ത്രേസിക്കുട്ടി

കൊച്ചിയിലെ ആശുപത്രിയില്‍ ഉച്ചക്ക് പതിനൊന്നരയ്ക്കാണ് അപ്പോയിന്റ്മെന്റ്. എട്ടരയ്ക്ക് കോട്ടയത്ത് നിന്ന് വേണാടിനു കയറി. നല്ല തിരക്ക് ഉണ്ടായിരുന്നു ട്രെയിനില്‍. അവശത കണ്ട് ഒരു ചെറുപ്പക്കാരന്‍ സീറ്റ് തന്നു. ഇരുന്നു കഴിഞ്ഞപ്പോഴാണ് എതിരെ ഇരുന്ന വൃദ്ധയുടെ മുഖം കണ്ടത്. ദൈവമേ….. കൈതയ്ക്കല്‍ ത്രേസി ! ഇരുപത്തിയഞ്ചു കൊല്ലം മുന്‍പ് എന്റെ അമ്മായിയമ്മ ആയിരുന്ന യക്ഷി!

വര്‍ഷങ്ങളായി ഞാന്‍ ത്രേസിക്കുട്ടിയെ കണ്ടിട്ട്…. ഇത് അവര്‍ തന്നെയാണോ !?. വില കുറഞ്ഞ സാരിയും ബ്ലൗസും, ഹവായ് ചെരുപ്പും. കഴുത്തില്‍ നെടുങ്കന്‍ മാങ്ങാ മാല. വിരല്‍ നഖങ്ങള്‍ക്കിടയില്‍ ചെളി. കറുത്ത് ബലിഷ്ടമായ കൈകള്‍. കയ്യിലെ തഴമ്പ്.. രണ്ടു വിരലുകളില്‍ മോതിരങ്ങള്‍. ഒന്ന് വേളാങ്കണ്ണി മാതാവിന്റെ ഒരു ചുവന്ന പ്ലാസ്റ്റിക് മോതിരം, മറ്റൊന്ന് മുക്കാല്‍ പവന്റെ ഒരു സ്വര്‍ണ്ണ മോതിരം. ആ പഴയ മോതിരം എനിക്ക് നല്ല ഓര്‍മ്മയുണ്ട്. അത് ഞാന്‍ കട്ടുവെന്നു പറഞ്ഞ് അവര്‍ എന്നെ ഒരു രാത്രി മുഴുവന്‍ മുട്ടിന്‍മേല്‍ നിര്‍ത്തിയിട്ടുണ്ട് .

ഇത് ത്രേസിക്കുട്ടി തന്നെ.

അവരുടെ തഴമ്പ് മുറ്റിയ കൈ കണ്ടപ്പോള്‍ അറിയാതെ മുഖം തടവി പോയി. ഉണക്കക്കപ്പയുടെ കൂടെ തിന്നാന്‍ വച്ചിരുന്ന തെരണ്ടി മീന്‍ ചുട്ടതിന്റെ ഒരു ചെറിയ കഷ്ണം പൂച്ചയ്ക്ക് കൊടുത്തതിനു അവര്‍ മുഖത്ത് അടിച്ചതിന്റെ വേദന ഇത് വരെ മാറിയിട്ടില്ല !

തള്ള നല്ല ഉറക്കത്തിലാണ്. കൂടെ ആരുമില്ല. കെട്ടിയോന്‍ കൈതയ്ക്കല്‍ ജോസഫ് എന്ന അവുസേപ്പച്ചന്‍… അയാള്‍ ചത്തു കാണും..

അവരെ കണ്ടിട്ട് വല്ലാത്ത പേടി തോന്നുന്നു. പഴയതൊക്കെ ഇരമ്പി വരുന്നു. വേറെ എതെങ്കിലും സീറ്റ് ഉണ്ടായിരുന്നെങ്കില്‍ മാറി ഇരിക്കാമായിരുന്നു.

ഇവര്‍ ചത്തു പോകുന്നത് എത്ര പ്രാവശ്യം ഞാന്‍ സ്വപ്നം കണ്ടിട്ടുണ്ട്…. ഇനിയും ഈ തള്ള എന്താണു ചാവാത്തത് ?

