താഴെ ഭൂമിയിപ്പോൾ
നീലിച്ചു മയങ്ങുന്ന പെണ്ണ്.
നേർത്തു നിലച്ച വായു.
അതിനുമുകളിൽ
നിരനിരയായി
ഐസ്ക്രീം മേഘങ്ങൾ-
അവളുടെ പതുപതുത്ത സ്വപ്നങ്ങൾ.
മാസ്കിൽ
നീല നക്ഷത്രങ്ങളുള്ള
സുന്ദരി പകർന്ന
വീഞ്ഞ്
തണുത്തിറങ്ങിയപ്പോൾ
വിമാനം
സന്ധ്യക്ക്
വേമ്പനാട്ടു കായലിലെ
ബോട്ടുപോലെയൊഴുകി..
ബാഗിൽനിന്ന്
പുസ്തകമെടുത്തപ്പൊഴാണ്
കറുത്ത കുഞ്ഞൻ ചോനലുറുമ്പ്
പുറത്തു വന്നത് .
എൻറെ കൈവിരൽ പിടിച്ച്
വേഗത്തിലോടി
ആംറെസ്റ്റിലൂടെ
ജാലകച്ചില്ലിനു ചാരെ
ഇരുപ്പുറപ്പിച്ചു.
കഴിഞ്ഞ രണ്ടു ദിവസവും
കൂടെയുണ്ടായിരുന്നെന്ന്
ഉറുമ്പ്.
പത്തിരി, അച്ചാറ്, ഇടിച്ചക്ക , മുറിവെണ്ണ
പൊതിയിലെല്ലാം കയറി.
വെയ്റ്റ് കൂടി
എടുക്കാതെ പോകുമോന്ന്
ശങ്കിച്ചിരുന്നപ്പോളാണതാ പുസ്തകം!
കവിത
കളഞ്ഞിട്ടുപോകില്ലെന്നുറപ്പിച്ച്
ഉള്ളിൽ നുഴഞ്ഞതാണത്രെ.
(രാത്രിവായനയിലിന്നലെ
മഴപെയ്യാഞ്ഞിട്ടും
പുസ്തകം നനഞ്ഞതെങ്ങെനെയെന്ന്
ഉറുമ്പിന് സംശയം)
അങ്ങു താഴെ
തന്നോളം പോന്ന
മരങ്ങളും പുഴകളും വീടുകളും
കൗതുകത്തോടെ കണ്ട്
എന്നെ നോക്കി
ഉറുമ്പ്
കണ്ണടച്ചു
ചെറിയൊരു സ്മൈലി.
താൽക്കാലികമായ
പൊക്കത്തിൻറെ പ്രശ്നമാണ്
വലിപ്പം
എന്നെനിക്ക് പെട്ടെന്നു കത്തി.
ഒറ്റ ഫ്രെയ്മിൽ
കടലും കരയും ആകാശവും കണ്ട്
ഇങ്ങനെയുമൊരു ലോകമെന്ന്
അതിശയമായി ഉറുമ്പിന്.
വിമാനം നിലംതൊട്ടപ്പോൾ
ഇടയിലെപ്പോഴോ
ഉറങ്ങിപ്പോയ എന്നെ
കൈപിടിച്ചുണർത്തി
അത്
കവിതയിലേക്ക്
തിരികെ കയറിപ്പോയി.