തോമാച്ചേട്ടന്റെ ചായക്കട

തോമാച്ചേട്ടന്റെ ചായക്കടയിൽ പോകണമെന്ന നിർബന്ധം ഇപ്പോൾ അവൾക്കാണ്, കുട്ടികൾക്കും. അവരെ തെറ്റുപറഞ്ഞുകൂടാ അവിടുത്തെ പുട്ടിന്റെയും ബീഫിന്റെയും രുചി വർണ്ണിച്ച് അത്രയേറെ കൊതിപ്പിച്ചിട്ടുണ്ട്. സസ്യഭക്ഷണം അചാരമായി പാലിച്ചിരുന്ന തറവാട്ടിൽനിന്ന് എനിക്കൊപ്പം ഇറങ്ങിവന്നതുമുതൽ തോമാച്ചേട്ടൻ ഒരു വെല്ലുവിളിയായി അവൾക്കുമുന്നിലുണ്ട്. ഇറച്ചിയും മീനുമില്ലാതെ ചോറിറങ്ങാത്തവന്, ആദ്യമാദ്യം മനംപുരട്ടലോടെയും പരിചയച്ചതിൽപ്പിന്നെ നിസംഗതയോടെയും ചത്തതും കൊന്നതുമൊക്കെ കറിവെച്ചുതന്നവളോട് പുരുഷമൂരാച്ചിത്തരം മാറ്റിവെച്ച് കൂട്ടുചേർന്നു തുടങ്ങിയത് അവളോടുള്ള പ്രണയം കൊണ്ടോ ഭക്ഷണത്തോടുള്ള പ്രിയം കൊണ്ടോ!!!, ആവോ…

എന്തായാലും എൻ്റെ ആദ്യപാചകപരീക്ഷണങ്ങൾ ഞങ്ങളുടെ ജീവിതത്തിൽ പുതുമയാർന്ന പ്രണയലീലകൾ കൂടിയായിത്തീർന്നു. “നാം മനസ്സുവെച്ചാൽ അടുക്കള വളരെ റൊമാൻറിക്കായ പ്ലെയ്സ് ആണ്” എന്നവാചകം ക്ലീഷെ പോലെ എന്നെ പിടികൂടിയതങ്ങനെയാണ്. മധുവിധുനാളുകളിൽ വീട്ടിൽ നിന്നൊഴിവാക്കി നിർത്തിയിരുന്ന നോൺവെജ് രുചികൾക്കായി കടകളെ ആശ്രയിച്ചുപോന്ന ജനാധിപത്യബോധത്തിന് സഹനം കൊണ്ടവൾ ചെക്ക് പറഞ്ഞതൊരു ഞായറാഴ്ചയാണ്.

കോഴിവാങ്ങിച്ചോളൂ, നുറുക്കിക്കഴുകിത്തന്നാൽ വെച്ചുതരാംന്നവൾ. കേട്ടപാതി പീസാക്കിവാങ്ങിയ ചിക്കനും ഞാനും അടുക്കളയിൽ ഹാജർ. യൂടൂബ് അവൾക്കും അവൾ എനിക്കും വഴികാട്ടിയായി. രസമുകുളങ്ങൾ ഗന്ധം കേട്ടുണരുമ്പോൾ തട്ടലും മുട്ടലുമായൊട്ടിക്കൂടിയ കണവനോട് അകന്നുനിൽക്കാൻ ശാസന. അടുപ്പിലിരുന്ന് നുരയുന്ന കറി ഇളക്കിക്കൊണ്ട് നിന്നവളെ പിന്നിൽനിന്ന് ചുറ്റിപ്പിടിച്ച് ചുംബിച്ചപ്പോൾ കള്ളപ്പരിഭവം – ” ഉളുമ്പ് മണക്കണ് ചെറുക്കാ…”
ഉപ്പുനോക്കാൻ വിളിച്ചപ്പോഴും തൻ്റേതല്ല, കറിയുടെതെന്ന് താക്കീത്. ഒരേടേബിളിൻ്റെ രണ്ടരികിലിരുന്ന് എൻ്റെപാത്രത്തിലേയ്ക്ക് നോട്ടമെത്തിക്കാതെ, മോര്മാത്രംകൂട്ടി കഴിക്കുന്നത് കണ്ടപ്പോഴാണ് അവൾക്കായി കറിയൊന്നും വെച്ചില്ലല്ലോയെന്ന് ഓർത്തത്.

