തോറ്റ മുയലിന്റെ മകൻ

എന്റെ അച്ഛൻ,

മുയൽ.പി.നമ്പൂതിരി

ആരോപണ വിധേയനാണ്.

നിങ്ങളുടെ കണ്ണിൽ അഹങ്കാരിയുമാണ്.

മുഴുവൻ സമയ വെള്ളമടിക്കാരനായി

സമൂഹത്തിൽ ഇഴഞ്ഞു നടക്കുന്ന

ശ്രീ: ആമ.കെ.പൊതുവാളുമായി

അച്ഛൻ ഓടിത്തോറ്റു.

ഇനിയെങ്കിലും സത്യം പറയട്ടെ,

അന്ന് അച്ഛന് ദേഹസുഖം കുറവായിരുന്നു.

അച്ഛൻ സ്ഥിരം തൊഴിലില്ലാത്ത

ഗതികെട്ട ഒരു മുട്ടുശാന്തിപ്പൂജാരി ആയിരുന്നു.

ഒരാഴ്ചയായി ജോലിയും കൂലിയും ഇല്ലാതെ

കിണറ്റിലെ പച്ചവെള്ളം കുടിച്ചിരിക്കുന്ന

സമയത്ത്,

അടിച്ചു പൂക്കുറ്റിയായി

മദ്യം എല്ലിന്റുകളിൽ കുത്തിയ

ആമ.കെ.പൊതുവാൾ

അച്ഛനെ ഓട്ടമത്സരത്തിന് വെല്ലുവിളിച്ചു.

അഭിമാനിയായ അച്ഛൻ വെല്ലുവിളി സ്വീകരിച്ചു .

മത്സരത്തലേന്നാണ്

പിറ്റേപ്പുലർച്ചയ്ക്ക്

ഗണപതിഹവനവും

ഭഗവതിസേവയുമുണ്ടെന്ന്

മുട്ടുശാന്തി വിളി വന്നത്.

കർമ്മം കഴിഞ്ഞ്

ദക്ഷിണയും വാങ്ങി

വയറു നിറയെ നേദ്യച്ചോറും തിന്ന്

അച്ഛൻ മത്സരത്തിന് പോയി.

കംസനെ പൂശാൻ പോകുന്ന

കൃഷ്ണനെ ധ്യാനിച്ച് ശരംവിട്ട പോലെ കുതിച്ചു.

ഫിനിഷിങ് പോയിന്റിന്റെ തൊട്ടിപ്പുറമെത്തിയപ്പോൾ

അച്ഛന് മാനസാന്തരമായി.

ആമ.കെ.പൊതുവാളെയും കൂട്ടി കൈപിടിച്ച്

ഒരുമിച്ച് വരകടന്നാൽ

രണ്ടാൾക്കും ജയിക്കാമല്ലോ ?

ലോകാ: സമസ്താ: സുഖിനോ ഭവന്തു:

അച്ഛൻ എതിരാളിയെ കാത്തിരുന്നു.

ആമ.കെ.പൊതുവാൾ

വളരെ പതുക്കെ ആയിരുന്നു .

പട്ടിണി കിടന്ന് ഉണ്ടതിനാൽ

അച്ഛന് ക്ഷീണം വന്ന് അവിടെത്തന്നെ ഉറങ്ങിപ്പോയി.

ആ സമയം മുതലെടുത്താണ്

ആമ.കെ.പൊതുവാൾ

ഇഴഞ്ഞു ജയിച്ചത്.

അച്ഛൻ നാണക്കേടുകൊണ്ട് ഹൃദയം പൊട്ടിയാണ് മരിച്ചത്.

മരിക്കാൻ നേരത്ത് എന്നോടു പറഞ്ഞു :

“ഉണ്ണീ… മത്സരങ്ങളിൽ തോറ്റോട്ടെ,

എന്നാലും നോം നമ്മുടെ

മനസാക്ഷിയെ വഞ്ചിക്കരുത്.”

അച്ഛന്റെ മുയലാത്മാവിന്

നിത്യശാന്തി കിട്ടട്ടെ.

ഞാനിപ്പോഴും ഏതൊക്കെയോ ആമകളെ

തോൽപ്പിക്കാനുള്ള ഓട്ടത്തിലാണ്.

ഒരു മാവോയിസ്റ്റ് പ്രേമലേഖനം, ജിത്തുവിന്റെ പ്രണയാന്വേഷണ പരീക്ഷണങ്ങൾ എന്ന് രണ്ട് കാവ്യ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. വയനാട് സ്വദേശി.