ദേശം

ദേശത്തിന് അതിരുകളുണ്ട്, അരികുകളുണ്ട്
അതിരുകൾക്കുള്ളിൽ
കാടുണ്ട്, മേടുണ്ട്, കാലാൾപ്പടയുണ്ട്.
ബിംബങ്ങളുണ്ട്, ചിഹ്നങ്ങളുണ്ട്, നിർമ്മിതികളുണ്ട്
കൊടികളും കോട്ടകളും വെടിക്കോപ്പും
കൂടിച്ചേർന്നൊരു ചരിത്രമുണ്ട്.
അവകാശവും ഉത്തരവാദിത്തവും സമംചേർത്ത
നാവിനെയറുക്കാത്ത, കൈയ്യിനെ വിരിയാത്ത
നിയമലിഖിതങ്ങളുണ്ട്.
വിൽക്കാനും വാങ്ങാനും കടം കൊള്ളാനും
കറൻസിയുണ്ട്.
ശരിയും തെറ്റും തുലാസിൽ തൂക്കി വിധിപറയാൻ
ന്യായാധിപവ്യന്ദമുണ്ട്.
സത്യവും നീതിയും സമത്വവും വച്ചു വിളമ്പി
മൃഷ്ടാന്നമുണ്ണുന്ന ഒരു കോടി പൗരന്മാരുണ്ട്. 

ആലുവ സെൻ്റ് സേവ്യേഴ്സ് കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിൽ അസോസിയേറ്റ്‌ പ്രൊഫസറും റിസർച്ച് ഗൈഡുമാണ്. നക്ഷത്രങ്ങളുണ്ടാകുന്നത്, കാഴ്ചവട്ടം, The Legends of Khasak: A Post colonial Study എന്നിവയാണ് പുസ്തകങ്ങൾ. ഇംഗ്ലീഷിലും മലയാളത്തിലും കവിതകളും ലേഖനങ്ങളും എഴുതുന്നു.