ലോകം രണ്ടാൾക്കിടയിലെ ശ്വാസദൂരങ്ങളിലേയ്ക്ക് ചുരുങ്ങി, നീണ്ടുനീണ്ട് പോയ രാത്രിയിലാണാ ദിവസം അവസാനിച്ചത്. എൻ്റെശ്വാസത്തിൽ അവൾവെച്ച കോഴിക്കറിയുടെരുചി അലിഞ്ഞു ചേർന്നിരുന്നു. ഒരു ലിപ് ലോക്കിനാൽ ചേർത്തണച്ചപ്പോൾ കൺമുന കൂർപ്പിച്ച് ചീറി ” മസാലയുടെ ചൊവ…” നോൺവെജ് പ്രണയനിമിഷങ്ങളെന്ന് ഞാനും കിന്നാരം പറഞ്ഞു. അവളുടെ വിയർപ്പിൻ്റെ ഗന്ധം എൻ്റെ രാസവേഗങ്ങളെ ഉണർത്തിയനിമിഷങ്ങളിൽ; എൻ്റെ വിരൽവേഗങ്ങളിൽ, ശ്വാസത്തിൻ്റെ തലോടലിൽ, ഉമിനീരിൻ്റെ പങ്കിടലിലൊക്കെ അവൾക്കന്ന് ചിക്കൻ്റെ ചൂര് മണത്തു. നോട്ടം കൊണ്ടോമനിക്കുമ്പോഴും “കോഴി” യെന്ന കളിയാക്കൽ… പരസ്പരം ജയിക്കാനുള്ള ഉന്മാദം സിരകളിൽ നുരഞ്ഞു. രാസവേഗങ്ങളിൽ അന്യോന്യം കയറൂരിവിട്ടു. ” കോഴിക്കറിക്ക് ഉളുമ്പാണല്ലേടി… ” എന്ന ഡയലോഗ് മാസ്സ്പഞ്ചിൽ പിറുപിറുത്ത നിമിഷത്തിൽ എന്നെ അള്ളിപ്പിടിച്ച് കൊണ്ടവൾ വിറകൊള്ളുകയും രണ്ടാളുമൊന്നിച്ച് ആകാശത്തേയ്ക്കു തെറിച്ച് പഞ്ഞിക്കെട്ടു പോലെ ഒഴുകി നടക്കുകയും ചെയ്തു.

കാലംപോകെ, കറിക്കുപ്പുനോക്കാൻ അവളെന്നെ വിളിക്കാതായി. ഉപ്പുനോക്കൽ പാചകകലയുടെ ഭാഗമാണെന്നും അതിനെ തൊട്ടുണ്ണലായി കാണേണ്ടതില്ലെന്നും തിയറി നിർമ്മിച്ച് ഞാനവളിലെ കുല സ്ത്രീയെ സ്വാന്തനിപ്പിച്ചു. വല്ലപ്പോഴും രണ്ട് ചിക്കൻപീസൊക്കെ കഴിക്കാമെന്ന നിലയിലേയ്ക്കവൾ ഉയർന്നതിൽ എൻ്റെയാപിന്തുണ സഹായിച്ചിട്ടുണ്ട്. പാചകത്തിൽ സ്വയംപര്യാപ്തത നേടിയിട്ടും നുറുക്കലും കഴുകലുമൊക്കെ എൻ്റെ ചുമതലയിൽത്തന്നെ തുടർന്നു. ബീഫ് പടിക്ക് പുറത്തും ബീഫിനോടുള്ള എൻ്റെ കമ്പം വീട്ടിൽ അലോസരമായും നിലനിന്നുംപോന്നു.

തീറ്റപുരാണങ്ങളിലും നൊസ്റ്റാൾജിയകളിലും ഞാനറിയാതെ ബീഫ് സ്തുതികൾ കടന്നുവരും; സ്വാഭാവികമായും തോമാച്ചേട്ടനും.

