ത്രികാലം

ചൂടൊരു നാൽപ്പത്തിയഞ്ച് ഡിഗ്രിയെങ്കിലും കാണും. ഏഴാം നിലയിലുള്ള ഫ്‌ളാറ്റിന്റെ ജനാലയിലൂടെ കാറ്റുതേടി ശ്യാം കൈ പുറത്തേക്കിട്ടു. കട്ടിലിലേക്ക് വിയർപ്പ് ജെന്നിയുടെ ശിരസ്സിൽ നിന്നും കഴുത്തിൽ നിന്നും ഒലിച്ചിറങ്ങുന്നത് അയാൾ വ്യസനത്തോടെ കണ്ടു. പങ്ക പ്രവർത്തിക്കാത്ത റൂമിലാണ് അവർ ഉണ്ടായിരുന്നത്. പകുതി വെച്ചു മുറിഞ്ഞ ഉച്ചയുറക്കത്തിൻറെ ആലസ്യമില്ലായിരുന്നെങ്കിൽ അയാൾ ന്യൂസ്പേപ്പർ എടുത്ത് അപ്പോൾ തന്നെ അവളെ വീശിയേനെ. നീലാകാശത്തിൽ ചത്തു കിടക്കുന്ന മേഘത്തുണ്ടുകളെ നോക്കിയിരിക്കുമ്പോൾ കാലത്തുണ്ടായ അനുഭവം ശ്യാം ഓർത്തു . ജന്മാന്തരങ്ങളെക്കുറിച്ച്  മനസ്സിലുയർന്ന സന്ദേഹങ്ങളുമായി  മല്ലിട്ട് നിൽക്കുകയായിരുന്നു ബാസാറിന് മുൻപിൽ. ചുമലിൽ കരസ്പർശമേറ്റു തിരിഞ്ഞപ്പോൾ ഒരു വൃദ്ധ മാമ്പഴം വിൽക്കാൻ വന്നു നിൽക്കുന്നു. ജെന്നിക്ക് കൗതുകമാകട്ടെ എന്നു കരുതി രണ്ടെണ്ണം വാങ്ങി വെച്ചു. പൈസ വാങ്ങിയ വൃദ്ധ മന്ദഹസിച്ചു കൊണ്ട് പറഞ്ഞു :”ഇന്ന് ഉത്തരം കിട്ടും”. തരിച്ചു നിൽക്കുമ്പോൾ തിരക്കിൽ വൃദ്ധ മറഞ്ഞു. അപ്പോൾ മുതൽ അത്ഭുതം പ്രതീക്ഷിക്കുകയാണ്.

ജെന്നിയോട് ഒന്നും സൂചിപ്പിച്ചില്ല. ജന്മാന്തരങ്ങളും മറ്റും അവൾക്ക് മടുപ്പാണ്. അയാളുടെ ഇഷ്ടങ്ങളോട് അവൾ ഒത്തു വരാത്തത് അക്കാര്യത്തിൽ മാത്രമാണ്. ഈ വിഷയത്തിലെ അവളുടെ താൽപര്യക്കുറവ് ഒരു കുറവായി ശ്യാമും സ്വകാര്യമായി കരുതുന്നുണ്ട്.

ജനാലയഴികളിലെ തണുപ്പ് ഒപ്പിയെടുക്കാൻ നെറ്റി അവയിൽ ചേർത്ത ശ്യാമിൻറെ കണ്ണുകളുടെ മുൻപിൽ വെറും ഒരടി അകലത്തിൽ ആണ് അത് സംഭവിച്ചത്. ചുളിവുകൾ നിറഞ്ഞ ഒരു പടു വൃദ്ധൻറെ മുഖം ആദ്യം പ്രത്യക്ഷപ്പെട്ടു. നോക്കി നിൽക്കെ ഉടലും രൂപം കൊണ്ടു .തനിക്ക് നടുക്കമുണ്ടായില്ല എന്നതാണ് ശ്യാമിനെ കൂടുതൽ വിസ്മയിപ്പിച്ചത്. അത്ഭുതം  പ്രതീക്ഷിച്ചിരുന്നത് കൊണ്ടാകാം. വൃദ്ധൻ തലപ്പാവ് ധരിച്ചിരുന്നു. യാതന കടിച്ചമർത്തിയ പോലെയുള്ള മുഖഭാവം. മന്ദഹാസം ഒട്ടും ഇല്ല. വജ്രസൂചികൾ പോലെയുള്ള നോട്ടം.
കൂർക്കം വലി കേട്ടപ്പോഴാണ്  ജെന്നി കിടക്കുന്ന കാര്യം ഓർത്തത് . അയാൾ പെട്ടെന്ന് ബ്ളാങ്കറ്റെടുത്ത് അവളുടെ മുകളിലിട്ടു. മുന്നിൽ നിൽക്കുന്ന മായാരൂപം ജെന്നിയുടെ അലക്ഷ്യമായ കിടപ്പ് കാണേണ്ടതില്ലെന്ന് അയാൾക്ക് തോന്നി. ‘പുറപ്പെടൂ’ എന്ന് മാത്രം പറഞ്ഞ് രൂപം മാഞ്ഞു .

