നീണ്ട വിരലുകൾ കൊണ്ട് സുവീരൻ തന്റെ നഗ്നതയുടെ ആഴം അളക്കുകയാണെന്ന് ആൻമേരി ഫിലിപ്പിന് തോന്നി. പെരുവിരൽ മുതൽ ഉച്ചിവരെ ഒരൊച്ചിഴയുന്നുണ്ടോ… വറ്റാത്ത പശ തേച്ച് ഒരു എ പടത്തിന്റെ ആദ്യ പോസ്റ്റർ ഒട്ടിക്കാൻ ഏതിരുട്ടിനെയാവും ആ ഒച്ച് തിരഞ്ഞെടുത്തത്? അല്ലെങ്കിൽ തീം പാർക്കിലെ ഇക്കിളിപ്പെടുത്തുന്ന വാട്ടർ റൈഡിനിടയിൽ കാമപരവശരായ ഒരു കൂട്ടം ആൺമീനുകളുടെ കണ്ണിൽ ഏത് കരിമഷികൊണ്ടാണ് അത് വറ്റാത്ത രതിയുടെ സുറുമയെഴുതിയത്.
“ഇളകാതെ നിൽക്കൂ….. കാലുകൾ പിണച്ച്, അരക്കെട്ടിന്റെ പുറകുവശം പാതി കാണാവുന്ന വിധം ബ്രേസിയറിന്റെ ഹുക്കഴിച്ച്…” നീണ്ട ബ്രഷ് മേശപ്പുറത്ത് വെച്ച് സുവീരൻ പറഞ്ഞു!
ഹാവൂ… അയാളെന്നെ തൊട്ടിട്ടില്ല, ആനിന് സമാധാനമായി. വീട്ടിൽ നിന്നിറങ്ങുമ്പോൾ അമ്മ മേരിയ്ക്കൊരു ഉറപ്പ് കൊടുത്തിട്ടുണ്ട്. ഒരു പരുവക്കേടും പറ്റാതെ തിരിച്ചെത്താമെന്ന്! മുറ്റത്തെ പിച്ചകത്തിന്റെ നിഴലിലുറങ്ങുന്ന പഴയ ലാംബ്രട്ട സ്കൂട്ടർ സ്റ്റാർട്ടാക്കും വരെ മനസ്സിൽ അങ്കലാപ്പായിരുന്നു. എന്താകും, എങ്ങനെയാകും?
സ്കൂട്ടറിന്റെ പരുക്കൻ ശബ്ദം ആനിന് ധൈര്യം പകർന്നു. എപ്പോഴും അങ്ങനെയാണ്. ഹാൻഡ്ബാറിലെ ക്ലച്ചിൽ പിടിക്കുമ്പോൾ പപ്പയുടെ ഉറപ്പുള്ള വിരലുകളിൽ ഊഞ്ഞാലാടുകയാണെന്നു തോന്നും. ഏത് കൊടുങ്കാറ്റിലും അദൃശ്യമായ വിശുവല വിരിച്ച് ആ വിരൽ തന്നെ താരാട്ടുന്നതായി വിശ്വസിക്കാൻ ശ്രമിക്കും…
ആദ്യമായാണ് അനാട്ടമിക് ആർട്ടിന് മോഡലായി ആൻ പോകുന്നത്. കടപ്പുറത്തെ വിളക്കുകാലിന്റെ ചുവട്ടിൽ ചാരിനിന്ന് പോസ് ചെയ്യുമ്പോലെ എളുപ്പമെന്നാണ് ആദ്യം കരുതിയത്. അസ്തമയസൂര്യനെ മറയാക്കി ഒരു ലോങ് ഷോട്ട്. അല്ലെങ്കിൽ തിരകൾ മായ്ച്ച കാലടിപ്പാടുകളിൽ ഒളികണ്ണെറിഞ്ഞുള്ള അലസമായ ചാഞ്ഞുനിൽപ്പ്.
എഫ്ബീയിൽ ഇപ്പോഴും എന്റെ പ്രൊഫൈൽ പിക്ചർ ഇതിലൊന്നാണല്ലോ എന്ന് ആൻ ഓർത്തു. കൂട്ടുകാരൻ റിച്ചാര്‍ഡ് ഫേൺ എടുത്ത ചിത്രങ്ങളെപ്പോഴും അങ്ങനെയാണ്. ഔട്ട്ഡോർ ഫൊട്ടോഗ്രഫർ ആയതുകൊണ്ടാകണം പശ്ചാത്തലചാരുതയുടെ മങ്ങിയ നിഴൽ വഴിയിൽ നിന്നുമാറി അയാൾക്ക് ഒരു ക്ലിക്ക് സങ്കൽപ്പിക്കാൻപോലും ആകുമായിരുന്നില്ല. അന്ന് ആദ്യമായി പെയ്ത പുതുമഴയിൽ ബീച്ചിലെ പഴയ കടൽപ്പാലത്തിന്റെ ചുവട്ടിൽ ക്യാമറ ഫോക്കസ് ചെയ്യുമ്പോൾ ഫേണിന്റെ വെള്ളാരങ്കണ്ണ് വിടർന്നിരുന്നു.