“നോൺ- വെജുകളിൽ രാജാവ് ബീഫ് തന്നെ.. “ബീഫ് വെയ്ക്കാനറിയില്ലെങ്കിൽ പിന്നെ എന്തു വെയ്ക്കാനറിഞ്ഞിട്ടെന്താ!! ” തുടങ്ങിയ അതിശയോക്തികൾ ചിക്കനിൽനിന്ന് ബീഫിലേയ്ക്കവളുടെ കൈപ്പുണ്യത്തെ അപ്ഗ്രേഡ് ചെയ്തു. ബീഫിനോടുള്ള എൻ്റെകമ്പം ആദ്യമാദ്യമവളെ അലോസരപ്പെടുത്തിയിരുന്നെങ്കിൽ പിന്നീട് വാശിപിടിപ്പിക്കുകയാണ് ചെയ്തത്. ഓരോ തവണയും ഞാൻ പറഞ്ഞുകൊണ്ടേയിരുന്നു –

“തോമാച്ചേട്ടൻ്റെ ബീഫ് ആണ് ബീഫ് “. അതായിരുന്നു സത്യവും. ബീഫ് വെച്ചും ആ നിഴൽ യുദ്ധത്തിൽ തോമാച്ചേട്ടനോട് തോറ്റുമാണ് അവളാ കടയെ സ്നേഹിച്ചു തുടങ്ങിയത്. “ഭാര്യ എന്തു വെച്ചുവിളമ്പിയാലും നല്ലത് പറയാത്ത മൊരടൻ ഭർത്താവ്” എന്ന ശാപവചസുകൾ. “അല്ലേലും ആണുക്കൾക്ക് കടപ്പണ്ടങ്ങളല്ലേ പിടിക്കൂ” എന്ന പരിഭവത്തിലേയ്ക്കും ഒടുവിൽ നിശബ്ദമായ കീഴടങ്ങലിലേയ്ക്കും പരിണമിച്ചു. ആ യുദ്ധങ്ങൾ അവളുടെആയുധങ്ങളെ തേച്ചുമിനുക്കുകയും അമേരിക്കൻമലയാളി സമൂഹത്തിൽ പാചകവിദഗ്ധയയെന്ന പേര് നേടിക്കൊടുക്കുകയും ചെയ്തു. ചില ചെറുമാസികകളിൽ പാചകപംക്തിയെഴുതിയായിരുന്നു തുടക്കം. അമേരിക്കൻ മലയാളികൾ തുടങ്ങിയ വിനോദചാനലിലെ പാചകപരിപാടിയുടെ അവതാരകയാകാൻ വിളിവന്ന രാത്രി അവൾപറഞ്ഞു- “തോമാച്ചേട്ടന് സ്തുതി “.

അതോടെ തോമാച്ചേട്ടൻ അലോസരപ്പെടുത്തുന്ന പരാമർശമെന്നതിൽ നിന്ന് ദിവ്യസാന്നിദ്ധ്യമായി ഉയർത്തപ്പെട്ടു. അവളുടെ സ്തുതിക്ക് “സെൻ്റ് തോമസ്” എന്ന് ഞാൻ മറുസ്തുതിയും ചൊല്ലി.
ഒരു എപ്പിസോഡിലവൾ തോമച്ചേട്ടന്റെ കടയെക്കുറിച്ച് വാചകമടിച്ചു – സ്വപ്നങ്ങളെ മോഹിപ്പിക്കുന്ന ഫാന്റസിയെന്ന്… ഫാന്റസിയൊന്നുമല്ലെന്ന് ഞാനും അനുഭവിച്ചറിയും വരെ ഫാൻ്റസി തന്നെയെന്നവളും തർക്കിച്ചു ചിരിച്ചു. രുചിയറിഞ്ഞാൽപ്പിന്നെ, ഇടയ്ക്ക് അവസാനിപ്പിച്ച നിഴൽയുദ്ധം തുടരാമെന്നും എന്റെ മുന്നിൽ ജയിക്കാമെന്നുമുള്ള മനോഗതം അറിയാതെയല്ല, എങ്കിലും അവളോട് പറഞ്ഞില്ല, ആ രുചികൾ മസാലക്കൂട്ടിന്റെതല്ല ഒരുപാട് ഓർമ്മകളുടേതാണെന്ന്…