എങ്ങിനെ ചാവും ? ഒടുക്കത്തെ ആരോഗ്യമല്ലേ?

വെളുപ്പിന് അഞ്ചുമണിക്ക് റസ്ക്കും ആട്ടിന്‍പാലും. ചിലപ്പോ രണ്ടോ മൂന്നോ കോഴിമുട്ട. പത്തരയാവുമ്പോ പഴങ്കഞ്ഞിയും പയര്‍ ഇട്ടു വേവിച്ച ഉണക്കക്കപ്പയും ഉണക്കമീന്‍ ചുട്ടു കാ‍ന്താരി കൂട്ടി അരച്ചതും. ഉച്ചയ്ക്ക് ആഹാരമില്ല. രാത്രി ഏഴുമണിയാകുമ്പോ രണ്ടോ മൂന്നോ ഗോതമ്പ് അടയും ഉണക്കയിറച്ചി വറുത്തതും.

ഞായര്‍ ഒഴിച്ച് ബാക്കി എല്ലാ ദിവസവും പറമ്പില്‍ പണി. പകലന്തിയോളം. അവരുടെ ഒരേ ഒരു മകന്‍ റോജി തന്നെ പെണ്ണ് കാണാന്‍ വന്നപ്പോള്‍ ഒപ്പം ഇവരും കെട്ടിയോന്‍ ഔസുപ്പേച്ചനും ഉണ്ടാരുന്നു. തള്ള പനമ്പ് കെട്ടി മറച്ച വീടിന്റെ പിന്നാമ്പുറത്തു വന്നു. തന്റെ അമ്മച്ചിയുടെ കൈപിടിച്ചു.

“റോസമ്മേ, യെനിക്ക് വീട്ടിയിരിക്കാന്‍ ഒരു പെണ്ണ് വേണം. വേറൊന്നും വേണ്ട.”

ആ ‘വേറൊ’ന്നും കൊടുക്കാന്‍ ഇല്ലാത്തത് കൊണ്ട് അമ്മ തലയാട്ടി. എന്റെ ഇളയത് രണ്ടു പെണ്ണുങ്ങള്‍. അപ്പന്‍ കുടിച്ചു കുടിച്ചു കരള്‍ പൊട്ടി ശവക്കോട്ടയില്‍ പോയിട്ട് ഒരു കൊല്ലമാകുന്നു. അമ്മയ്ക്ക് തലയാട്ടുകയല്ലാതെ വേറെ നിവൃത്തിയില്ലായിരുന്നു.

“അവള് നന്നായി പഠിക്കുന്നതാ. പ്രീഡിഗ്രി കഴിഞ്ഞു. ഇത്തിരികൂടി പഠിച്ച് എന്തെങ്കിലും ജോലിക്ക്…” അമ്മ പാതിയില്‍ നിര്‍ത്തി.

“ഞങ്ങള്‍ക്ക് പതിനാലു ഏക്കര്‍ പറമ്പ് ഉണ്ട്. ജോലിക്ക് പോന്ന ഒരു മരുമോളെ ഈ ത്രേസിക്കുട്ടിക്ക് വേണ്ട.” ത്രേസിക്കുട്ടിയമ്മ അറുത്തു മുറിച്ചു പറഞ്ഞു.

ഞാന്‍ ചായയുമായി നടവാതില്‍ക്കല്‍ ചെന്നു. ഇപ്പോഴും ആ ഉച്ചനേരം ഓര്‍മ്മയുണ്ട്. നശിച്ച ഉച്ച നേരം. മുറ്റത്തുള്ള ചെമ്പരത്തിയും തെറ്റിയും വാടിക്കരിഞ്ഞ ഉച്ച നേരം. റോജിയെ ഒറ്റനോട്ടം നോക്കിയപ്പോള്‍ തന്നെ എന്റെ മനസ്സിടിഞ്ഞു പോയി.

ഞാന്‍ ചെല്ലുമ്പോള്‍ റോജി കര്‍ത്താവിന്റെ തിരുഹൃദയരൂപത്തിലേക്ക് ഭക്തിപൂര്‍വ്വം നോക്കിയിരിക്കുകയായിരുന്നു.

