ഇന്ന് ബുധനാഴ്ച, അബ്ബാസിന് കഴിഞ്ഞ ഒരാഴ്ച ഉറക്കമില്ലാത്ത രാത്രികളായിരുന്നു. ഇന്നാണ് സ്കൂളിൽ ഫീസ് കൊടുക്കേണ്ട അവസാനതീയതി. മൂന്ന് തവണയോളം ക്ലാസ് ടീച്ചർ അവധി തന്നു. താൻ മാത്രമേ ഇനി ക്ലാസ്സിൽ ഫീസ് കൊടുക്കാൻ ബാക്കിയുള്ളൂ, തന്റെ 5 ബി യിൽ 35 കൂട്ടുകാരും ഫീസ് കൊടുത്തിരിക്കുന്നു. അർദ്ധവാർഷിക ഫീസായ 3 രൂപ 60 പൈസ കൊടുക്കാൻ പോലും, എന്റെ കുടുംബത്തിന് ആവതില്ല. ചെമ്മനാട് ചന്ദ്രഗിരിപ്പുഴയിൽ കടത്തുകാരനായ ഉപ്പ വീട്ടിൽ വന്നിട്ട് 16 ദിവസത്തോളമായി, ഉപ്പ മാസത്തിൽ ഒന്നോ രണ്ടോ തവണ മാത്രമേ വീട്ടിൽ വരികയുള്ളൂ.
ഇനി അടുത്ത വെള്ളിയാഴ്ച ജുമാനമസ്കാരത്തിന് മാത്രമേ ഉപ്പ വീട്ടിൽ എത്തുകയുള്ളൂ. അപ്പോൾ താൻ എങ്ങനെയാ ഇന്ന് ഫീസ് കൊടുക്കുക, അത്യാവശ്യം നന്നായി പഠിക്കുന്ന കുട്ടി എന്ന രീതിയിലാണ് ടീച്ചർ തന്നെ ക്ലാസ്സിൽ നിന്നും ഇതുവരെ പുറത്താകാത്തത്, ഇന്ന് പൈസ കൊടുത്തില്ലെങ്കിൽ പുറത്താക്കും എന്ന് ടീച്ചറും ഹെഡ്മാസ്റ്ററും പറഞ്ഞത്.
അഞ്ചാം ക്ലാസ് വരെ ക്ലാസിലെ നല്ലകുട്ടിയായിയാണ് എല്ലാവരും കണ്ടത്. ഫീസ് കൊടുക്കാൻ പറ്റിയില്ലെങ്കിൽ എല്ലാരും എന്നെ കളിയാക്കും, കൂട്ടുകാരുടെ മുന്നിൽ ഞാൻ അപമാനിതനകും. ഓരോന്ന് ആലോചിച്ച് കുറച്ചു ദിവസമായി ഉറക്കമില്ലാതെ, നിരാലംബരായ ഉമ്മയോട് പൈസ ചോദിച്ചിട്ട് എന്ത് ചെയ്യാനാ അവരുടെ കയ്യിൽ 50 കാശ് പോലും തികച്ചും എടുക്കാൻ ഉണ്ടാവില്ല. എട്ടാം ക്ലാസിൽ പഠിക്കുന്ന ഇച്ഛന്റെ അവസ്ഥയും അതുതന്നെ അവനും ഫീസ് കൊടുക്കണം 7 രൂപ 30 പൈസ.
അവൻ സ്കൂളിൽ ചില കുരുത്തകേടുകൾ കാണികാറുള്ളത് പോലെ ഇതൊന്നും ഒരു പ്രശ്നമായി എടുക്കാറില്ല, അല്ലെങ്കിൽ സ്കൂളിൽ നിന്നും പുറത്താക്കിയാൽ കാലി മേയ്ക്കാൻ പോകാം എന്നാണ് പുള്ളിയുടെ പരിപാടി, അല്ലെങ്കിൽ ഉപ്പാന്റെ കൂടെ ചെമ്മനാട് കടവിൽ കടത്തുകാരൻ. അവൻ നന്നായി തോണി തുഴയാനോക്കെ പഠിച്ചിരിക്കുന്നു.