അമേരിക്കയിലെ സ്നാക്സ് കഴിക്കുമ്പോഴൊക്കെയും തോമച്ചേട്ടന്റെ ചെറുകടികളെക്കുറിച്ച് ഞാൻ വാചാലനാകും. സുഖിയനും അരിയതരവും പപ്പടവടയും അരിയുണ്ടയും ബോണ്ടയുമൊക്കെ എൻ്റെ ഭാവാഭിനയം സഹിതം കുട്ടികളുടെ മനസ്സിൽ കൊതിയായി കടന്നു കൂടിയതങ്ങനെയാണ്. എന്തായാലും കന്യാകുമാരിയിൽ തുടങ്ങി കൽക്കത്തയിൽ അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്ന ഞങ്ങളുടെ ആ വേനലവധി കലണ്ടറിൽ, ചരിത്രത്തിൽ നിന്നിറങ്ങിവന്ന ഗർവ്വോടെ തോമാച്ചേട്ടന്റെ ചായക്കടയും സ്ഥാനം പിടിച്ചു.

ഇരുപത്തിയഞ്ച് വർഷത്തെ ഇടവേള ഓർമ്മകളെ മുറിവേൽപ്പിച്ചത് കൊണ്ടല്ല, സ്ഥലമൊക്കെ അത്രത്തോളം മാറിയിട്ടുണ്ട്. അന്ന് അലസമായി നടന്നുതീർത്ത വൈകുന്നേരങ്ങൾ ഇന്നെന്റെ മുന്നിൽ റോഡ് നിറഞ്ഞ് തലങ്ങുംവിലങ്ങും പായുന്നു. മനുഷ്യർ എന്തോരം പെറ്റുപെരുകിയിരിക്കുന്നു എന്ന ചിന്ത പുതിയൊരാശയം പോലെ മനസിലെത്തി, പിന്നെയതിൻ്റെ നിസാരതയോർത്ത് ചിരിച്ചു. വീതിയേറിയ റോഡുകൾ പഴയ ഇടുങ്ങിയ തിരിവുകളെ നൂർത്തിരിക്കുന്നു. വൻമരങ്ങൾ തണൽ വിരിച്ചിരുന്ന പാതയോരങ്ങൾ, പൊള്ളിയടർന്ന് നഗ്നമായിക്കിടക്കുന്നത് കാണാം, എന്തിനാകാം അവ യൊക്കെ വെട്ടിയത്!! കുലമറിഞ്ഞ് നിന്ന പാടങ്ങൾ എൻ്റെ തോന്നലായിരുന്നോ?! അവശേഷിച്ച ചതുപ്പുകളിൽ നിന്ന് മുളച്ചത്പോലെ വലിയകെട്ടിടങ്ങൾ. ജീവിതത്തിൻ്റെ ഭാഗമായിരുന്ന തെരുവുകളിലൂടെ അപരിചതന്റെ അമ്പരപ്പോടെ കാറോടിച്ചു. സഹയാത്രികർക്ക് എന്താവും തോന്നുക!! ഭാര്യയെ നോക്കി. പതിവ് പോലെ, എന്തിലും കൗതുകം, പുറംകാഴ്ചകളിലാണ്. ഗതാഗതക്കുരുക്കിൽ മക്കൾ അസ്വസ്ഥരാണ്. പ്രവാസത്തിൻ്റെ യാന്ത്രികമായ ക്രമത്തിൽ നിന്ന് കുതിച്ചുചാടാൻ വെമ്പൽ കൊണ്ടിരുന്ന മനസ് ചത്തതുപോലെ. നാട്ടിൽ മാത്രം സാധ്യമാണെന്ന് കരുതിയ കെട്ടുപൊട്ടിയ അവസ്ഥയെ, പരിചിതമല്ലാത്ത സ്ഥലബോധം കടിഞ്ഞാണിടുന്നു. വലിയ എടുപ്പുകൾ, അപ്രത്യക്ഷമായിപ്പോയ വൻമരങ്ങൾ, കെട്ടിടങ്ങൾ, ഒഴിയിടങ്ങൾ, മനുഷ്യർ.
സ്ഥലത്തിന്റെ പരിണാമങ്ങളെ സന്ദേഹമേയില്ലാത്തൊരു ലാന്റ്മാർക്കിനാൽ മറികടക്കുമെന്ന പ്രതീക്ഷ തെറ്റിയില്ല, കൂടിച്ചേർക്കപ്പെട്ട പുതിയകെട്ടിടങ്ങൾക്കിടയിലും പ്രൗഢിചോരാതെ തലയുയർത്തി നിൽക്കുന്നുണ്ടായിരുന്നു പ്രിയപ്പെട്ട കലാലയ മുത്തശ്ശി.