“ചായ “ എന്ന് ഞാന്‍ പറഞ്ഞതും അയാള്‍ ഞെട്ടി ഉണര്‍ന്നു എന്നെ നോക്കി. ഹോ ചത്ത നോട്ടം! വസന്ത പിടിച്ച കോഴിയുടെ കൂട്ടൊരു മുഖം.

ചായ വാങ്ങിയതിനു ശേഷം റോജി എന്നെ നോക്കിയില്ല. അയാള്‍ വീണ്ടും തിരുഹൃദയരൂപത്തിലേക്കുള്ള നോട്ടം തുടര്‍ന്നു.

എനിക്കിത് വേണ്ട എന്ന് അമ്മച്ചിയോട് പറയണം എന്നുണ്ടായിരുന്നു. എന്നാല്‍ അങ്ങിനെ പറയല്ലേ മോളെന്നു അമ്മയുടെ കണ്ണുകളില്‍ ഞാന്‍ കണ്ടു.

റോജിക്ക് രണ്ടു പെങ്ങന്‍മാര്‍ ഉണ്ടായിരുന്നു. മൂത്തയാള്‍ റാണി കുമളിയില്‍. രണ്ടാമത്തെ പെങ്ങള്‍ ജീന കോട്ടയത്ത്‌. ജീന ആരുടെയോ കൂടെ ഒളിച്ചോടിയതാണ് എന്ന് ഞങ്ങള്‍ അറിഞ്ഞു. ജീന കല്യാണത്തിനു വന്നില്ല.

“എന്റെ പട്ടി വിളിക്കും ആ എരണം കെട്ടവളെ. എന്റെ മുന്നി അവള് വരുകേല. വന്നാ അവള്‍ടെ മുട്ടുകാലു ഞാന്‍ തല്ലിയൊടിക്കും എന്നവള്‍ക്ക് അറിയാം.”

ജീനയെ ആരോ അന്വേഷിച്ചപ്പോള്‍ ത്രേസിക്കുട്ടിയമ്മ പള്ളിയില്‍ നിന്ന് ഉറക്കെ പറഞ്ഞു. അത് കേട്ടപ്പോള്‍ എനിക്ക് ഭാവിയെക്കുറിച്ച് ഒരു ഊഹം കിട്ടി.

കുന്നിന്‍ ചരിവില്‍ പല കാലങ്ങളില്‍ പുതുക്കി പണിത ഒരു ഓടിട്ട വീട്. കുന്നു കയറി വരുമ്പോള്‍ ആ വീടിന്റെ മുകള്‍ ഭാഗം റബര്‍മരങ്ങള്‍ക്കിടയില്‍ അവ്യക്തമായി കാണാം. അഞ്ചു പശു, ഏഴ് ആട്, റബ്ബര്‍ ഷീറ്റടിക്കുന്ന പുകപ്പുര. ആ രാജ്യത്തിന്റെ രാജ്ഞിയായിരുന്നു ത്രേസി. മകനും ഭര്‍ത്താവും അവരുടെ അടിമകള്‍.

ആദ്യരാത്രിയുടെ പിറ്റേന്ന് കതകില്‍ തട്ട് കേട്ടാണ് ഞാന്‍ ഉണര്‍ന്നത്. പുറത്തു ത്രേസി. അവര്‍ തന്നെ കൈ പിടിച്ചു അടുക്കളയിലേക്ക് കൊണ്ടുപോയി.

“അവന്‍ നിന്നെ ചെയ്തോ ?” അവര്‍ ചോദിച്ചു. ഞാന്‍ ചൂളിപ്പോയി.

“അത്..പിന്നെ..”

“ഇല്ല .അല്ലെ ?”

അവരുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു.

“ഒട്ടും സമയം കളയരുത്. എത്രയും പെട്ടെന്ന് .. അവനൊരു പ്രത്യേക ടൈപ്പാ.” അവര്‍ പറഞ്ഞു.

അതിനുശേഷം അവര്‍ എന്നെ ആപാദചൂഡം ഒന്ന് നോക്കി.

“നിനക്ക് അടുക്കളപ്പണി ഒക്കെ അറിയാമോ ?” അവര്‍ ചോദിച്ചു. ഞാന്‍ മറുപടി പറയുന്നതിന് മുന്‍പ് അവര്‍ കൂട്ടി ചേര്‍ത്തു.