ഓരോന്നാലോചിച്ച് അബ്ബാസ് പതിവിലും നേരത്തെ എഴുന്നേറ്റു. ഇന്ന് എന്തായാലും ഫീസ് കൊടുക്കണം അപമാനിതനായി ക്ലാസ്സിൽ വെളിയിൽ നിൽക്കാൻ പറ്റില്ല എന്ന തീരുമാനത്തോടെ ഓരോരു വഴികൾ ആലോചിച്ച് കുളിക്കാനായി ചാലിലേക്ക് നടന്നു.
പോകുന്ന വഴിക്കാണ് മാധവേട്ടന്റെ കവുങ്ങിൻ തോട്ടം, അവിടെ രാവിലെയാകുമ്പോൾ ധാരാളം അടക്ക വീണുകിടക്കുനുണ്ടാകും. അവന്റെ മനസിൽ ഒരു ആശയം ഉടലെടുത്തു, അവൻ ഇതുവരെ ആലോചിക്കാതിരുന്ന കാര്യം അതിൽ നിന്നും പത്തോളം അടക്ക പെറുക്കി നാരായണേട്ടന്റെയോ, അബ്ദുള്ളയുടെയോ കടയിൽ കൊടുത്താൽ ഫീസ് കൊടുക്കാനുള്ള പൈസ കിട്ടുമായിരിക്കും. അങ്ങനെ ചെയ്തു കൂടെ??
പിന്നെയുന്നും ആലോചിച്ചില്ല
മുന്നിൽകണ്ട് അടക്കകൾ പെറുക്കിയെടുക്കാൻ തുടങ്ങി ഒന്ന് രണ്ട് മൂന്ന് നാല് അഞ്ച് അങ്ങനെയങ്ങനെ, എല്ലാം കൊണ്ടു പോയി ഒരു സ്ഥലത്ത് കൂട്ടി വച്ചു. നോക്കിയപ്പോൾ ഒരുപാടുണ്ട് താനിതുവരെ ഇതിനെപ്പറ്റി ചിന്തിച്ചിട്ട് പോലുമില്ലല്ലോ എന്നവൻ പിറുപിറുത്തു. ഏതായാലും കുളി കഴിഞ്ഞു തിരിച്ചു പോകുമ്പോൾ തോർത്തിൽ കെട്ടി കൊണ്ടുപോകാമെന്ന് ചിന്തയോടെ ചാലിലേക്ക് നടന്നു.
കുറ്റബോധം വഴിനീളെ അവനെ പിന്തുടർന്നു കൊണ്ടിരുന്നു, ചെയ്യുന്നത് തെറ്റാണെന്ന് പൂർണ ബോധ്യമുണ്ടായിരുന്നു. എന്നാലും മുന്നിൽ വേറെ വഴികളൊന്നും തെളിയുന്നില്ല, അതുകൂടാതെ ഇത്രയും വലിയ അടക്കത്തോട്ടത്തിൽ നിന്നും പത്ത് അടക്ക പെറുക്കിയാൽ ആര് അറിയാനാണ്. അവൻ സ്വയം സമാധാനം കണ്ടെത്തി.
