തൊഴുത്ത്

വിടർന്നുനിൽക്കുന്ന പുഞ്ചിരിയും നിഷ്കളങ്കമായ കള്ളത്തരവും ആകാംഷയോടുകൂടിയ അത്ഭുതഭാവവും ആ കുരുന്നു മുഖത്തുനിന്നും പതിയെ മാഞ്ഞു. ഞൊടിയിടയിൽ ഭയത്തിന്റെ തീനാളങ്ങൾ അവൻ്റെ കണ്ണിൽ ആളിപടരാൻ തുടങ്ങി. ഇനി എന്ത് എന്നമട്ടിൽ ചേച്ചിയുടെമുഖത്തേക്കുനോക്കി.

സന്ദർഭം കൈവിട്ടുപോയികൊണ്ടിരിക്കുന്നു എന്നുമനസ്സിലായ ചേച്ചിയുടെ അവസ്ഥയും മറ്റൊന്നായിരുന്നില്ല..

ഭയം.. അത് ഇരുവരുടെയും അനക്കമറ്റ മനസ്സിൽ ഒരേയൊരു ചിന്ത മാത്രം ,ഒരു അശരീരിപോൽ മന്ത്രിച്ചു.

“ഇത് ഒരു സ്വപ്നമായിരുന്നെങ്കിൽ…”

വേനൽ അതിൻ്റെ പാരമ്യത്തിൽ എത്തിനിൽക്കുന്ന ഒരു അവധിക്കാലം.

വലിപ്പത്തിൽ ചെറുതെങ്കിലും പ്രൗഢിയിൽ വിശാലമായ തറവാട്ടിൽ ഇരുകുടുംബങ്ങളും അവിവാഹിതരായ പിതൃസഹോദരങ്ങളും വീട്ടുകാരണവരായ അമ്മുമ്മയും ഒത്തിണങ്ങി വാഴുന്നു.
ഉമ്മറത്തെ ഓലമേഞ്ഞ തൊഴുത്തും തൊഴുത്തിൽ മണികുട്ടിയും. അവൾക്ക് തിന്നാൻ പുഞ്ചപ്പാടത്തുനിന്നും കൊയ്ത വയ്ക്കോൽ, തൊഴുത്തിൽനിന്നും അൽപ്പം തെക്കുമാറി കരിശിൽ കൂട്ടിയ തുറുവിൽ ധാരാളമുണ്ട്. കൂടുതലായുള്ള വൈക്കോലും പറമ്പിൽനിന്നും വീണുകിട്ടുന്ന മടലും ചൂട്ടുംകറ്റയും തൊഴുത്തിന് പുറകിലെ ചാണകക്കുഴിക്കു മുകളിൽ ഞാത്തിയിട്ടിട്ടുമുണ്ട്.

പതിവുപോലെ വിശാലമായ പറമ്പിലെ പലയിനം മാങ്ങകൾ തിന്നും, മുറ്റത്തെ പൂഴിയിൽ പടംവരച്ചും, ആകാശത്തെ നക്ഷത്രങ്ങളാൽ പരവതാനി വിരിച്ചപോലെ പൊഴിഞ്ഞുകിടക്കുന്ന ഇലഞ്ഞിപ്പൂക്കൾ ഈർക്കിലിയിൽ കോർത്തു വരണമാല്യം തീർത്തും അവരിരുവരും ഉല്ലാസത്തിമിർപ്പിൽ അവധിക്കാലം ചിലവഴിക്കുകയാണ്.

സ്ഥാനംകൊണ്ട് ചേച്ചിയാണെങ്കിലും പ്രായംകൊണ്ടും പക്വതകൊണ്ടും അനിയനും ചേച്ചിയും ഏറെക്കുറേ തുല്യർ ആണ്. അവർക്കും താഴെയുള്ള മറ്റൊരു അനിയൻ ആണേൽ അമ്മിഞ്ഞ പ്രായത്തിലുമാണ്. എല്ലാംകൊണ്ടും തറവാട്ടിലെ കുട്ടിച്ചട്ടമ്പികളായി അവരങ്ങനെ വിലസിക്കൊണ്ടിരിക്കുന്നു.

