ഒറ്റപ്പെട്ടു മരിച്ചു പോയ
ഒരു ആത്മാവ്
ദക്ഷിണായനത്തിലെ
അമാവാസി നാളിൽ
സ്നാന ഘട്ടത്തിൽ
നാവു നീട്ടി.
ജനനം കൊണ്ട്
ജീവിതത്തെ പൂരിപ്പിച്ചെങ്കിലും
അർത്ഥമില്ലാത്ത
വാക്കുകളായി
ഉറ്റവരാൽ വെട്ടിത്തിരുത്തി
കീറി മുറിച്ചെങ്കിൽക്കൂടി
ഒരു വാക്കു കൊണ്ടോ,
നോക്കു കൊണ്ടോ
കൊതിച്ചിരുന്ന ശാന്തി
ദേഹം വെടിഞ്ഞതാണെങ്കിലും
കൂടപ്പിറപ്പുകൾക്ക്
പുണ്യമാകാൻ
എന്തിന് മടിച്ചു നിൽക്കണം
പൊറുക്കാനാകാത്ത
മൗനങ്ങളുടെ
ഉൾച്ചൂടിനാൽ
ജീവൻ വറ്റിയ സ്നേഹത്തിൻ്റെ
പുനർജ്ജനികൾ തേടിയ
ഈ ബലിക്കാക്കയെ
എത്ര ആദരവോടെയാണ്
കൈകൊട്ടി വിളിക്കുന്നത്
വൃദ്ധസദനത്തിൽ ചെന്ന്
അവസാന തുള്ളി
ജലമിറ്റിച്ചു നൽകാൻ
വിസമ്മതിച്ചിരുന്ന
ഓരോ വിരലും
ദർഭ മോതിരമണിഞ്ഞ്
എള്ളും പൂവും ചേർത്ത്
ഉരുട്ടി വച്ച ബലിച്ചോറുമായി
പിതൃക്കളോടുള്ള സ്നേഹം
അഭിനയിച്ചു തീർത്ത്
പാപമൊടുക്കുന്നത്
ഇങ്ങിനെയാണ് ….. .