ചാലിൽ ഇറങ്ങി നന്നായി മുങ്ങിക്കുളിച്ചു, വലിയ നാണക്കേടിൽ നിന്നും ഇന്ന് താൻ രക്ഷപെടുമെന്ന ആത്മവിശ്വാസത്തോടെ. അതിലേറെ കൂടുതൽ അടക്ക കൊടുത്താൽ കിട്ടുന്ന ബാക്കി പൈസ എന്ത് ചെയ്യും എന്ന ചിന്തയോട് കൂടി, താൻ വലിയ പണക്കാരനായി എന്നൊരു മനഃസുഖവും അവനിലുണ്ടായി. ആത്മവിശ്വാസത്തോടുകൂടി അവൻ മൂന്നാംകുഴിയിട്ട് പൊങ്ങി വന്നപ്പോൾ അവനെ തഴുകിക്കൊണ്ട് ഒരു ചെറിയ പഴം ഒഴുകിവന്നു. നല്ല നാരങ്ങ പോലുള്ള പഴം. അബ്ബാസ് അതിനെ കയ്യിലെടുത്തു നോക്കി നല്ല സുന്ദരിയായ ഒരു തുണ്ടിപ്പഴം. ഈ പഴം പലപ്പോഴും താൻ കഴിച്ചിട്ടുണ്ട് . പാറപ്പുറത്തെ കുറ്റിക്കാട്ടിൽ ധാരാളമായി ഉണ്ടാകുന്ന പഴമാണത്, പഴുത്തു കഴിഞ്ഞാൽ അധികവും പാമ്പുകൾ കൊത്തുന്ന പഴമായതിനാൽ ആൾക്കാർക്ക് കഴിക്കാൻ പേടിയാണെന്ന് ഉമ്മ പറഞ്ഞു കേട്ടിരുന്നു.
നല്ല മധുരമുള്ള പഴം. അബ്ബാസ് പഴം എടുത്ത് തൊലികളഞ്ഞ് വായിലിട്ടു അതിമധുരം. വല്ലാത്തൊരു അനുഭൂതി തോന്നി നല്ല മൂത്ത് കൊഴുത്ത് പഴുത്ത ഒരു മൂവാണ്ടൻ മാമ്പഴം കഴിക്കുന്നത് പോലെ.
പെട്ടെന്നാണ് അവനിൽ ബുദ്ധിയുദിച്ചത്, ഈ പഴം പറിച്ചു സ്കൂളിന്റെ മുന്നിലുള്ള ചെട്ടിയാരുടെ കടയിൽ കൊടുത്താൽ ഫീസ് കൊടുക്കാനുള്ള പൈസ കിട്ടും. അത് ചെയ്തുടെ? സ്കൂളിൽ പോകുന്ന വഴിക്ക് കുറേ തുണ്ടിപഴചെടികൾ ഉള്ളതായി കണ്ടിട്ടുണ്ട്. ഉമ്മാന്റെ കൂടെ തോൽ കൊത്താൻ (പച്ചില വെട്ടാൻ) പോയപ്പോൾ കണ്ടിരുന്നു. അതിലൂടെ പോയാൽ കുറെ തുണ്ടിപ്പഴം പറിക്കാം.
അവന്റെ മനസ്സിൽ ഒരു ശുഭാപ്തി വിശ്വാസം ഉടലെടുത്തു മറ്റൊരാളുടെ പറമ്പിൽ നിന്നും അടക്ക മോഷണം നടത്തുന്നതിനേക്കാൾ നല്ലത് ഈ പഴം കൊണ്ടുപോയി വില്കുകയല്ലേ?.
അവർ തീരുമാനിച്ചു ഇത് തന്നെ ചെയ്യാം, പിന്നെ എല്ലാം ദ്രുതഗതിയിലായിരുന്നു അവൻ പെട്ടെന്ന് കുളിക്കടവിൽ നിന്ന് കയറി വീട്ടിലേക്ക് നടന്നു. വഴിയിൽ മാധവേട്ടനെ കണ്ടു അയാൾ തോട്ടത്തിലെ അടക്ക പെറുക്കുകയാണ് അന്ന് കൊഴിഞ്ഞുവീണ അടക്കകൾ കുറവാണെന്ന ആലോചനയിൽ നിൽക്കുകയാണ് . മാധവേട്ടന് അവൻ മാറ്റിവച്ച അടക്ക എടുത്ത് കൊടുത്തു. അയാൾ അവനെ നോക്കി
ഈ പയ്യൻ ഇതെന്തുപറ്റി? “എനിക്ക് ഇന്ന് സ്കൂളിൽ ഫീസ് കൊടുക്കേണ്ട അവസാന ദിവസമാണ് അതുകൊണ്ട് അറിയാതെ തെറ്റ് ചെയ്യാൻ ശ്രമിച്ചുപോയി. ഇനി ഉണ്ടാവില്ല മാപ്പ്” അയാൾ ഒന്നും പറയാതെ അവനെ നോക്കി ചിരിച്ചു കരുണാർദ്രമായ ഒരു ചിരി.