“ഹൊ ! ഞാൻ വിയർത്തു ചത്തു. നീയെന്തിനാണ് എൻറെ ദേഹത്ത് ഈ കരിമ്പടമെടുത്തിട്ടത്?” ജെന്നി പരിഭവിച്ചു കൊണ്ട് എഴുന്നേറ്റിരുന്നു. മറുപടി പറഞ്ഞില്ല. ഏത് സ്ഥലത്തേക്ക് പുറപ്പെടുന്ന കാര്യമായിരിക്കാം വൃദ്ധൻ പറഞ്ഞത് ? ഏതായാലും വസ്ത്രം ധരിച്ചു നിൽക്കാം. ശ്യാ൦  എഴുന്നേറ്റു .  

“നീ എങ്ങോട്ട് പോകാനാണ് ഡ്രസ്സ് ചെയ്യുന്നത്?” ജെന്നി ചോദിച്ചു .
“വന്നിട്ട് പറയാം. അല്പം വൈകിയേക്കും.”
“തിരികെ വരുമ്പോൾ രാവിലെ കൊണ്ടുവന്ന ഇനം മാമ്പഴം കുറെ കൂടി കൊണ്ടു വരൂ. രുചി  നാവിൽ നിന്ന് മാറുന്നില്ല.”

താഴെയിറങ്ങി ഇതികർത്തവ്യതാമൂഢനായി നിന്നപ്പോഴാണ് സംശയം മനസ്സിൽ പൊന്തിയത്. ഉറങ്ങാൻ കിടക്കുന്നതിന് മുമ്പ് വലിച്ച സിഗരറ്റിൽ മരിജുവാന ഉണ്ടായിരുന്നോ? വഴിയില്ല. അത്തരമെല്ലാം ജെന്നി മാറ്റിക്കഴിഞ്ഞു. ഇനി ഉണ്ടായതെല്ലാം വെറും ഭ്രമം മാത്രം ആയിരിക്കുമോ? ആകാം,അല്ലായിരിക്കാം. സമയം അഞ്ച് മണിയായിട്ടും ഭൂമിയും ആകാശവും കൊടും ചൂടിൽ പുളയുകയാണ്. എന്തുവേണം ? കുറച്ചു നേരം നിൽക്കാം. പത്ത് മിനിറ്റിനുള്ളിൽ മഴ പെയ്യുകയാണെങ്കിൽ ഇവിടെത്തന്നെ നിൽക്കാം. അല്ലെങ്കിൽ തിരികെ പോകാം. മാമ്പഴം പിന്നീട് വാങ്ങാം. നോക്കി നിൽക്കെ ചക്രവാളത്തിൽ കാർമേഘങ്ങൾ പ്രത്യക്ഷപ്പെട്ടു. ആകാശം മെല്ലെ മുരടനക്കി. തുള്ളിതുള്ളിയായി തുടങ്ങിയ മഴ പേമാരിയായത് ശ്യാ൦ ശാന്തനായി നോക്കി നിന്നു. മഴ പെയ്യുമെന്ന് അയാൾക്ക് വെറുതെ തോന്നിയിരുന്നു. അത്ഭുതങ്ങൾ തന്നെ അത്ഭുതപ്പെടുത്തുന്നില്ലെന്നത് അയാളെ വീണ്ടും വീണ്ടും അത്ഭുതപ്പെടുത്തി.