“ന്യൂഡിറ്റി ഓഫ് നേച്വർ സീരീസിൽ എന്റെ ആദ്യത്തെ ചിത്രമാണിത്”.
സുവീരന്റെ കനമുള്ള ശബ്ദം ഏഴുകടലുകൾക്കപ്പുറത്തുനിന്ന് ഒഴുകിയെത്തുംപോലെ ആനിന് തോന്നി. പായ്ക്കപ്പലിന്റെ അമരത്തുനിന്ന് ഒരു കടൽക്കാക്ക ഒച്ച കേട്ട് പറന്നുപോയി. കൊക്കിൽ കൊരുത്ത ഒരു ആരലുമായി തിരിച്ചുവരുന്ന കടൽക്കാക്കയെ നോക്കിയിരുന്ന ആനിന്റെ ചുമലിൽ തട്ടി സുവീരൻ ചോദിച്ചു.
“ആൻ, നഗ്നതയുടെ ആഴം അളന്നിട്ടുണ്ടോ എപ്പോഴെങ്കിലും?”
ഉത്തരമറിയാതെ ആൻ കുഴങ്ങി, ഒരു ക്വിസ് മാസ്റ്റർക്ക് മുമ്പിലെന്നോണം അവൾ വിയർത്തു. നീണ്ടുമെലിഞ്ഞ സുവീരന്റെ വിരലുകളിലേക്ക് അവൾ ഭയപ്പാടോടെ നോക്കാൻ തുടങ്ങി.
ബ്രഷിൽ ചുവപ്പുനിറം തൂവി ക്യാൻവാസിലേക്ക് സുവീരൻ ഒരേറെറിഞ്ഞു കാർമേഘം വന്നുമൂടിയ സന്ധ്യാകാശത്തെന്നതുപോലെ അത് ക്യാൻവാസിൽ ഒളിഞ്ഞും തെളിഞ്ഞും പെയ്യാനാരംഭിച്ചു. ബ്രഷിൽ ശേഷിച്ച ഒരു തുള്ളി ചായം തറയോടിൽ വീണ് ചിതറി.
“നഗ്നതയുടെ ആഴം ഇത്രയേയുള്ളൂ…” നിലത്തുവീണു ചിതറിയ ആ ചായത്തെ നോക്കി സുവീരൻ പറഞ്ഞു.
“ചിതറുമ്പോൾ അതിന്റെ നിറം വരണ്ട ഉപ്പുപാടം പോലെയാണ്…” അയാൾ മന്ദഹസിച്ചു !
ആ ചായത്തിലെ അവസാന തുള്ളി ചുവപ്പിനെ ചാടിപ്പിടിക്കാൻ ആനിന്റെ കൈ നീണ്ടു. കടൽ വറ്റിച്ച ഉപ്പുപാടത്ത് ചിറകറ്റുവീണ മേഘത്തുണ്ടുകൾ പോലെ മുറിയുടെ മൂലയിൽ തുടർച്ചയറ്റുകിടന്ന ശൂന്യമായ ഫ്രെയിമുകളിലൊന്നിലാണ് അവളുടെ വിരലുകളുടക്കിയത്. ചിത്രങ്ങളുടെ തുടർ പരമ്പരയ്ക്കുവേണ്ടി സുവീരൻ വാങ്ങി സൂക്ഷിച്ചവയായിരുന്നു അവ.
വർഷങ്ങൾക്കുമുമ്പ് ഒരു മെഡിക്കൽ എക്സ്പോയിൽ ആനിനെ ഞെട്ടിച്ചുകൊണ്ട് അവളുടെ ഡാഡി ഫിലിപ്പും ഇതേ കിടപ്പാണ് കിടന്നത്. എട്ടാം ക്ലാസിൽ പഠിക്കുകയായിരുന്നു അന്ന് ആൻ. അകാലത്തിൽ മരണത്തെ പുൽകിയ ഫിലിപ്പിന്റെ ഓർമ്മകളിൽ നിന്ന് മേരി മുക്തയായി വരുന്നേ ഉണ്ടായിരുന്നുള്ളൂ. തുടർ പഠനത്തിനായി നഗരത്തിലെ വാടകവിട്ടിലേക്ക് മാറാമെന്ന് മേരിയാണ് പറഞ്ഞത്. അതുവരെ അച്ഛന്റെ തോളിൽ തൂങ്ങി ലാംബ്രട്ട സ്കൂട്ടറിൽ സ്കൂളിൽ പോയിരുന്ന ആനിനും ഒരു മാറ്റം ആവശ്യമായിരുന്നു.
