ദൈവവും മനുഷ്യനും

മനുഷ്യനിത്ര-
ദുർബലനായതുകൊണ്ടാണ്,
ദൈവമത്രയും
സർവ്വശക്തനായത്…

ദൈവം കോപിതനാകു-
മെന്ന് ഭയന്നാണ്,
മനുഷ്യർ പലപ്പോഴും
ശാന്തരാകുന്നത്…

ദൈവമുണ്ടെന്നൊരാ-
ത്മധൈര്യത്തിലാണ്
മനുഷ്യരേറെയും
ഉണ്ടുറങ്ങാൻ കിടക്കുന്നത്..

ദൈവവും
മനുഷ്യരുമുള്ളത്തിനാലാണ്,
നാടുനീളെ-
മതമതിൽ ഉയർന്നത്…

ദൈവനാമം പറഞ്ഞാണവർ-
അതിരുകെട്ടിയത്;
മനുഷ്യർ-
യുദ്ധം തുടങ്ങിയത്…

മനുഷ്യരാണ്,
ദൈവത്തെ ഉണ്ടാക്കിയത്..
അപ്പോൾ ദൈവമോ?
ശിൽപ്പിയാരെന്നറിയാത്ത ശില്പം!

കോഴിക്കോട് സ്വദേശി. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി മലയാള ദൃശ്യ മാധ്യമ പ്രവർത്തകൻ ആണ്