രാവിലെ കുളിയും പ്രഭാദഭക്ഷണവും കഴിഞ്ഞാൽ ഇരുവരും ചേർന്ന് ഒരു വിഷ്ണു ദർശനം പതിവാണ്.

തറവാടിൻറെ തെക്കേ അയല്പക്കത്തെ ബാലൻ മാമൻറെയും ഡിജി ആൻറ്റിയുടെയും മകൻറെ പേരാണ് വിഷ്ണു. അൽപ്പസമയം തെക്കേ അയല്പക്കത്തെ ചുറ്റിത്തിരിയലിനുശേഷം, മൂവരും ചേർന്ന് പടിഞ്ഞാറേ അയല്പക്കത്തെ രാധ വലിയമ്മയുടെ വീട്ടിൽ സിദ്ധു ചേച്ചിയെയും ബിന്ദു ചേച്ചിയെയും ഒന്ന് കണ്ടയുടൻ വടക്കേ അയല്പക്കത്തെ അമ്മിണിവലിയമ്മയുടെ വീട്ടിൽപോയി കശുമാങ്ങാച്ചാമ്പക്കയും പെറുക്കി മധുച്ചേട്ടനോടും മഞ്ജുചേച്ചിയോടുമൊക്കെ ഒന്ന് കൊഞ്ചി തിരിച്ചു തറവാട്ടിലെത്തുമ്പോഴേക്കും ഉച്ചയായിക്കാണും.

അന്നും അതുപോലൊരു ഉച്ചസമയമായിരുന്നു. ഉച്ചയൂണുകഴിഞ്ഞു പാത്രംകഴുകലും വൃത്തിയാക്കലുമായി പടിഞ്ഞാമ്പുറത്ത് സാമാന്യം തിരക്കിലാണ് മുതിർന്നവരെല്ലാം. നേരത്തെ ഊണുംകഴിഞ്ഞു ഉമ്മറത്തെത്തിയ കുട്ടിച്ചട്ടമ്പികൾക്ക് അപ്പോഴേക്കും ദിനചര്യകളിൽ ആവർത്തനവിരസത ബാധിച്ചുതുടങ്ങിയിരുന്നു. ഓരോനിമിഷവും പുതിയ അനുഭവങ്ങൾ തേടിക്കൊണ്ടിരുന്ന അവരുടെകണ്ണുകളിലേക്ക് അപ്രതീക്ഷിതമായി ഒരു അത്ഭുതം വന്നുചേർന്നു.

‘തീപ്പെട്ടി’

ഇലഞ്ഞിത്തറയിൽ വിളക്കുകൊളുത്താനോ മുറ്റത്തെ ചവറുകൾ അടിച്ചുവാരി കത്തിക്കാനോ മറ്റോ മുതിർന്നവർ കൊണ്ടുവച്ചു മറന്നതായിരിക്കാം. എന്തുതന്നെയായിരുന്നാലും കുട്ടിച്ചട്ടമ്പികൾ ആ തീപ്പെട്ടി കൈക്കലാക്കി.

ആദ്യമെല്ലാം തീപ്പെട്ടിക്കൊള്ളി കത്തിച്ചുകൊണ്ട് പലതരം അഭ്യാസപ്രകടനങ്ങൾ മാറിമാറി കാഴ്ചവെച്ച അവർക്ക് , കുറച്ചു സമയം കഴിഞ്ഞശേഷം അൽപ്പംകൂടി വ്യത്യസ്തമായ ഒരു പരീക്ഷണം ചെയ്യണമായിരുന്നു.

കത്തിച്ചുകളിച്ചു തൊഴുത്തിനുമുന്പിൽ എത്തിയപ്പോൾ അനിയന് ഒരു സംശയം.

“ചേച്ചീ.. ഈ നീണ്ടുനിൽക്കുന്ന ഓലയിൽ കത്തിച്ചാൽ അത് കത്തുമോ?”

“നീ കത്തിച്ചുനോക്കടാ… ഞാൻ ഇല്ലേ കൂടെ..!”

ആകാംഷയിൽ തിളച്ചുമറിഞ്ഞ അനിയൻ മറ്റൊന്നുംനോക്കിയില്ല. ഓലമേഞ്ഞ തൊഴുത്ത് എന്ന ആ അഗ്നിപർവ്വതത്തിൻറെ ഒറ്റയ്ക്ക് നീണ്ടുനിന്ന ഓലയെന്ന തിരിയിൽ കൊളുത്തി അവൻ.