“അഞ്ചു പൈസ സ്ത്രീധനം വാങ്ങാതെയാണ് ഞാന്‍ നിന്നെ ഇങ്ങോട്ട് കൊണ്ടുപോന്നത്. “

വെളുപ്പിനെ മൂന്നു മണിക്ക് എല്ലാവരും ഉണരും. പശുക്കളേയും ആടിനെയും കറന്നിട്ട് റോജി കുളിക്കും. വെളുത്ത മുണ്ടും ഷര്‍ട്ടും ധരിക്കും. നാലരയാവുമ്പോ ഒരു ടോര്‍ച്ചുമെടുത്തു പള്ളിയിലേക്ക്. അയാള്‍ മടങ്ങി വരുന്നത് രാത്രിയാവുമ്പോഴാണ്.

റോജിയുടെ പിറകെ ത്രേസിയും ഔസേപ്പും വീട്ടില്‍ നിന്ന് ഇറങ്ങും. രണ്ടു സഞ്ചികളില്‍ പ്രഭാതഭക്ഷണവും കരുതിയാണ് അവര്‍ പറമ്പിലേക്ക് പോകുന്നത്. അവര്‍ തിരിച്ചു വരുമ്പോഴേക്കും രാത്രിയാകും. അത് വരെ ഞാനാ കാട്ടുമുക്കിലെ വീട്ടില്‍ ഒറ്റയ്ക്ക് ഇരിക്കണം.

അങ്ങിനെ ത്രേസി എന്ന വെട്ടു പോത്തിന്റെ അടിമയായി എന്റെ ജീവിതം ആരംഭിച്ചു. വെളുപ്പിനെ കന്നുകാലിക്കൂട് മുഴുവന്‍ കഴുകണം. അതിനുശേഷം ഭക്ഷണം ഉണ്ടാക്കണം. അമ്മായിമ്മ ഭക്ഷണം കഴിക്കാന്‍ ഇരിക്കുമ്പോള്‍ ഞാന്‍ അടുക്കളയില്‍ ഭയന്നിരിക്കും.

“ഡീ അറുവാണിച്ചീ.” തീന്‍ മുറിയില്‍ നിന്ന് വിളി വരുമ്പോള്‍ പേടിച്ചു മൂത്രമൊഴിക്കാന്‍ മുട്ടും. അടുത്തു ചെല്ലുമ്പോള്‍ അവര്‍ എച്ചില്‍ പറ്റിയ കൈ കൊണ്ട് ചെവിക്കല്ലിനു അടിക്കും.

“ഇത്ര മാത്രം ഉപ്പിടാന്‍ നിന്റെ ചത്തുപോയ തന്ത കൊണ്ട് വന്നു വച്ചിരിക്കുന്നോ ഉപ്പ് ?”

റോജി എന്നെ തല്ലുന്നത് കണ്ടാലും ഒന്നും പറയില്ല. റോജിക്ക് അമ്മയെ ഭയമായിരുന്നു. അമ്മായിപ്പനും. വീട് മുഴുവന്‍ കഴുകിത്തുടയ്ക്കണം. ഒരു തരി ചളി പുരണ്ടാല്‍ അവര്‍ തല്ലും.

കുന്നിന്‍ ചരിവില്‍ ഒരു പ്രേതഭവനം പോലത്തെ ആ വീട്ടില്‍ തനിച്ചിരിക്കാന്‍ എനിക്ക് പേടിയായിരുന്നു. ഏതു നിമിഷവും ആരെങ്കിലും എന്നെ ഉപദ്രവിക്കാന്‍ വരുമെന്ന് ഞാന്‍ ഭയന്നു.

എന്നെ ഏറ്റവും തകര്‍ത്തത് റോജിയുടെ സമീപനമായിരുന്നു. അയാള്‍ എന്നോട് അകന്നു നിന്നു. അറിയാതെ പോലും എന്നെ തൊടാതിരിക്കാന്‍ ശ്രമിക്കുന്നതുപോലെ. ഒരു ദിവസം അയാള്‍ കട്ടിലില്‍ കിടക്കെ ഞാന്‍ അടുത്തു ചെന്നിരുന്നു.