“ദേടീ… അച്ഛന്റെ കോളേജ് …” – ഭാര്യയുടെ ശബ്ദത്തിൽ ആശ്ചര്യചിഹ്നങ്ങൾ.

“ഞാൻ നേരത്തെ കണ്ടൂ…” എന്ന് മകളുടെ കൗണ്ടർ. അവരെ വഴക്കിനായി വിട്ടുകൊടുക്കാതെ ഞാൻ പറഞ്ഞു

“ആ വളവ് കഴിഞ്ഞാലാണ് തോമച്ചേട്ടന്റെ കട…”

മാറിയ നഗരത്തിലൂടെ ചക്രമുരട്ടുമ്പോഴും ഒരു കട മാത്രം കാലത്തെ അതിജീവിച്ച് കാത്തുനിൽക്കുമെന്ന് ഞാൻ കരുതിയോ!? – നഗരം ആ കടയേയും വിഴുങ്ങിയിരുന്നു. വലിയ കോൺക്രീറ്റ് നിരകൾക്ക് മുന്നിൽ യാത്ര അവസാനിച്ചു. അൽപ്പനേരം ചുറ്റും പകച്ചുനോക്കിയിരുന്നിട്ട് നിസ്സഹായതയോടെ സ്റ്റിയറിംഗിലേയ്ക്ക് മുഖം പൂഴ്ത്തി.

“ഇതാ അച്ഛാ കട…” മകൻ കൂവുന്നു.

അവിശ്വസനീയതയോടെ തലയുയർത്തി. അവൻ്റെ വിരൽത്തുമ്പ് നീളുന്നത് മുന്നിലെ വലിയ കെട്ടിടത്തിൻ്റെ അങ്ങേമൂലയിലേയ്ക്കാണ്. കാറിൽ നിന്നുമിറങ്ങി. ഭാര്യയും മകനും ചാടിത്തുള്ളി മുമ്പേ, മകൾ എന്റെകയ്യിൽ തൂങ്ങി. വലിയ ബോർഡ്, പേരിൽ ചെറിയ മാറ്റം –

“തോമസേട്ടന്റെ പുട്ടുകട”

കൗണ്ടറിലിരുന്ന ചെറുപ്പക്കാരന്റെ പരിചിതഭാവത്തിന് ഒരു ചിരി തിരികെ നൽകിക്കൊണ്ട് ഞങ്ങൾ ഫാമിലിറൂമിലേക്ക് ചേക്കേറി.

“എന്താ വേണ്ടത് ” എന്ന അവ്യക്തമായ ചോദ്യവുമായി മലയാളിയല്ലാത്ത ഒരാൾ വന്നു.

“ഇലയിട ഉണ്ടോ? ” എന്റെ ചോദ്യം അവൻ കേട്ടില്ലെന്ന് തോന്നി. ഉണ്ണിയപ്പത്തെക്കുറച്ച് കൂടി അന്വേഷിച്ചതോടെ, എവിടെ നിന്നറിയില്ല, മെനുക്കാർഡ് പ്രത്യക്ഷപ്പെട്ടു. അവന്റെ മുഖത്തും കാർഡിലും മാറി മാറി നോക്കി, നിർവ്വികാരത. മക്കൾ കഴിക്കാത്തതായൊന്നുമില്ല. അമേരിക്കയിൽ കിട്ടാത്തതായൊന്നുമില്ല.

“പുട്ട്…” ‍അടഞ്ഞ ശബ്ദത്തിൽ പറഞ്ഞു.

“യെത് പുട്ട്ട… ശർ..” “പുട്ട…” “മനിപ്പുട്ട ” “ച്..രട്ട പുട്ട ” അവൻ വാചാലനായി.

“പുട്ട് ” എന്ന് മാത്രം ഉരുവിട്ട്, അവനെ കൂടുതൽ സംസാരിക്കാൻ വിടാതെ ” ബീഫ് ” എന്ന് കൂട്ടിച്ചേർത്തു.

“ഫ്രൈ…റോസ്റ്റ്… കഅറി…ചിള്ഈ ബീഫ്… കാന്താറി ബീഫ്…ബീഡീയെഫ്… ” അവൻ ലിസ്റ്റ് നിരത്തി.