എന്നാൽ എവിടെനിന്നോ പറന്നുവന്നു അകത്തുകയറിയ കിളിപോലെ പെട്ടന്ന് തോന്നിയ എന്തോക്കെയോ അവർ ചെയ്തുകൂട്ടി. ഇരുവരും സ്വന്തം ചെരുപ്പുകൾ ഊരി ആളിപ്പടരുന്ന തീയിലേക്ക് വലിച്ചെറിഞ്ഞുനോക്കി. തൊഴുത്തിനടുത്തു ബക്കറ്റിൽ വച്ചിരുന്ന ചാണകംവെള്ളം എടുത്ത് ഒഴിച്ചുനോക്കി. പ്രത്യേകിച്ച് ഫലമൊന്നുമുണ്ടായില്ലെന്നുമാത്രമല്ല അത് തീ വേഗത്തിൽ ആളിപടർത്തുകയും ചെയ്തു.

നട്ടുച്ചസമയത്ത് ആളിപ്പടരുന്ന രാക്ഷസ തീഗോളങ്ങൾ കണ്ടു ഓടിയെത്തിയ മുതിർന്നവർ പരമാവധി ശ്രമിച്ചെങ്കിലും തൊഴുത് ഏറെക്കുറേ എരിഞ്ഞമർന്നിരുന്നു.

തൊഴുത് കത്തിയതിലെ അമർഷവും കുട്ടികളിൽനിന്നും മുതിർന്നവരുടെ അച്ചടക്കം പ്രതീക്ഷിച്ചിട്ടു അത് ലഭിക്കാത്തതിലെ നിരാശയും മുതിർന്നവരിൽ സൃഷ്ടിച്ച കോപം എന്ന വികാരം അവരെ ജീവിതത്തിൽ ആദ്യമായി ഭയത്തിന്റെ പാരമ്യം കണ്ടു വിറച്ചുനിൽക്കുന്ന കുട്ടിച്ചട്ടമ്പികളെ നെഞ്ചോടു ചേർത്ത് ആശ്വസിപ്പിക്കുന്നതിനുപകരം, തല്ലി സ്വന്തം കലിതീർക്കുക എന്ന അവസ്ഥയിൽ എത്തിച്ചിരുന്നു.

ജീവനുംകൊണ്ട് ഓടി മാറി മാറി അമ്മമാരുടെ പുറകിലൊളിക്കുകയും ഭയവും സങ്കടവും കൂട്ടിക്കലർത്തി അമ്മയോട് രക്ഷക്കായി കേണപ്പോൾ ഒരുനിമിഷത്തേക്ക് ‘അമ്മ പ്രത്യേകിച്ച് വികാരമില്ലാതെ വെറും കൽവിഗ്രഹങ്ങളായി മാറിയതും കണ്ട പാവം കുട്ടിച്ചട്ടമ്പികൾ ആ നിമിഷം മനസ്സിലാക്കുകയായിരുന്നു.

ജീവിതപാഠം 1

‘തീ അത് അപകടമാണ്’

ഇത് എല്ലാം ദൂരെ പറമ്പിൻറെ കിഴക്കേയറ്റത്തുനിന്നു കണ്ടുകൊണ്ടിരുന്ന മണിക്കുട്ടി മുഖമൊന്ന് കുലുക്കി വീണ്ടും പുല്ലുതീറ്റയിൽ മുഴുകി. അവൾക്കറിയാമായിരുന്നു വൈകാതെ തൊഴുത്തിന് പുതിയ മേൽക്കൂര പണികഴിപ്പിക്കപ്പെടുമെന്ന്.

ചാലക്കുടിക്കടുത്ത് മുരിങ്ങൂർ സ്വദേശി. അശോക് ലൈലാൻഡ്, ഡെകത്തലോൺ എന്നിവടങ്ങളിൽ ജോലി ചെയ്തു. ഇപ്പോൾ പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബണിൽ മുനിസിപ്പാലിറ്റിയിൽ ജോലി. സമൂഹമാധ്യമങ്ങളിൽ എഴുതുന്നു.