സ്റ്റഡി ടൂറിന്റെ ഭാഗമായി മെഡിക്കൽ എക്സ്പോയിലേക്ക് ഓടിച്ചെന്ന ദിവസം ആൻ ഇന്നും മറന്നിട്ടില്ല. വളഞ്ഞുപുളഞ്ഞു പോകുന്ന സ്റ്റാളുകളുടെ അറ്റത്തായിരുന്നു മെഡിക്കൽ വിദ്യാർത്ഥികൾ പഠനത്തിനുപയോഗിക്കുന്ന ‘സ്പെസിമൻ ബോഡി’ കിടത്തിയിരുന്നത്. ഭയത്തോടെയാണ് പെൺകുട്ടികൾ നീല കർട്ടൻ വകഞ്ഞുമാറ്റി അകത്തുകടന്നത്. ഇരുമ്പുമേശയിൽ കറുത്ത് വെറുങ്ങലിച്ച് നഗ്നനായി ഒരാൾ കിടന്നിരുന്നു. ശരീരത്തിന്റെ ക്രോസ് സെക്ഷൻ കാണിക്കാൻ നെടുകെ പിളർത്തിയ ഉടലിൽ ശസ്ത്രക്രിയാ സൂചികൊണ്ട് വെട്ടിയുണ്ടാക്കിയ മൂന്ന് നാല് വാതിലുകൾ. ഓരോന്നും തുറന്ന് മെഡിക്കൽ വിദ്യാർത്ഥികൾ വിശദീകരിച്ചുകൊണ്ടിരുന്നു. മറ്റാരോ പണിത പുതിയ വീട്ടിൽ കാഴ്ചകൾ കാണുന്ന കുട്ടിയെപ്പോലെ ആൻ മദിപ്പിക്കുന്ന സ്പിരിറ്റിന്റെ മണം ഗൗനിക്കാതെ ഓരോ മുറിയിലും കൗതുകത്തോടെ പാഞ്ഞുനടന്നു. മുഖത്തേക്ക് കണ്ണെത്തിയതും തൊട്ടടുത്ത പള്ളിയിൽ ബാങ്ക് വിളിയുയർന്നതും ഒരുമിച്ചായിരുന്നു.
പരിചിതമായ മുഖം… എവിടെയോ കണ്ടിട്ടുണ്ടോ..?
ചിത്രമെടുക്കും മുമ്പ് ഫേണിന്റെ കണ്ണുകൾ ചെറുതാകാറുണ്ട്. ആനിന്റെ കണ്ണും ചെറുതായി ചെറുതായി വന്നു. വീട്ടിലെ പഴകിയ ആൽബത്തിന്റെ മടുപ്പിക്കുന്ന മണം ആനിന്റെ മനസ്സിലേക്ക് ഊളിയിട്ടു. വീട്ടിൽ നിന്നിറങ്ങുമ്പോൾ പൂശിയ സ്പാനിഷ് സ്പ്രേയുടെ കത്തുന്ന മണത്തിന് അത് ഊതിക്കെടുത്താനായില്ല. ആദ്യ വിദേശയാത്ര കഴിഞ്ഞ് തിരിച്ചുവരുമ്പോൾ ഫേൺ കൊണ്ടുവന്നതാണത്. കടൽപ്പാലത്തിലിരുന്ന് ആരും കാണാതെ തരുമ്പോൾ ഫേൺ പറഞ്ഞു,
“ഈ ലോകത്തിലെ സകല ദുർഗന്ധങ്ങളേയും ഇത് നിർവീര്യമാക്കും”
പക്ഷേ, ഫേണിന് തെറ്റി. ചിതലരിച്ച ആൽബത്തിന്റെ മടുപ്പിക്കുന്ന മണം ആനിനെ കയത്തിന്റെ ആഴത്തിലേക്ക് പിടിച്ചാഴ്ത്തി. മരണത്തിന്റെ തണുപ്പ് കട്ടപിടിച്ച ഇരുട്ടിൽ ഒരു വെള്ളാരങ്കല്ലുപോലും ആനിന് കണ്ടെടുക്കാനായില്ല. ചരിച്ചുകിടത്തിയ സ്പെസിമൻ ബോഡിയുടെ കഴുത്തിനു താഴെ ഒരു നീണ്ട മുറിവുണ്ടായിരുന്നു. അതു കണ്ടതും ‘ഡാഡീ’ എന്ന് അലറിവിളിച്ച് ആൻ മേശയിലേക്ക് തളർന്നുവീണു. മറ്റ് കുട്ടികൾ അമ്പരന്നു. ക്ലാസ് ടീച്ചർ സിസ്റ്റർ അലോഷ്യ ആനിനെ ചേർത്തുപിടിച്ച് എക്സിബിഷൻ ഹാളിന് പുറത്തേക്ക് നടക്കുമ്പോൾ പതിയെ പറഞ്ഞുകൊണ്ടിരുന്നു
“പ്രിയ ആൻ, അത് നിന്റെ പപ്പയല്ല… സത്യമായും അല്ല.”
