പരാജിതരുടെ മൗനം
വിവർത്തനം
ചെയ്യുമ്പോൾ
ചുണ്ടിനും
കപ്പിനുമിടയിൽ
നഷ്ടമായ
വിജയങ്ങൾ
സങ്കടങ്ങളുടെ
മഴപെയ്യിക്കുമ്പോഴും
വാശിയുടെ
കടലിരമ്പുന്നുണ്ട്.
നിലപാടുകൾക്ക്
അവസരങ്ങളെക്കാൾ
വിലമതിക്കുന്നവർ
മാനംവിറ്റുംനേടാവുന്ന
വെള്ളിവെളിച്ചങ്ങളുടെ
പ്രലോഭനങ്ങൾ
പുറം കാലുകൊണ്ട്
തിരസ്കരിക്കുമ്പോഴും
സാധ്യതകളുടെ
ആകാശത്തിലേക്ക്
പ്രതീക്ഷയോടെ വീണ്ടും
ചിറക് വിരിക്കുന്നുണ്ട്.
ശുപാർശയേൽക്കാത്ത
അംഗീകാരങ്ങളുടെയും
വിലക്ക് വാങ്ങാത്ത
അവാർഡുകളുടെയും
അനുമോദനങ്ങൾ
സ്വപ്നം കാണുന്നവർ
കുറുക്കുവഴികളില്ലാതെ
കൺചട്ട കെട്ടിയ
കുതിരകളെ പോലെ
ലക്ഷ്യം മാത്രം കാണുന്നു.
മെരുങ്ങാതെയും
വഴങ്ങാതെയും
തിരസ്കരിക്കപ്പെട്ട്
പരാജയത്തിന്റെ
ഓർമ്മച്ചവർപ്പുകളിൽ
മനം പുരട്ടുന്നമ്പോൾ
പറയാതെ പോയ
അമർഷങ്ങൾ
ഇരുണ്ട വെളിച്ചത്തിൽ
പൊട്ടിത്തെറിച്ച്
ഇടനെഞ്ചിലൊ
മഞ്ഞു പർവ്വതം
ഉരുകിത്തീർക്കുന്നു .
നിലപാടുകളിൽ
കൃത്യതയുള്ളവർ
അറിഞ്ഞുകൊണ്ട്
പിൻവാങ്ങിയ
വിജയങ്ങൾക്കും
വഴക്കങ്ങൾക്ക്
വിധേയപ്പെടാതെ
അവഗണിച്ച
അവസരങ്ങൾക്കും
പരാജയം എന്ന്
പേരുവിളിക്കുന്നു.