മഴ കുറഞ്ഞപ്പോൾ മഞ്ഞനിറമുള്ള ഒരു കാർ ഫ്‌ളാറ്റിന് മുൻപിൽ കിടക്കുന്നത് കാണാൻ കഴിഞ്ഞു. മഴ നിലച്ചതോടെ കാറിലിരുന്ന പതിഞ്ഞ മൂക്കുള്ള ഡ്രൈവർ തന്നെ കൈയാട്ടി വിളിക്കുന്നത് ശ്യാ൦ കണ്ടു. അയാൾ അങ്ങോട്ട് നീങ്ങി കാർ തുറന്ന് കയറിയിരുന്നു. അസാധാരണമായ വേഗത്തിലാണ് വണ്ടി ഓടിയത്. നഗരവും പാടങ്ങളും കടന്ന് മലകൾക്കിടയിലൂടെ വണ്ടി ഓടി. ഇരുട്ട് വീഴാൻ തുടങ്ങിയതോടെ ഭയം ഹൃദയത്തെ ഗ്രസിക്കാൻ തുടങ്ങി.

ഒടുവിൽ പിരമിഡ് കണക്കെയുള്ള ഒരു കെട്ടിടത്തിന് മുൻപിൽ വണ്ടി നിന്നു. മുറ്റത്ത് ഒരു വലിയ പന്തം കത്തിച്ചു വെച്ചിട്ടുണ്ടായിരുന്നു.
അസാധാരണമാം വിധം ഉയരമുള്ള ഒരു സ്ത്രീ മുറ്റത്ത് നിൽക്കുന്നുണ്ടായിരുന്നു. അവരുടെ മുഖം ഗൗരവപൂർണ്ണമായിരുന്നു. നോട്ടവും സൗഹാർദ്ദപരമായിരുന്നില്ല. ” വരൂ” അവർ പറഞ്ഞു. അവരെ പിന്തുടർന്ന് കെട്ടിടത്തിനുള്ളിലേക്ക് കയറി. ഹാളിലിട്ടിരുന്ന ചെറു കസേരയിലേക്ക് അവർ വിരൽ ചൂണ്ടി. ശ്യാ൦ ഇരുന്നു. അവർ പടികയറി മുകളിലേക്ക് പോയി. എട്ടുപത്ത് അന്തേവാസികളെ കണ്ടു. ചിലർ കത്തിച്ചു വെച്ച വിളക്കുകൾക്ക് മുൻപിൽ ഗ്രന്ഥങ്ങൾ പഠിക്കുന്നു. ചിലർ ധ്യാന നിമഗ്നരായി ഇരിക്കുന്നു.

സ്ത്രീ തിരികെയെത്തി. ” ലാമ വിളിക്കുന്നു. വരൂ ” അവർ പറഞ്ഞു.
വലിയ ഒരു ദിവാനിൽ കിടക്കുകയാണ് ലാമ. ജനാലക്കരികിൽ കണ്ട അതേ വേഷം. തൈലത്തിൻറെയും മരുന്നുകളുടെയും രൂക്ഷ ഗന്ധം നാസികയെ തുളച്ചു .
“അമ്പരപ്പ് മാറിയോ?” ലാമ ചോദിച്ചു. ശ്യാ൦ തലയാട്ടി.
“നിന്നോട് വരാൻ പറഞ്ഞത് എന്തിനാണെന്ന് അറിയുമോ ?”
നിഷേധാർത്ഥത്തിൽ ശ്യാ൦ തലയാട്ടി.
“ജനനം,മരണം,മരണാനന്തര ജീവിതം ഇവയെ പ്രതിയുള്ള നിൻറെ തീക്ഷ്ണമായ ചിന്തകൾ എൻറെ സമാധിക്ക് ഭംഗം വരുത്തുന്നു .” ലാമ പറഞ്ഞു.

ശ്യാ൦ മിഴിച്ചു നിന്നു പോയി.

