പല തവണ ആ
വഴിയിലൂടെ റോന്ത് ചുറ്റിയിട്ടുണ്ട്
അങ്ങനൊരു വീട് ശ്രദ്ധയിൽപ്പെട്ടിട്ടില്ല
കഴിഞ്ഞ ദിവസം നാലഞ്ചു
പോക്കിൽ തന്നെ
വീടിന്റെ ചിത്രം
മനസ്സിൽ പതിച്ചെടുത്തു
കരിയിലകളെ താങ്ങി
നിർത്തിയ പള്ളകൾ നിറഞ്ഞ മുറ്റം
അതിന്റെ ഇടയിൽ ഭംഗിയിൽ
ഉയർന്നു നിൽക്കുന്ന ആറുമാസച്ചെടികൾ
തന്റെ നിയോഗത്തിലുറച്ചു നിൽക്കുന്ന
ചൊറിയൻകണ്ണനുകൾ
അടഞ്ഞു കിടന്ന
പൊടിപിടിച്ച ജനൽപാളികൾ
അതിനു മുകളിലൂടെ പാത വിരിച്ച
ചിതൽപുറ്റുകൾ…
പുകക്കറ വീടിന്റെ പകുതിഭാഗത്തോളം
വിഴുങ്ങിയിരിക്കുന്നു…
നടയുടെ അഗ്രഭാഗങ്ങളിലെ അടരൽ
ചിതൽ തിന്ന കട്ടിളകൾ
വാതിലിന്റെ അഭാവം
കാലത്തിന്റെ ഇളക്കം നേരിട്ട
ഓടുകൾക്കിടയിലൂടെ
നൂണ്ടിറങ്ങുന്ന വേനൽ ചൂട്
വെയിലടിക്കുന്ന ചുമന്ന കസേര
മുകളിൽ മച്ചിന്റെ ത്ളാൻ
അതിൽ നിന്ന് നീണ്ടു കിടക്കുന്നു
കയർ…
കസേരയുടെ സഹായത്തോടെ
എത്തിപ്പിടിക്കാവുന്ന
ഊരക്കുടുക്ക്..
ഈ കുടുക്കിലായിരിക്കും അയാൾപ്പെട്ടത്.
ആരും ശ്രദ്ധ കൊടുക്കാത്ത വീട്
അങ്ങനെയാവും
‘തൂങ്ങിയ വീട്’ ആയത്.