“എന്താണീ കാണിക്കുന്നത്… അത് വേണ്ട.. അത് തെറ്റാണ് !” അയാള്‍ പേടിച്ചു വിറച്ചുകൊണ്ട് പറഞ്ഞു.

“കര്‍ത്താവ് പൊറുക്കില്ല. കര്‍ത്താവ് പൊറുക്കില്ല.” അന്ന് രാത്രി മുഴുവന്‍ അയാള്‍ മുറിയുടെ മൂലയ്ക്ക് ബൈബിളും പിടിച്ചു കൂനിക്കൂടിയിരുന്നു.

കല്യാണം കഴിഞ്ഞു കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ അമ്മച്ചി എന്നെ കാണാന്‍ വന്നു. ഞാനിപ്പോഴും ഓര്‍ക്കുന്നു അമ്മച്ചി ആ കുന്നുകയറി നടന്നു വരുന്നത്. രണ്ടു കയ്യിലും ഓരോ വലിയ കൂടുകളില്‍ പലഹാരങ്ങളും പഴങ്ങളും ഒക്കെയായി.

പക്ഷെ വീടിന്റെ പടി കയറാന്‍ അമ്മായിമ്മ സമ്മതിച്ചില്ല.

“നിങ്ങളുടെ മോള്‍ പെറില്ല .”

എന്റെ അമ്മച്ചി ഒരു പാവമായിരുന്നു. അടുക്കളപ്പണി മാത്രം അറിയും. ഉത്തരം അറിയാത്ത കുട്ടി മുട്ട് വിറയ്ക്കുന്നത്‌ പോലെ ജീവിതത്തിന്റെ ഭീകര സന്ധികളില്‍ അമ്മ വിറച്ചു നിന്നു. എന്താണ് പറയേണ്ടത് എന്ന് അറിയാതെ അമ്മ ത്രേസിയെ അമ്പരപ്പോടെ നോക്കി നിന്നു .

“ആറു മാസമായി. ഇതിലും വേഗം എന്റെ പശു ചെന പിടിക്കും.”

അമ്മച്ചി ചിലമ്പിച്ച സ്വരത്തില്‍ എന്നോട് പറഞ്ഞു.

“മോള്‍ ഇനി ഇവിടെ നിക്കണ്ട.പോര്.”

“കൊണ്ട് പൊക്കോ. പക്ഷേ ഒറ്റക്കാര്യം.” അമ്മായിയമ്മ കൈ രണ്ടു എളിയില്‍ വച്ച് അലറി.

“ഒക്ക, കല്യാണം, ഇവളെ ഇത്ര നാള്‍ ഇവിടെ നോക്കിയതിന്റെ ചെലവ്. ഇവളിട്ടിരിക്കുന്ന അടിപ്പാവാട വരെ ഇവിടുത്തെ കാശാ .അത് തന്നിട്ട് കൊണ്ടുപൊക്കോ .”

അമ്മയുടെ മുഖം കുനിഞ്ഞു.

“അമ്മ പൊക്കോ.’ ഞാന്‍ അമ്മയെ കൂട്ടി നടന്നു. നടക്കുന്നതിനിടയില്‍ അമ്മ വിമ്മി കരഞ്ഞു കൊണ്ടിരുന്നു.

“അമ്മ കരയണ്ട. ഞാന്‍ എന്തേലും ഒരു വഴി കണ്ടെത്തി വരാം.”

അമ്മ വന്നതിനുശേഷം അമ്മായിമ്മയുടെ പീഡനം കൂടി. ഇതിനിടയില്‍ അവര്‍ റോജിക്ക് വേറെ കല്യാണം ആലോചിക്കാന്‍ തുടങ്ങി.