“നിനക്ക് കാണാമല്ലോ ഞാൻ അതികഠിനമായ വ്യാധി മൂലം കഷ്ടപ്പെടുകയാണ്. വാതം എൻറെ രണ്ട്‌ കാലുകളെയും കരണ്ടു തിന്നുന്നു. യാതനയിൽ നിന്ന് ഞാൻ രക്ഷപ്പെടുന്നത് ശരീരത്തിൽ നിന്ന് മനസ്സിനെ പിൻവലിച്ച് സമാധിയിൽ ലയിക്കുമ്പോഴാണ്. ഈയിടെയായി സമാധിയുടെ കവാടത്തിൽ ആരുടെയോ ചിന്തകളും സംശയങ്ങളും കറുത്ത മേഘങ്ങൾ പോലെ പൊന്തി വന്ന് എന്നെ തടയുന്നു. നീയാണ് ആളെന്ന് മനസ്സിലായപ്പോഴാണ് നേരിട്ട് കാണാൻ തീരുമാനിച്ചത് “, ലാമ പറഞ്ഞു.
ശ്യാമിന് അമ്പരപ്പ്  തോന്നി. മഹാസിദ്ധനായ ലാമയ്ക്ക് അസുഖം സ്വയം മാറ്റിക്കൂടെ ? അയാൾ സംശയം മറച്ചു വെച്ചില്ല.
“തപഃശ്ശക്തികൊണ്ട് രോഗം  മാറ്റിക്കൂടെ?”
പൊട്ടിച്ചിരി ഉയർന്നത് കേട്ട് തിരിഞ്ഞപ്പോഴാണ് അന്തേവാസികളെല്ലാം വന്നുനിൽക്കുന്നത് കണ്ടത്. ലാമ അവരെ ശാസിച്ചു :” എല്ലാവരും നിങ്ങളെപ്പോലെ ജ്ഞാനികളല്ല”. എന്നിട്ട് ശ്യാമിനെ നോക്കി അനുകമ്പയോടെ പറഞ്ഞു: “ശരീരത്തിൻറെ ആവശ്യത്തിന് വേണ്ടി തപഃശ്ശക്തി ഉപയോഗിക്കുന്നത് ഞങ്ങളുടെ സമ്പ്രദായത്തിൽ വലിയ അപരാധമാണ്. ഇന്ന് നിന്നെ ഇവിടെ വരുത്താൻ തപോബലമുപയോഗിച്ചതും ഒരർത്ഥത്തിൽ തെറ്റ് തന്നെ.”

ലാമ ശ്യാമിനെ ആപാദചൂഢം നോക്കി. ശ്യാമിൻറെ ആത്മാവ് ശരീരത്തിനുള്ളിൽ ഇരുന്ന് കുറുകി.
“നീയൊരു സന്ദേഹിയാണ് “, ലാമ  ശ്യാമിനെ നോക്കി പുഞ്ചിരി തൂകി. “നേരിട്ട് കണ്ടാലും പിന്നെയും സംശയിക്കുന്നവൻ. നിനക്ക് എൻറെ വാക്കുകളെ വിശ്വസിച്ച് സമാധാനപ്പെട്ടു കൂടെ ?”.
ശ്യാ൦ മറുപടി പറഞ്ഞില്ല. പിന്നിൽ നിന്ന് സ്ത്രീയുടെ ശബ്ദമുയർന്നു: “ഒന്നു രണ്ട് ജന്മങ്ങൾ കാട്ടിക്കൊടുക്കൂ. അങ്ങേക്ക് കുറച്ചു കാലമെങ്കിലും അലട്ടലുണ്ടാകാതിരിക്കട്ടെ.”
ലാമ തലയാട്ടി. പിന്നിൽ നിന്ന ആരോടോ മുന്നിലേക്ക് വരാൻ ആംഗ്യം കാട്ടി. ആമ്പൽപ്പൂവ് പോലെ ഒരു പെൺകുട്ടിയാണ് മുന്നോട്ടു വന്നു നിന്നത്. ജെന്നി അവളുടെ സൗന്ദര്യത്തിനു  മുൻപിൽ ഒന്നുമല്ലല്ലോ എന്ന് ശ്യാ൦ ചിന്തിച്ചു. അയാൾക്ക് അവളെ നോക്കി നിൽക്കാൻ തോന്നി.
“അവനെ നിശ്ചിന്തനം പരിശീലിപ്പിക്കൂ”, ലാമ ആജ്ഞാപിച്ചു.
പെൺകുട്ടി കൈകൾ കൊണ്ട് ശ്യാമിൻറെ കണ്ണുകൾ പൊത്തി. അയാൾക്ക് കുളിരു കോരി.”ലാമ, ഇവളുടെ സാമീപ്യമുണ്ടെങ്കിൽ ജന്മാന്തര ചിന്തകളെല്ലാം വെടിയാൻ ഞാൻ ഈ നിമിഷം തയ്യാർ” അയാൾ മനസ്സിൽ പറഞ്ഞു.
“നെറ്റിത്തടത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കൂ” ഓട്ടുമണി പോലെയുള്ള ശബ്ദത്തിൽ പെൺകുട്ടി നിർദ്ദേശം നൽകി.
കഴിഞ്ഞില്ല, ഇവൾ ആരായിരിക്കും? ആ സ്ത്രീയുടെ മകളായിരിക്കും. ഇവൾക്കും നല്ല ഉയരമുണ്ടല്ലോ .
“നിറുത്തൂ. ഞാൻ തന്നെ ചെയ്യിക്കാം”, ലാമയുടെ ശബ്ദത്തിൽ നീരസം ഉണ്ടായിരുന്നു.
“മന്ന കൊണ്ടുവരൂ”, ലാമ പെൺകുട്ടിക്ക് നിർദ്ദേശം നൽകി.
“നിൻറെ നാഡികൾ പലതും അടഞ്ഞു പോയി. ഉപയോഗിക്കാത്ത ലഹരി ഇല്ലല്ലോ,അല്ലെ?”.
ശ്യാ൦ തല കുനിച്ചു.
“നിന്നേപ്പോലെയുള്ളവർക്ക് വേണ്ടിയാണ് മന്ന”  ലാമയുടെ സ്വരത്തിൽ ഉല്ലാസം സ്ഫുരിച്ചു. “നീ തേടി വന്നു. തേടി നടക്കാത്തവർ ഭാഗ്യവാന്മാർ. മന്ന അവരെ തേടി ചെല്ലുന്നു. “,ലാമ ബൈബിൾ വചനം പോലെ പറഞ്ഞു.