ഫിലിപ്പ് ആത്മഹത്യ ചെയ്തതിന്റെ പൊരുൾ ആനിന് ഇന്നും അറിഞ്ഞുകൂടാ. പള്ളിത്തർക്കത്തിൽ നേതൃത്വം വഹിച്ചതുകൊണ്ട് തെമ്മാടിക്കുഴി ഉറപ്പായിരുന്നു. മേരിയാണ് പറഞ്ഞത് തെമ്മാടിക്കുഴിയേക്കാൾ നല്ലത് മോർച്ചറിയാണെന്ന്. അന്ന് ആൻ ആറാം ക്ലാസിൽ പഠിക്കുകയാണ്. അടുത്ത വീട്ടിലെ ലോപ്പസ് അങ്കിൾ വന്നാണ് ഹിസ്റ്ററി ക്ലാസിൽ നിന്ന് ആനിനെ കൂട്ടിക്കൊണ്ടുപോയത്. ലാംബ്രട്ട സ്കൂട്ടർ കിടന്ന പോർച്ചിൽ പപ്പയെ പുതപ്പിച്ചുകിടത്തിയിരുന്നു.
അന്ന് ഫിലിപ്പിന്റെ ബോഡി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാൻ എത്തിയ ആംബുലന്‍സിന്റെ നിറം ഉപ്പുപാടം പോലെ വിളറിവെളുത്തതായിരുന്നു എന്ന് ആൻ ഓർത്തു. ആംബുലന്‍സ് പുറപ്പെടുമ്പോൾ മേരി പുലമ്പിക്കൊണ്ടിരുന്നു. ഞാനോ പഠിച്ചില്ല, ഇനി മെഡിക്കൽ വിദ്യാർത്ഥികൾ പഠിക്കട്ടെ ആരാലും വെറുക്കപ്പെട്ട ആ പാവം മനസ്സ്!
“നഗ്നതയുടെ നിറം അളന്നിട്ടുണ്ടോ എപ്പോഴെങ്കിലും…?” സുവീരന്റെ ചോദ്യം വീണ്ടും ആനിനെ ഉണർത്തി.
ഇത്തവണ സധൈര്യം ആൻ ഉത്തരം പറഞ്ഞു… “വിളറിയ ഉപ്പുപാടത്തിന്റെ നിറമാണതിന്”.
സുവീരന് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഒരു പുരുഷന്റെ മുമ്പിൽ, അതും ആദ്യമായി വസ്ത്രമുരിഞ്ഞ് മോഡലായി നിൽക്കുന്ന ഒരു പെണ്ണും ഒരുത്തരവും പറയാറില്ല. എത്രയും വേഗം വസ്ത്രങ്ങൾ വാരിച്ചുറ്റി, വെച്ചുനീട്ടുന്ന നിൽപ്പ് കൂലി വാങ്ങി തിടുക്കത്തിൽ സ്ഥലം വിടാനേ നോക്കൂ. തന്റെ ബ്രഷിലെ നിറങ്ങളൊന്നായി വറ്റിപ്പോയെന്ന് സുവീരന് തോന്നി. ക്യാൻവാസിൽ താനിത്ര നേരവും വരച്ചുകൊണ്ടിരുന്നത് ഊഷരതയുടെ ഉരുകുന്ന ഒരുടലാണെന്ന് സുവീരൻ തിരിച്ചറിഞ്ഞു. ഇന്നിത്രയും മതി, അയാൾ തിടുക്കപ്പെട്ട് ബ്രഷ് കഴുകാനാരംഭിച്ചു.
പുറത്തു നിർത്തിയിട്ട ലാംബ്രട്ട സ്കൂട്ടർ സ്റ്റാർട്ടാക്കുമ്പോൾ ആൻ ചിരിച്ചുകൊണ്ട് സുവീരനോട് ചോദിച്ചു…
“ന്യൂഡിറ്റി ഓഫ് മൈൻഡ് വരച്ചിട്ടുണ്ടോ എപ്പോഴെങ്കിലും…?”
സുവീരൻ ഉത്തരം പറഞ്ഞതേയില്ല.