുള്ള വഴി എനിക്കറിയാം.”ടോണി പറഞ്ഞു.
“എന്താ ..എന്ത് വഴി ?” സോളമന്‍ ചോദിച്ചു.
“നിങ്ങള് രണ്ടുപേരും വഴക്കുണ്ടാക്കാതിരുന്നാല്‍ മതി. ഈ യാത്രയില്‍ എപ്പോഴൊക്കെ രണ്ടുപേരും വഴക്കുണ്ടാക്കിയോ അപ്പോഴൊക്കെയാണ് ഈ സ്മെല്‍ വന്നത്.” ടോണി വിശദീകരിച്ചു.

രണ്ടുപേരുടെയും ശിരസ്സ് താഴ്ന്നു. വണ്ടിക്കുള്ളില്‍ ഒരു നിശബ്ദത പരന്നു.
“പപ്പായും മമ്മിയും പിരിയാന്‍ പോവുകയാണോ ?”അവന്‍ പതുക്കെ ചോദിച്ചു.
“സോറി മോനെ.. നിന്നോട് ആര് പറഞ്ഞു..” നിമ്മി പൊട്ടിക്കരഞ്ഞു കൊണ്ട് മോനെ കെട്ടിപ്പിടിച്ചു. സോളമന്റെ കണ്ണും നിറഞ്ഞു.
“ആരും പറഞ്ഞില്ല. പക്ഷേ നിങ്ങള് രണ്ടു പേരും എന്നെ എവിടെയോ കൊണ്ട് കളയാന്‍ പോകുന്നത് പോലെയാ എനിക്ക് ഈ ട്രിപ്പിന്റെ തുടക്കം മുതല്‍ തോന്നിയത്.” ടോണി വിതുമ്പലിടയില്‍ പറഞ്ഞു.
“ഇല്ല മോനെ…ഇല്ല..” നിമ്മി കരഞ്ഞു. അവള്‍ കൈ നീട്ടി സോമന്റെ വിരലുകള്‍ കവര്‍ന്നു.അയാള്‍ ആ വിരലുകള്‍ വിടുവിച്ചു.
പിന്നെ മുന്‍ സീറ്റില്‍ നിന്ന് ഇറങ്ങി. അവര്‍ രണ്ടുപെരുമിരിക്കുന്ന പുറകിലത്തെ സീറ്റില്‍ വന്നിരുന്നു.
“നിമ്മി…നീയെന്നോട് ക്ഷമിക്കണം.” അയാള്‍ ഭാര്യയെ ചേര്‍ത്ത് പിടിച്ചു പറഞ്ഞു.
“അതിനു ക്ഷമിക്കാനായി സോളമനിച്ചായന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. ഞാനാണ് പിടിവാശി കാണിച്ചത്….” നിമ്മി വിതുമ്പി.

“നിങ്ങള് രണ്ടുപേരും കൂടി എന്നെ ഞെക്കി കൊല്ലുവോ.. “ പപ്പയുടെയും മമ്മിയുടെ ഇടയ്ക്കിരുന്നു ഞെളിപിരികൊണ്ട് ടോണി ചോദിച്ചു. അത് കേട്ടു രണ്ടു പേരും പൊട്ടിച്ചിരിച്ചു.സോളമന്‍ വണ്ടി മുന്‍പോട്ടെടുത്തു. തലെന്നു ജീപ്പ് മറിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ ടോണി വിന്‍ഡോ ഗ്ലാസുയര്‍ത്തി നോക്കി..
അല്പമകലെ ആ കുഴിമാടം മൂടല്‍മഞ്ഞില്‍ മുങ്ങിക്കിടക്കുന്നത് ഒരു മിന്നായം പോലെ അവന്‍ കണ്ടു. അതിനരികില്‍ നിന്നു അംബ്രോസ് ദൈവസഹായം തങ്ങളെ കാണുന്നുണ്ടാവും എന്നവന്‍ വിചാരിച്ചു.
“ഗുഡ്ബൈ..”അവന്‍ മനസ്സില്‍ പറഞ്ഞു.

അല്‍പ്പദൂരം കഴിഞ്ഞു, ദൈവസഹായം പ്ലാന്റെഷന്‍സ് അവസാനിക്കുന്നിടത്തു വഴി രണ്ടായി തിരിഞ്ഞു. ഇടത്തേക്ക് നെടുങ്കണ്ടം,വലത്തേക്ക് മൂന്നാര്‍ എന്ന് അവിടെയൊരു ചൂണ്ടുപലകയില്‍ എഴുതിവച്ചിരുന്നു.
“അങ്ങിനെ ദൈവസഹായം എസ്റ്റെറ്റിനു വിട.. അല്ല..ഇപ്പോഴാ ഓര്‍ത്തത്‌ .. ഇപ്പൊ ആ സ്മെല്ലുണ്ടോ മോനെ ?” നിമ്മി ചോദിച്ചു.
“ഇപ്പൊ ആ സ്മെല്‍ പോയി..” ടോണി അത്ഭുതസ്വരത്തില്‍ പറഞ്ഞു.
“ഹോ ആശ്വാസം…” സോളമനും നിമ്മിയും ഒരേ സ്വരത്തില്‍ പറഞ്ഞു. അത് കേട്ടു ടോണിയുടെ ചുണ്ടില്‍ ഒരു കള്ളച്ചിരി പരന്നു.

സോളമന്റെ വാഹനം മെല്ലെ വലത്തേക്ക് തിരിഞ്ഞു. തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ വളഞ്ഞുപുളഞ്ഞു കിടക്കുന്ന വഴിയിലൂടെ ,കോടമഞ്ഞു മൂടി കിടക്കുന്ന സന്ധ്യയിലേക്ക് ആ വാഹനം ഒരു പൊട്ടുപോലെ മറഞ്ഞു.

കോട്ടയം സ്വദേശി. വൈദ്യുത ബോര്‍ഡില്‍ അസിസ്റ്റന്റ് എഞ്ചിനീയറായി ജോലി ചെയ്യുന്നു. 'ദൂരെ ദൂരെ റോസാക്കുന്നില്‍' 'വിഷാദവലയങ്ങള്‍' 'ശ്വേതദണ്ഡനം' എന്നിവയാണ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍. ആനുകാലികങ്ങളിലും സോഷ്യല്‍ മീഡിയിലും എഴുതുന്നു