മാട്രിമോണിയൽ സൈറ്റിലെ രണ്ട് അക്കൗണ്ടുകളായിരിക്കുമ്പോഴാണ് ഞങ്ങൾ പരിചയപ്പെടുന്നത്. വില്ക്കാൻവച്ചിരിക്കുന്ന ചരക്കായി ഞാൻ എന്നെയും, വില പറയാൻവന്ന കച്ചവടക്കാരനായി അയാൾ അയാളെയും കണ്ടുപോരുന്ന കാലം. പ്രഥമദൃഷ്ടിയിൽ ഇരുകൂട്ടരുടെയും കച്ചവടവ്യവസ്ഥകൾ യോജിക്കുമെന്ന് തോന്നിയപ്പോഴാണ് ഞാനും ശന്തനുവും ഫോണിൽ സംസാരിച്ചുതുടങ്ങിയത്.
അപരിചിതരോട് സംസാരിക്കുന്നതിൽ ഹരമുള്ള ഞാൻ ഓരോ ആലോചനകളും ഓരോ അവസരമായി കണ്ടു. ഓരോ മനുഷ്യരുടെ മുന്നിലും ഓരോ വ്യത്യസ്തസ്ത്രീകളായി ഞാൻ നന്നായി എന്നെ അവതരിപ്പിക്കുമായിരുന്നു. കെട്ടാൻപോകുന്ന പെണ്ണിന് വേണ്ടതെന്ന് തോന്നുന്ന എല്ലാ ഗുണങ്ങളുമുള്ള ഉത്തമസ്ത്രീയായി ഞാൻ മാറും. എന്തുകൊണ്ടൊരു പ്രണയവിവാഹമുണ്ടായില്ലയെന്ന ചോദ്യത്തിന്റെ ഉത്തരത്തിലാണ് നമ്മൾ അളക്കപ്പെടുക. ഇയാളുമതേ ചോദ്യം ചോദിച്ചു. എന്റെ പാതയിലെ ഒന്നാമത്തെ കെണി ഫലപ്പെട്ടതായിയെനിക്ക് തോന്നി. എനിക്കപ്പോൾ സ്നാപകയോഹന്നാന്റെ ശിരസ് ഒരു തളികയിൽ തരിക എന്ന് ആവശ്യപ്പെട്ട നർത്തകിയുടെ മനസ്സായിരുന്നു. നല്ല ലാഭമെന്നുതോന്നുന്ന കച്ചവടമെങ്കിൽ ഞാൻ അതിന് മറുപടിയായി കാമുകിയായവളോ ജീവിച്ചിരിക്കെത്തന്നെ മരിച്ചവളെന്ന ദൈവവചനം കൂട്ടി, പ്രമാണം തെറ്റിക്കാൻ കഴിയുകയില്ലയെന്നുത്തരം പറയും. ഒട്ടും താല്പര്യമില്ലായെങ്കിൽ യെശയ്യാവ് പറഞ്ഞപോലെ ഉപേക്ഷിക്കപ്പെട്ട് മനോവ്യസനത്തിൽ ഇരിക്കുന്ന സ്ത്രീയെ എന്നപോലെ നെഞ്ചുവിങ്ങും. തള്ളാനും കൊള്ളാനും വയ്യാത്തപക്ഷം നിന്റെ സ്രഷ്ടാവാകുന്നു നിന്റെ ഭർത്താവ്; സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവന്റെ നാമമെന്ന് ഉത്തരം പറയും.
അങ്ങനെ ലാഭമെന്നുതോന്നിയ ഒരു കച്ചവടത്തിന്റെ കൂടിയാലോചനയുടെ ഭാഗമായിട്ടാണ് ഞങ്ങൾ കടവൂർ ബെത്ലഹേം പള്ളിയിൽ കാണുന്നത്. ആഗമനകാലം കഴിഞ്ഞൊരു ക്രിസ്മസ് തലേന്നായിരുന്നു അത്. വൈകുന്നേരമൊരു കപ്പ് കാപ്പിക്ക് ഇരുവശമിരുന്ന് ഞങ്ങൾ സംസാരിച്ചുതുടങ്ങി. എത്ര മനോഹരമായി ഞങ്ങൾക്കിടയിൽ പ്രണയമെന്ന വീഞ്ഞ് പ്രവർത്തിക്കുന്നുവെന്ന് ഞാൻ രസിച്ചു. മുൻപരിചയമുള്ളപോലെ അയാൾ നിർത്താതെ സംസാരിക്കുന്നു. ഞങ്ങളിരുവരും അബ്രഹാമിന്റെയും ദാവീദിന്റെയും പുത്രനായി ജനിച്ച യേശുക്രിസ്തുവിന്റെ വംശാവലിയിലേതെന്നപോലെ തോന്നി. സായാഹ്നപ്രാർത്ഥനയ്ക്കും ക്രിസ്തുമസ് കുർബ്ബാനയ്ക്കും ഞങ്ങളതേ പള്ളിയിൽത്തന്നെ പോകാൻ തീരുമാനിച്ചു.