പലപ്പോഴും അവന്റെ വീട്ടിൽ തീ പുക പുകയുക, അയൽവാസികളായ മാധവേട്ടന്റെയോ നാരായണയണേട്ടന്റെയോ വീട്ടിലെ കാരുണ്യത്തിന്റെ പുറത്തായിരിക്കും . അവന്റെ അവസ്ഥ മനസ്സിലാക്കാൻ അയാൾക്ക് കഴിയുമായിരുന്നു. വീട്ടിലെത്തിയ അബ്ബാസ് ഒരു പ്ലാസ്റ്റിക് കോട്ടമായി (പ്‌ളാസ്റ്റിക് കവർ) സ്കൂളിലേക്ക് ഇറങ്ങി. നേരത്തെ പോയാൽ അത്രയും തുണ്ടിപ്പഴം കൂടുതൽ പറിക്കാൻ സാധിക്കുമെന്നവൻ ചിന്തിച്ചു. അവൻ കുറ്റികാടുകളിൽ അന്വേഷണമാരംഭിച്ചു കുറ്റിക്കാടുകൾ കയറിയിറങ്ങി അവസാനം ഒരു കവർ നിറയെ നല്ല സ്വർണ്ണനിറമുള്ള പഴുത്ത പഴം കിട്ടി.
കുട്ടികളെല്ലാം സ്കൂളിലേക്ക് പോകുന്ന വഴിയാണ്, അവന്റെ കയ്യിൽ കുറെ തുണ്ടിപ്പഴം കണ്ട് എല്ലാവരും അതിശയത്തോടെ നോക്കി. അത് കണ്ടു അവർക്ക് കൊതിയായി കൂട്ടുകാരി വിനീത അവന്റെ അയൽവാസിയും ഒരേ ക്ലാസ്സിലെ കൂട്ടുകാരിയുമാണ് അവൾ ചോദിച്ചു.
“എവിടുന്നാ നിനക്ക് ഇത്രയും തുണ്ടിപ്പഴം. എനിക്ക് തരുവോ” അവൻ ഒന്നും മിണ്ടാതെ നടന്നു.
അവൾ എന്ത് കഴിക്കാൻ കിട്ടിയാലും സ്കൂളിൽ പോകുന്ന വഴിയിൽ ഒരു പാതി അബ്ബാസിന് കൊടുക്കുക പതിവായിരുന്നു. അവന് സങ്കടം സഹിക്കാൻ പറ്റിയില്ല. കൊടുത്താൽ മുഴുവൻ കൂട്ടുകാരും ചോദിച്ചു വാങ്ങും അപ്പോൾ ഫീസ് കൊടുക്കാൻ പറ്റില്ലല്ലോ.
അവൻ സ്കൂളിൽ മുമ്പുള്ള ചെട്ടിയാരുടെ കടയിൽ എത്തി തുണ്ടിപ്പഴം അവരെ ഏൽപ്പിച്ചു.
” ഉം… എന്താടാ ഇത്?? “
“ഇത് വിറ്റു എനിക്ക് മൂന്നു രൂപ 60 പൈസ തരുമോ?? “
“ഈ കാട്ടു പഴമോ ഇതാർക്കു വേണം. ഉം… കൊണ്ടുപോ… ‘ അയാൾ മുരണ്ടു.
അവൻ നിരാശയോടെ അയാളെ നോക്കി, ഇത്രയും മധുരമുള്ള പഴം ആരും വാങ്ങിക്കില്ലെ.