പെൺകുട്ടി ഒരു ചെറിയ പാത്രവുമായി വന്നു.
“കൊടുക്കൂ”, ലാമ പറഞ്ഞു. ശ്യാ൦ പാത്രത്തിനായി കൈ നീട്ടി.
“വായ തുറക്കൂ. പുറത്തു നിന്നുള്ളവർ പാത്രത്തിൽ തൊട്ടു കൂടാ”  മുത്തു ചിതറുന്നതു പോലെ പെൺകുട്ടി പറഞ്ഞു.
മന്നയുടെ ആദ്യത്തെ തുള്ളി നാവിൽ വീണപ്പോൾ തന്നെ അലൗകികമായ ആനന്ദത്തിൻറെ ഒരു അല ശ്യാമിൻറെ ഹൃദയത്തിലേക്ക് കടന്നു വന്നു. കണ്ണുകൾ താനേ അടഞ്ഞു.സ്വർണ്ണ നിറമുള്ള കുമിളകൾ പുളകം വിതറിക്കൊണ്ട് ദേഹമെമ്പാടും ഓടുന്നത് അയാൾ വ്യക്തമായി കണ്ടു. ‘ഇതാണ് യഥാർഥ ലഹരി’, അയാൾ മനസ്സിൽ പറഞ്ഞു. ശിരസ്സിനുള്ളിൽ ഇളം വയലറ്റ് നിറമുള്ള ഒരു പ്രകാശം തെളിഞ്ഞു വന്നു.
“വെളിച്ചത്തിൽ ശ്രദ്ധിക്കൂ “, ലാമയുടെ ശബ്ദം ഉള്ളിലെവിടെയോ കേട്ടു. ജ്യോതിസ്സിൽ നോക്കിയിരിക്കെ രണ്ട് കരിനാഗങ്ങൾ പിണഞ്ഞു കിടക്കുന്നത് കാണാൻ കഴിഞ്ഞു. താനും ജെന്നിയുമാണെന്ന് മനസ്സിലാക്കാൻ പ്രയാസമുണ്ടായില്ല. ‘ജെന്നീ,പ്രിയപ്പെട്ടവളേ ! ജന്മാന്തരങ്ങളിലും നീയെന്നൊടൊപ്പം ഉണ്ടായിരുന്നുവല്ലോ. നിൻറെ മുൻപിൽ മറ്റെല്ലാ സ്ത്രീകളും എനിക്ക് ഇന്നു മുതൽ തൃണം !’ ,ശ്യാ൦  ശപഥം ചെയ്തു.
ജ്യോതിസ്സിൽ അടുത്ത ദൃശ്യം തെളിഞ്ഞു. ദേഹം മുഴുവൻ രോമം കൊണ്ട് മൂടി നാല് കാലിൽ നിൽക്കുന്ന ജന്തു. അത് താൻ തന്നെ.അല്പം അകലെയായി നാലുകാലിൽ ഒരു പെൺജന്തുവുമുണ്ട്. ശ്യാ൦ പൊട്ടിച്ചിരിച്ചു പോയി. ജെന്നി തന്നെ. ഇവൾ ഇന്ന് മാസം തോറും സെൽഫോൺ മാറുന്നവളാണ്. ഈ കാഴ്ച അവൾ കണ്ടിരുന്നെങ്കിൽ!
“ചിന്തകൾ വെടിയൂ”, ലാമയുടെ ശാസന കേൾക്കാൻ കഴിഞ്ഞു. നോക്കി നിൽക്കെ അലൗകികമായ ഒരു പ്രകാശം ഇണകളെ ചുറ്റി കടന്നു പോയി. ആദ്യം അവളാണ് രണ്ടു കാലിൽ നിന്നത്. അത് നോക്കി വിസ്മയിച്ച ശേഷം അവനും. പുതിയ നേട്ടത്തിൻറെ ഹർഷാതിരേകത്തിൽ അവർ ആലിംഗനബദ്ധരായി.
അനേകം ജന്മങ്ങൾ വേഗം വേഗം ജ്യോതിസ്സിൽ തെളിഞ്ഞു മാഞ്ഞു. ഓരോന്നിലും ജെന്നിയെയും കണ്ടു.