എന്തിനാണ് അവര്‍ റോജിക്ക് കുട്ടിയുണ്ടാവാന്‍ ഇത്ര ധൃതിപ്പെടുന്നത് എന്നെനിക്ക് മനസ്സിലായില്ല. രണ്ടാഴ്ച കൂടുമ്പോള്‍ അമ്മായിമ്മയും അമ്മായിപ്പനും കൂടി ടൌണില്‍ പോകും. റബ്ബറും പച്ചക്കറികളും വില്‍ക്കും. നല്ല ആദായം ഉള്ള ഭൂമിയായിരുന്നു അത്. കിട്ടുന്ന പൈസയ്ക്ക് മുഴുവന്‍ സ്വര്‍ണ്ണം വാങ്ങി. അഞ്ചു പൈസ ആര്‍ക്കും കൊടുക്കില്ല. ഒരു ദിവസം മൂത്ത മകള്‍ റാണി വന്നു. കാശിന്റെ കാര്യത്തിനു അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞു വഴക്കായി. ഞാന്‍ അങ്ങോട്ട്‌ തിരിഞ്ഞു നോക്കിയില്ല. റാണി വന്നു പ്രശ്നം ഉണ്ടാക്കി രണ്ടു ദിവസം കഴിഞ്ഞു ഒരു രാത്രി അവര്‍ എന്റെ മുറിയുടെ വാതില്‍ ചവിട്ടി തുറന്നു.

“എവിടെടി എന്റെ സ്വര്‍ണ്ണം ?” അവര്‍ ആക്രോശിച്ചു.

“എന്ത് സ്വര്‍ണ്ണം ?

“എന്റെ പെട്ടിയില്‍ വച്ച സ്വര്‍ണ്ണമോതിരം കാണുന്നില്ല. നീയല്ലേടി മൂധേവി അതെടുത്തത് ?”

അന്ന് രാത്രി അവര്‍ എന്നെ മുറ്റത്ത്‌ മുട്ടിന്‍മേല്‍ നിര്‍ത്തി. സത്യം പറയിക്കാന്‍… റോജി ഒന്നും പറയാതെ മുറിക്കുള്ളില്‍ കതകടച്ചിരുന്നു. പിറ്റേന്ന് രാവിലെ അയാള്‍ പള്ളിയിലേക്ക് പോയി. അയാള്‍ പിന്നെ മടങ്ങി വന്നില്ല.

അമ്മായിപ്പനും അമ്മായിമ്മയും പോലീസില്‍ പരാതികൊടുത്തു. പോലീസ് അന്വേഷിക്കാന്‍ വന്നപ്പോള്‍ ത്രേസി എന്നോട് സ്നേഹത്തോടെ പെരുമാറി.

“അവന്‍ വരും. ഇതിനു മുന്നേ രണ്ടു മൂന്നു പ്രാവശ്യം അവന്‍ നാട് വിട്ടുപോയതാ.. കൊച്ചെങ്ങിനെയാ ഇവിടെ തല വച്ചത് ?” പ്രായം ചെന്ന എസ്. ഐ എന്നോട് ചോദിച്ചു. എനിക്ക് മറുപടിയില്ലായിരുന്നു.

റോജിയെ കാണാതായി ഏതാനും ദിവസങ്ങള്‍ക്ക് ശേഷം രണ്ടാമത്തെ മകള്‍ ജീന എന്നെ കാണാന്‍ വീട്ടില്‍ വന്നു. ത്രേസി വീട്ടിലില്ലാത്ത സമയം നോക്കിയായിരുന്നു ജീന വന്നത്.

“റോജിക്ക് പള്ളിയിലച്ചനാകാനാരുന്നു താത്പര്യം. പക്ഷേ അമ്മ സമ്മതിച്ചില്ല. പത്താം ക്ലാസ് കഴിഞ്ഞു സെമിനാരിയില്‍ പോകാന്‍ തുടങ്ങിയ അവനെ അമ്മ കണ്ടമാനം ഉപദ്രവിച്ചു. അത് അവനു വല്ലാത്ത ഷോക്കായി. ഒത്തിരി സൈക്കോളജിസ്റ്റുകളെ കാണിച്ചു. പിന്നെ അവന്‍ പഴയ പോലെയായില്ല. പിന്നെ കെട്ടി ഒരു കൊച്ചായാല്‍ ശരിയാകും എന്ന് പറഞ്ഞാ..” ജീന നിര്‍ത്തി.

സ്വര്‍ണ്ണം മിക്കവാറും റാണിയായിരിക്കും മോഷ്ടിച്ചത് എന്ന് ജീന പറഞ്ഞു.

