പി. കുഞ്ഞിരാമൻനായരെ ഭക്തകവി എന്നു വിളിക്കുന്ന തലമുറ, അല്ലെങ്കിൽ ആ ശീലം ഇപ്പോഴും മുഴുവനായും ഇല്ലാതായിട്ടില്ല. 1940കളുടെ അവസാനം നീലേശ്വരത്ത് നടന്ന ആഢ്യസ്വഭാവമുള്ള ഒരു സാഹിത്യ സമ്മേളനത്തിൽ, നീലേശ്വരം രാജാവ് കുഞ്ഞിരാമൻ നായർക്ക് ഭക്തകവിപട്ടം കൊടുക്കാൻ തീരുമാനിച്ചിരുന്നു. പക്ഷേ വീട്ടിൽ ഒരു ദുരന്തം (അത് അച്ഛൻ്റെ മരണമായിരുന്നു) നടന്നതുകൊണ്ട് അദ്ദേഹം സമ്മേളനപ്പന്തലിലേക്ക് വരികയോ പട്ടം സ്വീകരിക്കുകയോ ചെയ്തില്ല. അത് യാദൃച്ഛികമാണ്.
പി ഭക്തനായിരുന്നു. എങ്കിലും ഭക്തകവിയായിരുന്നില്ല. എന്നിട്ടും എന്തുകൊണ്ടാണ് പി.യെ ഭക്തകവി എന്ന് സവർണസ്വഭാവമുള്ള ആസ്വാദകർ ഇന്നും വിളിച്ചുപോരുന്നത് ? അദ്ദേഹത്തിൻ്റെ കവിതകളിലെ വലിയ വിഷയങ്ങൾ താങ്ങാനുള്ള മനക്കരുത്ത് തങ്ങൾക്ക് ഇല്ലാത്തതുകൊണ്ടാണ് അവർ എളുപ്പത്തിൽ ഭക്തകവി എന്ന് അദ്ദേഹത്തെ വിളിക്കുന്നത്. ഭക്തകവിയായി ഒരാളെ പ്രതിഷ്ഠിച്ചാൽ പിന്നെ അയാൾ വെറും പ്രതിഷ്ഠ മാത്രമാണ്.
കേരള ( ഇന്ത്യൻ) ജീവിതത്തിൻ്റെ വൈവിധ്യം തിരിച്ചറിഞ്ഞു എന്നതാണ് പി കവിതയില ഒരു പ്രധാനപ്പെട്ട കാര്യം. നമ്മുടെ ദേശത്തെ വലിയ വലിയ രാഷ്ട്രീയദിശകളും ദിശാമാറ്റങ്ങളും പിയുടെ കവിത സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. വയലിലൂടെ നടക്കുമ്പോൾ ഇടിഞ്ഞ വരമ്പ് കണ്ടിട്ട് കവി പറയുന്നത് “കാണ്മൂ ഞാൻ സാമ്രാജ്യമിടിയുന്നതായ് ” എന്നാണ്. ആ കവിതയിലെ മറ്റു വരികളും ഈ “സാമ്രാജ്യത്തിന്റെ ഇടിച്ചൽ ” എന്ന സ്വപ്നവും തമ്മിൽ ഒരു ബന്ധവുമില്ല. ഒരു മൺതിട്ട ചെറുതായി ഇടിയുമ്പോൾ വലിയ ഒരു രാഷ്ട്രീയശക്തിയുടെ അനിവാര്യമായ പതനം അതിൽ വായിക്കാനുള്ള രാഷ്ട്രീയമായ ജാഗ്രതയും സൗന്ദര്യബോധവും ഒക്കെ പി. ക്ക് ഉണ്ടായിരുന്നു. അതുകൊണ്ട് പി. ഒരു ഭക്തകവിയല്ല, പി സ്വകാര്യമായി ആരാധിക്കപ്പെടാവുന്ന ഒരു കവിയല്ല. പി വെറും കാമുകൻ അല്ല . പി ഒരു ധൂർത്തൻ അല്ല. ഒരുപക്ഷേ ഈ വിഷയങ്ങളൊക്കെ ചേർത്തിണക്കാവുന്ന തരത്തിൽ ദേശം പിയുടെ കവിതകളിൽ പ്രവർത്തിക്കുന്നുണ്ട്. ദേശത്തെ മനുഷ്യർ, തൊഴിലുകൾ, കിനാവുകൾ, വൈവിധ്യങ്ങൾ, വൈരുദ്ധ്യങ്ങൾ, വിമർശനങ്ങൾ ഇതൊക്കെ കാവ്യ രൂപത്തിൽ പി സാക്ഷാത്കരിച്ചിട്ടുണ്ട്. വേറൊരു തരത്തിൽ പറഞ്ഞാൽ പിയുടെ കാവ്യാന്വേഷണം ദേശത്തിന് ജീവനുള്ള ഒരു സമാന്തര ചരിത്രം പണിയാനുള്ള പ്രവർത്തനം തന്നെയാണ്. പിയെ ഒരു വ്യക്തിയായി കാണാൻ, പിയെ ഒരു ഭ്രഷ്ടകാമുകനായി കാണാൻ, ധൂർത്ത പുത്രനായി കാണാൻ ഒക്കെ വളരെ എളുപ്പമാണ്. അതിൽ വല്ലാത്തതും അതിരുകടന്നതുമായ കാല്പനികതയുണ്ട്.