“കണ്ണ് തുറക്കൂ” ലാമയുടെ ശബ്ദം കേട്ടു.
കണ്ണ് തുറന്നപ്പോൾ സമീപത്ത് ലാമ മാത്രമേയുള്ളു.
“ഞാൻ നിനക്ക് നിൻറെ പൂർവ്വജന്മങ്ങൾ കാട്ടിത്തന്നിരിക്കുന്നു. ഇതുകൊണ്ട് നീ തൃപ്തനായെന്നു കരുതുന്നു”.
“ഇനിയങ്ങോട്ട് എന്താണെന്ന് ….”
ശ്യാ൦ മുഴുമിപ്പിക്കാൻ ലാമ സമ്മതിച്ചില്ല.
“അത് നിനക്ക് നല്ലതിനല്ല. ഭാവിജന്മങ്ങൾ പലതും രൂപമില്ലാതെയും അഹംബോധം അനുഭവപ്പെടാതെയുമാണ്. അവയുടെ സൗന്ദര്യം നിനക്കിപ്പോൾ താങ്ങാൻ കഴിയുന്നതിനുമപ്പുറമാണ്”.

വണ്ടിയുടെ ഡ്രൈവർ വാതിലിൽ പ്രത്യക്ഷനായി. ലാമ ശ്യാമിനെ നോക്കി തലയാട്ടി. കുന്നുകൾക്കിടയിലൂടെ മടക്കയാത്ര തുടങ്ങി. വന്നതിനേക്കാൾ വേഗത്തിൽ.പരിഭ്രമമേതുമില്ലാതെ ശ്യാ൦ ഇരുന്നു. പാടങ്ങളും തുടർന്ന് നഗരവും ദൃശ്യമായി. സാരഥിയോട് കുശലം ചോദിച്ചാൽ അയാൾ മറുപടി പറയുമോ എന്ന് സംശയം ഉണ്ടായിരുന്നു. എങ്കിലും ഫ്‌ളാറ്റിന് മുമ്പിലെത്തി വണ്ടി നിറുത്തിയപ്പോൾ അയാളോട് പേര് ചോദിച്ചു.
“ഗോവർദ്ധൻ എന്നാണ് സാബ്”, അയാൾ താഴ്മയോടെ പറഞ്ഞു.
“ലാമയോടൊത്ത് എത്ര കാലമായുണ്ട്?”
“നൂറ് വർഷമായി സാബ് “, അയാൾ കൂടുതൽ വിനയത്തോടെ പറഞ്ഞു.

