തൊടൽ

നീ തൊടുമ്പോൾ രോമങ്ങളെഴുന്ന്
നിൽക്കുന്നു
കാറ്റുകൾ പുൽനാമ്പുകളെ ഉയർത്തുമ്പോലെ.
വിരലറ്റത്തു നിന്നും
ചൂടു തന്മാത്രകൾ
തൊലിയിലൂടെ പാഞ്ഞു കയറുന്നു
ചോരയിൽ കലർന്ന്
ഉടലാകെ ദ്യുതി നിറയ്ക്കുന്നു.

എത്ര ആർദ്രം തൊടൽ
മറ്റേതു വാക്കിനാൽ പറഞ്ഞു വയ്ക്കും
നീ തൊടുമ്പോഴുണരുന്ന
ആനന്ദലഹരി.

തൊട്ടു തൊട്ടിരിക്കുമ്പോൾ
പൂത്തുലഞ്ഞ പൊന്തകൾ
ഉള്ളിലങ്ങനെ
ഒന്നൊന്നായി പെരുക്കുന്നു .
കനമഴിഞ്ഞയുടലിൻ
തിരയിളക്കത്തെ,
സ്പർശമെന്നെത്രയും
നേർപ്പിച്ച് പറയാനേയാകുന്നുള്ളല്ലോ.

മലപ്പുറം സ്വദേശിനി. 'പോളിഗ്രാഫ്' ആദ്യ കവിതാസമാഹാരം. പെരിന്തൽമണ്ണ അൽ സലാമ ഒപ്റ്റോമെട്രി കോളേജിൽ അധ്യാപിക.നവമാധ്യമങ്ങളിൽ സജീവമായി ഏഴുതുന്നു