ഞാൻ മൂവരെയും നോക്കി. അവർ എന്തിനും തയ്യാർ. തോമചേട്ടൻ എന്തായിരുന്നു വിളമ്പിയിരുന്നത്!!
സന്ദേഹം തീരാതെ തന്നെ ഓർഡർ കൊടുത്തു- “രണ്ടുകറി…രണ്ടു റോസ്റ്റ്”

തീൻവിഭവങ്ങൾക്ക്മുന്നിൽ സ്വയം നഷ്ടപ്പെട്ട് ഞാനിരുന്നു. വിശപ്പ് വികാരങ്ങളെ കൊള്ളയടിച്ച് കളഞ്ഞ കോളേജ്കാലമായിരുന്നു മനസ്സിൽ; നിറഞ്ഞ് ചിരിച്ച് തോമച്ചേട്ടനും. വിശന്നെത്തുമ്പോൾ ചിരിമങ്ങാതെ വിളിച്ചിരുത്തി ഊട്ടിയിരുന്ന, ഒഴിഞ്ഞ പോക്കറ്റിലേയ്ക്ക് നോക്കാതെ കൂടുതൽ വിടർന്നു ചിരിച്ച് യാത്രയാക്കിയിരുന്ന കടക്കാരൻ. അടുക്കളഭാഗത്തേയ്ക്ക് നോക്കി. മുഴക്കമുള്ളൊരാ ചിരിക്ക് ചെവിവട്ടം പിടിച്ചു. പരിചിതമല്ലാത്ത ഭാഷകൾ. പരിചയമില്ലാത്ത ചിരികളും…

ഭാര്യ തോണ്ടി – “കഴിക്ക്…”

മക്കളുടെ കണ്ണുകളിൽ അഭിനന്ദനം. എല്ലാവരും പുതുരുചിയുടെ ആവേശത്തിലാണ്. ചിരി പോലെയൊരു ഭാവം മുഖത്തണിഞ്ഞു ഞാനിരുന്നു. ആദ്യപിടി വായിൽ വെച്ചയുടനെ കണ്ണ് നിറഞ്ഞു.

“നല്ല എരിയുണ്ടെല്ലെ… “ എന്ന് ഭാര്യ.

മണിപ്പുട്ടും ചിരട്ടപ്പുട്ടും വാങ്ങി ഷെയർ ചെയ്യാമെന്ന മകളുടെ നിർദ്ദേശത്തിന് “വേണ്ട…പാർസൽ വാങ്ങാം ” എന്ന ഭാര്യയുടെ തീർപ്പുവന്നതോടെ പ്ലാസ്റ്റിക് പൊതികളുമായി ഞങ്ങൾ കടവിട്ടിറങ്ങി. കൗണ്ടറിലെ ചെറുപ്പക്കാരന് പിന്നിലെ ഭിത്തിയിലിരുന്ന് അപ്പോൾ മാത്രമാണ് തോമച്ചേട്ടൻ എന്നെനോക്കിച്ചിരിച്ചത്.
ഫോട്ടോയിലേക്ക് നോക്കി നിന്നിട്ട് ഞാൻ ചെറുപ്പക്കാരനോട് ചോദിച്ചു.

“തോമച്ചേട്ടന്റെ… “

“മകനാണ്. “

കാറിനടുത്തേയ്ക്ക് നടക്കുമ്പോൾ മകൾ എന്നെ ചുറ്റിപ്പിടിച്ചു – “അച്ഛാ… താങ്ക്സ്. തോമച്ചേട്ടന്റെ കട സൂപ്പർ… “
ഭാര്യ പ്രണയപൂർവ്വം നോക്കുന്നു. പാർസലും പിടിച്ച് മകൻ മുമ്പേ പോകുന്നു.

അവരോട് ഞാൻ എങ്ങനെ പറയും തോമച്ചേട്ടന്റെ പുട്ടും ബീഫും ഇതല്ലെന്ന്

ആനുകാലികങ്ങളിലും നവമാധ്യമങ്ങളിലും കഥകള്‍, ലേഖനം , സിനിമ നിരൂപണം എന്നിവ എഴുതുന്നു. ആയുര്‍വേദ വകുപ്പിൽ ജോലി. അമക്ച്വര്‍ ഫോട്ടോഗ്രാഫറുമാണ്. ആലപ്പുഴ ആര്യാട്സ്വദേശി.