“ഇവിടെ ഇനി നില്‍ക്കരുത്. അമ്മ ചിലപ്പോള്‍ കൊല്ലാന്‍ പോലും മടിക്കില്ല.”

ഞങ്ങള്‍ സംസാരിച്ചു കൊണ്ടിരിക്കെ അവര്‍ തിരിച്ചു വന്നു.
“വീട് ഉപേക്ഷിച്ചു പോയ വേശ്യകള്‍ക്ക് ഇവിടെ എന്ത് കാര്യം ?” അവര്‍ സ്വന്തം മകളോട് ആക്രോശിച്ചു.
ജീന മുറ്റത്തു കിടന്ന മുഴുത്ത ഒരു കല്ലെടുത്തു.

“ഇനി പുഴുത്ത വര്‍ത്തമാനം പറഞ്ഞാല്‍ നിങ്ങളുടെ തല ഞാന്‍ തല്ലി പൊളിക്കും.” അവള്‍ മുരണ്ടു.

സ്വിച്ചിട്ടപോലെ തള്ള നിശബ്ദയായി. അവര്‍ ജീനയെ ഭയക്കുന്നുവെന്ന് എനിക്ക് മനസ്സിലായി.

“നീ പോയി നിന്റെ തുണിയും സാധനങ്ങളും എടുത്തോണ്ട് വാ…” ജീന എന്നോട് പറഞ്ഞു.

“നിന്റെ ശാപം എന്റെ മക്കള്‍ക്ക് എല്ക്കരുത്. അതുകൊണ്ടാണ് നിന്നെ അവിടെ നിന്ന് കൊണ്ട് പോരാന്‍ ഞാന്‍ വന്നത്.” തിരിച്ചു പോകുന്നതിനിടയില്‍ ജീന പറഞ്ഞു.

മാസങ്ങള്‍ നീണ്ടു നിന്ന പീഡനം. മാനസികവും ശാരിരികവുമായ ഉപദ്രവിക്കല്‍. ഉറക്കമില്ലായ്മ്മ. കഠിനമായ വിഷാദം. പലപ്പോഴും ഞാന്‍ ആത്മഹത്യ ചെയ്യാന്‍ തുനിഞ്ഞു. അവിടെ നിന്നാണ് ജീന എന്നെ രക്ഷപെടുത്തിയത്. ആദ്യം ഒരു തയ്യല്‍ കടയില്‍ ജോലി. പിന്നെ സ്വന്തമായി ഒരു യൂണിറ്റു തുടങ്ങി. സഹോദരങ്ങളെ കല്യാണം കഴിപ്പിച്ചു വിട്ടു. അത് വരെ മനസ്സ് കൂടെ നിന്നു. അത് കഴിഞ്ഞ് .. ഇടയ്ക്കിടെ വിഷാദത്തിന്റെ ഒരു വേലിയേറ്റം വരും മനസ്സിന്.

ഒരിക്കലും ആ കുന്നിന്‍ചരിവിലെ വീടും ,ത്രേസി എന്ന സ്ത്രീയും മനസ്സില്‍ നിന്ന് പോയില്ല. റോജിക്ക് എന്ത് പറ്റിയെന്നു എനിക്കറിയില്ല. ആദ്യം ഭയങ്കര വിഷമമമായിരുന്നു. പിന്നെ മറന്നു.

ആള്‍ക്കാര്‍ എഴുന്നേറ്റു തുടങ്ങുന്നു. ട്രെയിന്‍ സൗത്തിലെത്താറായി.

മുന്നില്‍ ഇരുന്നു ഉറക്കം തൂങ്ങുന്ന വൃദ്ധയെ വീണ്ടും വീണ്ടും നോക്കി. ഇനി എന്നെങ്കിലും അവരെ താന്‍ കാണുമോ ?

തന്റെ ജീവിതം നശിപ്പിച്ച സ്ത്രീ. അവര്‍ സുഖമായി ഉറങ്ങുന്നു.