സ്കൂളിന്റെ മുന്നിൽ കട്ടായി, മിട്ടായി, അരുൾ ജ്യോതി , എള്ളുണ്ട, പൊരിയുണ്ട, വില കൂടിയതിൽ പാരീസ് മിട്ടായിയൊക്കെയെ വിറ്റു പോകുന്നത് അവൻ കണ്ടിരുന്നു. അവൻ പ്രതീക്ഷ കൈവിടാതെ എനിക്ക് ഇന്ന് സ്കൂൾ ഫീസ് കൊടുക്കേണ്ട അവസാന ദിവസമാണ് ഇത് വിറ്റു എനിക്ക് പൈസ തന്നാൽ മതി.
ചെട്ടിയാർ പറഞ്ഞു എന്റെ കയ്യിൽ കാശ് ഒന്നും ഇല്ല, അതുമല്ലെങ്കിൽ കാട്ടു പഴം ആരും വാങ്ങിക്കില്ല.
എനിക്ക് 3.60 പൈസ തന്നാൽ മതി. അവൻ കരച്ചിലിന്റെ വകത്തോളമെത്തിപോയി. ചെട്ടിയാർ ആകെ ധർമ്മസങ്കടത്തിലായി. ആരാ ഇപ്പോ ഈ പഴം പൈസ തന്നു വാങ്ങിക്കുക . ഈ പാവം ചെക്കനെ എങ്ങനെ പറഞ്ഞു മനസിലാക്കും . അയാൾ തുണ്ടി പഴം വാങ്ങി വച്ചിട്ട് പറഞ്ഞു…
“നീ ഉച്ചയ്ക്ക് വാ ഞാൻ നോക്കട്ടെ പറ്റിയാൽ കാശ് തരാം. “
അവൻ അവിടെ തന്നെ നിന്നു. പൈസ ഇല്ലാതെ ക്ലാസിൽ കയറാൻ പറ്റില്ലല്ലോ. അവന്റെ നിൽപ്പ് കണ്ട് സഹിക്കാൻ വയ്യാതെ ചെട്ടിയാർ എന്തോ ഓർത്ത് പോലെ അവനു 3 രൂപ 60 പൈസ കൊടുത്തു, പുഞ്ചിരിതൂകികൊണ്ട് ഒരു കട്ടായി കൂടി അവനു സമ്മാനിച്ചു.
“മോൻ ക്ലാസ്സിൽ പോയിക്കോ. “
അബ്ബാസ് സന്തോഷത്തോടെ ക്ലാസിലേക്ക് പോകാൻ തിരിഞ്ഞു, പെട്ടെന്ന് എന്തോ ഓർത്ത് പോലെ,
“ചെട്ടിയാരെ അതിൽനിന്നൊരു തുണ്ടിപ്പഴം എനിക്ക് തരുമോ” എന്ന് അപേക്ഷിച്ചു, അയാൾ ചിരിയോടെ ഒരു പഴം അവനു നൽകി
“ഇതിപ്പൊ എന്തിനാ?? “
“എന്റെ കളിക്കൂട്ടുകാരിക്ക് കൊടുക്കാനാ അവൾ രാവിലെ ചോദിച്ചിരുന്നു, അപ്പോൾ എനിക്ക് കൊടുക്കാൻ പറ്റിയില്ല” നിഷ്കളങ്കമായി ചിരിച്ചു കൊണ്ട് അവൻ ക്ലാസിലേക്ക് പോയി.