പി യുടെ യഥാർത്ഥ സംഘർഷം ( സാധാരണ പറയുന്ന തരത്തിൽ) വ്യക്തിപരം അല്ല. പി സ്വന്തം വീടു വിട്ടുപോയവനാണ്. കുടുംബം എന്ന സ്വാർത്ഥ ക്രമത്താൽ നിർമ്മിതമായ ഒരു ഘടനയെ തൻ്റെ പ്രണയഭാവങ്ങൾ കൊണ്ടും മറ്റു കാമനകൾ കൊണ്ടും വെറുത്തുപോന്നവനാണ്; കൊതിയുണ്ടെങ്കിലും സാമർത്ഥ്യം കുറഞ്ഞ മനുഷ്യനാണ്. ഇതെല്ലാം കവിതയിൽ വരുന്നുണ്ട്. തനിക്ക് ആത്മാവ് നഷ്ടപ്പെട്ടു എന്ന വിചാരവും താൻ ഇരുട്ടിലെ മനുഷ്യനാണ് എന്ന വിചാരവും പിയിൽ ഉണ്ട്. പിയെ ഒരു സ്വതന്ത്രവ്യക്തിയായി അല്ലെങ്കിൽ സ്വകാര്യവ്യക്തിയായി കാണുന്നതിൽ തെറ്റൊന്നുമില്ല. ആ നിലയ്ക്ക് പിയെ പഠിക്കാവുന്നതാണ്. പക്ഷേ അതിനപ്പുറത്ത് ദേശത്തിൻ്റെ വിക്രിയകളും വിലാസങ്ങളും പിയിലുണ്ട്. പിയെന്ന കവിയെ നിർമ്മിച്ചത് ദേശം ആണ്. ആ കാര്യം വിട്ടുകളയുന്നത് പി കവിതയിലെ വലിയ തലങ്ങളെ കാണാതെ പോകുന്നതിന് തുല്യമാണെന്ന് ഓർമ്മിക്കാവുന്നതാണ്.
പി ജനിച്ചത് 1906 ലാണ്. 1906 എന്നത് വടക്കൻ കേരളത്തിന്റെ ചരിത്രത്തിൽ പ്രധാനപ്പെട്ട ഒരു വർഷമാണ്. 1906 ൽ ആണ് കണ്ണൂർ- മംഗലാപുരം റെയിൽപാത നിലവിൽ വരുന്നത്. കാഞ്ഞങ്ങാട്ട് റെയിൽവേ സ്റ്റേഷൻ പ്രവർത്തിച്ചുതുടങ്ങുന്നതും ഇതേ വർഷത്തിലാണ്. ഈ റെയിൽവേ സ്റ്റേഷനാണ് പി യെ വലിയ “സഞ്ചാരി ” ആക്കിയത്. ദേശത്തിൻറെ മനോഘടനയിൽ, അന്യദേശങ്ങളെ കുറിച്ചുള്ള വിചാരത്തിൽ, ദൂരം എന്ന സങ്കൽപ്പത്തിൽ വന്ന മാറ്റത്തിൽ ഒക്കെ വലിയ പങ്കുവഹിച്ചതാണ് കാഞ്ഞങ്ങാട് റെയിൽവേസ്റ്റേഷൻ. കണ്ണൂരേക്കും കോഴിക്കോട്ടേക്കും മംഗലാപുരത്തേക്കും അതിനപ്പുറത്തേക്കും പോകാവുന്ന ഒരു സൗകര്യമാണത്. ഈ റെയിൽവേ സ്റ്റേഷന്റെ സ്ഥാപനവും പി.യുടെ കവിതയും തമ്മിലുള്ള ബന്ധം സവിശേഷമായി അന്വേഷിക്കാവുന്ന ഒരു വിഷയമാണ്. അതുപോലെ സ്വാതന്ത്ര്യസമരം, സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിട്ടുണ്ടായ പുതിയ പ്രമേയങ്ങൾ, വ്യക്തിജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും ഉണ്ടായിട്ടുള്ള ഇളക്കങ്ങൾ, വിദ്യാഭ്യാസം തൊഴിൽ, സ്ത്രീകളുടെ പദവി, അതുപോലെ സ്വാതന്ത്ര്യത്തിനു ശേഷം അല്ലെങ്കിൽ അതിനുമുമ്പും