ആകാശനീലയിൽ നിന്ന്
ഒരൂഞ്ഞാലിറങ്ങി വരുന്നു
അതിൽ കയറാൻ
നമ്മളൊരുങ്ങുന്നു.
നിൻ്റെ കാലുകളിൽ
ദിവ്യപ്രകാശത്താൽ നിർമ്മിതമായ
ഒരു ചങ്ങല..
എൻ്റെ കാലുകളിൽ സ്വർണ്ണക്കൊലുസ്സുകൾ..
പ്രണയത്തിൻ്റെ നനവുകൊണ്ട്
ഞാനാ ചങ്ങല മായ്ച്ചുകളയുന്നു.
നിൻ്റെ കടലതിരുകൾ കടപുഴകി
പുഴ കലങ്ങുന്നു.
ഞാൻ നിന്നിലേക്ക്
ആർത്തലച്ചു കുതിക്കുന്നു ;
അതോ നീയെന്നിലേക്കോ?
നിൻ്റെ വിരലുകൾ അപ്പോഴും
പ്രാർത്ഥനച്ചരടുകളിലെ കൊന്തമണികളിലുടക്കുന്നു.
ഞാനവയെ വലിച്ചെടുത്ത്
എൻ്റെ മാറിലൊരു കുരിശു വരപ്പിക്കുന്നു..
ഊഞ്ഞാൽ പൊടുന്നനെ
ഒരു ശയ്യയാവുന്നു.
ദൈവപുത്രൻ ജനിക്കാത്ത ഒരാലിംഗനത്തിൽ
ഞാൻ ഭൂമിയും നീ വാനവുമായി
ആദിയിലെ വചനം
അടക്കം ചെയ്ത പുസ്തകത്തിലേക്ക്
വാഴ്ത്തപ്പെടുന്നു.
ദൈവം പ്രണയമാകുന്നു എന്ന്
ഒരു പക്ഷി ഉച്ചത്തിൽ പാടി
പറന്നു പറന്നു പോകുന്നു.