ടീച്ചർ ക്ലാസ്സിൽ എത്തി എല്ലാവരുടെയും ഹാജർ എടുത്ത് പഠനം തുടങ്ങി ഫീസ് കാര്യം മാത്രം ചോദിച്ചില്ല, അവൻ ആകെ ചിന്താധീനനായി എന്തേ ടീച്ചർ ഫീസ് ചോദിക്കാതെ, മറന്നുപോയോ ചോദിച്ചാൽ എന്റെ കയ്യിൽ ഉള്ള കാശ് ടീച്ചറെ ഏൽപ്പിക്കണം. ഞാൻ അധ്വാനിച്ചുണ്ടാക്കിയ കാശ് അവൻ അഭിമാനം കൊണ്ടും
സമയം കടന്നുപോയി ഉച്ചഭക്ഷണത്തിന് ക്ലാസ് പിരിഞ്ഞു
ടീച്ചർ പുറത്തിറങ്ങി , അവൻ ടീച്ചറുടെ പിറകെയോടി..
“ടീച്ചറെ ടീച്ചറെ… “
“ഉം.. എന്താ.. “
“എന്റെ ഫീസ് ഞാൻ കൊണ്ടുവന്നിട്ടുണ്ട്”
“ആണോ….? മിടുക്കൻ എവിടെ .. കാണിക്കൂ?”
അവൻ നിക്കറിന്റെ പോക്കറ്റിൽ നിന്നും ചെട്ടിയാർ നൽകിയ ചില്ലറ പൈസയും ഒരു തൊണ്ടിപ്പഴം ഒന്നിച്ചെടുത്ത് ടീച്ചറുടെ കയ്യിൽ കൊടുത്തു. തുണ്ടി പഴം കണ്ട് ടീച്ചർ അതിശയിച്ചുപോയി
“എന്തായിത്?? “
അവൻ തുണ്ടിപ്പഴം തിരികെ വാങ്ങി. “ടീച്ചറെ ഒരു കൊട്ട തുണ്ടിപ്പഴം വിറ്റിട്ടാണ് ഞാൻ ഈ കാശ് ഉണ്ടാക്കിയത്. “
ടീച്ചർക്ക് അവനിൽ സന്തോഷം തോന്നി. തന്റെ കുട്ടികൾ നേർവഴിക്കാണ് പോകുന്നത്
“നന്നായി”. ടീച്ചർ മന്ദഹാസത്തോടെ പറഞ്ഞു.
“ആട്ടെ മോനെ ഈ കാശുകൊണ്ട് നീ മിഠായി വാങ്ങി കഴിച്ചോ”.
“അയ്യോ ടീച്ചറെ എന്നെ ക്ലാസ്സിൽ നിന്നും പുറത്താക്കരുത് എനിക്ക് എനിക്ക് പഠിക്കണം ഇനി ഞാൻ ഇത് ചെയ്യില്ല അവൻ കരച്ചിലിനെ വക്കോളമെത്തി.. ” അവൻ കരുതി തുണ്ടിപഴം വിറ്റതും തെറ്റായിപോയി, കുട്ടികൾ അത് ചെയ്യാൻ പാടില്ലായിരുന്നുവെന്ന് .
“അതിപ്പോ ആരാ നിന്നെ ക്ലാസ്സിൽ നിന്നും പുറത്താക്കുന്നത്.”
“നിന്റെ ഫീസ് രാവിലെ അടച്ചു, പിന്നെന്തിനാ വീണ്ടും ഫീസ് അടക്കുന്നത്. ” ടീച്ചർ ചിരിച്ചു കൊണ്ട് അവന്റെ തലയിൽ തടവി.
“മോൻ പോയി ഭക്ഷണം ഒക്കെ കഴിക്കൂ … രാവിലെ നിന്റെ അയൽവാസി മാധവേട്ടൻ വന്ന ഫീസ് എന്നെ ഏൽപ്പിച്ചു. ഇനി ഒരിക്കലും അടക്ക വിൽക്കാൻ തുനിയരുത്. ഇതുപോലെ അധ്വാനിച്ച് നേരായ വഴിയിലൂടെ പൈസ ഉണ്ടാക്കാൻ ശ്രമിക്കണം.” ടീച്ചർ നടന്നകന്നു…
അവൻ നിർവികാരനായി നിന്നു പോയി, നന്മവറ്റാത്ത ലോകത്തിന് മുന്നിൽ.