തുമ്പി

ഓർമ്മതൻ നൊമ്പരപൂന്തോപ്പുതാണ്ടിയെൻ
നഷ്ടവസന്തമാം നിന്നരികിലണയവേ….

വാടി, തളർന്നുകരിഞ്ഞനിന്നിതൾ
മേനിയിൽ മെല്ലെപ്പറന്നിറങ്ങവേ….

എൻപാദങ്ങൾ വിറകൊണ്ടു…..
എന്തിനാലോ ചിറകിൽ തളർച്ചവന്നു…
മിഴികളിൽ ഈറനിറങ്ങി….

നിന്നിലണയാനുമലിയാനുമൊരുപാട്
കൊതിപൂണ്ട കാലമുണ്ടായിരുന്നോർക്കുന്നോ..?

ഉണ്ടാവില്ലെന്നറിയാം..
അന്നു നിന്നിതളുകൾ
ബഹുവർണ്ണശബളമായിരുന്നു…..

കാറ്റിൽ കലർത്താൻ
നിന്നിൽനിറയെ സൗരഭ്യമുണ്ടായിരുന്നു….

നുകരാൻ വരുന്നവരെ
ലഹരിയിലാഴ്ത്താൻമാത്രം
മധുകണങ്ങൾ നിന്നിൽ നിറഞ്ഞിരുന്നു…..

വെറുമൊരു
തുമ്പിയാമെന്നെ നിൻമിഴികളാൽ
ഒരുതവണപോലും തഴുകിയില്ല..

ചുറ്റും നൃത്തമാടിയ
സുന്ദരശലഭങ്ങളുടെ തീരാനിരയിൽ
ഞാനേറ്റവും
പിന്നിലായിരുന്നൊരു കാലമായിരുന്നു

എനിക്കന്യമായ
വർണ്ണചിറകുകൾ വീശി,
നിൻമൃദുലമനോഹരദളങ്ങളിൽ
ചുംബിച്ചുമധുവൂറ്റാൻ വെമ്പിയ
ശലഭങ്ങളോട് തോന്നിയ
അസൂയക്ക് കണക്കില്ലത്ത കാലം….

നിന്റെ പൂമ്പൊടിയിലാറാടി
തിമിർത്തു തിരിച്ചുപറക്കുന്ന പൂമ്പാറ്റകൂട്ടത്തെ,
നിരാശയിലമർന്നു നോക്കിയിരുന്ന കാലം….

നിന്റെ സുഗന്ധമേറ്റ്
ആനന്ദനൃത്തമാടി
അവപറക്കുന്നകണ്ടു കൊതിയൂറിയ കാലം.

എന്നാലിന്ന്
ഇതളുണങ്ങിചുരുണ്ട,
തേൻ വറ്റിവരണ്ട
നിൻമേനിയിലിരിക്കുമ്പോൾ
നിന്റെ പൂർവ്വകാലം,
എന്റെയുള്ളിനേയും നോവിലാഴ്ത്തുന്നു….

“ഹാ!പുഷ്പമേ,
അധികതുംഗപദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാഞ്ജികണക്കയേ നീ…..”

മരണമില്ലാത്ത
ആ പഴയ മഹത് വരികൾ അടിക്കുറിപ്പാകുന്നു.