ഒറ്റ മുറി വീടിന്റെ
വിശാലതയിൽ,
പരസ്പരം വരിഞ്ഞുമുറുകിയ
കൈകൾക്കിടയിൽ കിടന്ന്
വിയർപ്പ് തുള്ളികളെ
ദാഹജലമാക്കി മാറ്റിയ
പകലിന്റെ സ്മരണകളെ
കുടഞ്ഞെറിഞ്ഞ്
അവരാ
വീട്ടിൽ നിന്നും പുറത്ത് കടന്നു.
പിൻ കഴുത്തു മുതൽ
അടി വയറു വരെ നീണ്ട
അന്വേഷണ പരമ്പരകളുടെ നിഗമനങ്ങൾ
ആ വീട്ടിൽ
ഫയലുകളായി സൂക്ഷിച്ചിരുന്നു.
കൈകൾ കോർത്ത്
ചുവടുകൾ ചേർത്ത്
അവർ പുറത്ത് കടന്നു.
ദൈർഘ്യമേറിയ പകലുകളും
തളർന്നുകിടന്ന രാത്രികളും
അവരെ ആ മുറിയിൽ
ഒറ്റയ്ക്കാക്കിയിട്ട് കാലമേറെ കഴിഞ്ഞിരുന്നു.
പുറത്ത്.
“എഴുതപ്പെട്ട കവിതകളെല്ലാം
ഒടുക്കം മരണക്കുറിപ്പുകളാകും.
പോരാട്ടങ്ങളെല്ലാം
വെറും കെട്ടുകഥകളാകും “
എന്ന് പ്രവാചകൻ പാടി നടന്ന
തെരുവുകളിലൂടെ അവർ നടന്നു.
ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടങ്ങളും
ചിതലരിച്ച മര ബെഞ്ചുകളും
അവർ കണ്ടു.
വർഷങ്ങൾക്കു മുൻപ് അവർ
ഒരുമിച്ച് വൈകുന്നേരങ്ങൾ തള്ളിനീക്കിയ
ആ കഫെ ഇന്ന് കാണാനില്ല.
അവർ നടന്നെത്തിയ
കടൽതീരത്ത്
ചുവന്ന തിരകൾ വന്നടിഞ്ഞു.
കുറച്ചു ദൂരെയായി
എന്നോ മരിച്ചു വീണ പിഞ്ചുകുഞ്ഞിന്റെ
ശവം
അവർ കണ്ടു.
തുരുമ്പെടുത്തു ദ്രവിച്ചു തുടങ്ങിയ
ട്രെയിനുകളും
പൊട്ടി തകർന്ന പാളങ്ങളും
അവർ നടുക്കത്തോടെ കടന്നു.
ഒറ്റമുറി വീടിനേക്കാൾ
എത്രയോ ഇടുങ്ങിയതാണ്
ഈ ലോകമെന്ന് അവർ ചിന്തിച്ചു.
നടന്നു നടന്ന് അവർ
ഒരു ശ്മശാനത്തിലെത്തി.
ശവങ്ങൾ തിങ്ങിനിറഞ്ഞു കിടക്കുന്ന
ശ്മശാനം.
അഴുകിത്തുടങ്ങിയ ശവങ്ങൾക്കിടയിൽ
അവർ നിന്നു.
അവരുടെ ദേഹത്ത് നിന്നും
പൊഴിഞ്ഞ വിയർപ്പ് തുള്ളി വരെ
അപ്പോൾ ചീഞ്ഞുനാറി.
അഴുകിത്തുടങ്ങിയ ശവങ്ങളിൽ നിന്നും
പുഴുക്കൾ അവരുടെ മേൽ
അധിനിവേശം നടത്തി.
കമ്പിളി പുതപ്പിനടിയിൽ
നിശബ്ദമായി കിടന്നുറങ്ങിയ
പകലുകളെ ഓർത്തെടുത്ത്
അവർ നിശ്ചലരായി നിന്നു.
ശവങ്ങൾക്കിടയിൽ നിന്നുകൊണ്ട്
അവർ പുഴുക്കൾക്ക്
ഓശാന പാടി.
ചീഞ്ഞുനാറുന്ന ശവങ്ങൾക്കിടയിലും
അവർ പരതിയത്
മരണത്തിന്റെ സുവിശേഷം പാടി നടന്ന
ആ പ്രവാചകനെയായിരുന്നു.