ദൈവദുഃഖം

എന്റെ ദുഃഖം കേൾക്കണമേയെന്ന്
മനമുരുകി പ്രാർത്ഥിച്ചപ്പോഴാണ്
എന്നെക്കുറിച്ചുണ്ടായിരുന്ന
പ്രതീക്ഷകൾ തകർന്നതിന്റെ ദുഃഖം
അപ്രതീക്ഷിതമായി ദൈവം പങ്കുവെച്ചത്.

“ഇനി ഞാൻ നോക്കിക്കൊള്ളാം”
ദൈവം പറഞ്ഞു തുടങ്ങിയതും
 പിന്നിൽനിന്നൊരു പുരോഹിതൻ കൈ ഉയർത്തി!
പ്രതീക്ഷകളും പ്രവൃത്തികളും പരിശോധിച്ച്
വിശകലനം ചെയ്യുവാ-
നയാൾ ത്യാഗസന്നദ്ധനായി!

എന്റെ കണക്കുപുസ്തകം കണ്ടെടുത്ത്,
ആദ്യം പ്രതീക്ഷ പിന്നെ പ്രവൃത്തി എന്ന ക്രമത്തിൽ,
അയാൾ ഒത്തുനോക്കി ഓർമ്മപ്പെടുത്തി..
ഒരു തിരമാലയോളം പ്രതീക്ഷകൾക്ക്
നീ നൽകിയതൊരു തരിയോളം പ്രവൃത്തിയെന്ന്,
കാര്യങ്ങളുടെ കിടപ്പുവശം കണക്കാക്കി
കാരണസഹിതം കുറ്റപ്പെടുത്തി..
കർത്തവ്യം, കർമ്മം, ബഹുമാനം എന്നിങ്ങനെയുള്ള
ബാധ്യതകളുടെ ഗുണവശങ്ങളെക്കുറിച്ച്
ഗുണദോഷിച്ചു..
വന്നുപോയവ, വരാനുള്ളവ എന്ന്
ജീവിതത്തെ രണ്ടായി തിരിച്ച്,
സ്വർഗ്ഗപ്രാപ്തി നേടുവാനുള്ള യോഗ്യത കല്പിച്ച്,
തിരുത്തപ്പെടേണ്ടവ തീരുമാനിച്ച്,
വിധിവിഹിതം കൽപ്പിച്ച്,
തലയിൽ കൈവെച്ച് സത്യം ചെയ്യിപ്പിച്ച്,
വെറുംകയ്യോടെ തിരിച്ചയച്ചു!

തിരിഞ്ഞു നടക്കുമ്പോൾ
എന്റെ നിലവിലുള്ള പട്ടികയിലേക്ക്
ദൈവത്തിനോട് പരസ്പരം
ദുഃഖം പങ്കുവെക്കുവാൻ സാധിക്കാത്ത
ദുഃഖം കൂടി
ഞാൻ മാറ്റാരും കാണാതെ എഴുതിച്ചേർത്തു.

പെരുമ്പാവൂരിനടുത്ത് ഐരാപുരത്ത് ജനനം. ഇംഗ്ലണ്ടിൽ നാഷണൽ ഹെൽത്ത് സർവീസിൽ ബിസിനസ്സ് ഇന്റലിജിൻസ് മാനേജരായി ജോലി ചെയ്യുന്നു.