“ക്രിസ്തുമസ് സ്പെഷ്യലായി എന്തുണ്ടാക്കി?” എന്ന ചോദ്യത്തിലാണ് പള്ളിയിൽനിന്നുമിറങ്ങിയ ഞങ്ങളുടെ മൗനം മുറിച്ചത്.
“കേക്കും വൈനും ചോക്ലേറ്റും” എന്ന മറുപടിയിൽ, “എനിക്കെവിടെ?” എന്ന മറുചോദ്യം വന്നു.
ബാഗിൽനിന്നും കൈയെടുത്തു ഒരു പിടി വെള്ളിക്കടലാസിൽ പൊതിഞ്ഞ മിട്ടായികൾ കൊടുത്തു.
“നിനക്കെന്നോട് ഒന്നും ചോദിക്കാനില്ലേ?” എന്ന ഒഴുക്കൻചോദ്യത്തിന് ഞാൻ അയാളോട്, “സദൃശ്യവാക്യങ്ങൾ ഇരുപത്തിയെട്ടിന്റെ പതിമൂന്ന് അറിയാമോ?” എന്ന് ചോദിച്ചു.
“ഇല്ലല്ലോ” എന്നയാൾ മിട്ടായി നുണഞ്ഞുപറഞ്ഞു. ഞാനപ്പോൾ “തന്റെ ലംഘനങ്ങളെ മറയ്ക്കുന്നവന് ശുഭം വരികയില്ല; അവയെ ഏറ്റുപറഞ്ഞു ഉപേക്ഷിക്കുന്നവനോ കരുണ ലഭിക്കും” എന്നുപറഞ്ഞു.
കണ്ണുകളിൽ കൗതുകം നിറച്ചയാൾ, “മനസ്സിലായില്ലാ..” എന്ന് പറഞ്ഞു. അപ്പോൾ ഞാൻ, “രണ്ട് കൊരിന്ത്യർ നാലിന്റെ രണ്ടോ?” എന്ന് ചോദിച്ചു. അതിനും ഇല്ലെന്ന് മറുപടി വന്നു.
“ദൈവസന്നിധിയിൽ സകലമനുഷ്യരുടെയും മനസ്സാക്ഷിക്കു ഞങ്ങളെത്തന്നേ ബോദ്ധ്യമാക്കുന്നു” എന്നു പറഞ്ഞു ഞാനപ്പോൾ. ഇതെന്തൊക്കെയാണെന്ന് അയാൾ അത്ഭുതപ്പെട്ടു.
അയാൾ മറന്നുതുടങ്ങിയ പഴയൊരു ക്രിസ്തുമസ് രാവും പുൽക്കൂടിൽ ചിന്തിയ ചോരയും കണ്ണുനീരും ഓർമിപ്പിച്ചു. റോമർ മൂന്നിന്റെ ഇരുപത്തിമൂന്ന് ഓർത്തു, ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സ് ഇല്ലാത്തവരായിത്തീർന്നു. മത്തായി പതിനെട്ട് അവനോതിക്കൊടുത്തു. ഭൂമിയിൽവച്ചു നിങ്ങളിൽ രണ്ടുപേർ യാചിക്കുന്ന ഏതു കാര്യത്തിലും ഐകമത്യപ്പെട്ടാൽ അതു സ്വർഗ്ഗസ്ഥനായ എന്റെ പിതാവിങ്കൽനിന്ന് അവർക്കു ലഭിക്കുമെന്ന് പറഞ്ഞു. അവനൊരു ഓർമ്മ വന്നു. അവ്യക്തമായൊരു പേര് പിറുപിറുത്തു. പിന്നെ അവൻ അല്പം മുമ്പോട്ടുചെന്നു കവിണ്ണുവീണു, പിതാവേ, കഴിയുമെങ്കിൽ ഈ പാനപാത്രം എങ്കൽനിന്നു നീങ്ങിപ്പോകേണമേയെന്ന് പ്രാർത്ഥിച്ചു.
ശന്തനു, നിങ്ങളാണെന്റെ ഇക്കൊല്ലത്തെ ക്രിസ്തുമസിന്റെ ദിവ്യബലി. രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല. ഹോംമേഡ് ചോക്ലേറ്റിലൊരു രഹസ്യക്കൂട്ടുണ്ട്; എഫെഡ്രിൻ. നാളെ നേരം പുലരുംമുമ്പേ ഒരു ഹാർട്ട് അറ്റാക്കിന് മതിയായ അളവിൽ. ദ്രോഹികളുടെ വികടമവരെ നശിപ്പിക്കും ശന്തനു. ലൂക്കാ ഒന്നിന്റെ നാല്പതിയേഴിലേതുപോലെ എന്റെ ചിത്തമിതാ എന്റെ രക്ഷകനായ ദൈവത്തിൽ ആനന്ദിക്കുന്നു.