ഉണ്ടായിട്ടുള്ള വിദ്യാഭ്യാസകാര്യങ്ങൾ, പ്രകൃതിയിൽ വരുന്ന മാറ്റങ്ങൾ എന്നിങ്ങനെ നാനാതരം വിഷയങ്ങൾ പി സ്വീകരിച്ചിട്ടുണ്ട്. ആ വിഷയങ്ങളോട് സ്വന്തം നിലയ്ക്കുള്ള പ്രതികരണങ്ങൾ രേഖപ്പെടുത്തിയിട്ടുമുണ്ട്. പലപ്പോഴും പി വലിയ ഭക്തനായി ഭാവിക്കുന്നത് നിഷേധാത്മകമൂല്യങ്ങളോടുള്ള പ്രതികരണം എന്ന നിലക്കാണ്. അതായത് അദ്ദേഹത്തിൻ്റെ ഭക്തിയിൽ വിമർശനത്തിന്റെ ഒരു വലിയ അംശം കൂടിയുണ്ട് എന്നർത്ഥം. സാധാരണ നിലയിൽ ഭക്തി കീഴടങ്ങി നേട്ടമുണ്ടാക്കാനുള്ള ത്വരയാണല്ലോ. അതല്ല പി. യുടെ ഭക്തി.
“ദേശം” എന്നുള്ള ഒരു ഏകകം പി.യുടെ കാവ്യചിന്തയിൽ നിന്ന് മാറ്റിവെക്കാവുന്ന ഒന്നല്ല.ഇത് എല്ലാ നല്ല കവികളുടെ കാര്യത്തിലും ശരിയാണ്. നമ്മുടെ ജീവിതം തപാൽവിലാസം പോലെയാണ്. ആദ്യം ഒരു പേരുണ്ടാകും. പിന്നെ വീടിൻറെ പേരുണ്ടാകും. പോസ്റ്റ് ഓഫീസിന്റെ പേരുണ്ടാകും. ജില്ലയുടെ പേരുണ്ടാകും. സംസ്ഥാനത്തിന്റെ പേരുണ്ടാകും. രാജ്യത്തിൻ്റെ പേരുണ്ടാകും . ഇതൊരു എതിർപിരമിഡു പോലെയാണ്. ഇങ്ങനെയാണ് നമ്മൾ ജീവിക്കുന്നത്. നമ്മൾ നമ്മളിൽ ജീവിക്കും. വീട്ടിൽ ജീവിക്കും . ഗ്രാമത്തിൽ ജീവിക്കും. അതിനെക്കാളും വലിയ യൂണിറ്റുകളിൽ ജീവിക്കും. ഒരേ കാലത്ത് ജീവിക്കും. ഈ സ്ഥലരൂപകങ്ങളിൽ ഒക്കെയുള്ള കാര്യങ്ങൾ നമ്മളിൽ പ്രവേശിക്കുകയും ആ കാര്യങ്ങളോട് നമ്മൾ പ്രതികരിക്കുകയും ചെയ്യും.
ഇങ്ങനെ പി.യുടെ കാവ്യപ്രകൃതി യഥാർത്ഥ ഭൂപ്രകൃതിയുടെ, ചരിത്രപ്രകൃതിയുടെ സ്വാധീനത്തിലാണ് ഉണ്ടായത് എന്ന് പറയാം ദേശത്തോട്, ദേശീയതയോട് ഉള്ള വ്യത്യസ്തമായ പ്രതികരണങ്ങൾ ,തീക്ഷ്ണമായ പ്രതികരണങ്ങൾ ഒക്കെ പി.യുടെ കവിതയിൽ ഉണ്ട് . പിയുടെ നാട് പച്ചയുടെ നാടാണ്. രണ്ടുതരം പച്ചകളുണ്ട് . ഒന്ന്, ആരും നടാതെ ഉണ്ടായ വൈവിധ്യപൂർണ്ണമായ ഹരിത പ്രകൃതി, മറ്റേത് സംസ്കാരത്തിൻ്റെ ഭാഗമായുള്ള പ്രകൃതി. നാട് എന്നത് കാടിൻ്റെ എതിർ വാക്കാണ്. കാട് ആരും ഉണ്ടാക്കുന്നതല്ല . നാട് നട്ടു ഉണ്ടാക്കുന്നതാണ്. അതാണ് നാട് എന്ന വാക്കിൻ്റെ അർത്ഥം. കാർഷിക സംസ്കൃതി ഈ കവിതയിലെ വലിയൊരു മേഖലയാണ് “കൈക്കോട്ടാണെൻ കുലദൈവവതം ” എന്ന് പറയുന്നുണ്ട്.