ആദ്യം ഭയം തോന്നിയെങ്കിലും ഉള്ളില്‍ അടക്കി വച്ച കടുത്ത ദേഷ്യത്തിന്റെ അറകള്‍ പൊട്ടി. ഇനി താനെന്തിനു ഭയക്കണം. ജോജി പോലീസുകാരനാണ്. എന്തേലും ഉണ്ടെങ്കില്‍ അവന്‍ നോക്കിക്കൊള്ളും. ട്രെയിന്‍ ഹോണ്‍ മുഴക്കി. അവര്‍ പതിയെ കണ്ണ് തുറക്കുന്നു.

അവര്‍ തന്നെ തുറിച്ചു നോക്കുകയാണ്. തന്നെ അവര്‍ക്ക് മനസ്സിലായില്ലേ ? അതോ മനസ്സിലാകാത്ത പോലെ അഭിനയിക്കുകയാണോ ?

അല്ലെങ്കില്‍ വേണ്ട. കഴിഞ്ഞതൊക്കെ കഴിഞ്ഞു. പോട്ടെ.

ട്രെയിന്‍ നിന്നു.

അവര്‍ എഴുന്നേറ്റു വാതില്‍ക്കലേക്ക് നടന്നു. അവര്‍ക്ക് പിന്നാലെ താനും. ജോജി പ്ലാറ്റ്ഫോമില്‍ കാത്തു നില്‍പ്പുണ്ട്.

ത്രേസി പ്ലാറ്റ് ഫോമില്‍ ഇറങ്ങി കൂസലില്ലാതെ നടന്നു പോകുന്നത് കണ്ടു ഉള്ളിലെ മൃഗം കുരച്ചു ചാടി.
വിടരുത്, വിടരുതവരെ.

അവര്‍ക്ക് പിന്നാലെ ഓടി. തോളില്‍ പിടിച്ചുലച്ചു.. തള്ള ഞെട്ടിത്തിരിഞ്ഞു.

“നിങ്ങള്‍ അഭിനയിക്കുവാ അല്യോ, എന്നെ എത്ര നാള്‍ ഉപദ്രവിച്ചതാ .. നിങ്ങള്‍ അത്ര വേഗം മറന്നോ ?
അവര്‍ അമ്പരന്നു എന്നെ നോക്കി.

പൊടുന്നനെ പത്തു മുപ്പതു വയസ്സ് പ്രായം തോന്നിക്കുന്ന ഒരു യുവതി ഓടി വന്നു.

“എന്താ…എന്താ പറ്റി ?” അവള്‍ ചോദിച്ചു.

“ആ.. എന്നെ പിടിച്ചു നിര്‍ത്തി എന്തൊക്കെയോ ചോദിക്കുന്നു…” അവര്‍ പറയുന്നു.

‘ത്രേസി ..നിങ്ങള്‍ കൈതയ്ക്കല്‍ ത്രേസിയല്ലേ..?”

“ത്രേസിയോ അല്ല. ഇതെന്റെ അമ്മയാണ്. സിസിലിന്നാണ് അമ്മയുടെ പേര്. നിങ്ങള്‍ക്കാളു തെറ്റി.” ആ പെണ്‍കുട്ടി പറഞ്ഞു.

കുറെ നേരത്തേക്ക് അനങ്ങാന്‍ കഴിഞ്ഞില്ല. തലയുയര്‍ത്തി നോക്കിയപ്പോള്‍ ആ അമ്മയും മോളും കണ്ണില്‍ നിന്ന് മറഞ്ഞിരിക്കുന്നു.

ഈ ത്രേസിക്കുട്ടി പാവം, ഒന്നും പറഞ്ഞില്ല. കഴിഞ്ഞ തവണത്തെ വരവില്‍ കണ്ട ത്രേസിക്കുട്ടി,,ഹോ… അവര്‍ തല്ലിയില്ലെന്നെ ഉള്ളു.

കോട്ടയം സ്വദേശി. വൈദ്യുത ബോര്‍ഡില്‍ അസിസ്റ്റന്റ് എഞ്ചിനീയറായി ജോലി ചെയ്യുന്നു. 'ദൂരെ ദൂരെ റോസാക്കുന്നില്‍' 'വിഷാദവലയങ്ങള്‍' 'ശ്വേതദണ്ഡനം' എന്നിവയാണ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍. ആനുകാലികങ്ങളിലും സോഷ്യല്‍ മീഡിയിലും എഴുതുന്നു