ജെന്നി ബാൽക്കണിയിൽ കാത്തു നിൽക്കുന്നത് ശ്യാ൦ കണ്ടു. ഹൃദയത്തിൽ പ്രണയം ഇരമ്പി. ഇന്നവൾ കലമ്പലുണ്ടാക്കും. അയാൾക്ക് വിനോദം തോന്നി. രാത്രി ഏറെ ആയിരിക്കുന്നു. മാമ്പഴവും വാങ്ങിയിട്ടില്ല. അവൾക്ക് ശണ്ഠ കൂടാൻ ഇത്ര തന്നെ ധാരാളം. ഇന്നേതായാലും അവളെ പിടിച്ചിരുത്തി ജന്മാന്തരങ്ങളെക്കുറിച്ച് സംസാരിക്കണം.
“നീ മാമ്പഴം വാങ്ങിയില്ലല്ലോ?”, ജെന്നിയുടെ ചോദ്യം ശ്യാമിനെ അമ്പരപ്പിച്ചു.
“ഇല്ല.നീ ദേഷ്യപ്പെടരുത് “.
“ഒട്ടുമില്ല.ദേ നോക്കൂ “. ജെന്നി മേശപ്പുറത്തിരുന്ന ബൗളിലേക്ക് വിരൽ ചൂണ്ടി. രണ്ടു മാമ്പഴങ്ങൾ കഴുകി വെച്ചിരിക്കുന്നു. രാവിലെ വാങ്ങിയ ഇനം തന്നെ.
“നീ പോയി കുറച്ചു കഴിഞ്ഞപ്പോൾ ആരോ വാതിലിൽ മുട്ടി. തുറന്നപ്പോൾ ഒരു വൃദ്ധ മാമ്പഴം വിൽക്കാൻ നിൽക്കുന്നു. രാവിലെ കിട്ടിയ ഇനം രണ്ടെണ്ണം കൈയിൽ പിടിച്ചിട്ടുണ്ട്. കിഴവി വലിയ സാമർഥ്യക്കാരിയായിരുന്നു .നൂറു രൂപ ചോദിച്ചു. എൻറെയടുത്ത് അവരുടെ വേല നടക്കുമോ? മുപ്പത് രൂപക്ക് വാങ്ങിച്ചു.”
“എനിക്ക് രാവിലെ ഇരുപത് രൂപയ്ക്കാണ് കിട്ടിയത്”, ശ്യാ൦ ചൊടിപ്പിക്കാൻ ശ്രമിച്ചു .
“ഇത് ഞാൻ ചെത്തുന്നില്ല “, മാമ്പഴം മുറിച്ചു കൊണ്ട് ജെന്നി പറഞ്ഞു. “ഇതിൻറെ തൊലിക്ക് അപാര സ്വാദാണ് .നീ കഴിച്ചു നോക്കൂ.”
“എനിക്ക് വേണ്ട. എനിക്ക് മാമ്പഴം പണ്ടേ പഥ്യമല്ല “.ഒന്ന് നിറുത്തിയിട്ട് ശ്യാ൦ കരുതലോടെ പറഞ്ഞു: “എനിക്കിന്ന് ജന്മാന്തരങ്ങളെക്കുറിച്ച് വെളിച്ചം കിട്ടി, നീയത് കേൾക്കുമോ?”.

“എനിക്ക് കേൾക്കുകയേ വേണ്ട”. ഒരു വലിയ മുറി മാമ്പഴം രുചിച്ചു കൊണ്ട് അവൾ തുടർന്നു: “എനിക്ക് ഭൂതവും ഭാവിയും ഒന്നും അറിയേണ്ട. ഓരോ നിമിഷവും ഇങ്ങനെ രുചിച്ചു പോകുന്നതിലാണ് എൻറെ സുഖം. നിനക്ക് അത് മനസ്സിലാകില്ല”.
ശ്യാ൦ നിരാശയോടെ അവളെ നോക്കി. കുലുങ്ങി ചിരിച്ചു കൊണ്ട് അവസാനത്തെ മാമ്പഴക്കഷണം അവൾ ശ്യാമിനെ ബലമായി കഴിപ്പിച്ചു.
മാമ്പഴത്തിന് മന്നയുടെ രുചിയായിരുന്നു.