ഈ അന്വേഷണം അനിവാര്യമായും ദേശസങ്കല്പം എന്ന അറിവിൽ തന്നെ എത്തിച്ചേരുന്നു. ഓരോ കവിക്കും കലാകാരനും കലാകാരിക്കും ദേശസങ്കല്പം ഉണ്ട്. എല്ലാവരുടെയും ദേശസങ്കൽപ്പങ്ങൾ ഒന്നല്ല . ഗാന്ധിയെ ഇഷ്ടപ്പെടുന്ന കുഞ്ഞിരാമൻ നായർ നെഹ്റുവിനെ വിമർശിച്ചേക്കാം. കമ്മ്യൂണിസ്റ്റ് പാർട്ടിയെ അദ്ദേഹം വിമർശിച്ചേക്കാം. അതേസമയത്ത് തൊഴിലാളിപക്ഷപാതിയായി ജീവിച്ചേക്കാം. ഇങ്ങനെയുള്ള വിഷയങ്ങളെക്കുറിച്ച് ഗവേഷണാത്മകമായ പഠനങ്ങൾ ഉണ്ടാകുന്നത് പി. കവിതയിലേക്ക് പുതിയ വഴികൾ തുറക്കും. ആ നിലക്കുള്ള പ്രവർത്തനമാണ് ഡോ. പത്മനാഭൻ കാവുമ്പായി ഏറ്റെടുത്തതും വിജയകരമാക്കിയതും. നല്ല ശ്രദ്ധയോടെയുള്ള ശ്രമം എന്ന് ഈ പഠനപ്രവർത്തനത്തെ ന്യായമായും വിളിക്കാവുന്നതാണ്.
സർവ്വകലാശാലാതലത്തിലുള്ള ഗവേഷണങ്ങൾ കരിയറിസ്റ്റ് ലക്ഷ്യങ്ങളെ മറികടക്കുന്നത് ഇത്തരം പുതിയ ചോദ്യങ്ങൾ ചോദിക്കുമ്പോഴും ഉത്തരങ്ങൾ കണ്ടെത്തുമ്പോഴും ആണ്. ആ നിലക്കുള്ള ഒരു പ്രവർത്തനമാണ് ഡോ.പത്മനാഭൻ കാവുമ്പായി നടത്തിയിട്ടുള്ളത് .
ഈ ഗവേഷണത്തിന് ശേഷമുള്ള പി.യുടെ കവിത ഈ ഗവേഷണത്തിന് മുമ്പുള്ള കവിത അല്ല . ഈ പഠന പുസ്തകത്തിലൂടെ പി.യുടെ കവിതയ്ക്ക് പുതിയ അർത്ഥമാനങ്ങൾ കൈവന്നിരിക്കുന്നു. പി . ബോധപൂർവ്വം മനസ്സിലാക്കിയിട്ടില്ലാത്ത പല കാര്യങ്ങളും അദ്ദേഹത്തിൻ്റെ കവിതയിലുണ്ട് എന്ന് ഈ പ്രബന്ധത്തിൽ യുക്തിപൂർവം കണ്ടെത്തുന്നുണ്ട്.
ഗവേഷണപ്രബന്ധത്തിന്റെ ഈ പുസ്തകരൂപം വല്ലാത്ത പാണ്ഡിത്യപ്രകടനത്തിന്റെ രംഗവേദിയായി മാറിയിട്ടില്ല.വായനക്കാരോട് എപ്പോഴും സംവദിക്കാൻ പ്രാപ്തിയുള്ള ഭാഷാക്രമത്തിലാണ് ഇതിലെ യുക്തികൾ അവതരിപ്പിച്ചിരിക്കുന്നത്. പി കവിതകളിൽ നിന്ന് വേണ്ടപ്പോഴൊക്കെ വേണ്ട മട്ടിൽ വേണ്ട അളവിൽ കാവ്യവരികൾ ഉദ്ധരിച്ചു കൊണ്ട് നിഗമനങ്ങളെ യുക്തിപൂർവ്വം അവതരിപ്പിക്കുക എന്നതാണ് ഇതിൽ പൊതുവെ സ്വീകരിച്ചു കാണുന്ന രീതി. അത് വിജയകരമായി ചെയ്തതിന്റെ പേരിലും ഡോ.പത്മനാഭനെ പി . യുടെ ഒരു വായനക്കാരൻ എന്ന നിലയ്ക്ക് ഞാൻ അഭിനന്ദിക്കുന്നു. ഈ പുസ്തകത്തിന് വലിയ ശ്രദ്ധ വായനക്കാരുടെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടതുണ്ട്. അത് ഈ പുസ്തകം അർഹിക്കുന്ന ഒന്നാണ്.